General (Page 1,445)

ന്യൂഡൽഹി: ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്ന അഫ്ഗാൻ പൗരന്മാർക്ക് അടിയന്തര ഇ-വിസ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. അഫ്ഗാനിസ്താനിലെ നിലവിലെ രാഷ്ട്രീയ സ്ഥിതി കണക്കിലെടുത്താണ് തീരുമാനം. മതത്തിന്റെ പരിഗണനകളൊന്നുമില്ലാതെ എല്ലാ അഫ്ഗാൻ പൗരന്മാർക്കും ഇ-വിസയ്ക്ക് ഓൺലൈനായി അപേക്ഷിക്കാമെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം. ഡൽഹിയിലായിരിക്കും വിസാ നടപടികൾ പൂർത്തിയാക്കുകയെന്നും കേന്ദ്രം അറിയിച്ചു.

അഫ്ഗാൻ ഭരണം താലിബാൻ പിടിച്ചെടുത്ത് 48 മണിക്കൂറിനുള്ളിലാണ് ഇന്ത്യ ഇത്തരമൊരു തീരുമാനം എടുത്തത്. ആരു മാസമായിരിക്കും വിസാ കാലാവധി. കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിസ വ്യവസ്ഥകൾ അവലോകനം ചെയ്തു വരികയാണ്. ഇ-എമർജൻസി എക്സ്-മിസ്‌ക് വിസ എന്നാണ് പുതിയ വിഭാഗത്തിൽപ്പെട്ട ഇ- വിസ അറിയപ്പെടുകയെന്നാണ് വിദേശകാര്യ വക്താവ് അറിയിച്ചത്.

അഫ്ഗാനിലെ ഇന്ത്യയുടെ ദൗത്യം പൂർത്തിയായി കഴിഞ്ഞ് ഇ-വിസയ്ക്ക് ഓൺലൈനായി അപേക്ഷിക്കാമെന്നും അധികൃതർ പറയുന്നു. അഫ്ഗാൻ പൗരന്മാരുടെ വിസാ അപേക്ഷകളിന്മേൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കുമ്പോഴും വിസ അനുവദിക്കുമ്പോഴും സുരക്ഷാ പ്രശ്നങ്ങൾ പരിശോധിക്കുമെന്നും എല്ലാ അഫ്ഗാൻ പൗരന്മാർക്കും അവരുടെ മതം പരിഗണിക്കാതെ വിസയ്ക്ക് അപേക്ഷിക്കാമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കാബൂൾ: ‘താലിബാൻ ഭീകരർ വന്ന് കൊല്ലുന്നതും കാത്തിരിക്കുകയാണ് താൻ’. അഫ്ഗാനിസ്ഥാനിലെ ആദ്യത്തെ വനിതാ മേയറായ സരീഫ ഗഫാരിയുടെ വാക്കുകളാണിത്. ഭയമോ പതർച്ചയോ ഒന്നുമില്ലാതെ ഉറച്ച ആത്മവിശ്വാസത്തോടെയാണ് സരീഫ ഈ വാക്കുകൾ പറയുന്നത്. താൻ മരിക്കാൻ തയ്യാറാണെന്നും ഒരു പ്രതിരോധവുമില്ലാതെ തന്നെ കീഴ്‌പ്പെടുത്താമെന്നും സരീഫ പറയുന്നു. രാജ്യ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന റെക്കോർഡ് സ്വന്തമാക്കിയ ഭരണാധികാരി കൂടിയാണ് സരീഫ.

താലിബാൻ സൈന്യം കടന്നുവരുന്നതും കാത്ത് താനും ഭർത്താവും ഇവിടെ കാത്തിരിക്കുകയാണ്. രക്ഷപ്പെട്ടു കൂടേ എന്നു നിങ്ങൾ ചോദിച്ചേക്കാം. എന്നാൽ എവിടെ, എങ്ങോട്ടു പോകാനാണ്. തന്റെ വിധി എന്താണെന്ന് തീർച്ചപ്പെടുത്തി തന്നെയാണ് സരീഫ ഇപ്പോഴും അഫ്ഗാനിൽ തുടരുന്നത്. രക്ഷപ്പെടാൻ ശ്രമിച്ചാൽ വിജയിക്കുമെന്ന് യാതൊരു ഉറപ്പുമില്ല. പലായനത്തിനിടെ വീണു മരിച്ചേക്കാം. ഉന്തിലും തള്ളിലും ജീവൻ നഷ്ടമായേക്കാം. വെടിയുണ്ടയ്‌ക്കോ കൂർത്ത കല്ലുകൾക്കോ ഇരയാവാം. സ്വന്തം രാജ്യത്ത് ജീവിച്ചു മരിക്കുന്നതാണ് അതിനേക്കാൾ ഭേദം എന്നാണ് സരീഫയുടെ നയം.

പ്രസിഡന്റ് ഉൾപ്പെടെ അഫ്ഗാന്റെ ഭരണാധികാരികളിൽ മിക്കവരും നയതന്ത്ര ഉദ്യോഗസ്ഥരും ജീവനും കൊണ്ട് രക്ഷപ്പെട്ടുകഴിഞ്ഞു. എന്നാൽ തനിക്കെങ്ങോട്ടും പോകാനില്ലെന്നും സരീഫ കൂട്ടിച്ചേർക്കുന്നു. നേരത്തേ പല തവണ താലിബാൻ സരീഫയ്ക്കു നേരെ വധഭീഷണി മുഴക്കിയിരുന്നു. മൂന്നു തവണ വധശ്രമത്തിൽ നിന്നു കഷ്ടിച്ചാണു സരീഫ രക്ഷപ്പെട്ടത്. എന്നാൽ കഴിഞ്ഞ വർഷം നവംബർ 15 ന് സരീഫയ്ക്ക് താലിബാന്റെ ആക്രമണത്തിൽ തന്റെ പിതാവിനെ നഷ്ടപ്പെട്ടു. അതിനാൽ തന്നെ തന്റെ വിധി എന്താകുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് സരീഫ.

കണ്ണൂർ: രാജ്യത്ത് ഐസിസിന് വേണ്ടി സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചാരണം നടത്തിയ കേസിൽ കണ്ണൂരിൽ നിന്നും യുവതികൾ അറസ്റ്റിലായ സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുകൾ പുറത്ത്. യുവതികൾ ഐസിസിൽ ചേരാൻ പദ്ധതിയിട്ടിരുന്നതായാണ് ദേശീയ അന്വേഷണ ഏജൻസി അറിയിക്കുന്നത്. യുവതികൾക്ക് ഐസിസുമായി അടുത്തബന്ധമുണ്ടെന്നും എൻ ഐ എ പറയുന്നു.

കണ്ണൂർ താണ സ്വദേശികളായ ഷിഫാ ഹാരിസ്. മിഷ്ഹ സിദ്ദിഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മിഷ്ഹ സിദ്ധീഖ് സിറിയയിലേക്കുള്ള യാത്രയിൽ ഇറാനിലെ ടെഹ്‌റാൻ വരെ എത്തിയെന്നും എൻഐഎ വ്യക്തമാക്കുന്നു. മുഷാബ് അൻവർ, ഷിഫ ഹാരിസ് എന്നിവരെ ഐസിസിലേക്ക് അടുപ്പിച്ചത് മിഷ്ഹയാണ്. മിഷ്ഹ കശ്മീരിലിലുള്ള കൂട്ടാളികൾക്ക് ഐസിസ് പ്രവർത്തനങ്ങൾക്ക് പണം അയച്ചു നൽകിയെന്നും കാശ്മീരിലേക്ക് പോകാനായിരുന്നു ഷിഫ ഹാരിസിന്റെ പദ്ധതിയെന്നും എൻഐഎ വെളിപ്പെടുത്തി.

ഏഴ് പേരടങ്ങുന്ന മലയാളി സംഘം ഭീകര പ്രവർത്തനങ്ങൾക്കായി കാശ്മീരിൽ പോകാൻ പദ്ധതി ഇട്ടിരുന്നതായി ദേശീയ അന്വേഷണ ഏജൻസിയുടെ എഫ്‌ഐആറിൽ വിശദമാക്കുന്നു. ഡൽഹിയിൽ നിന്നെത്തിയ എൻ.ഐ.എ സംഘം വളരെ രഹസ്യമായാണ് ഷിഫാ ഹാരിസിനെയും മിഷ്ഹ സിദ്ദിഖിനെയും അറസ്റ്റ് ചെയ്തത്.

veena

തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തിന്റെ മൂന്നാം തരംഗ മുന്നൊരുക്കങ്ങളുടെ ഭാഗമായി 48 ആശുപത്രികളിൽ പീഡിയാട്രിക് വാർഡുകളും ഐസിയുകളും സജ്ജമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതിൽ 60 ശതമാനവും 3 മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ ആരോഗ്യ വകുപ്പിന് നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു.

