General (Page 1,466)

ആലപ്പുഴ: കോവിഡ് വാക്‌സിനേഷൻ സംബന്ധിച്ച് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തയ്‌ക്കെതിരെ നിയമ നടപടി സ്വീകരിച്ച് പോലീസ്. കോവിഡ് വാക്‌സിൻ എടുക്കുന്നവരും എടുക്കാൻ പോകുന്നവരും ഒരാഴ്ചത്തേക്ക് ചിക്കൻ കഴിക്കാൻ പാടില്ലെന്നായിരുന്നു വാട്ട്‌സ് ആപ്പിലൂടെ പ്രചരിച്ച ശബ്ദ സന്ദേശം. വാക്‌സിനെടുത്ത ശേഷം ചിക്കൻ കഴിച്ച് രണ്ട് പേർ മരണപ്പെട്ടുവെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്. വാക്‌സിൻ എടുത്തവർ 14 ദിവസം സ്വന്തം വീട്ടിൽ പാകം ചെയ്ത ഭക്ഷണം മാത്രമേ കഴിക്കാവൂവെന്നും ശബ്ദ സന്ദേശത്തിൽ വ്യക്തമാക്കുന്നു.

ആരോഗ്യ വകുപ്പ് പ്രതിനിധിയുടേതെന്ന പേരിലാണ് വാട്ട്‌സ് ആപ്പിൽ വ്യാജ ശബ്ദ സന്ദേശം പ്രചരിക്കുന്നത്. ആരോഗ്യവകുപ്പ് സ്പെഷ്യൽ ഡയറക്ടർ ഗംഗാദത്തൻ എന്ന് പരിചയപ്പെടുത്തുന്ന ആളുടേതാണ് ശബ്ദ സന്ദേശം. എല്ലാ ആശാവർക്കർമാരും ഹെൽത്ത് ഇൻസ്പെക്ടർമാരും എല്ലാ ഗ്രൂപ്പുകളിലേക്കും അടിയന്തരമായി ഷെയർ ചെയ്യണം എന്ന് പറഞ്ഞുകൊണ്ടാണ് ശബ്ദ സന്ദേശം തുടങ്ങുന്നത്. ആരോഗ്യവകുപ്പിൽ ഇത്തരത്തിൽ ഒരു തസ്തിക ഇല്ലെന്നു മാത്രമല്ല ഇതിൽ പറയുന്നത് തികച്ചും തെറ്റായ കാര്യമാണെന്ന് പോലീസ് അറിയിച്ചു.

ഈ ശബ്ദസന്ദേശത്തിനു പിന്നിൽ ആരാണെന്ന് അന്വേഷിച്ച് കണ്ടുപിടിക്കാൻ ആരോഗ്യ വകുപ്പ് സൈബർ സെല്ലിന് പരാതി നൽകിയിട്ടുണ്ട്. പകർച്ചവ്യാധി സമയത്ത് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്നും പോലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് വള്ളികുന്നം പൊലീസ് സ്റ്റേഷൻ പരിധിയിൽ കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ജില്ലാ പൊലീസ് മേധാവി ജി ജയദേവാണ് അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയത്. വ്യാജ സന്ദേശം പ്രചരിപ്പിക്കുന്ന വ്യക്തികളെയും ഗ്രൂപ്പുകളെയും നിരീക്ഷിച്ച് അവരുടെ അനുബന്ധ ഉപകരണങ്ങൾ കസ്റ്റഡിയിൽ എടുത്ത് നിയമ നടപടികൾ സ്വീകരിക്കുമെന്നും ഇവർക്കെതിരെ ദുരന്തനിവാരണ നിയമ പ്രകാരവും, പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവുമുള്ള നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡീൻ കുര്യാക്കോസ് എംപി. കോവിഡ് മൂലം അനാഥരാക്കപ്പെട്ട കുട്ടികൾക്കുള്ള കേന്ദ്ര ധനസഹായത്തിനായി കേരളത്തിൽ നിന്നും അപേക്ഷ ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയതായി അദ്ദേഹം പറഞ്ഞു. കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയാണ് ഇക്കാര്യം ലോക്‌സഭയെ അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അനാഥരായ കുട്ടികൾക്കുള്ള കേന്ദ്ര സഹായത്തിന് അർഹരായ ഒട്ടേറെ കുട്ടികൾ കേരളത്തിൽ ഉണ്ടെന്നിരിക്കെ സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട് മൂലം ആനുകൂല്യങ്ങൾ അർഹമായ കൈകളിൽ എത്താത്ത സാഹചര്യമാണുള്ളത്. പി.എം കെയേഴ്‌സ് സ്‌കീമിൽ നിന്ന് കോവിഡ് മൂലം അനാഥരാക്കപ്പെട്ട കുട്ടികൾക്കുള്ള സഹായത്തിനായി കേരളത്തിൽ നിന്നും ആരും രജിസ്റ്റർ ചെയ്തിട്ടില്ലായെന്നാണ് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി ലോകസഭയിലെ ചോദ്യോത്തര വേളയിൽ വ്യക്തമാക്കിയതെന്ന് അദ്ദേഹം വിശദമാക്കി.

