General (Page 1,446)

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്ച്ചകൾ വ്യക്തമാക്കി ആരോഗ്യവിദഗ്ധൻ എസ് എസ് ലാൽ. രോഗ വ്യാപനം കൂടിയ ജില്ലകളിലെ പ്രശ്‌നങ്ങൾ മനസിലാക്കി രോഗപ്രതിരോധ പ്രവർത്തങ്ങളിൽ മാറ്റം വരുത്താൻ തയ്യാറായാൽ മാത്രമേ രോഗവ്യാപന നിരക്ക് കുറയ്ക്കാൻ സാധിക്കുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. അതിനു മുതിരാതെ തലസ്ഥാനത്ത് മാത്രം ഇരുന്നു കൊണ്ട് ജില്ലകളിലെ കാര്യങ്ങൾ മനസിലാക്കാതെ ഉത്തരവുകൾ ഇറക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെ രീതിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആരോഗ്യ വകുപ്പിന്റെ നെടുംതൂണായ ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ എന്നിവർ നിശ്ശബ്ദരാണ്. നാട്ടിൽ പൊതുജനാരോഗ്യ പ്രശ്നം ഉണ്ടായാൽ അത് കൈകാര്യം ചെയ്യേണ്ടത് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിൽ ആ വകുപ്പാണ്. ഒപ്പം നിലവിലുള്ള ബാക്കി ആരോഗ്യ സംവിധാനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

ആരോഗ്യ പ്രവർത്തകരെ വിശ്വാസത്തിൽ എടുത്ത് അവരുടെ പ്രശ്ങ്ങൾ മനസിലാക്കിയാൽ മാത്രമേ ഫലപ്രദമായി കോവിഡ് നിയന്ത്രിക്കാൻ കഴിയൂ. ഓൺലൈൻ മീറ്റിംഗുകളിൽ ഇരുന്ന് വിമർശിക്കുന്നതിനു പകരം ജില്ലകളിലെ പ്രശ്‌നങ്ങൾ മനസിലാക്കി ക്രിയാത്മക പരിഹാരം കണ്ടെത്തുന്ന നേതൃനിരയാണ് ഇപ്പോൾ ആരോഗ്യ വകുപ്പിനും കേരളത്തിനും വേണ്ടത്. ഉന്നത ഉദ്യോഗസ്ഥർ പ്രശ്‌ന ജില്ലകൾ സന്ദർശിക്കണം. ഒപ്പം ആരോഗ്യ വകുപ്പ് ഡയറക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർമാർക്കും സ്വന്തത്രമായി പ്രവർത്തിക്കാൻ ഉള്ള സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുമ്പോൾ ….

സംസ്?ഥാനത്തെ കൊവിഡ്? വ്യാപനവും പ്രതിരോധപ്രവർത്തനങ്ങളും വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ന് കേരളത്തിൽ എത്തിച്ചേർന്നിട്ടുണ്ട്. രാജ്യത്തെ പകുതിയിലധികം കൊവിഡ് രോഗികൾ കേരളത്തിലായിരിക്കെ സംസ്ഥാനത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തിച്ചേർന്നത്. കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ ഇതിനു മുൻപും കേന്ദ്രത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരും പൊതുജനാരോഗ്യ വിദഗ്ദ്ധരും കോവിഡ് വ്യാപനം കൂടിയ ജില്ലകളിൽ സന്ദർശനം നടത്തിയിട്ടുണ്ട്. ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിൽ ആരോഗ്യകരമായ ഇത്തരം നടപടികൾ സ്വാഭാവികവും അവശ്യവുമാണ്. അതിനകത്ത് രാഷ്ടീയം കലർത്താൻ ശ്രമിച്ചാൽ നമ്മൾ എതിർക്കണം. അതുപോലെ ഇത്തരം സന്ദർശനങ്ങളെ അനാവശ്യമായി നമ്മൾ എതിർക്കാനും പാടില്ല. ദേശീയ തലത്തിൽ നമുക്ക് മേന്മയേറിയ സ്ഥാപനങ്ങളും വലിയ വിദഗ്ദ്ധരും ഉണ്ട്. കേന്ദ്ര വിദഗ്ദ്ധരുടെ സഹായം സ്വീകരിക്കാൻ നമ്മൾ മടിക്കരുത്.

