തിരുവനന്തപുരം: താലിബാനെ കുറ്റപ്പെടുത്തി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായ എം കെ മുനീർ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിനെതിരെ രൂക്ഷ വിമർശനം. താലിബാന്റെ പ്രവർത്തനങ്ങളെ കുറ്റപ്പെടുത്തിയുള്ള ഫേസ്ബുക്ക് പോസ്റ്റിന് താഴെ രൂക്ഷ വിമർശനങ്ങളുമായി എത്തിയിരിക്കുകയാണ് താലിബാൻ അനുകൂലികൾ. താലിബാൻ കാബൂൾ പിടിച്ചടക്കിയതിന് പിന്നാലെ അഫ്ഗാൻ ജനത നേരിടുന്ന പ്രതിസന്ധികൾ വിശദമാക്കിയാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്. മനുഷ്യാവകാശങ്ങളെ മാനിക്കാത്ത താലിബാന്റെ പ്രവർത്തനങ്ങളെ തള്ളിയും രൂക്ഷ വിമർശനം ഉയർത്തിയുമുള്ള കുറിപ്പിന് താഴെ നിരവധി പേരാണ് കമന്റുകളുമായെത്തിയത്.
അഫ്ഗാനിസ്താനിൽ നിന്നും ആളുകൾ കൂട്ടപലായനം ചെയ്യുന്നത് താലിബാനെ ഭയന്നാണെന്ന് മുനീർ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. ഹിംസയുടെ ഇത്തരം രീതിശാസ്ത്രങ്ങൾ ഒരിടത്തും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ലെന്നും മുനീർ വ്യക്തമാക്കിയിട്ടുണ്ട്. എംഎസ്എഫിനെതിരെ പരാതി നൽകിയ ഹരിത നേതാക്കളെ പിന്തുണയ്ക്കുന്ന നിലപാട് എടുക്കാതെ സംഘടനയുടെ പ്രവർത്തനം പരിഹസിച്ചവരാണ് താലിബാനെ വിമർശിക്കുന്നതെന്നാണ് ചിലരുടെ പരിഹാസം. ഈ പോസ്റ്റ് മതേതരത്വം തെളിയിക്കാനിട്ടതാണെന്ന് വിമർശിക്കുന്നവരും ഉണ്ട്. രണ്ടായിരത്തിലധികം ആളുകൾ കുറിപ്പിന് താഴെ കമന്റിട്ടിട്ടുണ്ട്. അതേസമയം മുനീറിനെതിരെയുള്ള വിമർശനം രൂക്ഷമായതോടെ താലിബാൻ ആരാധകരെ തിരിച്ചറിയാമെന്ന പ്രതികരണവുമായി മറ്റുചിലരും രംഗത്തെത്തിയിട്ടുണ്ട്.

