General (Page 1,468)

ന്യൂഡൽഹി: രാജ്യത്ത് മദ്യനിരോധനം നിലവിലുള്ള ഗുജറാത്തിൽ മൊത്തം ജനസംഖ്യയുടെ 4.3 ശതമാനം ആളുകളും മദ്യത്തിന് അടിമകളെന്ന് റിപ്പോർട്ട്. രാജ്യസഭയ്ക്ക് മുന്നിൽ സമർപ്പിച്ച എയിംസിന്റെ നാഷണൽ ഡ്രഗ് യൂസ് സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 6.64 ലക്ഷം പേർ ഗുജറാത്തിൽ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നവരാണ്. മൊത്തം ജനസംഖ്യയുടെ 1.46 ശതമാനം പേരാണ് സംസ്ഥാനത്ത് ലഹരി പദാർത്ഥം ഉപയോഗിക്കുന്നത്.

ഗുജറാത്തിന്റെ ജനസംഖ്യയിൽ 19.3 ലക്ഷം പേരും മദ്യാസക്തിയുള്ളവരാണെന്നാണ് സർവ്വേയ്ക്ക് നേതൃത്വം നൽകിയ ഗവേഷകർ പറയുന്നത്. രാജസ്ഥാൻ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഗുജറാത്തിലെ മദ്യാസക്തിയുള്ളവരുടെ നിരക്ക് വളരെ കൂടുതലാണെന്നും ഗവേഷകർ പറയുന്നു. രാജസ്ഥാനിൽ 2.3 ശതമാനം ആളുകളും ബിഹാർ ഒരു ശതമാനം ആളുകളും മദ്യാസക്തി ഉള്ളവരാണ്. ജമ്മു കശ്മീരിൽ നാലു ശതമാനം പേരാണ് മദ്യാസക്തി ഉള്ളവർ.

തിരുവനന്തപുരം: നിയമസഭാ കൈയാങ്കളിക്കേസിൽ മന്ത്രി വി.ശിവൻകുട്ടിയെയും ജനപ്രതിനിധികളെയും സംരക്ഷിക്കാൻ സർക്കാരിനു മുന്നിൽ ഒറ്റ വഴി മാത്രം. വിചാരണ എതുവിധേനയും നീട്ടിക്കൊണ്ടുപോവുകയെന്നത് മാത്രമാണ് ഇനി സർക്കാരിന് മുന്നിലുള്ള വഴി. ക്രിമിനൽ കേസിൽ രണ്ടുവർഷം ശിക്ഷിക്കപ്പെട്ടാൽ മന്ത്രിക്കും കെ.ടി.ജലീൽ എം.എൽ.എയ്ക്കും ഔദ്യോഗികസ്ഥാനങ്ങൾ നഷ്ടമാകും. ജനപ്രാതിനിദ്ധ്യ നിയമപ്രകാരം ആറുവർഷം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യതയും ഉണ്ടായിരിക്കും.

നിയമസഭയിലെ പരാക്രമങ്ങളിൽ പങ്കാളികളായ കൂടുതൽ എം.എൽ.എമാർ വിചാരണഘട്ടത്തിൽ പ്രതിചേർക്കപ്പെടാനും സാധ്യതയുണ്ട്. തെളിവുകൾ ധാരാളമുള്ളതിനാൽ ദൃശ്യങ്ങളിലുള്ളവരെ കണ്ടെത്തി ഐ.പി.സി-109, സി.ആർ.പി.സി-319 വകുപ്പുകൾ പ്രകാരം പ്രതികളാക്കാൻ വിചാരണക്കോടതിക്ക് അധികാരമുണ്ട്. ഈ ആവശ്യമുന്നയിച്ച് ഏത് പൗരനും കോടതിയെ സമീപിക്കാം. സ്പീക്കറുടെ പോഡിയത്തിൽ കയറി പൊതുമുതൽ നശിപ്പിച്ചില്ലെങ്കിലും, ഇവർക്കെതിരെ പ്രേരണാക്കുറ്റം ചുമത്താനാവും. നിലവിലെ പ്രതികൾക്കുമേൽ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ അവർക്കും ബാധകമാവാമെന്നാണ് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെമാൽപാക്ഷ വ്യക്തമാക്കുന്നത്.

വീഡിയോദൃശ്യങ്ങളടക്കം ശക്തമായ ഡിജിറ്റൽ തെളിവുകൾ നിയമസഭാ കയ്യാങ്കളി കേസിലുണ്ട്. പ്രക്ഷോഭത്തിന് പ്രേരിപ്പിച്ച കൂടുതൽ എം.എൽ.എമാർ പ്രതികളാവാം. സുപ്രീംകോടതിയിൽ നിന്ന് നേരിട്ടതിലും വലിയ തിരിച്ചടിയാവും ഇതെന്നും കെമാൽ പാക്ഷ പറഞ്ഞു.

കോഴിക്കോട്: കോവിഡ് ലോക്ക്ഡൗണ്‍ കാലയളവില്‍ ഗാര്‍ഹിക പീഡനക്കേസുകളില്‍ വന്‍ വര്‍ദ്ധനവ്. 2020 ജനുവരി മുതല്‍ 2021 മാര്‍ച്ച് വരെയുള്ള കാലയളവില്‍ സാമൂഹിക ക്ഷേമ ബോര്‍ഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍വീസ് പ്രൊവൈഡിങ്ങ് സെന്ററുകളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 3818 ഗാര്‍ഹിക പീഡനകേസുകളാണ്. സംസ്ഥാന ക്രൈം റെക്കോഡ്‌സ് ബ്യൂറോ, വനിതാ കമ്മീഷന്‍, സ്വകാര്യ അന്യായം എന്നിവ കൂടി പരിഗണിച്ചാല്‍ ഈ കണക്കുകള്‍ പതിനായരത്തിലെത്തുമെന്ന് സാമൂഹിക ക്ഷേമ ബോര്‍ഡ് ചെയര്‍പെഴ്‌സണ്‍ സൂസന്‍ കൊടി വ്യക്തമാക്കി.

കേസുകളില്‍ 41 ശതമാനവും സംഭവിച്ചിരിക്കുന്നത് ലഹരിയുടെ സ്വാധീനത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. 21 ശതമാനം പീഡനങ്ങള്‍ക്ക് സ്ത്രീധനവും, 18 ശതമാനം മൊബൈല്‍, സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനവുമുണ്ടെന്നും, 18 ശതമാനത്തിന് വിവാഹേതര ബന്ധവും കാരണമായെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. മാത്രമല്ല, ഗാര്‍ഹിക പീഡനങ്ങള്‍ 4338 കുട്ടികളുടെ മാനസിക ആരോഗ്യത്തിലും ബുദ്ധിവികാസത്തിലും പഠനത്തിലുമെല്ലാം ആഘാതമേല്‍പ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കേരളത്തില്‍ 82 സര്‍വ്വീസ് പ്രൊവൈഡിങ് സെന്ററുകളാണുള്ളത്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് എറണാകുളം ജില്ലയിലാണ്. തിരുവനന്തപുരം-421, വയനാട്- 404, കണ്ണൂര്‍- 389, കോട്ടയം – 337, തൃശ്ശൂര്‍ 306, കൊല്ലം- 302, ഇടുക്കി-282, പാലക്കാട്-268, കോഴിക്കോട്- 168, ആലപ്പുഴ -117, പത്തനംതിട്ട-108 എന്നിങ്ങനെയാണ് കണക്കുകള്‍. ഇതില്‍ ഏറ്റവും കുറവ് കേസുകള്‍ റിപ്പോര്‍ട്ട്് ചെയ്യപ്പെട്ടത് കാസര്‍കോട് ജില്ലയിലാണ്, 63 കേസുകള്‍.

തിരുവനന്തപുരം: കോവിഡിനെ വൈറസ് വ്യാപനത്തെ തുടർന്ന് ജനങ്ങൾ കടുത്ത പ്രതിസന്ധിയിലാണെന്ന് മുൻമന്ത്രിയും എം എൽ എയുമായ കെ കെ ശൈലജ. ചെറുകിട ഇടത്തരം വ്യവസായ വ്യാപാര മേഖലയിലുള്ളവരാണ് കൂടുതൽ പ്രതിസന്ധിയിലകപ്പെട്ടിരിക്കുന്നതെന്ന് കെ കെ ശൈലജ വ്യക്തമാക്കി. ശ്രദ്ധ ക്ഷണിക്കലിലാണ് ശൈലജ ഇക്കാര്യം അറിയിച്ചത്.

