General (Page 1,467)

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് കണക്കുകളെ കുറിച്ച് വ്യക്തമാക്കി ആരോഗ്യ മന്ത്രി വീണാ ജോർജ് ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിനെതിരെ വിമർശനവുമായി രാഷ്ട്രീയ നിരീക്ഷൻ ശ്രീജിത്ത് പണിക്കർ. കേരളത്തിൽ മരണ നിരക്ക് കുറവാണെന്നും കാര്യങ്ങൾ ശുഭമാണെന്നുമുള്ള മന്ത്രിയുടെ പരാമർശത്തെ വിമർശിച്ചാണ് അദ്ദേഹം രംഗത്തെത്തിയത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മരുന്നില്ലാത്ത ഒരു പകർച്ചവ്യാധിയെ പ്രതിരോധിക്കുന്നതിന്റെ വിജയ സൂചകമായി മരണനിരക്കിനെ പരിഗണിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയെങ്കിൽ നിപ്പാ പ്രതിരോധത്തിൽ കേരളം പരാജയപ്പെട്ടു എന്ന് പറയേണ്ടിവരും. രോഗം ബാധിച്ച 19 ൽ 17 പേരും അന്ന് മരണപ്പെട്ടിരുന്നു. മരണനിരക്ക് ഏതാണ്ട് 90%. അതിനർത്ഥം നാം നിപ്പാ പ്രതിരോധത്തിൽ പരാജയപ്പെട്ടു എന്നാണോവെന്ന് അദ്ദേഹം ചോദിച്ചു.

എന്തൊക്കെ വാദങ്ങളാണ് കഴിഞ്ഞ ഒരു വർഷമായി കേരളം പറയുന്നത്. കോണ്ടാക്ട് ട്രേസിങ് ആണ് നേട്ടമെന്ന് ആദ്യം പറഞ്ഞു. പിന്നീട് രോഗവ്യാപനം കുറച്ചെന്ന് പറഞ്ഞു. അതിനു ശേഷം മരണങ്ങളുടെ എണ്ണം കുറവെന്നും പറഞ്ഞു. പോസിറ്റിവിറ്റി കുറവെന്നായിരുന്നു പിന്നീടുള്ള അവകാശവാദം. തുടർന്ന് മരണനിരക്കാണ് കുറവെന്ന് അഭിപ്രായപ്പെട്ടു. ടെസ്റ്റിന്റെ എണ്ണമെന്നും കൃത്യതയെന്നുമുള്ള വാദത്തിന് ശേഷം സെറോപ്രിവലൻസ് ശതമാനമാണെന്നായിരുന്ന വാദവുമായി എത്തി. ആസാമിന്റെ ഉദാഹരണം കാണിച്ചപ്പോൾ ജനസാന്ദ്രതയാണ് പ്രധാനമെന്നായി ഏറ്റവും പുതിയ വാദം. പലതവണ മാറ്റിയ നമ്മുടെ ഗോൾ പോസ്റ്റ് ഇപ്പോൾ ഗ്രൗണ്ടിലല്ല, ഗ്യാലറിയിലാണെന്ന് ശ്രീജിത്ത് പണിക്കർ പരിഹസിച്ചു.

ഇനിയെങ്കിലും ശാസ്ത്രീയമായ നടപടികൾ മാത്രം സ്വീകരിക്കുകമെന്നും യുക്തിസഹമായ വാദങ്ങൾ മാത്രം നിരത്തമെന്നും അദ്ദേഹം സർക്കാരിനോട് അഭ്യർത്ഥിച്ചു. കോവിഡ് പ്രതിരോധം എന്നത് ഒരു ഒളിമ്പിക്‌സ് മത്സരയിനം അല്ലെന്നും മറ്റെല്ലാ സംസ്ഥാനങ്ങളെയും തോല്പിച്ച് നമ്പർ വൺ ആയിട്ട് നേടാനും മാത്രം കപ്പൊന്നും ബാക്കിയില്ലെന്നും അദ്ദേഹം വിമർശിച്ചു.

