ശുചീകരണ തൊഴിലാളിയിൽ നിന്നും സിവിൽ സർവ്വീസിലേക്ക്: ഇത് സിനിമയെ വെല്ലുന്ന ജീവിത കഥ

ജയ്പൂർ: ആത്മവിശ്വാസത്തോടെ പോരാടിയാൽ ഏത് പ്രതിസന്ധിയും മറികടന്ന് ജീവിത വിജയം നേടാമെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചിരിക്കുകയാണ് ആശ കാണ്ഡാർ എന്ന യുവതി. ശുചീകരണ തൊഴിലാളിയിൽ നിന്നും രാജസ്ഥാൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ ഇടം നേടിയ ആശയുടെ ജീവിതം എല്ലാവർക്കും മികച്ച മാതൃക തന്നെയാണ്. തനിക്ക് ഈ നേട്ടം കരസ്ഥമാക്കാൻ കഴിയുമെങ്കിൽ ഏവർക്കും അതിന് കഴിയുമെന്നാണ് ആശ പറയുന്നത്.

എട്ട് വർഷങ്ങൾക്ക് മുൻപാണ് ആശയെ ഭർത്താവ് ഉപേക്ഷിക്കുന്നത്. എന്നാൽ ആശ തളർന്നില്ല. വിധിയോട് പോരാടി ജീവിത വിജയം നേടാൻ ആശ തീരുമാനിച്ചു. തന്റെ രണ്ടു മക്കളും മാതാപിതാക്കളും തനിക്ക് ശക്തി പകർന്നുവെന്നും ആശ പറയുന്നു.

ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം ജോധ്പൂർ മുൻസിപ്പൽ കോർപ്പറേഷനിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തുവരികെയാണ് ആശ സിവിൽ സർവ്വീസ് പരീക്ഷ എഴുതുന്നത്. പരീക്ഷയിൽ വിജയിച്ചതോടെ മെയിൽ പരീക്ഷയും ആശ എഴുതി. അതിലും മികച്ച വിജയം നേടാൻ ആശയ്ക്ക് കഴിഞ്ഞു. സാധാരണക്കാരായ ജനങ്ങളെ സഹായിക്കുകയാണ് തന്റെ ലക്ഷ്യമെന്നും പിതാവാണ് തനിക്ക് പ്രചോദമായതെന്നും ആശ വ്യക്തമാക്കി. തന്റെ പിതാവ് വിദ്യാഭ്യാസമുള്ളയാളാണ്. വിദ്യാഭ്യാസത്തിന്റെ മൂല്യം അദ്ദേഹത്തിനറിയാം. പഠിക്കാനും മുന്നോട്ട് പോകാനും അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചുവെന്നും ആശ കൂട്ടിച്ചേർത്തു.