പാവപ്പെട്ട തൊഴിലാളികൾക്ക് പാക്കേജ് പ്രഖ്യാപിക്കണമെന്നും പലിശ രഹിത വായ്പയോ, പലിശ കുറഞ്ഞ വായ്പയോ നൽകണമെന്നും ശൈലജ അഭ്യർത്ഥിച്ചു. ലൈറ്റ് ആന്റ് സൗണ്ട് മേഖലയിലെ ജീവനക്കാർ പട്ടിണിയിലാകുന്നുവെന്നും വിഷയത്തിൽ സർക്കാരിന്റെ ശ്രദ്ധ അടിയന്തരമായി പതിയണമെന്നും കെ കെ ശൈലജ ആവശ്യപ്പെട്ടു.

അതേസമയം ഖാദി മേഖലയിലും കശുവണ്ടി, ബീഡി തൊഴിലാളി മേഖലയിലും സഹായം നൽകിയെന്ന് വ്യവസായ മന്ത്രി പി രാജീവ് മറുപടി നൽകി. വിവിധ പദ്ധതികൾ നടപ്പാക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരം: വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനകൾ സുതാര്യമാക്കുന്നതിന് വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന കേന്ദ്രീകൃത പരിശോധനാ സംവിധാനത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. വ്യവസായ മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്. കെ -സിസ് (Kerala-Centralised Inspection System) എന്ന പോർട്ടൽ അടിസ്ഥാനമാക്കിയാണ് പരിശോധനാ സംവിധാനം പ്രവർത്തിക്കുക. എൻഐസിയാണ് പോർട്ടൽ തയ്യാറാക്കിയത്.

അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ചാണ് കേന്ദ്രീകൃത പരിശോധനാ സൗകര്യം ഒരുക്കുക. ഫാക്ടറീസ് ആൻഡ് ബോയിലേർസ് വകുപ്പ്, തൊഴിൽ വകുപ്പ്, ലീഗൽ മെട്രോളജി വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നീ വകുപ്പുകളുടെ പരിശോധനകൾ കേന്ദ്രീകൃതമായി നടത്തുന്നതിനാണ് പോർട്ടലിലൂടെ ലക്ഷ്യമിടുന്നത്. മൂന്നുതരത്തിലുള്ള പരിശോധനകളാണ് കെ-സിസിലൂടെ നടത്തുന്നത്. സ്ഥാപനം പ്രവർത്തനം ആരംഭിക്കുന്നതിനു മുൻപുള്ള പരിശോധന, പതിവ് പരിശോധന, പരാതിയുടെ അടിസ്ഥാനത്തിൽ നടത്തുന്ന പരിശോധന എന്നിവയാണവ. പരിശോധന ഷെഡ്യൂൾ വെബ് പോർട്ടൽ സ്വയം തയ്യാറാക്കും. ലോ, മീഡിയം, ഹൈ റിസ്‌ക് വിഭാഗങ്ങളായി തിരിച്ച് പതിവ് പരിശോധനക്കുള്ള സ്ഥാപനങ്ങളെ തിരഞ്ഞെടുക്കും. പൊതുജനങ്ങളിൽ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിൽ നടത്തുന്ന പരിശോധനകൾ വകുപ്പ് തലവന്റെ അനുവാദത്തോടെ മാത്രമായിരിക്കും.

പരിശോധന നടത്തുന്ന ഉദ്ദ്യോഗസ്ഥരെ പോർട്ടൽ തന്നെ തിരഞ്ഞെടുക്കും. ഒരു സ്ഥാപനത്തിൽ ഒരേ ഇൻസ്പെക്ടർ തുടർച്ചയായി രണ്ട് പരിശോധനകൾ നടത്തുന്നിലെന്ന് ഉറപ്പ് വരുത്തും. പരിശോധനാ അിറയിപ്പ് സ്ഥാപനത്തിന് മുൻകൂട്ടി എസ്.എം.എസ്, ഇമെയിൽ മുഖേന നൽകും. പരിശോധനക്ക് ശേഷം അത് സംബന്ധിച്ച റിപ്പോർട്ട് 48 മണിക്കൂറിനുള്ളിൽ കെ – സിസ് പോർട്ടലിൽ പ്രസിദ്ധീകരിക്കും. പോർട്ടലിലേക്ക് സംരഭകനും ബന്ധപ്പെട്ട വകുപ്പുകൾക്കും ലോഗിൻ ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കും.

പ്രവർത്തനം ആരംഭിക്കുന്നതിന് മുൻപുള്ള പരിശോധനക്കായി സംരഭകർക്ക് പോർട്ടൽ വഴി അപേക്ഷിക്കാം. പരിശോധകരുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള ക്രമീകരണവും പോർട്ടലിലുടെ ചെയ്യാനാകും. സ്ഥാപനം സംബന്ധിച്ച പൊതുജനങ്ങളുടെ പരാതി പോർട്ടലിൽ സമർപ്പിച്ചാൽ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറും. ഒരു സ്ഥാപനത്തിൽ നടത്തിയ പരിശോധനകളുടെ ചരിത്രവും പോർട്ടലിലൂടെ അിറയാം. പരിശോധന റിപ്പോർട്ട് സംരംഭകന് കാണാനും ഡൗൺലോഡ് ചെയ്യാനും കഴിയും.

അഗ്നി രക്ഷാ സേനാ, ഭൂഗർഭ ജല അതോറിറ്റി തുടങ്ങി കൂടുതൽ വകുപ്പുകൾ പോർട്ടലിൻെഖ ഭാഗമാക്കി ഭാവിയിൽ മാറ്റും വ്യവസായ സ്ഥാപനങ്ങളിൽ വിവിധ വകുപ്പുകൾ നടത്തുന്ന പരിശോധനകളിൽ സുതാര്യത ഉറപ്പുവരുത്താനാണ് കേന്ദ്രീകൃത പരിശോധന സംവിധാനം. സംരഭകർക്ക് ആത്മവിശ്വാസം പകരുന്നതും ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ്സ് അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്തുന്നതും ആയിരിക്കും കെ-സിസ്. വ്യവസായ വാണിജ്യ സംഘടനകളുമായി ചർച്ച ചെയ്ത് അവരുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് പോർട്ടലിന് രൂപം നൽകിയത്.

pinarayi

തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനം സമ്പദ്ഘടനയിൽ സൃഷ്ടിക്കുന്ന പ്രതിസന്ധി നേരിടാൻ ബാങ്കുകളുടെ സഹകരണം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിസന്ധി മറികടക്കാൻ ബാങ്കുകൾ കൂടുതൽ സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അസംഘടിത മേഖലയിൽ കോവിഡ് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ 2021 മേയ് മാസം പ്രഖ്യാപിച്ച പാക്കേജിൽ മാർച്ച് 31 ന് എൻ.പി.എ അല്ലാത്ത അക്കൗണ്ടുകളും 25 കോടിയിൽ താഴെ വായ്പ എടുത്തിട്ടുള്ളവർക്കുമാണ് ഇളവുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. കോവിഡ് ഒന്നാം തരംഗത്താലും അതിനു മുമ്പുള്ള പ്രകൃതി ദുരന്തങ്ങളാലും വലിയ രീതിയിൽ ബാധിക്കപ്പെട്ട ആളുകൾക്കും സ്ഥാപനങ്ങൾക്കും ഉപാധികളില്ലാതെ 2021 ഡിസംബർ 31 വരെ പലിശയും പിഴപ്പലിശയും ഇളവ് ചെയ്ത് മൊറട്ടോറിയം പ്രഖ്യാപിക്കാൻ കേന്ദ്ര ധനകാര്യമന്ത്രിയോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശ്രദ്ധയിൽപ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകി.

കേന്ദ്ര സർക്കാർ ആത്മനിർഭർ പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ച എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരന്റി സ്‌കീമിന്റെ വകയിരുത്തൽ 4.5 ലക്ഷം കോടിയായി ഉയർത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഈ പരിപാടിക്ക് പരമാവധി പ്രചരണം നൽകാൻ ബാങ്കുകൾ ശ്രമിക്കണമെന്നും വ്യാപാര സമൂഹത്തിന് ഇതിൽ നിന്നും സഹായം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