490 ഓക്‌സിജൻ സജ്ജീകരണമുള്ള പീഡിയാട്രിക് കിടക്കകൾ, 158 എച്ച്.ഡി.യു. കിടക്കകൾ, 96 ഐ.സി.യു. കിടക്കകൾ എന്നിങ്ങനെ ആകെ 744 കിടക്കകളാണ് സജ്ജമാക്കുന്നത്. മൂന്നാം തരംഗം മുന്നിൽ കണ്ട് വലിയ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. ആശുപത്രികളിൽ ഐസിയു, ഓക്‌സിജൻ കിടക്കകൾ വർധിപ്പിച്ച് വരുന്നു. ഇതോടൊപ്പം ഓക്‌സിജന്റെ ലഭ്യതയും ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

സ്റ്റേറ്റ് കോവിഡ് കൺട്രോൾ റൂം സന്ദർശിച്ച് നടത്തിയ അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വിശദമാക്കിയത്. കോവിഡ് പ്രതിരോധത്തിന് ആത്മാർത്ഥ സേവനം നടത്തുന്ന സംസ്ഥാന, ജില്ലാതല കൺട്രോൾ റൂമിലെ എല്ലാ ജീവനക്കാരേയും അഭിനന്ദിക്കുന്നുവെന്ന് മന്ത്രി വിശദമാക്കി.

ഡോക്ടർമാർ ഉൾപ്പെടെയുള്ള നൂറോളം ആരോഗ്യ വിദഗ്ധരാണ് ഒരു ഇടവേളയുമില്ലാതെ കൺട്രോൾ റൂമിൽ പ്രവർത്തിച്ചു വരുന്നത്. ഓരോ ദിവസവും പ്രത്യേക അവലോകന യോഗം കൂടിയാണ് കോവിഡിനെതിരായ പുതിയ തന്ത്രങ്ങളും പ്രതിരോധ പദ്ധതികളും ആവിഷ്‌ക്കരിക്കുന്നത്. രോഗബാധിത പ്രദേശങ്ങളിൽ നിന്നും വന്നവരുടെ വിവരശേഖരണം, പോസിറ്റീവ് രോഗികളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കാൽ, വൈദ്യ സഹായം, വീടുകളിലെ നിരീക്ഷണം, മരുന്നുകളുടേയും പ്രതിരോധ ഉപകരണങ്ങളുടേയും ലഭ്യത, രോഗ നിരീക്ഷണം, ബോധവത്ക്കരണം, പരിശോധനകൾ, വാക്‌സിനേഷൻ തുടങ്ങി കോവിഡ് സംബന്ധമായ എല്ലാ കാര്യങ്ങളുടേയും ഏകോപനവും കൺട്രോൾ റൂമിലാണ് നടക്കുന്നതെന്നും വീണാ ജോർജ് വ്യക്തമാക്കി.

കാബൂൾ: സ്ത്രീ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി താലിബാൻ. ഇസ്ലാം ഉറപ്പ് നൽകുന്ന എല്ലാ അവകാശങ്ങളും സ്ത്രീകൾക്ക് നൽകുമെന്ന് താലിബാൻ അറിയിച്ചു. അഫ്ഗാനിൽ അധികാരം പിടിച്ചെടുത്ത ശേഷം നടത്തിയ ആദ്യ വാർത്താസമ്മേളനത്തിലാണ് താലിബാന്റെ പ്രതികരണം.

ആഭ്യന്തരവും വൈദേശികവുമായ ശത്രുക്കളെ ആഗ്രഹിക്കുന്നില്ലെന്ന് താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മറ്റ് രാജ്യങ്ങളുമായി സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും സബീഹുല്ല മുജാഹിദ് വ്യക്തമാക്കി.