ഇത് പറയുമ്പോഴാണ് നമ്മുടെ ആരോഗ്യ സെക്രട്ടറിയും, ഹെൽത്ത് മിഷൻ ഡയറക്ടർഉം, ജോയിന്റ് സെക്രട്ടറിയും അടങ്ങുന്ന ഉദ്യോഗസ്ഥർ നമ്മുടെ ജില്ലകൾ സന്ദർശിക്കുന്നില്ല എന്ന കാര്യം ശ്രദ്ധിക്കേണ്ടത്. തിരുവനന്തപുരത്തെ ഓൺലൈൻ മീറ്റിംഗുകളിൽ നിന്നിറങ്ങി ജില്ലകളിൽ പോയി അവിടത്തെ പ്രശ്ങ്ങൾ മനസിലാക്കാൻ ഒരു തവണ പോലും അവരാരും ശ്രമിച്ചതായി അറിവില്ല. രോഗ വ്യാപനം കൂടിയ ജില്ലകളിലെ പ്രശ്‌നങ്ങൾ മനസിലാക്കി രോഗപ്രതിരോധ പ്രവർത്തങ്ങളിൽ മാറ്റം വരുത്താൻ തയ്യാറായാൽ മാത്രമേ രോഗവ്യാപന നിരക്ക് കുറയ്ക്കാൻ സാധിക്കുകയുള്ളു. അതിനു മുതിരാതെ തലസ്ഥാനത്ത് മാത്രം ഇരുന്നു കൊണ്ട് ജില്ലകളിലെ കാര്യങ്ങൾ മനസിലാക്കാതെ ഉത്തരവുകൾ ഇറക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെ രീതി.

ആരോഗ്യ വകുപ്പിന്റെ നെടുംതൂണായ ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ എന്നിവർ നിശ്ശബ്ദരാണ്. നാട്ടിൽ പൊതുജനാരോഗ്യ പ്രശ്നം ഉണ്ടായാൽ അത് കൈകാര്യം ചെയ്യേണ്ടത് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിൽ ആ വകുപ്പാണ്. ഒപ്പം നിലവിലുള്ള ബാക്കി ആരോഗ്യ സംവിധാനങ്ങളാണ്. കേരളത്തിൽ ആരോഗ്യ രംഗത്തെ അധികാരി ആരോഗ്യവകുപ്പ് ഡയറക്ടറാണ്. ഹെൽത്ത് സെക്രട്ടറിയോ മറ്റ് ഐ.എ.എസ് ഉദ്യോഗസ്ഥരോ അല്ല. പൊതുജനാരോഗ്യ പ്രശ്‌നമായ കൊവിഡിനെ സർക്കാർ ഒരു ഭരണ പ്രശ്‌നമായും ക്രമസമാധാന പ്രശ്‌നമായും ഒക്കെ മാറ്റിയത് വലിയ അപകടമാണ്. കേരളത്തിൽ ചില ഐ.എ.എസ് കാരും ഐ.പി.എസ് കാരും കൊവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾ ഹൈജാക്ക് ചെയ്തിരിക്കയാണ്. ജില്ലകളിൽ പോലീസ് സൂപ്രണ്ടുമാരാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ജില്ലകളിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസർ, സർവെയ്ലൻസ് ഓഫീസർ, എപിഡമിയോളജിസ്‌റ്, കോവിഡ് കണ്ട്രോൾ റൂം ഓഫീസർമാർ, മെഡിക്കൽ ഓഫീസർമാർ തുടങ്ങി മറ്റ് ആരോഗ്യ പ്രവർത്തകരും കഴിഞ്ഞ ഒന്നര വർഷമായി കൊവിഡ് പ്രതിരോധിക്കാൻ പോരാടുകയാണ്.

