വിമാനത്താവളത്തിന് സമാനമായ സൗകര്യത്തിൽ ഒരു റെയിൽവേ സ്‌റ്റേഷൻ: അറിയാം വിശദ വിവരങ്ങൾ

അഹമ്മദാബാദ്: ഗാന്ധിനഗർ റെയിൽവേ സ്റ്റേഷന്റെ ഉദ്ഘാടനം നിർവ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിമാനത്താവളങ്ങളോട് സാദൃശ്യം തോന്നുന്ന രീതിയിലാണ് റെയിൽവേ സ്റ്റേഷൻ നവീകരിച്ചിരിക്കുന്നത്.

വിമാനത്താവളങ്ങളിൽ ലഭിക്കുന്നത് പോലെയുള്ള സേവനങ്ങളെല്ലാം ഗാന്ധിനഗർ റെയിൽവേ സ്‌റ്റേഷനിൽ ഉണ്ടാകും. റെയിൽവേ സ്‌റ്റേഷന്റെ ഭാഗമായുള്ള പഞ്ചനക്ഷത്ര ഹോട്ടലിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിച്ചു. 318 മുറികളാണ് പഞ്ചനക്ഷത്ര ഹോട്ടലിൽ ഉള്ളത്.

ഗാന്ധിനഗർ റെയിൽവേ ആൻഡ് അർബൻ ഡെവലപ്മെന്റ് കോർപ്പറേഷനാണ് റെയിൽവേ സ്റ്റേഷന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. രണ്ട് എസ്‌കലേറ്ററുകളും മൂന്ന് ലിഫ്റ്റുകളും റെയിൽവേ സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്. ഇത് കൂടാതെ പ്ലാറ്റ്‌ഫോമുകൾ തമ്മിൽ ബന്ധിപ്പിക്കാനായി ഭൂഗർഭ സബ്‌വേകളും ഇവിടെയുണ്ട്. ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് സൗഹാർദ്ദപരമായ രീതിയിലാണ് റെയിൽവേ സ്റ്റേഷൻ നിർമിച്ചിട്ടുള്ളത്. അവർക്ക് സഞ്ചരിക്കാനായി പ്രത്യേക വഴികളും പ്രത്യേക ടിക്കറ്റ് കൗണ്ടറുകളും പ്രത്യേക പാർക്കിങ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നതാണ് റെയിൽവേ സ്‌റ്റേഷന്റെ മറ്റൊരു സവിശേഷത.

2017 ലാണ് പദ്ധതിയ്ക്ക് തറക്കല്ലിട്ടത്. 254 കോടി രൂപയാണ് റെയിൽവേ സ്‌റ്റേഷന്റെ നവീകരണത്തിനായി ചെലവായത്. 790 കോടി രൂപയാണ് പഞ്ചനക്ഷത്ര ഹോട്ടലിന്റെ നിർമ്മാണ ചെലവ്.