പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പ്രതിപക്ഷ ബഹളം; നികുതിദായകരുടെ നഷ്ടം 133 കോടിയെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പ്രതിപക്ഷ പ്രതിഷേധത്തിൽ നികുതിദായകരുടെ നഷ്ടം 133 കോടിയെന്ന് റിപ്പോർട്ട്. പെഗാസസ് ഫോൺ ചോർത്തലിനെ ചൊല്ലിയുള്ള പ്രതിപക്ഷ പ്രതിഷേധങ്ങൾ പാർലമെന്റിന്റെ ഇരു സഭകളും പ്രവർത്തിക്കേണ്ട സമയത്തിന്റെ ഭൂരിഭാഗവും നഷ്ടപ്പെടുത്തിയതാണ് ഖജനാവിന് കോടികളുടെ നഷ്ടമുണ്ടാകാൻ കാരണം.

ജൂലായ് 19 ന് പാർലമെന്റ് വർഷകാല സമ്മേളനം ആരംഭിച്ചത് മുതൽ പ്രതിപക്ഷം പ്രതിഷേധത്തിലാണ്. പെഗാസസ് ഫോൺ ചോർത്തലിൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന ആവശ്യവുമായാമ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. വർഷകാല സമ്മേളനത്തിൽ 54 മണിക്കൂർ പ്രവർത്തിക്കേണ്ട ലോക്സഭ വെറും ഏഴ് മണിക്കൂർ മാത്രമാണ് പ്രവർത്തിച്ചത്. 40 മണിക്കൂറിലധികം രാജ്യസഭയിലെ പ്രവർത്തന സമയവും നഷ്ടമായിട്ടുണ്ട്. ഇരു സഭകളിലുമായി 107 മണിക്കൂർ നടക്കേണ്ടിയിരുന്ന വർഷകാല സമ്മേളനം വെറും 18 മണിക്കൂർ മാത്രമാണ് നടന്നത്.

പാർലമെന്റിന്റെ പ്രവർത്തനം സംബന്ധിച്ച് ദിവസേന ബുള്ളിറ്റിനുകളും പ്രവർത്തന സമയവും രേഖപ്പെടുത്തുന്ന പ്രക്രിയ ആരംഭിച്ചതോടെയാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്ത് വന്നത്.