രോഗപ്രതിരോധ പ്രവർത്തങ്ങൾ നടപ്പാക്കുന്നതിനോടോപ്പം മന്ത്രിമാർ, ഐഎസ് ഉദ്യോഗസ്ഥർ, എം.ൽ.എ, എം.പി, തദ്ദേശ സ്ഥാപനങ്ങളിലെ ജന പ്രതിനിധികൾ, തുടങ്ങി സാധാരണ ജനങ്ങൾ ഉൾപ്പെടെ എല്ലാവരുടെയും ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടതും ഇവർ തന്നെയാണ്. ഇവർ നേരിടുന്ന പ്രശ്‌നങ്ങൾ മനസിലാക്കാതെയാണ് പലപ്പോഴും മുകളിൽ നിന്നും തീരുമാനങ്ങൾ ഉണ്ടാകുന്നത്. അവലോകന മീറ്റിംഗുകളിൽ ടി.പി.ആർ കുറയാത്തതിന്റെ പാപഭാരം മുഴുവൻ ചുമക്കേണ്ടി വരുന്നത് ജില്ലാ മെഡിക്കൽ ഓഫീസർമാരും ബാക്കി ആരോഗ്യ പ്രവർത്തകരുമാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ജില്ലാ മെഡിക്കൽ ഓഫീസർ ഉൾപ്പെടയുള്ള പ്രധാനപ്പെട്ട ആരോഗ്യ പ്രവർത്തകരുടെ സമയം രണ്ടു കാര്യങ്ങൾക്കാണ് പ്രധാനമായി പോകുന്നത്. ഒന്നാമതായി രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെ മീറ്റിംഗുകൾ. മണിക്കൂറുകൾ നീളുന്ന മീറ്റിംഗുകൾ. മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് സെക്രട്ടറി, ആരോഗ്യ വകുപ്പ് മേധാവി, ജില്ലാ കളക്ടർ, ജില്ലാ പഞ്ചായത്ത്, DDMA, ഇങ്ങനെ പോകുന്നു ദിവസേന മീറ്റിംഗ് നടത്തുന്നവരുടെ പട്ടിക. ഇതിനോടൊപ്പം എല്ലാ പ്രാധാന ഓഫീസർമാർക്കും സമാന്തരമായി അവരുടെ മീറ്റിംഗുകൾ ഉണ്ട്. നടന്ന മീറ്റിംഗുകളുടെ തീരുമാനങ്ങൾ പോലും താഴോട്ട് ചർച്ച ചെയ്തു നടപ്പാക്കാൻ സമയമില്ല. ഈ മീറ്റിംഗുകളിൽ ഇന്ന് പറയുന്ന കാര്യത്തിന് നേരെ കടക വിരുദ്ധമായി അടുത്ത ആഴ്ച പുതിയ തീരുമാനം വരും. വാക്സിൻ ലഭിക്കാത്തതിന്റെ പേരിൽ പൊതുജനങ്ങളുടെയും, ജനപ്രധിനിധികളുടെയും പരാതികൾക്ക് മറുപടി നൽകുക എന്നതാണ് ആരോഗ്യ പ്രവർത്തകരുടെ രണ്ടാമത്തെ പ്രധാന പണി.

