ന്യൂഡൽഹി: ബക്രീദിനോടനുബന്ധിച്ച് കേരളത്തിലെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചതിന് സർക്കാരിനെതിരെ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വി. നടപടി നിന്ദ്യമാണെന്നും ഉത്തർപ്രദേശിൽ കൻവാർ യാത്ര നടത്തുന്നത് തെറ്റാണെങ്കിൽ പെരുന്നാൾ ആഘോഷവും അങ്ങനെ തന്നെയാണെന്ന് മനു അഭിഷേക് സിങ്‌വി വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേരളം കോവിഡ് കിടക്കയിലാണെന്ന കാര്യം മറക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബക്രീദിനോടനുബന്ധിച്ച് ഞായറാഴ്ച്ച മുതൽ മൂന്ന് ദിവസത്തേക്കാണ് കേരളത്തിൽ ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ദിവസവും എ,ബി,സി വിഭാഗങ്ങളിലെ മേഖലകളിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് പുറമെ തുണിക്കട, ചെരുപ്പുകട, ഇലക്ട്രോണിക് ഷോപ്പുകൾ, ഫാൻസി ഷോപ്പുകൾ, സ്വർണ്ണക്കട എന്നിവയും തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. രാത്രി 8 മണി വരെയാണ് കടകൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയത്. ഡി വിഭാഗത്തിലുള്ള പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾക്ക് വിധേയമായി തിങ്കളാഴ്ച കടകൾ തുറക്കാമെന്നും സർക്കാർ അറിയിച്ചു. കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇളവുകൾ പ്രഖ്യാപിച്ചത്.