37 ലക്ഷം കർഷകർ പി.എം. കിസാൻ പരിപാടിയിൽ കേരളത്തിൽ നിന്നുണ്ട്. എല്ലാ കർഷകർക്കും ക്ഷീര കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും ഈ പദ്ധതികളുടെ കവറേജ് നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. സംസ്ഥാന സർക്കാരിന്റെ കാർഷിക വികസന പരിപാടിയുടെ ഭാഗമായി പാട്ടത്തിന് ഭൂമിയെടുത്ത് കൃഷി ചെയ്യുന്നവർക്കും കാർഷിക വായ്പ അനുവദിക്കണമെന്നും വിളവെടുപ്പിനുശേഷമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് കാർഷിക പശ്ചാത്തല സൗകര്യ ഫണ്ട് പ്രകാരം ബാങ്കുകൾ അർഹരായവർക്ക് സഹായം നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 100 ദിന പരിപാടിയുടെ ഭാഗമായി കാർഷിക ഉൽപ്പാദന സംഘടനകൾ രൂപീകരിക്കാൻ കൃഷി വകുപ്പ് മുന്നോട്ടുവന്നിട്ടുണ്ട്. ഇവയ്ക്കും ഉദാരമായ സഹായം നൽകണം. ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാൻ ആവശ്യമായ വായ്പാ സഹായം ബാങ്കുകൾ ലഭ്യമാക്കണം. കശുവണ്ടി വ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് സഹായകരമായ സമീപനം കാലതാമസമില്ലാതെ ഉണ്ടാകണം. കുടുംബശ്രീ മുഖേന പലിശ സർക്കാർ നൽകിയുള്ള വായ്പകളുടെ കാര്യത്തിൽ ബാങ്കുകൾ അനുകൂല സമീപനം സ്വീകരിക്കണം. സർഫാസി നിയമപ്രകാരം ജപ്തി നടപടികൾ നേരിടുന്നവർക്ക് കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകാതിരിക്കാൻ ബാങ്കുകൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

.

തിരുവനന്തപുരം: കോവിഡ് സമാശ്വാസ പാക്കേജ് പ്രഖ്യാപിച്ച് സർക്കാർ. വ്യാപാരികൾക്കും ചെറുകിട വ്യവസായികൾക്കും കർഷകർക്കും വേണ്ടി 5650 കോടിയുടെ പാക്കേജാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് ലക്ഷം വരെയുള്ള വായ്പയുടെ നാല് ശതമാനം പലിശ സർക്കാർ ആറു മാസത്തേക്ക് നൽകും. കോവിഡ് വ്യാപനവും അടച്ചുപൂട്ടലും വഴി സാമ്പത്തിക പ്രതിസന്ധിയിലായ കർഷകരുടെയും ചെറുകിട വ്യാപാരികളുടെയും വ്യവസായികളുടേയും ആവശ്യങ്ങൾ പരിഗണിച്ചാണ് സാമ്പത്തികാശ്വാസ പദ്ധതി പ്രഖ്യാപനം നടത്തിയത്.

പലിശയിലെ ഇളവാണ് പാക്കേജിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കേന്ദ്ര സംസ്ഥാന ധനകാര്യ സ്ഥാപനങ്ങൾ, വാണിജ്യ ബാങ്കുകൾ, സഹകരണ ബാങ്കുകൾ എന്നിവയിൽ നിന്നെടുത്ത രണ്ട് ലക്ഷം രൂപവരെയോ അതിൽ താഴെ വരോയോ ഉള്ള വായ്പകൾക്കാണ് പലിയ ഇളവ് അനുവദിക്കുന്നത്. പലിശയുടെ നാല് ശതമാനം സംസ്ഥാന സർക്കാർ ആറുമാസത്തേക്ക് വഹിക്കും.

രണ്ടായിരം കോടി രൂപയുടെ ഇളവിൽ ഒരുലക്ഷം പേർക്കാണ് ആനുകൂല്യം ലഭിക്കുക. ഓഗസ്റ്റ് ഒന്ന് മുതൽ എടുക്കുന്ന വായ്പകൾക്കും ഇളവ് അനുവദിക്കും. ചെറുകിട വ്യാപാര വ്യവസായ സ്ഥാപനങ്ങൾക്ക് കെട്ടിട നികുതിയും വൈദ്യൂതി ഫിക്‌സഡ് ചാർജ്ജും ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഒഴിവാക്കിയതായി സർക്കാർ പ്രഖ്യാപിച്ചു. സർക്കാരിന്റെ കടമുറികളുടെ വാടകയും ഒഴിവാക്കും.