1990 ലെ പ്രത്യയശാസ്ത്രത്തിൽ നിന്നോ വിശ്വാസത്തിൽ നിന്നോ യാതൊരു വ്യത്യാസവുമില്ല. എന്നാൽ അനുഭവങ്ങളുടെ വെളിച്ചത്തിൽ ചില മാറ്റങ്ങൾ ഉണ്ടാകും.ദേശീയമൂല്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കരുതെന്ന് താലിബാൻ മാദ്ധ്യമങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.

ഇസ്ലാമിക നിയമങ്ങൾക്കുള്ളിൽ നിന്ന് സ്ത്രീകൾ സംരക്ഷിക്കപ്പെടും. സമൂഹത്തിൽ സ്ത്രീകൾക്ക് നല്ല രീതിയിൽ ഇടപെടാം. ജോലിക്ക് പോകുകയും ചെയ്യാം. പക്ഷേ അതെല്ലാം ഇസ്ലാമിക നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്ന് മാത്രമേ അനുവദിക്കൂവെന്ന് താലിബാൻ വിശദമാക്കി.

വിദ്യാഭ്യാസമുള്ള ആരും രാജ്യം വിടരുത്. സമാധാനവും സ്ഥിരതയാർന്ന ഭരണവുമാണ് താലിബാൻ ആഗ്രഹിക്കുന്നത്. മുൻ സർക്കാറിനൊപ്പം നിന്നവർക്കും താലിബാൻ പൊതുമാപ്പ് നൽകും. അഫ്ഗാന്റെ മണ്ണിൽ മറ്റ് രാജ്യങ്ങൾക്കെതിരായ പ്രവർത്തനങ്ങൾ അനുവദിക്കില്ല. യു.എൻ അടക്കമുള്ള അന്താരാഷ്ട്ര ഏജൻസികൾ ചർച്ചയ്ക്ക് തയ്യാറാകണമെന്നും താലിബാൻ ആവശ്യപ്പെടുന്നു.

തിരുവനന്തപുരം: താലിബാനെ കുറ്റപ്പെടുത്തി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായ എം കെ മുനീർ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിനെതിരെ രൂക്ഷ വിമർശനം. താലിബാന്റെ പ്രവർത്തനങ്ങളെ കുറ്റപ്പെടുത്തിയുള്ള ഫേസ്ബുക്ക് പോസ്റ്റിന് താഴെ രൂക്ഷ വിമർശനങ്ങളുമായി എത്തിയിരിക്കുകയാണ് താലിബാൻ അനുകൂലികൾ. താലിബാൻ കാബൂൾ പിടിച്ചടക്കിയതിന് പിന്നാലെ അഫ്ഗാൻ ജനത നേരിടുന്ന പ്രതിസന്ധികൾ വിശദമാക്കിയാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്. മനുഷ്യാവകാശങ്ങളെ മാനിക്കാത്ത താലിബാന്റെ പ്രവർത്തനങ്ങളെ തള്ളിയും രൂക്ഷ വിമർശനം ഉയർത്തിയുമുള്ള കുറിപ്പിന് താഴെ നിരവധി പേരാണ് കമന്റുകളുമായെത്തിയത്.

അഫ്ഗാനിസ്താനിൽ നിന്നും ആളുകൾ കൂട്ടപലായനം ചെയ്യുന്നത് താലിബാനെ ഭയന്നാണെന്ന് മുനീർ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. ഹിംസയുടെ ഇത്തരം രീതിശാസ്ത്രങ്ങൾ ഒരിടത്തും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ലെന്നും മുനീർ വ്യക്തമാക്കിയിട്ടുണ്ട്. എംഎസ്എഫിനെതിരെ പരാതി നൽകിയ ഹരിത നേതാക്കളെ പിന്തുണയ്ക്കുന്ന നിലപാട് എടുക്കാതെ സംഘടനയുടെ പ്രവർത്തനം പരിഹസിച്ചവരാണ് താലിബാനെ വിമർശിക്കുന്നതെന്നാണ് ചിലരുടെ പരിഹാസം. ഈ പോസ്റ്റ് മതേതരത്വം തെളിയിക്കാനിട്ടതാണെന്ന് വിമർശിക്കുന്നവരും ഉണ്ട്. രണ്ടായിരത്തിലധികം ആളുകൾ കുറിപ്പിന് താഴെ കമന്റിട്ടിട്ടുണ്ട്. അതേസമയം മുനീറിനെതിരെയുള്ള വിമർശനം രൂക്ഷമായതോടെ താലിബാൻ ആരാധകരെ തിരിച്ചറിയാമെന്ന പ്രതികരണവുമായി മറ്റുചിലരും രംഗത്തെത്തിയിട്ടുണ്ട്.

