തിരുവനന്തപുരം: ഓൺലൈൻ ക്ലാസിനിടെ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് അധ്യാപിക. ഒമ്പതാം ക്ലാസ് വിദ്യാർഥികളുടെ ഓൺലൈൻ ക്ലാസിനിടെയാണ് അധ്യാപിക ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചത്. തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിലെ അധ്യാപികയായ ബൃന്ദയാണ് ഹിന്ദു ദൈവങ്ങളെ അപമാനിച്ചതിന്റെ പേരിൽ വിവാദത്തിലായത്.
നാലു തലയുള്ളവരും പാമ്പിന്റെ മുകളിൽ കിടക്കുന്നവരും നെറ്റിയിൽ കണ്ണുള്ളവരുമായ ദൈവങ്ങൾ ജീവിച്ചിരുന്നു എന്നതിന് തെളിവില്ലെന്നായിരുന്നു ഓൺലൈൻ ക്ലാസിൽ ബൃന്ദ പറഞ്ഞത്. ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരെ പരിഹസിച്ചു കൊണ്ടായിരുന്നു ബൃന്ദ കുട്ടികൾക്ക് ക്ലാസെടുത്തത്. ജീസസ് ജീവിച്ചിരുന്നുവെന്നും അതിന് കൃത്യമായ തെളിവും ഡേറ്റും സമയവുമുണ്ടെന്ന് അധ്യാപിക ക്ലാസിൽ കുട്ടികളോട് പറഞ്ഞിരുന്നുവെന്നാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്. രാമനും കൃഷ്ണനുമൊക്കെ ജനിച്ചിട്ടുണ്ടെന്നു പോലും വിശ്വസിക്കാനാവില്ലെന്നും ബൃന്ദ പരിഹസിച്ചിരുന്നു.
ഹിന്ദു ദൈവങ്ങളെ പരിഹസിച്ചതിനോടൊപ്പം കുട്ടികളുടെ മനസിൽ നിന്ന് ഈശ്വര സങ്കൽപങ്ങൾ മായ്ച്ചു കളയാൻ കൂടിയാണ് അധ്യാപിക ശ്രമിച്ചതെന്നാണ് രക്ഷിതാക്കളുടെ ആരോപണം. ഇതര മതവിശ്വാസികളുടെ അന്ധവിശ്വാസങ്ങൾക്ക് എതിരെ പോലും നിശബ്ദത പാലിക്കുന്ന ചില അധ്യാപകരാണ് ഹൈന്ദവീയതയെ ഉന്മൂലനം ചെയ്യാൻ അധ്യാപക വേഷം കെട്ടിയെത്തുന്നതെന്നും രക്ഷിതാക്കൾ വിമർശിക്കുന്നു.
ഹിന്ദുദൈവങ്ങളെ അപമാനിച്ചുവെന്ന പേരിൽ നേരത്തെയും കോട്ടൺഹിൽ സ്‌കൂൾ വിവാദങ്ങളിൽ ഉൾപ്പെട്ടിരുന്നു. വർഷങ്ങൾക്ക് മുമ്പ് സ്‌കൂൾ പുറത്തിറക്കിയ സുവനീറിൽ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് കാർട്ടൂൺ ചിത്രങ്ങൾ ഉൾപ്പെടുത്തിയിരുന്നു. ഒടുവിൽ ഹൈന്ദവ സംഘടനകൾ പ്രതിഷേധം ഉയർത്തിയതോടെ അച്ചടിച്ച പുസ്തകങ്ങൾ മുഴുവൻ സ്‌കൂൾ അധികൃതർ തന്നെ കുട്ടികളിൽ നിന്ന് തിരിച്ചുവാങ്ങി നശിപ്പിക്കുകയായിരുന്നു.
അതേസമയം ഓൺലൈനിലൂടെ ക്ലാസെടുക്കുന്നതിനിടെ ഹിന്ദു ദൈവങ്ങളെ അപമാനിച്ചതിന് അധ്യാപികയിൽ നിന്നും വിശദീകരണം തേടിയതായി പിടിഎ പ്രസിഡന്റ് പ്രദീപ് അറിയിച്ചു. തനിക്ക് പറ്റിയ മനഃപൂർവമല്ലാത്ത അബദ്ധമാണ് വിവാദങ്ങൾക്ക് വഴിവച്ചതെന്നാണ് അധ്യാപികയുടെ പ്രതികരണം. സ്‌കൂൾ അധികൃതർ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് അധ്യാപികയുടെ വിശദീകരണം കൈമാറിയിട്ടുണ്ട്.