പാലക്കാട്: കുതിരാൻ തുരങ്കം ഗതാഗതത്തിനായി തുറന്നു നൽകി. പാലക്കാട് നിന്ന് തൃശ്ശൂർ ഭാഗത്തേക്കുള്ള തുരങ്കമാണ് തുറന്ന് നൽകിയത്. ശനിയാഴ്ച രാത്രി ഏഴരയോടെ തൃശ്ശൂർ ജില്ലാ കളക്ടർ ഹരിത വി കുമാർ തുരങ്കം ഗതാഗതത്തിനായി തുറന്നുകൊടുത്തു. പാതയുടെ തൃശ്ശൂർ-പാലക്കാട് ഹൈവേയിലെ ഗതാഗതക്കുരുക്കിനാണ് ഇതോടെ വലിയ പരിഹാരമാകുന്നത്. കൊച്ചി കോയമ്പത്തൂർ ദേശീയപാതയിലെ യാത്ര സമയവും ഇതോടെ കുറയും.

സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളുടെ പരിശോധനകൾക്ക് ശേഷം കേന്ദ്രസർക്കാരിൽ നിന്നും അനുമതി ലഭിച്ചതോടെയാണ് കുതിരാൻ തുരങ്കം തുറന്നത്. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പാണ് കുതിരാൻ മലയിലെ ഇരട്ടതുരങ്കങ്ങളിൽ ഒന്ന് ഗതാഗതത്തിനായി തുറന്നു നൽകാൻ അനുമതി നൽകിയത്. കേന്ദ്ര മന്ത്രി നിതിൻ ഗഡ്ക്കരിയാണ് കുതിരാൻ തുരങ്കം തുറക്കാൻ അനുമതി നൽകിയ വിവരം അറിയിച്ചത്. കേരളത്തിലെ ആദ്യത്തെ തുരങ്കമായ കുതിരാനിൽ ഒരു ലൈനിൽ ഇന്ന് മുതൽ ഗതാഗതം അനുവദിക്കുമെന്ന് കേന്ദ്ര ഉപരിതലമന്ത്രി നിതിൻ ഗഡ്കരി ട്വീറ്ററിലൂടെ അറിയിച്ചു. ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി തുരങ്കം ഗതാഗതത്തിന് തുറന്ന് കൊടുക്കാനാണ് ഉദ്യോഗസ്ഥർക്ക് കേന്ദ്രം നൽകിയ നിർദേശം.

അതേസമയം സംസ്ഥാന സർക്കാരിനെ ഔദ്യോഗികമായി അറിയിക്കാതെയാണ് തുരങ്കം തുറന്നതെന്ന വിമർശനവും ഉയരുന്നുണ്ട്. കുതിരാൻ തുരങ്കം തുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിൽ നിന്നും ഒരു തരത്തിലുള്ള അറിയിപ്പും സംസ്ഥാന സർക്കാരിന് ലഭിച്ചിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. തുരങ്കത്തിന്റെ കാര്യത്തിൽ സർക്കാർ തർക്കത്തിനില്ലെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം: പ്രളയ സെസ് ജൂലൈ 31 ന് അവസാനിച്ചു. ഓഗസ്റ്റ് ഒന്ന് മുതൽ സാധ്യനങ്ങളുടെ ബില്ലിൽ പ്രളയ സെസ് ഒഴിവാക്കണമെന്ന നിർദ്ദേശം നൽകിയതായി ധനവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സാധനങ്ങൾ വാങ്ങുമ്പോൾ പ്രളയ സെസ് ഒഴിവാക്കിയിട്ടുണ്ടോയെന്ന് ജനങ്ങൾ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായാണ് ചരക്ക് സേവന നികുതിക്കൊപ്പം പ്രളയ സെസ് കൂടി ഏർപ്പെടുത്തിയത്.

പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനായി 1,000 കോടി രൂപ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു സർക്കാർ പ്രളയ സെസ് ഏർപ്പെടുത്തിയത്. 2019 ഓഗസ്റ്റ് ഒന്ന് മുതലായിരുന്നു സംസ്ഥാനത്തിനകത്ത് വിതരണം ചെയ്യുന്ന ചരക്ക് സേവനങ്ങൾക്ക് പ്രളയ സെസ് ഏർപ്പെടുത്താൻ ആരംഭിച്ചത്. 2020 അവസാനത്തോടെ തന്നെ 1,000 കോടിയിലധികം പിരിച്ചിരുന്നു. 2,000 കോടി രൂപ വരെ പിരിക്കാനാണ് ജി.എസ്.ടി. കൗൺസിൽ അനുമതി നൽകിയത്.

ഏകദേശം 1600 കോടി രൂപ പ്രളയ സെസായി പിരിച്ചെടുക്കാൻ കഴിഞ്ഞു. 2021 ജുലൈ 31 വരെയാണ് പ്രളയ സെസ് ചുമത്താൻ സംസ്ഥാനത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. പ്രളയ സെസ് ഒഴിവാക്കാൻ ബില്ലിങ് സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്താൻ സർക്കാർ വ്യാപാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് പ്രളയ സെസ് ഏർപ്പെടുത്തിയതോടെ കാർ, ബൈക്ക്, ടി.വി, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, മൊബൈൽ ഫോൺ, സിമന്റ്, പെയിന്റ് തുടങ്ങിയ ഉൽപന്നങ്ങൾക്കെല്ലാം സെസ് ചുമത്തിയിരുന്നു.

തുടർച്ചയായുണ്ടായ രണ്ട് പ്രളയം മൂലം സംസ്ഥാനത്ത് വ്യാപകമായ നഷ്ടമുണ്ടായി. റോഡുകളും പാലങ്ങളും വ്യാപകമായി തകർന്നു. അടിസ്ഥാന മേഖലയുടെ പുനർനിർമാണം ലക്ഷ്യമിട്ടാണ് സർക്കാർ പ്രളയ സെസ് ഏർപ്പെടുത്തിയത്. 2019 -20 ലെ ബജറ്റ് പ്രസംഗത്തിൽ, ഓഗസ്റ്റ് മുതൽ 2 വർഷത്തേക്കാണ് പ്രളയ സെസ് ഏർപ്പെടുത്തിയത്. ഉത്പ്പന്ന വിലയിൽ ഒരു ശതമാനം അധിക നികുതിയാണ് ഏർപ്പെടുത്തിയിരുന്നത്. സെസ് പിൻവലിക്കുന്നതോടെ ഉത്പ്പന്നങ്ങൾക്ക് നേരിയ വില കുറവുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.

ന്യൂഡൽഹി: വ്യോമയാന മേഖലയിൽ പുതിയ ചുവടുവെയ്പ്പുമായി രാകേഷ് ജുൻജുൻവാല. അൾട്രാ ലോ കോസ്റ്റ് എയർലൈൻസ് (വളരെ ചെലവു കുറഞ്ഞ വിമാനയാത്ര സാധ്യമാക്കുന്ന) വിമാനക്കമ്പനി സ്ഥാപിക്കാനാണ് ജുൻജുൻവാല പദ്ധതിയിടുന്നത്. ‘ആകാശ എയർ’ എന്നാണ് ഈ വിമാന കമ്പനിയ്ക്ക് ജുൻജുൻവാല പേര് നൽകിയിരിക്കുന്നത്. ‘ഇന്ത്യയുടെ വാറൻ ബഫെറ്റ്’ എന്നാണ് ജുൻജുൻവാല അറിയപ്പെടുന്നത്.

ഇൻഡിഗോയുടെയും ജെറ്റ് എയർവെയ്സിന്റെയും മുൻ സി.ഇ.ഒമാരുമായി ചേർന്നാണ് ആഭ്യന്തര വിമാനസർവീസ് മേഖലയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ജുൻജുൻവാല തയ്യാറെടുക്കുന്നത്. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വലിയ പ്രതിസന്ധികൾ നേരിടുന്ന വ്യോമയാന മേഖലയിലേക്കാണ് പ്രതീക്ഷയുടെ ചിറകുകളുമായി ആകാശ എയർ ആരംഭിക്കാനൊരുങ്ങുന്നത്.