കേരളത്തിൽ 9 കുട്ടികൾ മാത്രമാണ് അനാഥരാക്കപ്പെട്ടത്. 1135.84 ലക്ഷം രൂപയാണ് കുട്ടികളെ സഹായിക്കാനായി കേരളത്തിന് നൽകിയിട്ടുള്ളത്. പി.എം.കെയേഴ്‌സ് സ്‌കീമിൽന്നും കോവിഡ് 19 മൂലം അനാഥരാക്കപ്പെട്ട ഓരോ കുട്ടിക്കും വേണ്ടി 10 ലക്ഷം രൂപയുടെ സഹായമാണ് നൽകുക.18 വയസ്സ് വരെ മാസാമാസം സ്‌റ്റൈപ്പന്റും ,23 വയസ്സുവരെ ഉന്നത വിദ്യാഭ്യാസത്തിനുള്ള സഹായവും ഈ സ്‌കീമിൽ ലഭ്യമാകും. കേരളത്തിൽ നിന്നും ഒരു കുട്ടി പോലും രജിസ്റ്റർ ചെയ്യപ്പെട്ടില്ലായെന്നും കേന്ദ്ര മന്ത്രി അറിയിച്ചതായും അദ്ദേഹം പറയുന്നു.

ഇത്തരമൊരു ആനുകൂല്യം ഉള്ളതിനെ പറ്റി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകുവാൻ പോലും കേരളത്തിലെ സർക്കാർ സംവിധാനങ്ങൾക്ക് സാധിച്ചിട്ടില്ല. കോവിഡ് കാലത്തും നിരുത്തരവാദപരമായി പെരുമാറുന്ന സർക്കാരിന്റെ സമീപനം തികച്ചും അപലപനീയമാണെന്ന് ഡീൻ കുര്യാക്കോസ് എംപി കുറ്റപ്പെടുത്തി.

വാഷിംഗ്ടൺ: ഫേസ്ബുക്കിന്റെ വരുമാനത്തിൽ വൻ വർധനവുണ്ടായതായി റിപ്പോർട്ട്. ജൂണിൽ അവസാനിച്ച പാദത്തിൽ ഫേസ്ബുക്കിന്റെ വരുമാനം 56 ശതമാനം ഉയർന്ന് 2,15,376 കോടി രൂപയിലെത്തിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. റിപ്പോർട്ട് അനുസരിച്ച് ഫേസ്ബുക്കിന്റെ ലാഭം 101 ശതമാനം ഉയർന്ന് 74,562 കോടിയായി.

കോവിഡ് വൈറസ് വ്യാപനവും തുടർന്നുണ്ടായ ലോക്ക്ഡൗണും കാരണം ജനങ്ങൾ സാമൂഹ്യ മാദ്ധ്യങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കാൻ തുടങ്ങിയതോടെയാണ് ഫേസ്ബുക്കിന്റെ വരുമാനം വർധിച്ചത്. പരസ്യത്തിലൂടെയാണ് കമ്പനിയ്ക്ക് ഏറ്റവും അധികം വരുമാനം ലഭിച്ചിരിക്കുന്നത്. പരസ്യവരുമാനമായി മാത്രം 2,12,376 കോടി രൂപയാണ് ഫേസ്ബുക്കിന് ലഭിച്ചത്. മുൻകാലങ്ങളെ അപേക്ഷിച്ച് 56 ശതമാനത്തിന്റെ വർധനവാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

ഉപയോക്താക്കളുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്. 12 ശതമാനം വർധനവാണ് ഉപഭോക്താക്കളുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ളത്. പ്രതിമാസം 351 കോടി ആളുകളാണ് ഫേസ്ബുക്ക് ഉപയോഗിക്കുന്നത്.

