ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തുടർന്നിട്ടും രോഗവ്യാപനത്തിൽ കുറവില്ല: ബദൽ മാർഗം തേടാനൊരുങ്ങി സർക്കാർ

തിരുവനന്തപുരം: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തുടർന്നിട്ടും സംസ്ഥാനത്ത് രോഗവ്യാപനം കുറയാത്തതോടെ സർക്കാർ ആശങ്കയിൽ. രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാകാത്ത സാഹചര്യത്തിൽ ബദൽ മാർഗം തേടാനാണ് സർക്കാർ പദ്ധതിയിടുന്നത്. അടച്ചിടലിന് പകരമായി മറ്റ് മാർഗങ്ങൾ തേടാനാണ് സർക്കാർ ആലോചിക്കുന്നത്. ടി.പി.ആർ അനുസരിച്ചുള്ള നിയന്ത്രണങ്ങൾ ഇനിയും തുടരേണ്ടതുണ്ടോയെന്ന് വെള്ളിയാഴ്ച്ച ചേർന്ന കോവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു. ശാസ്ത്രീയമായ മറ്റ് മാർഗങ്ങൾ ആലോചിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മുഖ്യമന്ത്രി യോഗത്തിൽ നൽകിയ നിർദ്ദേശം.

വിവിധ മേഖലയിലുള്ള വിദഗ്ധരുമായി കൂടിയാലോചിച്ച് ഉചിതമായ പരിഹാരമാർഗം നിർദേശിക്കാനും അദ്ദേഹം വ്യക്തമാക്കി. മൈക്രോ കണ്ടൈൻമെന്റ് രീതി പ്രാബല്യത്തിൽ കൊണ്ടുവരാനും പ്രാദേശിക തലത്തിൽ നിയന്ത്രണം ശക്തമാക്കി രോഗവ്യാപനം നിയന്ത്രണത്തിലാക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ടെന്നാണ് വിവരം.

അതേസമയം പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരിനെ സഹായിക്കാനായി കേന്ദ്ര സംഘം എത്തിയിട്ടുണ്ട്. കേന്ദ്രം അയച്ച ആറംഗ വിദഗ്ധസംഘമാണ് സംസ്ഥാനത്ത് എത്തിയത്. രോഗ വ്യാപനം കൂടുതലുള്ള ജില്ലകൾ സംഘം സന്ദർശിക്കും. സംസ്ഥാന സർക്കാരിന്റെ ആരോഗ്യ വിദഗ്ധരുമായി സഹകരിച്ചായിരിക്കും സംഘത്തിന്റെ പ്രവർത്തനം. രാജ്യത്ത് പുതുതായി സ്ഥീരീകരിക്കുന്ന കേസുകളിൽ 50 ശതമാനവും ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് കേരളത്തിൽ നിന്നാണ് ഈ സാഹചര്യത്തിലാണ് കേന്ദ്രം വിദഗ്ധ സംഘത്തെ കേരളത്തിലേക്ക് അയച്ചത്.