General (Page 1,481)

ബംഗളൂരു: ഐടി കമ്പനികളിൽ റിക്രൂട്ട്‌മെന്റ് വർധിക്കുന്നു. നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് മാസത്തിൽ രാജ്യത്തെ ആദ്യ മൂന്ന് ഐടി കമ്പനികൾ 40887 പേരെയാണ് പുതുതായി റിക്രൂട്ട് ചെയ്തത്. അടുത്ത സാമ്പത്തിക പാദങ്ങളിലും റിക്രൂട്ട്‌മെന്റ് വർധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ടിസിഎസിൽ മാത്രം 20000 പേരെയാണ് ജോലിക്കെടുത്തത്. ഇൻഫോസിസിൽ 8000 പേരും വിപ്രോയിൽ 12000 പേരും പുതുതായി ജോലിക്കെത്തി. പ്രൊജക്ടുകളുടെ എണ്ണത്തിലുണ്ടായ വർധനവ് മൂലമാണ് കൂടുതൽ പേരെ ജോലിക്കെടുക്കാൻ കമ്പനികൾ തീരുമാനിച്ചത്.

ബില്യൺ ഡോളർ മൂല്യമുള്ള പുതിയ കരാറുകളിൽ ഒപ്പുവെയ്ക്കുകയാണ് കമ്പനികൾ. അതിനാൽ തന്നെ ഇനിയും അവസരങ്ങൾ വർധിക്കുമെന്നാണ് വിലയിരുത്തൽ. ടിസിഎസ് 40000 പേർക്കും ഇൻഫോസിസ് 35000 പേർക്കും വിപ്രോ 12000 പേർക്കും തൊഴിൽ അവസരം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.

ഹൂസ്റ്റൻ: ജർമ്മനിയിൽ വെള്ളപ്പൊക്കം. 165 പേരാണ് വെള്ളപ്പൊക്കത്തെ തുടർന്ന് ജർമ്മനിയിൽ മരണപ്പെട്ടത്. നിരവധി പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. റൈനിന്റെ പോഷകനദിയായ റോയർ നദിയിലെ അണക്കെട്ട് തകർന്നതാണ് വെള്ളപ്പൊക്കത്തിന് കാരണം. ഹരിതഗൃഹ വാതക ഉദ്വമനം മൂലം ആഗോളതാപനത്തിന്റെ ഫലമായി കാലാവസ്ഥ മാറിക്കൊണ്ടിരിക്കുന്നതിന്റെ ഏറ്റവും വ്യക്തമായ സൂചനയാണ് ജർമ്മനിയെ ബാധിച്ച കനത്ത മഴയെന്നാണ് യുഎസ് കാലാവസ്ഥാ ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്.

500 അല്ലെങ്കിൽ 1,000 വർഷങ്ങൾക്കുള്ളിൽ ഇത്ര ഭീകരമായ വെള്ളപ്പൊക്കം കണ്ടില്ലെന്നാണ് കാലാവസ്ഥാ വിദഗ്ധരും ജർമ്മൻ ഉദ്യോഗസ്ഥരും പറയുന്നത്. ഇനിയും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്. ജർമ്മനിയിലെ പല സ്ഥലങ്ങളിലും വൈദ്യുതിയും ടെലഫോൺ സേവനങ്ങളും ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്.

പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കം കുറയുമ്പോൾ, നാശനഷ്ടത്തിന്റെ തോത് കൂടുതൽ വ്യക്തമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. അഗ്നിശമന സേനാംഗങ്ങളും സൈനികരും റോഡുകളിൽ നിന്നും അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നുണ്ട്. വ്യാപക നാശനഷ്ടങ്ങളാണ് വെള്ളപ്പൊക്കത്തെ തുടർന്ന് ജർമ്മനിയിൽ ഉണ്ടായത്. നിലവധി വീടുകളും വാഹനങ്ങളും പാലങ്ങളും ഒലിച്ചു പോയി.

തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനും സഹായിക്കുന്നതിനായി 15,000 ത്തോളം പൊലീസ് ഉദ്യോഗസ്ഥരെയും സൈനികരെയുമാണ് അടിയന്തര സേവന പ്രവർത്തകരെയുമാണ് ജർമ്മനിയിൽ വിന്യസിച്ചിരിക്കുന്നത്.

തിരുവനന്തപുരം: ബക്രീദിനോടനുബന്ധിച്ച് മൂന്ന് ദിവസം തുടർച്ചയായി കടകൾ തുറക്കുന്ന സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. ഈ ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ പ്രവേശിക്കാവുന്ന പരമാവധി ആൾക്കാരുടെ എണ്ണം നാൽപതായി നിജപ്പെടുത്തിയിട്ടുണ്ട്. ഇത് ഉറപ്പാക്കുന്നതിന് എല്ലാ ജില്ലാ പോലീസ് മേധാവിമാരും സബ്ബ് ഡിവിഷണൽ പോലീസ് ഓഫീസർമാരും സ്റ്റേഷൻ ഹൗസ് ഓഫീസർമാരും മതനേതാക്കളുമായും സാമുദായ പ്രതിനിധികളുമായും നിരന്തരം സമ്പർക്കം പുലർത്തുമെന്ന് അദ്ദേഹം അറിയിച്ചു. ഭക്തർ സാമൂഹിക അകലം ഉൾപ്പെടെ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഇത് ഉപകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കടകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകാനും ഡിജിപി നിർദ്ദേശിച്ചു. കച്ചവടക്കാരുടെ പ്രതിനിധികളുമായി ചർച്ച ചെയ്ത് രോഗവ്യാപനത്തിന്റെ സാധ്യത പൂർണ്ണമായും ഇല്ലാതാക്കണം. സി, ഡി വിഭാഗത്തിൽപ്പെട്ട സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകും.

ജനങ്ങൾ പൊതുസ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ പോലീസ് അനൗൺസ്‌മെന്റ് നടത്തും. ഇക്കാര്യം ജനങ്ങളിലേയ്ക്ക് എത്തിക്കാൻ സാമൂഹിക മാധ്യമങ്ങൾ പരമാവധി വിനിയോഗിക്കും. സന്നദ്ധസംഘടനകളുടെ സഹകരണവും ഇതിനായി പ്രയോജനപ്പെടുത്തും. ബീറ്റ് പട്രോൾ, മൊബൈൽ പട്രോൾ, വനിതാ മോട്ടോർ സൈക്കിൾ പട്രോൾ എന്നീ യൂണിറ്റുകൾ സദാസമയവും നിരത്തിലുണ്ടാകും. മുഴുവൻ പോലീസ് ഉദ്യോഗസ്ഥരെയും ഇതിനായി വിനിയോഗിക്കുമെന്ന് ഡിജിപി വിശദീകരിച്ചു.

തിരുവനന്തപുരം: സ്ത്രീകളുടെ സുരക്ഷയ്ക്കായി പിങ്ക് പ്രൊട്ടക്ഷൻ പ്രൊജക്ട് ആവിഷ്‌ക്കരിച്ച് പോലീസ്. സ്ത്രീധനവുമായി ബന്ധപ്പെട്ട അവഹേളനങ്ങൾ, സൈബർ ലോകത്തെ അതിക്രമങ്ങൾ, പൊതുയിടങ്ങളിലെ അവഹേളനങ്ങൾ തുടങ്ങിയ പ്രശ്‌നങ്ങൾ നേരിടുന്നതിനായാണ് പോലീസ് പിങ്ക് പ്രൊട്ടക്ഷൻ പദ്ധതി ആവിഷ്‌ക്കരിച്ചത്. പൊതുസ്ഥലങ്ങളിലും സ്വകാര്യ ഇടങ്ങളിലും സൈബർ ലോകത്തും സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പോലീസ് പുതിയ പദ്ധതിയ്ക്ക് രൂപം നൽകിയത്. സംസ്ഥാനത്ത് തിങ്കളാഴ്ച്ച മുതൽ ഈ സംവിധാനം നിലവിൽ വരും.