ലണ്ടൻ: ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോൺസൺ ഏഴാമതും അച്ഛനാകാനൊരുങ്ങുന്നു. ബോറിസ് ജോൺസന്റെ ഭാര്യ ക്യാരി സിമണ്ട്‌സ് രണ്ടാം വട്ടവും ഗർഭിണിയായി. ആദ്യ ഭാര്യയിൽ ഉൾപ്പെടെ ആറു മക്കളാണ് ബോറിസ് ജോൺസണുള്ളത്. ക്യാരി സിമണ്ട്‌സ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഗർഭിണിയാണെന്ന വിവരം അറിയിച്ചത്. ഡിസംബറിൽ പുതിയ അതിഥി എത്തുമെന്ന് ക്യാരി സിമണ്ടസ് ട്വിറ്ററിൽ കുറിച്ചു.

വർഷാദ്യം തനിക്ക് അബോഷൻ സംഭവിച്ചതായും അത് ഹൃദയ ഭേദകമായ അനുഭവവമായിരുന്നെന്നും ക്യാരി സിമണ്ട്‌സ് പറഞ്ഞു. എന്നാൽ വീണ്ടും താൻ ഗർഭിണിയായതോടെ ഏറെ സന്തോഷവതിയാണ്. തന്നെ ഗർഭാലസ്യങ്ങൾ അലട്ടുന്നുണ്ടെന്നും ക്യാരി സിമണ്ട്‌സ് വ്യക്തമാക്കി.

ക്യാരി സിമണ്ടിസിന്റെ ട്വീറ്റിന് പിന്നാലെ നിരവധി പേരാണ് ആശംസകൾ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ദമ്പതികൾക്കെതിരെ ട്രോളുകളും ഉയരുന്നുണ്ട്. ഇക്കഴിഞ്ഞ മെയിൽ വെസ്റ്റ് മിനിസ്റ്റർ കത്തിഡ്രലിൽ നടന്ന രഹസ്യ ചടങ്ങിലായിരുന്നു ബോറിസ് ജോൺസണും ക്യാരി സിമണ്ടസും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്.

കൊല്ലം: എൽഡിഎഫ് ഭരിക്കുന്ന കിഴക്കേകല്ലട സൗത്ത് സഹകരണ ബാങ്കിൽ വൻ തട്ടിപ്പ്. മരണപ്പെട്ടവർ നേരിട്ട് ബാങ്കിൽ നിന്നും ക്ഷേമപെൻഷൻ വാങ്ങിയതായാണ് രേഖകളിൽ പറയുന്നത്. കിഴക്കേകല്ലട ഗ്രാമ പഞ്ചായത്ത് ഓഡിറ്റ് റിപ്പോർട്ടിലാണ് ബാങ്കിലെ ക്രമക്കേടുകൾ കണ്ടെത്തിയത്.

ബാങ്കിനെതിരെ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടുള്ള റിപ്പോർട്ട് ഓഡിറ്റിങ് വിഭാഗം കിഴക്കേകല്ലട ഗ്രാമപഞ്ചായത്തിന് കൈമാറി. മരിച്ചവരുടെ പേരിൽ വിതരണം ചെയ്തിരിക്കുന്ന 67,600 രൂപ തിരികെ ഈടാക്കണമെന്നും റിപ്പോർട്ടിൽ വിശദമാക്കുന്നു. 2020 ഫെബ്രുവരി 31 ന് മരണപ്പെട്ട കിഴക്കേകല്ലട കൊടുവിള പള്ളിയാടിയിൽ വീട്ടിൽ തങ്കമ്മ 2020 ജൂലൈ ആഗസ്ത് മാസങ്ങളിൽ വിധവാ പെൻഷൻ 2600 രൂപ കൈപ്പറ്റിയതായാണ് ബാങ്ക് രേഖകളിൽ വ്യക്തമാകുന്നത്. 2018 മെയ് 27 ന് മരിച്ച സെലീനയ്ക്ക് 2018 ഏപ്രിൽ മുതൽ 2018 ജൂലൈ വരെ പെൻഷൻ നേരിട്ട് നൽകിയെന്നുള്ള രേഖകളും ഓഡിറ്റിങ്ങിൽ കണ്ടെത്തിയിട്ടുണ്ട്. ഈ തുക ബാങ്കിലെ താൽക്കാലിക ജീവനക്കാരി വിതരണം ചെയ്തതായാണ് ഓഡിറ്റിംഗ് റിപ്പോർട്ടിൽ പറയുന്നത്.

