ന്യൂയോർക്ക്: താലിബാനും താലിബാൻ അനുകൂല പോസ്റ്റുകൾക്കും ഫേസ്ബുക്ക് വിലക്കേർപ്പെടുത്തി. അഫ്ഗാനിസ്താനിൽ അഷ്റഫ് ഗനി ഭരണകൂടത്തെ അട്ടിമറിച്ച് അധികാരം പിടിച്ചതോടെയാണ് ഫേസ്ബുക്കിന്റെ നീക്കം. താലിബാനെ ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് വിലക്കേർപ്പെടുത്തുന്നതെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി.
ആശയവിനിമയത്തിനായി താലിബാൻ ഫേസ്ബുക്കിന്റെ മെസേജിങ് ആപ്പായ വാട്‌സ് ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. അഫ്ഗാനിസ്താനിലെ സ്ഥിതിഗതികൾ കമ്പനി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും വാട്‌സ് ആപ്പ് അക്കൗണ്ടുകൾ നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും ഫേസ്ബുക്ക് മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ ദിവസമാണ് അഫ്ഗാന്റെ നിയന്ത്രണം താലിബാൻ പിടിച്ചടക്കിയത്.
രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം അഫ്ഗാനിൽ താലിബാൻ ആധിപത്യം തിരിച്ചുപിടിക്കുമ്പോൾ അഫ്ഗാൻ ജനതയുടെ മനുഷ്യവകാശങ്ങളേയും അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തേയും ബാധിക്കുമെന്നാണ് ആശങ്ക ഉയരുന്നത്.