ആകാശ എയറിൽ നാൽപ്പതു ശതമാനം ഓഹരിയുടെ ഉടമസ്ഥാവകാശം ജുൻജുൻവാലയ്ക്കായിരിക്കുമെന്നാണ് വിവരം. 180 സീറ്റുകളുള്ള 70 വിമാനങ്ങൾ നാലു വർഷത്തിനുള്ളിൽ റൺവേയിൽ എത്തിക്കാനാണ് ജുൻജുൻവാലയും സംഘവും പദ്ധതിയിടുന്നത്. ആകാശ എയറിൽ 35 ദശലക്ഷം ഡോളർ ജുൻജുൻവാല നിക്ഷേപിക്കുമെന്നാണ് വിവരം. ഫോബ്സിന്റെ കണക്കു പ്രകാരം 4.6 ബില്യൻ ഡോളറാണ് ജുൻജുൻവാലയുടെ സമ്പാദ്യം. വ്യോമയാന മന്ത്രാലയത്തിൽ നിന്ന് അടുത്ത പതിനഞ്ചു ദിവസത്തിനുള്ളിൽ ആകാശ എയറിന് എൻ.ഒ.സി ലഭിക്കുമെന്നാണ് വിവരം.

ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പ്രതിപക്ഷ പ്രതിഷേധത്തിൽ നികുതിദായകരുടെ നഷ്ടം 133 കോടിയെന്ന് റിപ്പോർട്ട്. പെഗാസസ് ഫോൺ ചോർത്തലിനെ ചൊല്ലിയുള്ള പ്രതിപക്ഷ പ്രതിഷേധങ്ങൾ പാർലമെന്റിന്റെ ഇരു സഭകളും പ്രവർത്തിക്കേണ്ട സമയത്തിന്റെ ഭൂരിഭാഗവും നഷ്ടപ്പെടുത്തിയതാണ് ഖജനാവിന് കോടികളുടെ നഷ്ടമുണ്ടാകാൻ കാരണം.

ജൂലായ് 19 ന് പാർലമെന്റ് വർഷകാല സമ്മേളനം ആരംഭിച്ചത് മുതൽ പ്രതിപക്ഷം പ്രതിഷേധത്തിലാണ്. പെഗാസസ് ഫോൺ ചോർത്തലിൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന ആവശ്യവുമായാമ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. വർഷകാല സമ്മേളനത്തിൽ 54 മണിക്കൂർ പ്രവർത്തിക്കേണ്ട ലോക്സഭ വെറും ഏഴ് മണിക്കൂർ മാത്രമാണ് പ്രവർത്തിച്ചത്. 40 മണിക്കൂറിലധികം രാജ്യസഭയിലെ പ്രവർത്തന സമയവും നഷ്ടമായിട്ടുണ്ട്. ഇരു സഭകളിലുമായി 107 മണിക്കൂർ നടക്കേണ്ടിയിരുന്ന വർഷകാല സമ്മേളനം വെറും 18 മണിക്കൂർ മാത്രമാണ് നടന്നത്.

പാർലമെന്റിന്റെ പ്രവർത്തനം സംബന്ധിച്ച് ദിവസേന ബുള്ളിറ്റിനുകളും പ്രവർത്തന സമയവും രേഖപ്പെടുത്തുന്ന പ്രക്രിയ ആരംഭിച്ചതോടെയാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്ത് വന്നത്.

ന്യൂഡൽഹി: കൊട്ടിയൂർ പീഡനക്കേസിൽ പ്രതിയായ മുൻ വൈദികൻ റോബിൻ വടക്കുംചേരിയെ വിവാഹം കഴിക്കാൻ അനുമതി തേടി ഇരയായ പെൺകുട്ടി സുപ്രീം കോടതിയിൽ. വിവാഹം കഴിക്കാനുള്ള തീരുമാനം സ്വന്തം ഇഷ്ടപ്രകാരമാണെന്ന് വ്യക്തമാക്കി പെൺകുട്ടി സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. ജസ്റ്റിസുമാരായ വിനീത് ശരൺ, ദിനേശ് മഹേശ്വരി എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് തിങ്കളാഴ്ച്ച പെൺകുട്ടി സമർപ്പിച്ച ഹർജി പരിഗണിക്കും.

ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണ് പ്രതിയുമായി ഉണ്ടായിരുന്നതെന്ന് പെൺകുട്ടി നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇരയേയും കുഞ്ഞിനെയും സംരക്ഷിച്ചുകൊള്ളാമെന്ന് ഫാ. റോബിൻ വടക്കുംചേരിയും ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നെങ്കിലും ഈ വാദം ഹൈക്കോടതി തള്ളിയിരുന്നു. സുപ്രീംകോടതിയുടെ മുൻവിധിന്യായങ്ങളുടെ അടിസ്ഥാനത്തിൽ ലൈംഗിക അതിക്രമക്കേസുകളിൽ ഒത്തുതീർപ്പുകളോ അയഞ്ഞ സമീപനമോ സ്വീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ ശേഷമായിരുന്നു കോടതിയുടെ നടപടി. പീഡനത്തിന് ഇരയാകുമ്പോൾ പെൺകുട്ടി പ്രായപൂർത്തിയായിട്ടില്ലായിരുന്നു. വിവാഹത്തിന് നിയമപരമായ പവിത്രത നൽകുന്നത് കേസിലെ പ്രധാനവിഷയത്തിൽ മുൻകൂർ തീരുമാനം എടുത്തതിന് തുല്യമാകുമെന്നും ഹൈക്കോടതി കണ്ടെത്തിയിരുന്നു.

ഇതിനെതിരെയാണ് ഇര സുപ്രീം കോടതിയെ സമീപിച്ചത്. തനിക്കും കുഞ്ഞിനും റോബിൻ വടക്കുംചേരിക്ക് ഒപ്പം താമസിക്കാൻ അവസരം ഒരുക്കണമെന്നാണ് പെൺകുട്ടിയുടെ ആവശ്യം. വിവാഹത്തിനായി റോബിൻ വടക്കുംചേരിക്ക് ജാമ്യം അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. അഭിഭാഷകൻ അലക്സ് ജോസഫ് മുഖേനയാണ് പെൺകുട്ടി ഹർജി സമർപ്പിച്ചിരിക്കുന്നത്.

2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയൂർ നീണ്ടുനോക്കി സെയിന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ആയിരുന്ന റോബിൻ വടക്കുംചേരി പള്ളിമേടയിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നു.

പത്തനംതിട്ട: സംസ്ഥാനത്ത് ഓണക്കാലത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം അവലോകനത്തിന് ശേഷം. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. വിവിധ വിഷയങ്ങൾ പഠിച്ച ശേഷമേ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകൂവെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ വിഷയം അവലോകനം ചെയ്ത ശേഷം ഇളവുകളിൽ തീരുമാനമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് പരമാവധി കോവിഡ് പരിശോധനകൾ നടത്താനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. 1.9 ലക്ഷത്തോളം പരിശോധനകൾ നടന്ന ദിവസവും സംസ്ഥാനത്തുണ്ട്. രോഗികളുടെ പ്രൈമറി കോണ്ടാക്ടിലുള്ള പരമാവധിപ്പേരുടെ ടെസ്റ്റുകൾ നടത്തുകയാണ്. ആർടിപിസിആർ പരിശോധന കർശനമാക്കിയ കർണാടക സർക്കാർ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന അതിർത്തിയിലെ പരിശോധന കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ വർധിപ്പിക്കുമെന്നും ആരോഗ്യ പ്രവർത്തകർക്കെതിരെ അക്രമങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തെ അംഗീകരിക്കാനാകില്ലെന്നും മന്ത്രി അറിയിച്ചു. അരോഗ്യ പ്രവർത്തകർക്കെതിരെ അതിക്രമം നടത്തുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് വീണാ ജോർജ് മുന്നറിയിപ്പ് നൽകി.

തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ് കേസുകളിലെ പ്രതികളെ സി.പി.എം ഭയപ്പെടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രതികളെ ചോദ്യം ചെയ്താൽ സി.പി.എം നേതാക്കൾക്ക് കേസിലുളള പങ്ക് പുറത്ത് വരുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.

കരുവന്നൂർ സഹകരണബാങ്കിൽ പണം നിക്ഷേപിച്ച മുഴുവൻ ആളുകളുടെയും പണം തിരികെ ലഭിച്ചുവെന്ന് ഉറപ്പ് വരുത്തേണ്ടത് സർക്കാരാണ്. ഇല്ലെങ്കിൽ എല്ലാ സഹകരണ ബാങ്കുകളുടെയും വിശ്വാസ്യത തകരും. അടിയന്തര നിയമനിർമ്മാണത്തിന് സർക്കാർ മുൻകൈ എടുക്കണമെന്നും ബാങ്കുകളിലെ നിക്ഷേപങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബാങ്കുകളിലെ അക്കൗണ്ടിംഗ് നടപടി ക്രമങ്ങൾ സുതാര്യവും കുറ്റമറ്റതും ആകണമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയുടെ ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും വൻതോതിലുള്ള തട്ടിപ്പ് കരുവന്നൂരിൽ നടന്നുവെന്ന് അറിഞ്ഞിട്ടും പ്രതികരിക്കാത്തതിനാലാണ് വീണ്ടും 100 കോടി രൂപ സാധാരണക്കാർക്ക് നഷ്ടമായത്. കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തുവെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചത് അനുസരിച്ച് പത്രങ്ങളിൽ എല്ലാം വാർത്തകൾ വന്നു. എന്നാൽ അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാകാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.

സുപ്രീം കോടതി വിധി പാലിച്ചായിരിക്കണം അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയാൽ പ്രതികളെ ചോദ്യം ചെയ്യലിന് വിട്ട് നൽകുമെന്നിരിക്കേ പ്രതികളെ അനധികൃതമായി കസ്റ്റഡിയിൽ വെച്ചിരിക്കുന്നത് എന്തിനാണ്. കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പ് പോലീസ് അന്വേഷിച്ചാൽ സർക്കാർ പോലീസിനെ സ്വാധീനീക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ കേസിൽ സിബിഐ അന്വേഷണം വേണമെന്നുമാണ് വിഡി സതീശൻ ആവശ്യപ്പെടുന്നത്.

അതേസമയം കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ നിയന്ത്രണങ്ങളെയും അദ്ദേഹം വിമർശിച്ചു. ടി.പി.ആർ അനുസരിച്ച് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് ഫലപ്രദമല്ല. ജൂൺ 16 ന് ട്രിപ്പിൾ ലോക്ഡൗൺ സംവിധാനം ഏർപ്പെടുത്തിയപ്പോൾ 23 സ്ഥലങ്ങൾ മാത്രമായിരുന്നു ഉൾപ്പെട്ടിരുന്നത്. ജൂലൈ 31-ന് ഇത് 323 ആയി ഉയർന്നുവെന്നും നിരന്തരമുള്ള ലോക്ക്ഡൗൺ സംസ്ഥാനത്തിന്റെ സാമ്പത്തിക നില അവതാളത്തിലാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തിരുവനന്തപുരം: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തുടർന്നിട്ടും സംസ്ഥാനത്ത് രോഗവ്യാപനം കുറയാത്തതോടെ സർക്കാർ ആശങ്കയിൽ. രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാകാത്ത സാഹചര്യത്തിൽ ബദൽ മാർഗം തേടാനാണ് സർക്കാർ പദ്ധതിയിടുന്നത്. അടച്ചിടലിന് പകരമായി മറ്റ് മാർഗങ്ങൾ തേടാനാണ് സർക്കാർ ആലോചിക്കുന്നത്. ടി.പി.ആർ അനുസരിച്ചുള്ള നിയന്ത്രണങ്ങൾ ഇനിയും തുടരേണ്ടതുണ്ടോയെന്ന് വെള്ളിയാഴ്ച്ച ചേർന്ന കോവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു. ശാസ്ത്രീയമായ മറ്റ് മാർഗങ്ങൾ ആലോചിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മുഖ്യമന്ത്രി യോഗത്തിൽ നൽകിയ നിർദ്ദേശം.