കിഴക്കേകല്ലട പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മരണങ്ങളുടെ മാത്രം പരിശോധനയിലാണ് വലിയ ക്രമക്കേടുകൾ കണ്ടെത്തിയത്. കൂടുതൽ ക്രമക്കേടുകൾ നടന്നിരിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ പോലീസിൽ പരാതിപ്പെടണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

അതേസമയം ബാങ്കിനെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിനും കൂടുതൽ തട്ടിപ്പുകൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനും കിഴക്കേകല്ലട ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. നേരത്തെയും കിഴക്കേകല്ലട സൗത്ത് സർവീസ് സഹകരണ ബാങ്കിൽ ക്രമക്കേടുകൾ നടന്നിരുന്നു. ലോൺ എഴുതിത്തള്ളുന്നതിലും പലിശ സബ്‌സിഡി നൽകുന്നതിലും 33 ലക്ഷം രൂപയുടെ വെട്ടിപ്പുകൾ കണ്ടെത്തിയതിനെ തുടർന്ന് ഭരണസമിതി പിരിച്ചുവിടുകയും ചെയ്തിരുന്നു. ഈ കേസിൽ വിജിലൻസ് അന്വേഷണം നടക്കുകയാണ്.

കോഴിക്കോട്: സമവായനീക്കങ്ങൾക്കിടയിലും ഐ എൻ എല്ലിൽ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. മെംബർഷിപ്പ് പ്രവർത്തനങ്ങൾക്കായി കാസിം ഇരിക്കൂർ പക്ഷക്കാരെ മാത്രം ഉൾപ്പെടുത്തി വരണാധികാരികളെ നിയോഗിച്ചതാണ് തർക്കത്തിന്റെ കാരണം. ഇരുവിഭാഗങ്ങളും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാനായി സുന്നി നേതാവ് കാന്തപുരം അബൂബക്കർ മുസ്ലിയാർ കഴിഞ്ഞ ദിവസം വിഷയത്തിൽ ഇടപെട്ടിരുന്നു. മന്ത്രി അഹമ്മദ് ദേവർകോവിലുമായും അദ്ദേഹം ചർച്ച നടത്തിയിരുന്നു.

മന്ത്രിസ്ഥാനം നഷ്ടപ്പെടുത്തുന്ന നിലയിലേക്ക് കാര്യങ്ങൾ പോകുന്നത് സമുദായത്തിന് നല്ലതല്ലെന്നാണ് കാന്തപുരം മന്ത്രിയോട് വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുമായും കാന്തപുരം നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രശ്‌നം പരിഹരിക്കണമെന്ന് മുഖ്യമന്ത്രി കൂടി ആവശ്യപ്പെട്ടതിനെത്തുടർന്നാണ് കാന്തപുരം വിഷയത്തിൽ ഇടപെട്ടതെന്നും റിപ്പോർട്ടുകളുണ്ട്.

അംഗത്വ വിതരണത്തിനായി 14 ജില്ലകളിലും നിയോഗിച്ചവരുടെ പട്ടിക പുറത്തു വന്നതോടെയാണ് വീണ്ടും പ്രശ്‌നങ്ങൾ ആരംഭിച്ചത്. പട്ടികയിൽ കാസിം ഇരിക്കൂർ പക്ഷക്കാരെ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. തർക്കം പരിഹരിക്കാൻ ശ്രമം നടക്കുമ്പോൾ ഒരു വിഭാഗത്തെ മാത്രം ഉൾപ്പെടുത്തി നടത്തുന്ന നീക്കം തെറ്റാണെന്നാണ് വഹാബ് വിഭാഗത്തിന്റെ ആരോപണം. കാസിം ഇരിക്കൂറിനെ ചുമതലയിൽ നിന്ന് മാറ്റണമെന്നും വഹാബ് പക്ഷം ആവശ്യപ്പെടുന്നു.