എല്ലാ സംസ്ഥാനങ്ങളിലും ആരോഗ്യ സെക്രട്ടറി കഴിഞ്ഞാൽ കൊവിഡ് പ്രതിരോധനത്തിന്റെ പ്രധാന ചുമതല വഹിക്കുന്നത് ദേശീയ ആരോഗ്യ മിഷൻ ഡയറക്ടർ ആണ്. കോവിഡ് എമർജൻസി റെസ്‌പോൺസ് പാക്കേജുകൾ കേന്ദ്ര ഗവണ്മെന്റ് നൽകുന്നത് നാഷണൽ ഹെൽത്ത് മിഷനിലൂടെയാണ്. വാക്സിനേഷന്റെ ചുമതലയും ഇദ്ദേഹത്തിനാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. GST കമ്മീഷണർ എന്ന പ്രധാന തസ്തിക കൈക്കാര്യം ചെയുന്ന ഉദ്യോഗസ്ഥന് അധിക ചുമതലയായിട്ടാണ് ഇത്രയധികം പ്രധാനപ്പെട്ട ആരോഗ്യ മിഷൻ ഉത്തരവാദിത്വം നൽകിയിരിക്കുന്നത്. ഇതേ സർക്കാർ സംവിധാനം തന്നെയാണ് നിരന്തരമായി ജോലിയെടുക്കുന്ന ആരോഗ്യ പ്രവർത്തകരെ ടി.പി.ആർ കുറയുന്നില്ല എന്നും, വാക്സിനേഷൻ കൂട്ടാൻ കഴിയുന്നില്ല എന്നും പറഞ്ഞ് പഴിക്കുന്നത്. ടെസ്റ്റിംഗ് കൂട്ടുകയും വാക്സിനേഷൻ കൂട്ടുകയും ചെയ്യേണ്ടത് ഒരേ സംവിധാനമാണെന്ന കാര്യം മറക്കുന്നു.

ഇതിനൊപ്പം ജില്ലകളിലെ പ്രശ്‌നങ്ങൾ വ്യത്യസ്തമാണ്. തിരുവന്തപുരത്തെ പ്രശ്‌നങ്ങളല്ല കോഴിക്കോട്. പാലക്കാട് ജില്ലിലെ പ്രശ്‌നമല്ല മലപ്പുറത്ത്. ഇതൊക്കെ മനസിലാക്കി പ്രശ്‌നത്തിന് അനുസരണമായി കാര്യങ്ങൾ ആസൂത്രണം ചെയ്യാനുള്ള ദിശാബോധം ഉയർന്ന ഉദ്യോഗസ്ഥർ കാണിക്കുന്നില്ല.

ആരോഗ്യ പ്രവർത്തകരെ വിശ്വാസത്തിൽ എടുത്ത് അവരുടെ പ്രശ്ങ്ങൾ മനസിലാക്കിയാൽ മാത്രമേ ഫലപ്രദമായി കോവിഡ് നിയന്ത്രിക്കാൻ കഴിയൂ. ഓൺലൈൻ മീറ്റിംഗുകളിൽ ഇരുന്ന് വിമർശിക്കുന്നതിനു പകരം ജില്ലകളിലെ പ്രശ്‌നങ്ങൾ മനസിലാക്കി ക്രിയാത്മക പരിഹാരം കണ്ടെത്തുന്ന നേതൃനിരയാണ് ഇപ്പോൾ ആരോഗ്യ വകുപ്പിനും കേരളത്തിനും വേണ്ടത്. ഉന്നത ഉദ്യോഗസ്ഥർ പ്രശ്‌ന ജില്ലകൾ സന്ദർശിക്കണം. ഒപ്പം ആരോഗ്യ വകുപ്പ് ഡയറക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർമാർക്കും സ്വന്തത്രമായി പ്രവർത്തിക്കാൻ ഉള്ള സാഹചര്യം ഒരുക്കണം.
അജ്ഞാതരായ ആരൊക്കെയോ ആണ് സർക്കാരിനെ ഉപദേശിക്കുന്നത്. സർക്കാരിന്റെ വക അബദ്ധ തീരുമാനങ്ങൾ തങ്ങളുടെ ഉപദേശ പ്രകാരമല്ലെന്ന് സർക്കാരിന്റെ വിദഗ്ദ്ധ സമിതിയിലെ പല അംഗങ്ങളും ആണയിട്ടു പറയുന്നുണ്ട്. സർക്കാരിനെ വഴി തെറ്റിക്കുന്ന ഉപദേശികളെ ഇനിയും വാഴിക്കണോ എന്ന് മുഖ്യമന്ത്രിയും ആലോചിക്കണം. തെറ്റായ ഓരോ തീരുമാനവും ജനങ്ങളെ നേരിട്ട് ബാധിക്കുന്നവയാണ്.