കെഎസ്എഫ് ഇ നൽകിയ എല്ലാ വായ്പകളുടേയും പിഴപ്പലിശ സെപ്റ്റംബർ 30 വരെ ഒഴിവാക്കിയിട്ടുണ്ട്. ചിട്ടി തിരിച്ചടവിൽ വീഴ്ച വരുത്തിയവർക്കും ഇളവ് നൽകും. കെഎഫ്‌സി വഴിയുള്ള വായ്പകൾക്ക് ജൂലൈ ഒന്ന് മുതൽ ഒരു വർഷത്തെ മൊറട്ടോറിയവും പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ സംരഭക വികസനപദ്ധതിയുടെ രണ്ടാം ഭാഗവും കെഎഫ് സി വഴി നടപ്പാക്കുമെന്ന് സർക്കാർ അറിയിച്ചു. സ്റ്റാർട്ട് അപ്പ് കേരള, വ്യവസായ എസ്റ്റേറ്റിലുള്ളവർക്കുള്ള പ്രത്യേക പദ്ധതിയും സർക്കാർ പ്രഖ്യാപനത്തിൽ ഉൾപ്പെടുന്നു.

ന്യൂഡൽഹി: രാജ്യത്ത് സ്റ്റാർട്ടപ്പുകൾ വഴി 5.7 ലക്ഷം പേർക്ക് തൊഴിൽ ലഭിച്ചതായി കേന്ദ്ര സർക്കാർ. 53000 സ്റ്റാർട്ടപ്പുകൾ രാജ്യത്തുണ്ടെന്നും കേന്ദ്രം പാർലമെന്റിൽ വ്യക്തമാക്കി. മഹാരാഷ്ട്രയിൽ നിന്നുള്ള ബിജെപി അംഗം മനോജ് കിഷോർഭായി കൊടാക്കിന്റെ ചോദ്യത്തിന് വാണിജ്യ വ്യവസായ വകുപ്പ് സഹമന്ത്രി സോം പ്രകാശ് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

പ്രത്യക്ഷമായും പരോക്ഷമായും സ്റ്റാർട്ടപ്പുകൾ എത്ര പേർക്ക് തൊഴിൽ നൽകിയെന്നായിരുന്നു മനോജ് കിഷോർഭായി പാർലമെന്റിൽ ചോദിച്ചത്. കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കുകളും സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാനായി കേന്ദ്രസർക്കാർ എന്തൊക്കെ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ടെന്നുമുള്ള വിവരങ്ങളാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

ചോദ്യം ചോദിച്ചത്. ഇദ്ദേഹം ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി അംഗം കൂടിയാണ്. ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇന്റസ്ട്രി ആന്റ് ഇന്റേണൽ ട്രേഡ് 52391 സ്റ്റാർട്ടപ്പുകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. 2021 ജൂലൈ 14 വരെ 53 സ്റ്റാർട്ടപ്പുകളുടെ മൂല്യം 1.4 ലക്ഷം കോടിയാണ്. അര ലക്ഷത്തിലേറെ സ്റ്റാർട്ടപ്പുകൾ രാജ്യത്തെ 5.7 ലക്ഷം പേർക്ക് തൊഴിൽ നൽകിയെന്നും അദ്ദേഹം വിശദീകരിച്ചു. ഈ വർഷം ജനുവരിയിൽ ആയിരം കോടി രൂപ സ്റ്റാർട്ട്അപ്പ് ഇന്ത്യ സീഡ് ഫണ്ടിനാണ് പ്രധാനമന്ത്രി തുടക്കം കുറിച്ചത്.

കൊച്ചി: കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച്ച നടത്തി ഹൈബി ഈഡൻ എംപി. എറണാകുളം റെയിൽവേ ടെർമിനൽ നടപടികൾ വേഗത്തിലാക്കണമെന്നു ആവശ്യപ്പെട്ടാണ് ഹൈബി ഈഡൻ എംപി കേന്ദ്രമന്ത്രിയെ കണ്ടത്. വൈറ്റില പൊന്നുരുന്നിയിൽ റെയിൽവേ മാർഷലിങ് യാഡ് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ആധുനിക ടെർമിനൽ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ദ്രുതഗതിയിലാക്കണമെന്ന് ഹൈബി ഈഡൻ ആവശ്യപ്പെട്ടു.

എറണാകുളം നഗര ഹൃദയത്തിൽ 500 കോടിയോളം രൂപ വില വരുന്ന 110 ഏക്കർ റെയിൽവേയ്ക്കു സ്വന്തമായി ഉണ്ടെന്ന് എംപി കേന്ദ്രമന്ത്രിയെ അറിയിച്ചു. പിയൂഷ് ഗോയൽ കേന്ദ്ര മന്ത്രിയായിരുന്ന സമയത്ത് ഒട്ടേറെ തവണ ഈ വിഷയം ഉന്നയിച്ചിരുന്നെങ്കിലും റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷൻ പദ്ധതിക്കു വേണ്ട പ്രാധാന്യം നൽകിയില്ലെന്ന് ഹൈബി ഈഡൻ പറഞ്ഞു. വിശദമായ പദ്ധതി ശുപാർശ തയാറാക്കാൻ പോലും ഇതുവരെ തയാറായിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.

പദ്ധതി യാഥാർത്ഥ്യമായാൽ രാജ്യത്തെ തന്നെ ആദ്യത്തെ സംയോജിത ഗതാഗത സംവിധാനമാണ് എറണാകുളത്ത് നിലവിൽ വരുന്നത്. സീറോ ഇൻവെസ്റ്റ്‌മെന്റിൽ റെയിൽവേയ്ക്കു തന്നെ വലിയ ലാഭം പദ്ധതിയിലൂടെ ലഭിക്കുമെന്ന് ഹൈബി ഈഡൻ പറയുന്നു. റെയിൽവേ, മെട്രോ റെയിൽ, വാട്ടർ മെട്രോ, റോഡ് ഗതാഗതം മുതലായവയെല്ലാം വൈറ്റില മേഖലയിൽ ഒരു കുടക്കീഴിൽ വരുന്ന പദ്ധതിയാണിത്. പദ്ധതിയുമായി ബന്ധപ്പെട്ട് തുടർ നടപടികൾക്ക് നിർദ്ദേശം നൽകുമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നൽകിയതായും ഹൈബി ഈഡൻ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: മെഡിക്കൽ, ഡെന്റൽ കോഴ്‌സുകളിലേക്കുള്ള അഖിലേന്ത്യാ ക്വാട്ടയിൽ ഒബിസിക്ക് 27 ശതമാനം സംവരണം ഏർപ്പെടുത്താൻ തീരുമാനം. സാമ്പത്തിക പരാധീനതകളുള്ളവർക്ക് 10 ശതമാനം സാമ്പത്തിക സംവരണവും ഏർപ്പെടുത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്.

നടപ്പ് അധ്യയന വർഷം മുതൽ എംബിബിഎസ്, എംഡി, എംഎസ്, ബിഡിഎസ്, എംഡിഎസ്, ഡിപ്ലോമ മെഡിക്കൽ പ്രോഗ്രാമുകൾ എന്നിവയ്ക്ക് ഇത് ബാധകമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതുസംബന്ധിച്ച നിർദ്ദേശം പ്രധാനമന്ത്രി ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയങ്ങൾക്ക് നൽകി കഴിഞ്ഞു.

എംബിബിഎസിൽ 1,500 ഒബിസി വിദ്യാർത്ഥികൾക്കാണ് പുതിയ തീരുമാനം പ്രയോജനപ്പെടുന്നത്. ബിരുദാനന്തര ബിരുദത്തിൽ 2,500 ഒബിസി വിദ്യാർത്ഥികൾക്കും തീരുമാനം പ്രയോനപ്രദമാകും. എംബിബിഎസിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 550 ഓളം വിദ്യാർത്ഥികൾക്കും, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആയിരത്തോളം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും ആശ്വാസകരമായ തീരുമാനമാണിത്.

പ്രതിവർഷം ആയിരക്കണക്കിന് യുവജനങ്ങൾക്ക് മികച്ച അവസരങ്ങൾ നേടുന്നതിന് പുതിയ നടപടി വഴിയൊരുക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ രാജ്യത്ത് സാമൂഹ്യനീതിയുടെ ഒരു പുതിയ മാതൃക സൃഷ്ടിക്കുന്നതിനും വളരെയധികം സഹായിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ചരിത്രപരമായ തീരുമാനമാണിതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ തീരുമാനത്തെ വിശേഷിപ്പിച്ചത്.