പാലക്കാട്: കുതിരാൻ തുരങ്കം ഗതാഗതത്തിനായി തുറന്നു നൽകിയതിന് പിന്നാലെ പ്രതികരണവുമായി ആലത്തൂർ എംപി രമ്യാ ഹരിദാസ്. ആലത്തൂർ എംപിയായ ശേഷം ആദ്യം മനസിൽ കുറിച്ചിട്ട പദ്ധതിയാണ് കുതിരാൻ തുരങ്ക നിർമ്മാണ പൂർത്തീകരണമെന്ന് രമ്യാ ഹരിദാസ് വ്യക്തമാക്കി. കുതിരാൻ തുരങ്കം ഉൾപ്പെടുന്ന തൃശ്ശൂരിലെ പ്രിയപ്പെട്ട എം.പി ടി. എൻ. പ്രതാപനോടൊപ്പം നിരവധി തവണയാണ് കേന്ദ്രസർക്കാരിൽ ഇതുമായി ബന്ധപ്പെട്ട് സമ്മർദ്ദം ചെലുത്തിയിട്ടുള്ളതെന്നും എം പി പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു രമ്യാ ഹരിദാസിന്റെ പരാമർശം.

സബ്മിഷനിലൂടെയും ചോദ്യങ്ങളിലൂടെയും നിരവധി തവണ കേന്ദ്ര സർക്കാരിന്റെ മുന്നിൽ തുരങ്കത്തിലെ നിർമ്മാണം സജീവമാക്കി നിർത്താൻ സാധിച്ചു. കേരളത്തിൽ നിന്നുള്ള എല്ലാ എം.പിമാരും കക്ഷി രാഷ്ട്രീയത്തിനപ്പുറം ആത്മാർത്ഥമായി ഇതിന് പിന്നിൽ സഹകരിച്ചിട്ടുണ്ട്. പൂർണമായും കേന്ദ്ര സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കുതിരാൻ തുരങ്കത്തിന്റെ ആദ്യഘട്ടം വാഹനത്തിന് തുറന്നു കൊടുക്കുമ്പോൾ ബഹുമാനപ്പെട്ട കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ശ്രീ.നിധിൻ ഗഡ്കരി,കേന്ദ്ര സഹമന്ത്രി ശ്രീ. വി മുരളീധരൻ എന്നിവർ വിവിധഘട്ടങ്ങളിൽ സഹകരിച്ചത് നന്ദിയോടെ സ്മരിക്കുന്നുവെന്നും രമ്യാ ഹരിദാസ് വ്യക്തമാക്കി.

തുരങ്ക നിർമാണം ഇത്രയധികം നീണ്ടുപോകാൻ ഒരു കാരണം സർക്കാരിൽ നിന്നും ലഭിക്കേണ്ട പരിസ്ഥിതി വകുപ്പിന്റെ കത്തിടപാടുകൾ ലഭിക്കാൻ ഉണ്ടായ കാലതാമസം ആയിരുന്നു. നിർമാണം പൂർത്തിയാകുമ്പോൾ പലരും ക്രെഡിറ്റ് എടുക്കാൻ തിരക്ക് കൂട്ടുന്നതിൽ അത്ഭുതപ്പെടേണ്ടതില്ലെന്നും രമ്യാ ഹരിദാസ് കുറ്റപ്പെടുത്തി. ആറുമാസംകൊണ്ട് കണ്ണൂർ വിമാനത്താവളം മുതൽ കൊച്ചി മെട്രോ വരെ നടപ്പിലാക്കി ഉദ്ഘാടനം നടത്തിയവർ രണ്ടുമാസംകൊണ്ട് തുരങ്കം നിർമ്മാണം നടത്തി ഉദ്ഘാടനം ചെയ്യുന്നതിൽ അതിശയോക്തിയില്ലെന്നും അതുകൊണ്ടുതന്നെ യാതൊരു ക്രെഡിറ്റും പ്രതീക്ഷിച്ചല്ല ഈയൊരു ഉദ്യമം പൂർത്തീകരിക്കാൻ സമ്മർദ്ദം ചെലുത്തിയതും മുന്നിട്ടിറങ്ങിയതുമെന്നും രമ്യാ ഹരിദാസ് കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച കോവിഡ് കേസുകളിൽ 80 ശതമാനവും റിപ്പോർട്ട് ചെയ്തത് കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ നിന്നും. പ്രതിദിന രോഗബാധിതരിൽ 49.3 ശതമാനവും കേരളത്തിൽ നിന്നാണെന്നും ആരോഗ്യ മന്ത്രാലത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 41,831 പേർക്കാണ്. ഇതിൽ 20,624 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടത് കേരളത്തിൽ നിന്നാണ്. നിലവിൽ ഏറ്റവും അധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിൽ നിന്നാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട 541 കോവിഡ് മരണങ്ങളിൽ 80 മരണങ്ങളാണ് കേരളത്തിൽ നിന്നുള്ളത്. 4,24,351 പേർക്കാണ് കോവിഡ് ബാധയെ തുടർന്ന് രാജ്യത്ത് ഇതുവരെ ജീവൻ നഷ്ടപ്പെട്ടത്. 39,258 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടുകയും ചെയ്തു. 97.36 ശതമാനമാണ് നിലവിൽ രാജ്യത്തെ രോഗമുക്തി നിരക്ക്.