ഡോ: എസ്.എസ്. ലാൽ

തിരുവനന്തപുരം: ബെവ്കോ ചില്ലറ വിൽപനശാലകളിൽ ഓൺലൈനായി മദ്യം ബുക്ക് ചെയ്യാം. ബെവ്കോ ചില്ലറ വിൽപനശാലകളിലെ തിരക്കും ക്യൂവും കുറയ്ക്കുന്നതിനാണ് പുതിയ നടപടി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഓഗസ്റ്റ് 17 മുതൽ തെരഞ്ഞെടുത്ത ചില്ലറ വിൽപനശാലകളിൽ നിന്നും ഉപഭോക്താക്കൾക്ക് ഓൺലൈനായി തുക അടച്ച് ബുക്ക് ചെയ്ത് മദ്യം വാങ്ങാം.

തുടക്കത്തിൽ ഈ സൗകര്യം കോർപ്പറേഷന്റെ തിരുവനന്തപുരം എഫ്.എൽ.1/11008 വെഎംസി പാവമണി എന്നീ ചില്ലറ വിൽപനശാലകളിൽ പരീക്ഷണ അടിസ്ഥാനത്തിൽ നടത്തും. https:booking.ksbc.co.in എന്ന ലിങ്ക് വഴി ഓൺലൈൻ ബുക്കിംഗ് നടത്താം. ഓൺലൈനായി പണം അടച്ച് ബുക്ക് ചെയ്യുന്നതിന് ഉപഭോക്താക്കൾ സ്വന്തം മൊബൈലിൽ നമ്പർ നൽകി അതിൽ ലഭ്യമാകുന്ന ഒ.റ്റി.പി ടൈപ്പ് ചെയ്ത് വെരിഫൈ ചെയ്ത് രജിസ്ട്രേഷൻ പൂർത്തിയാക്കണം. അതിനുശേഷം ഉപഭോക്താക്കളുടെ പ്രൊഫൈൽ ക്രിയേറ്റ് ചെയ്യാൻ പേരും ഇമെയിൽ ഐഡിയും ജനനത്തീയതിയും പാസ്‌വേഡും നൽകണം. ഇത് നൽകിയ ശേഷം ആപ്ലിക്കേഷൻ വഴി ഉപഭോക്താക്കൾക്ക് വേണ്ട ജില്ലയും ചില്ലറ വിൽപനശാലയും അവിടെ ലഭ്യമായ മദ്യ ഇനങ്ങളുടെ വിവരങ്ങളും ലഭ്യമാകും. ഉപഭോക്താക്കൾക്ക് വേണ്ട മദ്യം തെരഞ്ഞെടുത്ത് കാർട്ടിൽ ചേർത്തതിനു ശേഷം ആയതിലേക്കുള്ള തുക പ്ലെയിസ് ഓർഡർ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് അടയ്ക്കാൻ ഇതിൽ ചേർത്തിട്ടുള്ള പെയ്മെന്റ് ഗേറ്റ്വേയിലേക്ക് പോകണം. ഇതിൽ വരുന്ന നിർദ്ദേശാനുസരണം പെയ്മെന്റ് നടത്താം. ഇതിനുശേഷം റഫറൻസ് നമ്പർ, ചില്ലറ വിൽപനശാലയുടെ വിവരങ്ങളും മദ്യം കൈപ്പറ്റേണ്ട സമയവും അടങ്ങിയ ഒരു എസ്.എം.എസ് സന്ദേശം രജിസ്റ്റർ ചെയ്ത് മൊബൈൽ നമ്പറിലേക്ക് ലഭിക്കും. ഉപഭോക്താക്കൾക്ക് എസ്.എം.എസ് സന്ദേശത്തിലുള്ള റഫറൻസ് നമ്പർ നൽകി ബുക്ക് ചെയ്ത് മദ്യം വാങ്ങാം.