പത്ത് ഘടകങ്ങളാണ് ഈ പദ്ധതിയിൽ ഉണ്ടാകുക. ഗാർഹികപീഡനങ്ങൾ പലപ്പോഴും പോലീസ് അറിയുന്നത് പരാതികൾ ലഭിക്കുമ്പോൾ മാത്രമാണ്. ഇത്തരം പീഡനങ്ങൾ മുൻകൂട്ടി കണ്ട് തടയുന്നതിനാവശ്യമായ വിവരങ്ങൾ ലഭ്യമാക്കാൻ പിങ്ക് ജനമൈത്രി ബീറ്റ് എന്ന സംവിധാനം സഹായിക്കും. വീടുകൾതോറും സഞ്ചരിച്ച് ഗാർഹികപീഡനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയാണ് പിങ്ക് ജനമൈത്രി ബീറ്റ് സംവിധാനത്തിന്റെ പ്രധാന ചുമതല. പഞ്ചായത്ത് അംഗങ്ങൾ, അയൽവാസികൾ, മറ്റ് നാട്ടുകാർ എന്നിവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് പിങ്ക് ജനമൈത്രി ബീറ്റ് മേൽനടപടികൾക്കായി സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് കൈമാറും.

പ്രത്യേക പരിശീലനം ലഭിച്ച വനിതാ പോലീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന പിങ്ക് ബീറ്റ് സംവിധാനം കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളിലും സ്‌കൂൾ, കോളേജ്, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവയുടെ മുന്നിലും ബസ് സ്റ്റോപ്പുകളിലും ഇനി മുതൽ സാന്നിധ്യമുറപ്പിക്കും. ഇവരുടെ സഹായത്തിനായി 14 ജില്ലകളിലും പിങ്ക് കൺട്രോൾ റൂം പ്രവർത്തനസജ്ജമായിരിക്കും. ജനത്തിരക്കേറിയ പ്രദേശങ്ങളിൽ സാമൂഹിക വിരുദ്ധരുടെ സാന്നിധ്യം കണ്ടെത്താനും നടപടി സ്വീകരിക്കാനുമായി പിങ്ക് ഷാഡോ പട്രോൾ ടീമിനെയും സംസ്ഥാനത്ത് നിയോഗിക്കും. വനിതാ ഉദ്യോഗസ്ഥർ മാത്രം ഉൾപ്പെടുന്ന ബുള്ളറ്റ് പട്രോൾ സംഘമായ പിങ്ക് റോമിയോയും തിങ്കളാഴ്ച നിലവിൽ വരും.

ജയ്പൂർ: അടിയന്തര ഘട്ടങ്ങളിൽ ഇനി ഇന്ത്യൻ യുദ്ധവിമാനങ്ങൾ ദേശീയപാതകളിലും ഇറങ്ങും. ഇതിന് മുന്നോടിയായി നടത്തിയ പരീക്ഷണം വ്യോമസേന വിജയകരമായി പൂർത്തിയാക്കി. രാജസ്ഥാനിലെ ജലോറിലാണ് പരീക്ഷണങ്ങൾ നടത്തിയത്. ഇന്ത്യൻ വ്യോമസേനയുടെ രണ്ട് യുദ്ധഹെലികോപ്ടറുകളാണ് വിജയകരമായി ഇറക്കിയത്.

വ്യോമസേനയുടെയും നാഷണൽ ഹൈവേ അതോറിറ്റിയുടെയും ജലോർ പൊലീസ് സേനയുടെയും നേതൃത്വത്തിൽ കർശന സുരക്ഷയോടെയാണ് പരീക്ഷണം നടത്തിയത്. യുദ്ധത്തിനും പ്രകൃതിദുരന്ത സമയങ്ങളിലും യുദ്ധവിമാനങ്ങൾ റോഡുകളിൽ ഇറക്കുവാൻ സാധിച്ചാൽ ഇന്ത്യൻ വ്യോമസേനയ്ക്ക് അതനുസരിച്ചുള്ള പല ഓപ്പറേഷനുകളും തയ്യാറാക്കുവാൻ കഴിയും. പ്രതിരോധ രംഗത്ത് ഇത് വലിയ ചുവടുവെയ്പ്പായിരിക്കും.

യുദ്ധവിമാനങ്ങൾ ഇറക്കുവാൻ സാധിക്കുന്ന 25 ഓളം റോഡുകൾ കേന്ദ്ര ഗതാഗതവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. പ്രതിരോധ വകുപ്പിന്റെ നിർദേശം അനുസരിച്ചാണ് ഗതാഗത വകുപ്പിന്റെ നടപടി. രാജ്യത്തിനകത്ത് നിരവധി റോഡുകൾ ഇത്തരത്തിൽ കണ്ടെത്തിയിട്ടുണ്ടെങ്കിലും രാജ്യരക്ഷ പരിഗണിച്ച് അവയുടെ പട്ടിക അതീവ രഹസ്യമായി തന്നെ സൂക്ഷിക്കാനാണ് അധികൃതരുടെ തരുമാനമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനുകളിൽ ആരംഭിക്കുന്ന പെട്രോൾ-ഡീസൽ പമ്പുകളിൽ എട്ടെണ്ണത്തിനു ഡീലർഷിപ്പ് ലഭിച്ചു. ചിങ്ങം 1 ന് പ്രവർത്തനം ആരംഭിക്കുന്ന കെഎസ്ആർടിസിയുടെ 8 ബസ് സ്റ്റേഷനുകളിൽ പെട്രോൾ – ഡീസൽ പമ്പുകൾ ആരംഭിക്കാനുള്ള ഡീലർഷിപ്പാണ് ലഭിച്ചത്. കെ.എസ്.ആർ.ടി.സി യും ഇന്ത്യൻ ഓയിൽ കോർപ്പറേഷനും സംയുക്തമായി ആരംഭിക്കുന്ന 67 പെട്രോൾ, ഡീസൽ റീടെയിൽ ഔട്ട്‌ലൈറ്റുകളുടെ പ്രാരംഭ നടപടികൾ പൂർത്തീകരിച്ച് വരികയാണ്.

ഇതിൽ ആദ്യ ഘട്ടത്തിൽ ആരംഭിക്കുന്ന മാവേലിക്കര, ചടയമംഗലം, കോഴിക്കോട്, പെരിന്തൽമണ്ണ, തൃശ്ശൂർ, മൂവാറ്റുപുഴ, ചാലക്കുടി, കിളിമാനൂർ എന്നിവിടങ്ങളിലെ 8 ഔട്ട്‌ലൈറ്റുകളുടെ ഡീലർഷിപ്പ് സർട്ടിഫിക്കറ്റ് കെ.എസ്.ആർ.ടി.സി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ ഐഎഎസ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ചീഫ് ജനറൽ മാനേജർ വി.സി.അശോകനിൽ നിന്ന് ഏറ്റുവാങ്ങി. കെ.എസ്.ആർ.ടി.സി സ്റ്റാൻഡുകളിൽ പ്രവർത്തനം ആരംഭിക്കുന്ന ഈ ഔട്ട്‌ലൈറ്റുകൾ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുന്നതോടൊപ്പം കെ.എസ്.ആർ.ടി.സി ബസ്സുകൾക്കും ഇന്ധനം നിറയ്ക്കാൻ കഴിയും. ഈ സംരംഭത്തിൽ നിന്നും കെ.എസ്.ആർ.ടി.സിയ്ക്ക് മികച്ച വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിഎംഡി ബിജു പ്രഭാകർ അറിയിച്ചു.

തിരുവനന്തപുരം: മാലിക് സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. സിനിമ മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയത്തിനെതിരെയാണ് ശ്രീജിത്ത് പണിക്കരുടെ വിമർശനം.

ഫഹദിന്റെ സ്വാഭാവികതയെക്കാൾ മുകളിൽ നിന്നത് ലീഡ് നടിയുടെ അചഞ്ചലമായ ഭാവാഭിനയമാണെന്ന് ശ്രീജിത്ത് പണിക്കർ പരിഹസിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘സിനിമയുടെ അണിയറ പ്രവർത്തകരെ പരിചയമുണ്ടെങ്കിൽ തനിക്ക് നമ്പർ മെസേജ് ചെയ്യണം. വീടാകെ മോശമായി. ഒന്ന് വൈറ്റ് വാഷ് ചെയ്യണം. നന്നായി വെളുപ്പിക്കാൻ അറിയുന്നവരുടെ നമ്പർ ഉണ്ടെങ്കിൽ അതും മെസേജ് ചെയ്യുക. രണ്ടുംകൂടി ഒന്നിച്ച് അയച്ചാൽ മതിയെന്നും’ ശ്രീജിത്ത് പണിക്കർ പരിഹസിച്ചു.

തിരുവനന്തപുരത്തെ ബീമാപ്പള്ളിയിൽ 2009-ൽ നടന്ന വെടിവയ്പ്പുമായും അന്നത്തെ രാഷ്ട്രീയ സാഹചര്യവുമായും ബന്ധപ്പെട്ടാണ് മാലിക്കിനു നേരേ വിമർശനങ്ങൾ ഉയരുന്നത്. സിപിഎമ്മിനെ വെള്ളപൂശാനുള്ള ശ്രമമാണ് സിനിമയെന്നാണ് പ്രധാന ആക്ഷേപം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

‘മാലിക്’ ഇഷ്ടപ്പെട്ടു. നല്ല പ്രമേയം. മികച്ച പശ്ചാത്തലം. ഫഹദിന്റെ സ്വാഭാവികതയെക്കാൾ മുകളിൽ നിന്നത് ലീഡ് നടിയുടെ അചഞ്ചലമായ ഭാവാഭിനയം. എല്ലാത്തിനും മുകളിൽ ചരിത്രത്തോട് അങ്ങേയറ്റത്തെ നീതിബോധം. സിനിമയുടെ അണിയറ പ്രവർത്തകരെ പരിചയമുണ്ടെങ്കിൽ എനിക്ക് നമ്പർ മെസേജ് ചെയ്യുക.

NB: വീടാകെ മോശമായി. ഒന്ന് വൈറ്റ് വാഷ് ചെയ്യണം. നന്നായി വെളുപ്പിക്കാൻ അറിയുന്നവരുടെ നമ്പർ ഉണ്ടെങ്കിൽ അതും മെസേജ് ചെയ്യുക. രണ്ടുംകൂടി ഒന്നിച്ച് അയച്ചാൽ മതി.

ന്യൂഡൽഹി: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണത്തിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയിൽ. സ്വർണക്കടത്ത് കേസിൽ വ്യാജതെളിവുകൾ ഉണ്ടാക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിച്ചോയെന്ന് വിചാരണക്കോടതിക്ക് പരിശോധിക്കാമെന്ന ഉത്തരവിന് എതിരെയാണ് എൻഫോഴ്‌സ്‌മെന്റ് സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി റദ്ദാക്കിയ കേസിലെ തെളിവുകളും രേഖകളും വിചാരണക്കോടതിക്ക് പരിഗണിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ഇ.ഡി. സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചിരിക്കുന്നത്.

സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സ്വപ്നാ സുരേഷിനെയും സന്ദീപ് നായരെയും ഭീഷണിപ്പെടുത്തിയെന്ന പേരിലാണ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. പിന്നീട് ഹൈക്കോടതി ക്രൈം ബ്രാഞ്ച് എഫ്.ഐ.ആറുകൾ റദ്ദാക്കിയിരുന്നു. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ വ്യാജ തെളിവുണ്ടാക്കാൻ ശ്രമമുണ്ടായാൽ ക്രിമിനൽ നടപടി ചട്ടത്തിലെ 340-ാം വകുപ്പ് പ്രകാരം ബന്ധപ്പെട്ട കോടതിയാണ് പ്രാഥമിക അന്വേഷണം നടത്തേണ്ടതെന്ന് വ്യക്തമാക്കിയായിരുന്നു ഹൈക്കോടതിയുടെ നടപടി.

ഇ.ഡിക്ക് എതിരെ പരിശോധന നടത്താൻ വിചാരണക്കോടതിക്ക് അനുമതി നൽകുന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് എൻഫോഴ്‌സ്‌മെന്റ് സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തിയെന്ന ആരോപണം തെറ്റാണെന്നും ഹർജിയിൽ പറയുന്നു. അഡീഷണൽ സോളിസിറ്റർ ജനറൽ ഉൾപ്പടെയുള്ള മുതിർന്ന സർക്കാർ അഭിഭാഷകരിൽ നിന്ന് നിയമോപദേശം ലഭിച്ചതിനെ തുടർന്ന് ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്ണനാണ് സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വിചാരണക്കോടതി ഇ.ഡി. ഉദ്യോഗസ്ഥർക്ക് എതിരായ പരാതിയിൽ പരിശോധന ആരംഭിച്ചതിന് പിന്നാലെയാണ് ഇഡി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിൽപന ശാലകൾ ഞായറാഴ്ച തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകി. പെരുന്നാൾ പ്രമാണിച്ച് ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സംസ്ഥാനത്ത് ലോക്ഡൗൺ ഇളവ് പ്രഖ്യാപിച്ചതോടെയാണ് ഞായറാഴ്ച്ച ബിവറേജസ് ഔട്ട്‌ലറ്റുകൾ തുറക്കാൻ തീരുമാനിച്ചത്. എ,ബി,സി കാറ്റഗറികളായി തിരിച്ച മേഖലകളിൽ രാവിലെ 9 മുതൽ വൈകിട്ട് ഏഴ് വരെയാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഡി കാറ്റഗറിയിൽ ഉൾപ്പെടുത്തിയ പ്രദേശങ്ങളിൽ കർശന നിയന്ത്രണങ്ങളായിരിക്കും ഉണ്ടായിരിക്കുക. അതിനാൽ തന്നെ ഈ മേഖലകളിൽ ലോക്ക് ഡൗൺ ഇളവുകൾ ഉണ്ടാകില്ല.

എ, ബി, സി വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രദേശങ്ങളിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്കു പുറമെ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകൾ, ഫാൻസി ഷോപ്പുകൾ, സ്വർണ്ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം നൽകും. രാത്രി 8 മണിവരെയാണ് കടകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ടാവുക.

ന്യൂയോർക്ക്: സാമൂഹ്യ മാദ്ധ്യമങ്ങൾക്കെതിരെ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ജനങ്ങൾ കോവിഡ് വാക്‌സിൻ കുത്തിവെയ്‌പ്പെടുക്കാൻ വിമുഖത കാണിക്കുന്നതിന്റെ ഒരു കാരണം സാമൂഹ്യ മാദ്ധ്യമങ്ങളിൽ വരുന്ന വ്യാജ വാർത്തകളാണെന്ന് അദ്ദേഹം ആരോപിച്ചു.

ഒരർത്ഥത്തിൽ സാമൂഹ്യ മാദ്ധ്യമങ്ങൾ ജനങ്ങളെ കൊല്ലുകയാണെന്നും ജോ ബൈഡൻ വ്യക്തമാക്കി. വാക്‌സിൻ കുത്തിവെയ്‌പ്പെടുക്കുന്നതിനെതിരെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതിന് ട്വിറ്ററിനെതിരെ വിമർശനവുമായി യുഎസ് സർജൻ ജനറൽ വിവേക് മൂർത്തി രംഗത്തെത്തിയിരുന്നു. സാമൂഹ്യ മാദ്ധ്യമങ്ങളിൽ കോവിഡ് വാക്സിനെതിരായി നടക്കുന്ന ഇത്തരം വ്യാജ പ്രചാരണങ്ങളെ എല്ലാവരും ഒറ്റക്കെട്ടായി നേരിടണമെന്നാണ് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിക്കുന്നത്. ജനങ്ങളെ വഴിതെറ്റിക്കുന്ന വാർത്ത നൽകിയതിന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി ഫേസ്ബുക്കിനെയും വിമർശിച്ചു. ഏതാനും പേർ ചേർന്നാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ വാക്സിനെതിരായ 65 ശതമാനം വാർത്തകളും പടച്ചുവിടുന്നത്. ഇവർ ഇപ്പോഴും ഫേസ്ബുക്കിൽ ആക്ടീവാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.