4,10,952 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60.15 ലക്ഷം ഡോസ് വാക്സിൻ വിതരണം ചെയ്തു. ആകെ 47.02 കോടി ഡോസ് വാക്സിൻ രാജ്യത്ത് വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വിശദമാക്കുന്നു.

jerry

തിരുവനന്തപുരം: ജീവന്റെ പാതി നഷ്ടപ്പെട്ട വേദനയിലും സഹജീവി സ്‌നേഹം കൈവെടിയാതെ ലിൻസി. വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ഭർത്താവിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ ലിൻസി അനുവാദം നൽകി. ലിൻസിയുടെ തീരുമാനം കൊണ്ട് അഞ്ചു പേർക്കാണ് പുതു ജീവിതം ലഭിച്ചിരിക്കുന്നത്.

തന്റെ മകളുടെ അച്ഛന്റെ ശരീരത്തിന്റെ ഒരു അവയവമെങ്കിലും മറ്റൊരാളിൽക്കൂടി നിലനിന്നുപോകണമെന്ന് താനാഗ്രഹിക്കുന്നുവെന്ന ലിൻസിയുടെ വാക്കുകൾക്ക് മുന്നിൽ എങ്ങനെ നന്ദി അറിയിക്കണമെന്ന് ഡോക്ടർമാർക്ക് പോലും അറിയില്ലായിരുന്നു. ഒടുവിൽ ലിൻസിയുടെ കാൽതൊട്ട് വന്ദിച്ചാണ് ഡോ.എച്ച്.വി ഈശ്വർ ലിൻസിയോട് നന്ദി അറിയിച്ചത്.

ജൂലായ് 27-നാണ് ജെറി വർഗീസിന് സ്‌കൂട്ടറപകടത്തിൽ തലയ്ക്ക് പരിക്കേറ്റത്. കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ വെള്ളിയാഴ്ച ജെറിയ്ക്ക് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു. തന്റെ ഭർത്താവിന് ഇനി ഒരിക്കലും തിരിച്ചു വരാൻ കഴിയില്ലെന്ന തിരിച്ചറിനിടെയാണ് മറ്റുള്ളവരിലൂടെ ജെറി ജീവിക്കണമെന്ന ആഗ്രഹം ലിൻസിയിലുണ്ടായത്. ഇതാണ് അവയാവ ദാനത്തിന് വഴിയൊരുക്കിയതും അഞ്ചു പേർക്ക് പുതുജീവൻ പകർന്നതും.