തൃശൂർ: 2020 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പി.എഫ് മാത്യൂസ്, ഉണ്ണി. ആർ, ഒ.പി സുരേഷ് തുടങ്ങിയവരാണ് പുരസ്‌കാരത്തിന് അർഹരായത്. അടിയാളപ്രേതം എന്ന നോവലിനാണ് പി എഫ് മാത്യൂസ് പുരസ്‌കാരം നേടിയത്. ഒ പി സുരേഷിന് താജ്മഹൽ എന്ന കവിതയ്ക്കും ഉണ്ണിയ്ക്ക് വാങ്ക് എന്ന ചെറുകഥയ്ക്കുമാണ് പുരസ്‌കാരം ലഭിച്ചത്.

25,000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്‌കാരം. മുതിർന്ന എഴുത്തുകാരായ സേതുവിനും പെരുമ്പടവം ശ്രീധരനും അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ചു. 50,000 രൂപയും രണ്ടു പവന്റെ സ്വർണ പതക്കവുമാണ് പുരസ്‌കാരം. കെ.കെ കൊച്ച്, മാമ്പുഴ കുമാരൻ, കെ.ആർ മല്ലിക, സിദ്ധാർഥൻ പരുത്തിക്കാട്, ചവറ കെ.എസ് പിള്ള, എം.എ റഹ്മാൻ എന്നിവർക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു. 30,000 രൂപയും സാക്ഷ്യപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

ശ്രീജിത്ത് പൊയിൽക്കാവ് (നാടകം), ഡോ. പി സോമൻ (സാഹിത്യ വിമർശനം), ടി.കെ ആനന്ദി (വൈജ്ഞാനിക സാഹിത്യം), കെ. രഘുനാഥൻ (ജീവചരിത്രം-ആത്മകഥ), വിധു വിൻസെന്റ് (യാത്രാവിവരണം), അനിത തമ്പി, സംഗീത ശ്രീനിവാസൻ (വിവർത്തനം) പ്രിയ എ.എസ് ബാലസാഹിത്യം, ഇന്നസെന്റ് (ഹാസസാഹിത്യം) തുടങ്ങിയവരും പുരസ്‌കാരം നേടി.

പ്രൊഫ. പി നാരായണമേനോൻ (ഐ.സി ചാക്കോ അവാർഡ്), ജെ. പ്രഭാഷ്, ടി.ടി ശ്രീകുമാർ (സി.ബി കുമാർ അവാർഡ്), വി. ശിശുപാലപ്പണിക്കർ (കെ.ആർ നമ്പൂതിരി അവാർഡ്), ചിത്തിര കുസുമൻ (കനകശ്രീ അവാർഡ്), കെ.എൻ പ്രശാന്ത് (ഗീതാ ഹിരണ്യൻ അവാർഡ്), കേശവൻ വെളുത്താട്ട്, വി. വിജയകുമാർ (ജി.എൻ പിള്ള അവാർഡ്), എം.വി നാരായണൻ (കുറ്റിപ്പുഴ അവാർഡ്), ഗീതു എസ്.എസ് (തുഞ്ചൻ സ്മാരക പ്രബന്ധ മത്സരം) എന്നിവർ എൻഡോവ്മെന്റ് പുരസ്‌കാരത്തിനും അർഹരായി.

ന്യൂയോർക്ക്: താലിബാനും താലിബാൻ അനുകൂല പോസ്റ്റുകൾക്കും ഫേസ്ബുക്ക് വിലക്കേർപ്പെടുത്തി. അഫ്ഗാനിസ്താനിൽ അഷ്റഫ് ഗനി ഭരണകൂടത്തെ അട്ടിമറിച്ച് അധികാരം പിടിച്ചതോടെയാണ് ഫേസ്ബുക്കിന്റെ നീക്കം. താലിബാനെ ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് വിലക്കേർപ്പെടുത്തുന്നതെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി.

