കാത്തിരിപ്പിന് വിരാമം: കുതിരാൻ തുരങ്കം ഗതാഗതത്തിനായി തുറന്നു നൽകി

പാലക്കാട്: കുതിരാൻ തുരങ്കം ഗതാഗതത്തിനായി തുറന്നു നൽകി. പാലക്കാട് നിന്ന് തൃശ്ശൂർ ഭാഗത്തേക്കുള്ള തുരങ്കമാണ് തുറന്ന് നൽകിയത്. ശനിയാഴ്ച രാത്രി ഏഴരയോടെ തൃശ്ശൂർ ജില്ലാ കളക്ടർ ഹരിത വി കുമാർ തുരങ്കം ഗതാഗതത്തിനായി തുറന്നുകൊടുത്തു. പാതയുടെ തൃശ്ശൂർ-പാലക്കാട് ഹൈവേയിലെ ഗതാഗതക്കുരുക്കിനാണ് ഇതോടെ വലിയ പരിഹാരമാകുന്നത്. കൊച്ചി കോയമ്പത്തൂർ ദേശീയപാതയിലെ യാത്ര സമയവും ഇതോടെ കുറയും.

സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളുടെ പരിശോധനകൾക്ക് ശേഷം കേന്ദ്രസർക്കാരിൽ നിന്നും അനുമതി ലഭിച്ചതോടെയാണ് കുതിരാൻ തുരങ്കം തുറന്നത്. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പാണ് കുതിരാൻ മലയിലെ ഇരട്ടതുരങ്കങ്ങളിൽ ഒന്ന് ഗതാഗതത്തിനായി തുറന്നു നൽകാൻ അനുമതി നൽകിയത്. കേന്ദ്ര മന്ത്രി നിതിൻ ഗഡ്ക്കരിയാണ് കുതിരാൻ തുരങ്കം തുറക്കാൻ അനുമതി നൽകിയ വിവരം അറിയിച്ചത്. കേരളത്തിലെ ആദ്യത്തെ തുരങ്കമായ കുതിരാനിൽ ഒരു ലൈനിൽ ഇന്ന് മുതൽ ഗതാഗതം അനുവദിക്കുമെന്ന് കേന്ദ്ര ഉപരിതലമന്ത്രി നിതിൻ ഗഡ്കരി ട്വീറ്ററിലൂടെ അറിയിച്ചു. ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി തുരങ്കം ഗതാഗതത്തിന് തുറന്ന് കൊടുക്കാനാണ് ഉദ്യോഗസ്ഥർക്ക് കേന്ദ്രം നൽകിയ നിർദേശം.

അതേസമയം സംസ്ഥാന സർക്കാരിനെ ഔദ്യോഗികമായി അറിയിക്കാതെയാണ് തുരങ്കം തുറന്നതെന്ന വിമർശനവും ഉയരുന്നുണ്ട്. കുതിരാൻ തുരങ്കം തുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിൽ നിന്നും ഒരു തരത്തിലുള്ള അറിയിപ്പും സംസ്ഥാന സർക്കാരിന് ലഭിച്ചിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. തുരങ്കത്തിന്റെ കാര്യത്തിൽ സർക്കാർ തർക്കത്തിനില്ലെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരുന്നു.