രോഗവ്യാപനം കുറയുന്നു: ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച് ഗുജറാത്ത്‌

അഹമ്മദാബാദ്: ഗുജറാത്തിലെ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച് സർക്കാർ. കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിലാണ് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കാൻ സർക്കാർ തീരുമാനിച്ചത്. രാത്രി 10 മുതൽ 6 വരെയുള്ള കർഫ്യൂ സമയം ഒരു മണിക്കൂർ കുറച്ച് രാത്രി 11 മുതൽ വെളുപ്പിന് 6 വരെ ആക്കി. മുഖ്യമന്ത്രി വിജയ് രുപാനി അദ്ധ്യക്ഷനായ കോർ കമ്മിറ്റിയാണ് സംസ്ഥാനത്ത് ഇളവുകൾ അനുവദിച്ചത്.

ഗുജറാത്തിൽ അഹമ്മദാബാദ്, വഡോദര, സൂറത്ത് ഉൾപ്പെടെ എട്ട് ജില്ലകളിലാണ് രാത്രികാല കർഫ്യൂ പ്രാബല്യത്തിലുണ്ടായിരുന്നത്. നാളെ മുതലാണ് കർഫ്യൂ നിയന്ത്രണളിൽ ഇളവ് അനുവദിക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പൊതുപരിപാടികളിൽ പങ്കെടുക്കുന്നവകുടെ എണ്ണവും സർക്കാർ വർധിപ്പിച്ചിട്ടുണ്ട്. 400 പേർക്ക് ഇനി മുതൽ പൊതുപരിപാടികളിൽ പങ്കെടുക്കാം.

തുറസായ സ്ഥലങ്ങളിൽ സംഘടിപ്പിക്കുന്ന പരിപാടികളിലാണ് 400 പേർക്ക് പങ്കെടുക്കാൻ സാധിക്കുന്നത്. അടച്ചിട്ട ഹാളുകളിൽ നടത്തുന്ന പരിപാടികൾക്ക് സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം വരെ ആളുകളെ പങ്കെടുപ്പിക്കാം. ഹോട്ടലുകൾക്ക് രാത്രി 10 മണി വരെ പ്രവർത്തിക്കം. ഗണേശോത്സവത്തിൽ നാല് അടി വരെയുള്ള പ്രതിമകൾ ഉണ്ടാക്കാനുള്ള അനുവാദവും സർക്കാർ നൽകിയിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 21 പേർക്ക് മാത്രമാണ് ഗുജറാത്തിൽ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 12 ദിവസമായി സംസ്ഥാനത്ത് കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല.