കൊട്ടിയൂർ പീഡനക്കേസ്; റോബിൻ വടക്കുംചേരിയെ വിവാഹം കഴിക്കാൻ അനുമതി തേടി പെൺകുട്ടി സുപ്രീം കോടതിയിൽ

ന്യൂഡൽഹി: കൊട്ടിയൂർ പീഡനക്കേസിൽ പ്രതിയായ മുൻ വൈദികൻ റോബിൻ വടക്കുംചേരിയെ വിവാഹം കഴിക്കാൻ അനുമതി തേടി ഇരയായ പെൺകുട്ടി സുപ്രീം കോടതിയിൽ. വിവാഹം കഴിക്കാനുള്ള തീരുമാനം സ്വന്തം ഇഷ്ടപ്രകാരമാണെന്ന് വ്യക്തമാക്കി പെൺകുട്ടി സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. ജസ്റ്റിസുമാരായ വിനീത് ശരൺ, ദിനേശ് മഹേശ്വരി എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് തിങ്കളാഴ്ച്ച പെൺകുട്ടി സമർപ്പിച്ച ഹർജി പരിഗണിക്കും.

ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണ് പ്രതിയുമായി ഉണ്ടായിരുന്നതെന്ന് പെൺകുട്ടി നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇരയേയും കുഞ്ഞിനെയും സംരക്ഷിച്ചുകൊള്ളാമെന്ന് ഫാ. റോബിൻ വടക്കുംചേരിയും ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നെങ്കിലും ഈ വാദം ഹൈക്കോടതി തള്ളിയിരുന്നു. സുപ്രീംകോടതിയുടെ മുൻവിധിന്യായങ്ങളുടെ അടിസ്ഥാനത്തിൽ ലൈംഗിക അതിക്രമക്കേസുകളിൽ ഒത്തുതീർപ്പുകളോ അയഞ്ഞ സമീപനമോ സ്വീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ ശേഷമായിരുന്നു കോടതിയുടെ നടപടി. പീഡനത്തിന് ഇരയാകുമ്പോൾ പെൺകുട്ടി പ്രായപൂർത്തിയായിട്ടില്ലായിരുന്നു. വിവാഹത്തിന് നിയമപരമായ പവിത്രത നൽകുന്നത് കേസിലെ പ്രധാനവിഷയത്തിൽ മുൻകൂർ തീരുമാനം എടുത്തതിന് തുല്യമാകുമെന്നും ഹൈക്കോടതി കണ്ടെത്തിയിരുന്നു.

ഇതിനെതിരെയാണ് ഇര സുപ്രീം കോടതിയെ സമീപിച്ചത്. തനിക്കും കുഞ്ഞിനും റോബിൻ വടക്കുംചേരിക്ക് ഒപ്പം താമസിക്കാൻ അവസരം ഒരുക്കണമെന്നാണ് പെൺകുട്ടിയുടെ ആവശ്യം. വിവാഹത്തിനായി റോബിൻ വടക്കുംചേരിക്ക് ജാമ്യം അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. അഭിഭാഷകൻ അലക്സ് ജോസഫ് മുഖേനയാണ് പെൺകുട്ടി ഹർജി സമർപ്പിച്ചിരിക്കുന്നത്.

2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയൂർ നീണ്ടുനോക്കി സെയിന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ആയിരുന്ന റോബിൻ വടക്കുംചേരി പള്ളിമേടയിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നു.