വിവിധ മേഖലയിലുള്ള വിദഗ്ധരുമായി കൂടിയാലോചിച്ച് ഉചിതമായ പരിഹാരമാർഗം നിർദേശിക്കാനും അദ്ദേഹം വ്യക്തമാക്കി. മൈക്രോ കണ്ടൈൻമെന്റ് രീതി പ്രാബല്യത്തിൽ കൊണ്ടുവരാനും പ്രാദേശിക തലത്തിൽ നിയന്ത്രണം ശക്തമാക്കി രോഗവ്യാപനം നിയന്ത്രണത്തിലാക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ടെന്നാണ് വിവരം.

അതേസമയം പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരിനെ സഹായിക്കാനായി കേന്ദ്ര സംഘം എത്തിയിട്ടുണ്ട്. കേന്ദ്രം അയച്ച ആറംഗ വിദഗ്ധസംഘമാണ് സംസ്ഥാനത്ത് എത്തിയത്. രോഗ വ്യാപനം കൂടുതലുള്ള ജില്ലകൾ സംഘം സന്ദർശിക്കും. സംസ്ഥാന സർക്കാരിന്റെ ആരോഗ്യ വിദഗ്ധരുമായി സഹകരിച്ചായിരിക്കും സംഘത്തിന്റെ പ്രവർത്തനം. രാജ്യത്ത് പുതുതായി സ്ഥീരീകരിക്കുന്ന കേസുകളിൽ 50 ശതമാനവും ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് കേരളത്തിൽ നിന്നാണ് ഈ സാഹചര്യത്തിലാണ് കേന്ദ്രം വിദഗ്ധ സംഘത്തെ കേരളത്തിലേക്ക് അയച്ചത്.

അഹമ്മദാബാദ്: ഗുജറാത്തിലെ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച് സർക്കാർ. കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിലാണ് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കാൻ സർക്കാർ തീരുമാനിച്ചത്. രാത്രി 10 മുതൽ 6 വരെയുള്ള കർഫ്യൂ സമയം ഒരു മണിക്കൂർ കുറച്ച് രാത്രി 11 മുതൽ വെളുപ്പിന് 6 വരെ ആക്കി. മുഖ്യമന്ത്രി വിജയ് രുപാനി അദ്ധ്യക്ഷനായ കോർ കമ്മിറ്റിയാണ് സംസ്ഥാനത്ത് ഇളവുകൾ അനുവദിച്ചത്.

ഗുജറാത്തിൽ അഹമ്മദാബാദ്, വഡോദര, സൂറത്ത് ഉൾപ്പെടെ എട്ട് ജില്ലകളിലാണ് രാത്രികാല കർഫ്യൂ പ്രാബല്യത്തിലുണ്ടായിരുന്നത്. നാളെ മുതലാണ് കർഫ്യൂ നിയന്ത്രണളിൽ ഇളവ് അനുവദിക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പൊതുപരിപാടികളിൽ പങ്കെടുക്കുന്നവകുടെ എണ്ണവും സർക്കാർ വർധിപ്പിച്ചിട്ടുണ്ട്. 400 പേർക്ക് ഇനി മുതൽ പൊതുപരിപാടികളിൽ പങ്കെടുക്കാം.

തുറസായ സ്ഥലങ്ങളിൽ സംഘടിപ്പിക്കുന്ന പരിപാടികളിലാണ് 400 പേർക്ക് പങ്കെടുക്കാൻ സാധിക്കുന്നത്. അടച്ചിട്ട ഹാളുകളിൽ നടത്തുന്ന പരിപാടികൾക്ക് സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം വരെ ആളുകളെ പങ്കെടുപ്പിക്കാം. ഹോട്ടലുകൾക്ക് രാത്രി 10 മണി വരെ പ്രവർത്തിക്കം. ഗണേശോത്സവത്തിൽ നാല് അടി വരെയുള്ള പ്രതിമകൾ ഉണ്ടാക്കാനുള്ള അനുവാദവും സർക്കാർ നൽകിയിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 21 പേർക്ക് മാത്രമാണ് ഗുജറാത്തിൽ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 12 ദിവസമായി സംസ്ഥാനത്ത് കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല.