പ്രളയസെസ് അവസാനിച്ചു; ഓഗസ്റ്റ് 1 മുതൽ സാധനങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾ ബില്ല് ശ്രദ്ധിക്കണമെന്ന് നിർദ്ദേശം

തിരുവനന്തപുരം: പ്രളയ സെസ് ജൂലൈ 31 ന് അവസാനിച്ചു. ഓഗസ്റ്റ് ഒന്ന് മുതൽ സാധ്യനങ്ങളുടെ ബില്ലിൽ പ്രളയ സെസ് ഒഴിവാക്കണമെന്ന നിർദ്ദേശം നൽകിയതായി ധനവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സാധനങ്ങൾ വാങ്ങുമ്പോൾ പ്രളയ സെസ് ഒഴിവാക്കിയിട്ടുണ്ടോയെന്ന് ജനങ്ങൾ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായാണ് ചരക്ക് സേവന നികുതിക്കൊപ്പം പ്രളയ സെസ് കൂടി ഏർപ്പെടുത്തിയത്.

പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനായി 1,000 കോടി രൂപ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു സർക്കാർ പ്രളയ സെസ് ഏർപ്പെടുത്തിയത്. 2019 ഓഗസ്റ്റ് ഒന്ന് മുതലായിരുന്നു സംസ്ഥാനത്തിനകത്ത് വിതരണം ചെയ്യുന്ന ചരക്ക് സേവനങ്ങൾക്ക് പ്രളയ സെസ് ഏർപ്പെടുത്താൻ ആരംഭിച്ചത്. 2020 അവസാനത്തോടെ തന്നെ 1,000 കോടിയിലധികം പിരിച്ചിരുന്നു. 2,000 കോടി രൂപ വരെ പിരിക്കാനാണ് ജി.എസ്.ടി. കൗൺസിൽ അനുമതി നൽകിയത്.

ഏകദേശം 1600 കോടി രൂപ പ്രളയ സെസായി പിരിച്ചെടുക്കാൻ കഴിഞ്ഞു. 2021 ജുലൈ 31 വരെയാണ് പ്രളയ സെസ് ചുമത്താൻ സംസ്ഥാനത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. പ്രളയ സെസ് ഒഴിവാക്കാൻ ബില്ലിങ് സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്താൻ സർക്കാർ വ്യാപാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് പ്രളയ സെസ് ഏർപ്പെടുത്തിയതോടെ കാർ, ബൈക്ക്, ടി.വി, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, മൊബൈൽ ഫോൺ, സിമന്റ്, പെയിന്റ് തുടങ്ങിയ ഉൽപന്നങ്ങൾക്കെല്ലാം സെസ് ചുമത്തിയിരുന്നു.

തുടർച്ചയായുണ്ടായ രണ്ട് പ്രളയം മൂലം സംസ്ഥാനത്ത് വ്യാപകമായ നഷ്ടമുണ്ടായി. റോഡുകളും പാലങ്ങളും വ്യാപകമായി തകർന്നു. അടിസ്ഥാന മേഖലയുടെ പുനർനിർമാണം ലക്ഷ്യമിട്ടാണ് സർക്കാർ പ്രളയ സെസ് ഏർപ്പെടുത്തിയത്. 2019 -20 ലെ ബജറ്റ് പ്രസംഗത്തിൽ, ഓഗസ്റ്റ് മുതൽ 2 വർഷത്തേക്കാണ് പ്രളയ സെസ് ഏർപ്പെടുത്തിയത്. ഉത്പ്പന്ന വിലയിൽ ഒരു ശതമാനം അധിക നികുതിയാണ് ഏർപ്പെടുത്തിയിരുന്നത്. സെസ് പിൻവലിക്കുന്നതോടെ ഉത്പ്പന്നങ്ങൾക്ക് നേരിയ വില കുറവുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.