ആശയവിനിമയത്തിനായി താലിബാൻ ഫേസ്ബുക്കിന്റെ മെസേജിങ് ആപ്പായ വാട്‌സ് ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. അഫ്ഗാനിസ്താനിലെ സ്ഥിതിഗതികൾ കമ്പനി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും വാട്‌സ് ആപ്പ് അക്കൗണ്ടുകൾ നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും ഫേസ്ബുക്ക് മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ ദിവസമാണ് അഫ്ഗാന്റെ നിയന്ത്രണം താലിബാൻ പിടിച്ചടക്കിയത്.

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം അഫ്ഗാനിൽ താലിബാൻ ആധിപത്യം തിരിച്ചുപിടിക്കുമ്പോൾ അഫ്ഗാൻ ജനതയുടെ മനുഷ്യവകാശങ്ങളേയും അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തേയും ബാധിക്കുമെന്നാണ് ആശങ്ക ഉയരുന്നത്.

covid

കൊച്ചി: കോവിഡ് വാക്‌സിൻ രണ്ടുഡോസ് സ്വീകരിച്ചവർക്ക് മൂന്നാം ഡോസ് നൽകാനാവില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. ഹൈക്കോടതിയിലാണ് കേന്ദ്ര സർക്കാർ നിലപാട് അറിയിച്ചത്. അധിക ഡോസിന് അനുമതി തേടിയുള്ള ഹർജി ഹൈക്കോടതി പരിഗണിക്കവെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. മൂന്നാം ഡോസ് നൽകുന്നതിനുള്ള മാർഗ രേഖ ഇല്ലെന്നും കേന്ദ്രം ഹൈക്കോടതിയിൽ പറഞ്ഞു.

കണ്ണൂർ സ്വദേശി ഗിരികുമാറാണ് കോവിഡ് വാക്‌സിന്റെ അധിക ഡോസ് നൽകാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കൊവാക്‌സിൻ സൗദി അംഗീകരിക്കുന്നില്ലെന്നും അതിനാൽ അധിക ഡോസ് നൽകാൻ നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഗിരികുമാർ കോടതിയിൽ ഹർജി സമർപ്പിച്ചത്.

ടൊറന്റൊ: താലിബാൻ നിയന്ത്രണത്തിലാക്കിയതോടെ അഫ്ഗാനിസ്ഥാനിൽ പലായനം ചെയ്യേണ്ടി വരുന്ന ഹിന്ദു, സിഖ് വംശജർക്ക് അഭയം നൽകുമെന്ന് കനേഡിയൻ സർക്കാർ. 20,000 ഹിന്ദു, സിഖ് വംശജർക്ക് കാനഡയിൽ അഭയം നൽകുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. ന്യൂയോർക്കിൽ ഓഗസ്റ്റ് 16 ന് ചേർന്ന യുഎൻ സെക്യൂരിറ്റി കൗൺസിലിലാണ് കാനഡ ഇക്കാര്യം വ്യക്തമാക്കിയത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വലിയൊരു കൂട്ടം രക്ഷാപ്രവർത്തകർ അഫ്ഗാനിസ്ഥാനിൽ ഇരുപത്തിനാലു മണിക്കൂറും ഇത് സംബന്ധിച്ചു പ്രവർത്തന നിരതരാണെന്ന് കാനഡ ഇമിഗ്രേഷൻ മിനിസ്റ്റർമാർക്കൊ മെൻഡിസി അറിയിച്ചു. ആൽബർട്ടായിലുള്ള മാൻമീറ്റ് സിംഗ് ബുള്ളർ ഫൗണ്ടേഷനുമായി അഭയാർഥികളെ സംരക്ഷിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. നിരവധി കുടുംബങ്ങളെ ഇതിനോടകം തന്നെ കാനഡയിൽ എത്തിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ സ്ഥിതി ഹൃദയഭേദകമാണെന്നും അദ്ദേഹം പറഞ്ഞു. അഭയാർഥികളെ കൊണ്ടുവരുന്നതിനുള്ള സഹകരണം നൽകുമെന്ന് കാനഡ പ്രതിരോധവകുപ്പ് മന്ത്രിയും സിഖ് വംശജനുമായ ഹർജിത് സാജനും അറിയിച്ചു.

1990 ൽ താലിബാൻ അഫ്ഗാന്റെ ഭരണം ഏറ്റെടുത്തപ്പോൾ 200,000 ഹിന്ദു, സിഖ് കുടുംബാംഗങ്ങൾക്കാണ് കാനഡ അഭയം നൽകിയത്.