തീരാവേദനയ്ക്കിടയിലും ജെറിയുടെ അവയവങ്ങൾ ദാനംചെയ്യാനുള്ള ആഗ്രഹം ലിൻസി ബ്രയിൻ ഡെത്ത് സർട്ടിഫിക്കേഷൻ പാനൽ അംഗവും ശ്രീചിത്രയിലെ ന്യൂറോസർജറി വിഭാഗം തലവനുമായ ഡോ. എച്ച്.വി. ഈശ്വറിനെ അറിയിച്ചു. ജെറിയുടെ അച്ഛനും അമ്മയും ലിൻസിയുടെ തീരുമാനം അംഗീകരിച്ചു. സമൂഹത്തിനാകെ മാതൃകയായ ലിൻസിക്ക് ആരോഗ്യ മന്ത്രി വീണാ ജോർജും നന്ദി അറിയിച്ചു. ജെറിയുടെ കരളും ഒരു വൃക്കയും കിംസ് ആശുപത്രിയിലെ രണ്ടുരോഗികൾക്കും ഒരു വൃക്ക മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗിക്കും നേത്രപടലങ്ങൾ ഗവ. കണ്ണാശുപത്രിയിലെ രണ്ടു രോഗികൾക്കുമാണ് നൽകിയത്. ഹൃദയവാൽവ് ശ്രീചിത്ര ആശുപത്രിയിലെ വാൽവ് ബാങ്കിൽ സൂക്ഷിക്കും.

തിരുവനന്തപുരം: നാളികേര വികസന ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് രാഷ്ട്രീയ നിയമനം നടത്താനുള്ള ബിൽ പാസാക്കിയ തീരുമാനത്തിനെതിരെ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. കോകനട്ട് ഡെവലപ്പ്‌മെന്റ് ബോർഡിനെ കാവിവൽക്കരിക്കുന്നത് കേരളത്തിലെ കേര കർഷകരെ സംബന്ധിച്ച് വലിയ ആശങ്ക ഉയർത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഗാന്ധിജി മുന്നോട്ട് വെച്ച മഹത്തായ ആശയമാണ് ഗ്രാമ സ്വരാജ്. ഇന്ത്യയിലെ ഗ്രാമങ്ങൾ സ്വയം പര്യാപ്തമാക്കുന്നതിൽ നമ്മെ മുന്നോട്ട് നയിച്ചത് ആ ആശയങ്ങളാണ്. അതിലേക്ക് ഉള്ള വഴിയായിരുന്നു സഹകരണ പ്രസ്ഥാനങ്ങൾ. എന്നാൽ സഹകരണ പ്രസ്ഥാനങ്ങളെ അക്രമത്തിലൂടെയും അനധികൃത ഭരണകൂട ഇടപെടലുകളിലൂടയും പിടിച്ചെടുത്ത് കൊള്ള നടത്തുകയാണ് ഫാഷിസ്റ്റ് ഭരണകൂടം. കേരളത്തിൽ ഭരണകൂട ഇടപെടലിലൂടെ മിൽമ ഭരണം പിടിച്ചെടുത്തപ്പോൾ പാർലമെന്റിൽ കേര വികസന ബോർഡ് രാഷ്ട്രീയ നിയമനത്തിലൂടെ പിടിച്ചെടുക്കാൻ വഴിയൊരുക്കുകയാണ് ബി ജെ പി ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി.

ദുരിത കാലത്ത് സഹകരണ പ്രസ്ഥാനങ്ങളാണ് സുസ്ഥിര വികസനം സാധ്യമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കേണ്ടത്. എന്നാൽ ഇവിടെ കാണുന്നത് സഹകരണ പ്രസ്ഥാനങ്ങളിൽ ആശ്രയിച്ചവരെ വഴിയാധാരമാക്കി രാഷ്ടീയ സ്വാർത്ഥലാഭങ്ങൾക്ക് വേണ്ടി കൊള്ള നടത്തുന്ന സർക്കാരുകളെയാണെന്ന് അദ്ദേഹം വിമർശിച്ചു.

രാജ്യത്തെ കാർഷിക വിപണി മുഴുവൻ കോർപ്പറേറ്റുകൾക്ക് പതിച്ച് നൽകാനുള്ള നിയമത്തിനെതിരെ നാളുകളായി വൻ കർഷക പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ തന്നെ കർഷകരെ സഹായിക്കാൻ ലക്ഷ്യമിട്ട് സ്ഥാപിച്ച സംവിധാനങ്ങൾ പിടിച്ചെടുക്കുന്നത് ഭരണകൂട ഭീകരതയാണ്. ഇതിനെ കോൺഗ്രസ് സാധ്യമായ എല്ലാ രീതിയിലും ചെറുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.