ഈ സൗകര്യം ക്രമേണ കെഎസ്ബിസിയുടെ മറ്റു ചില്ലറ വിൽപനശാലകളിലും ലഭ്യമാക്കും. തുടക്കത്തിൽ പുതിയ സംവിധാനത്തിൽ പ്രശ്നങ്ങളുണ്ടെങ്കിൽ പരിഹാരത്തിന് ksbchelp@gmail.com എന്ന വിലാസത്തിൽ സന്ദേശമയക്കണം. പുതിയ ഓൺലൈൻ സംവിധാനം നടപ്പിലാക്കുന്നതിനായി ഒരു ഉപഭോക്തൃ സൗഹൃദ വെബ്സൈറ്റും https://ksbc.co.in സജ്ജമാക്കിയിട്ടുണ്ട്.

കാബൂൾ: താലിബാനെ അനുകൂലിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. താലിബാനുമായി സൗഹൃദത്തിന് തയ്യാറെന്ന് ചൈന പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇമ്രാൻ ഖാന്റെ തീരുമാനം. അഫ്ഗാനിസ്താനിൽ താലിബാൻ പൊട്ടിച്ചത് അടിമത്തത്തിന്റെ ചങ്ങലകളാണെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. അഫ്ഗാൻ ജനതയെ തുടർച്ചയായ സംഘർഷത്തിലേക്ക് തള്ളിവിടാതെ ചർച്ചയിലൂടെ പരിഹാരം കാണണമെന്നും പാകിസ്താൻ ആവശ്യപ്പെട്ടു.

അതേസമയം രാഷ്ട്രീയ പരിഹാരമാണ് അഫ്ഗാനിൽ ആവശ്യമെന്ന് പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി അറിയിച്ചു. താലിബാൻ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന യാഥാർത്ഥ്യം അംഗീകരിക്കുന്നതായി ബ്രിട്ടനും വ്യക്തമാക്കി.വേണ്ടത്ര ഗൗരവത്തോടെ കാര്യങ്ങൾ പഠിച്ച് വൈകാതെ താലിബാന്റെ കാര്യത്തിൽ ഒരു തീരുമാനം കൈക്കൊള്ളുമെന്ന് റഷ്യൻ പ്രസിഡന്റ് പുടിന്റെ പ്രതിനിധിയായ സമീർ കാബുലോവ് അറിയിച്ചു.

അഫ്ഗാൻ വിഷയം ചർച്ച ചെയ്യാൻ ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ യുഎൻ രക്ഷാസമിതിയുടെ യോഗം ചേർന്നിരുന്നു. മനുഷ്യാവകാശ ലംഘനം അനുവദിക്കില്ലെന്ന് യുഎൻ രക്ഷാസമിതി യോഗത്തിൽ അമേരിക്ക വ്യക്തമാക്കി. അഫ്ഗാൻ ജനത അന്തസ്സോടെ ജീവിക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്നും സ്ത്രീകളുടെ അവകാശം സംരക്ഷിക്കണമെന്നും അമേരിക്ക താലിബാനോട് ആവശ്യപ്പെട്ടു. അഫ്ഗാന്റെ അയൽരാജ്യങ്ങൾ അഭയാർത്ഥികളെ സ്വീകരിക്കണമെന്നും അമേരിക്ക അഭ്യർത്ഥിച്ചു. താലിബാൻ ദോഹ ധാരണ ലംഘിച്ചെന്ന് ബ്രിട്ടൻ കുറ്റപ്പെടുത്തി.

കോഴിക്കോട്: ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതിനൊപ്പമുള്ള ചിത്രം സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവെച്ചതിനെ തുടർന്നുണ്ടായ വിമർശനങ്ങൾക്കെതിരെ പ്രതികരണവുമായി പി ടി ഉഷ. മോഹൻ ഭാഗവതിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചതിൽ രാഷ്ട്രീയമില്ലെന്നും സ്‌പോർട്‌സ് മാത്രമാണ് തന്റെ രാഷ്ട്രീയമെന്നും പി ടി ഉഷ വ്യക്തമാക്കി. പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും പിടി ഉഷ പറഞ്ഞു.

നാഗ്പുരിൽ നടന്ന ഇന്ത്യാസ് ഇന്റർനാഷണൽ മൂവ്‌മെന്റ് ടു യുണൈറ്റഡ് നേഷൻസ് (ഐഐഎംയുഎൻ) എന്ന പരിപാടിക്കിടെ എടുത്ത ചിത്രമാണിത്. ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരവും പാരമ്പര്യവും ലോകത്തിന് കാട്ടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്. കോൺഗ്രസ് നേതാവ് ശശി തരൂർ, മുൻ കേന്ദ്ര മന്ത്രി സുരേഷ് പ്രഭു, മോഹൻ ഭാഗവത് തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തിരുന്നു. മോഹൻ ഭാഗവതിന്റെ കൂടെ മാത്രമല്ല, മറ്റുള്ളവർക്കൊപ്പവും ചിത്രം എടുത്തിരുന്നുവെന്നും ഒരുവിധത്തിലുള്ള രാഷ്ട്രീയ ചർച്ചയും ഈ കൂടിക്കാഴ്ചയിൽ ഉണ്ടായിട്ടില്ലെന്നും പി ടി ഉഷ കൂട്ടിച്ചേർത്തു.

താൻ ദിവസവും നിരവധി പേരെ കാണുന്നുണ്ട്. അതൊക്കെ രാഷ്ട്രീയം സംസാരിക്കാനല്ല. ഇത്തരം വിവാദങ്ങളിലേക്ക് തന്നെ വലിച്ചിഴയ്ക്കുന്നത് ഒട്ടും ശരിയായ നടപടിയല്ല. തന്നെ അപമാനിക്കലാണിത്. തന്നെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാൻ മനഃപൂർവമുള്ള ശ്രമം ഉണ്ടായിട്ടുണ്ടെന്നാണ് പി ടി ഉഷയുടെ ആരോപണം. ‘ഏകഭാരതം, ശ്രേഷ്ഠ ഭാരതം, നന്ദി മോഹൻ ഭാഗവത്’ എന്ന ക്യാപ്ഷനോടെയാണ് പി ടി ഉഷ ചിത്രം പങ്കുവെച്ചിരുന്നത്. ചിത്രത്തിന് താഴെ ചിലർ രൂക്ഷമായ കമന്റുകളുമായി എത്തി. ‘പയ്യോളി എക്‌സ്പ്രസ് പാളം തെറ്റി’, ‘ബിജെപിക്ക് അടുത്ത തെരഞ്ഞെടുപ്പിൽ കെട്ടിവെച്ച കാശ് നഷ്ടപ്പെടാനുള്ള അടുത്ത പ്രമുഖ സ്ഥാനാർത്ഥി’ തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന് താഴെ പ്രത്യക്ഷപ്പെട്ടത്.

ന്യൂഡൽഹി: ഇന്ധന – എക്‌സൈസ് നികുതി കുറക്കില്ലെന്ന് കേന്ദ്ര സർക്കാർ. കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമനാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുപിഎ സർക്കാരിന്റെ ഓയിൽ ബോണ്ട് ബാധ്യത ഇല്ലായിരുന്നുവെങ്കിൽ ഇന്ധന വിലയിൽ കേന്ദ്ര സർക്കാരിന് ഇളവുകൾ നൽകാനാകുമായിരുന്നുവെന്ന് ധനമന്ത്രി വ്യക്തമാക്കി.

1.44 ലക്ഷം കോടി രൂപയുടെ എണ്ണ കടപത്രം ഇറക്കിയാണ് യുപിഎ സർക്കാർ ഇന്ധന വില കുറച്ചത്. യുപിഎ സർക്കാരിന്റെ തന്ത്രം പിന്തുടരാൻ കഴിയില്ലെന്നും എണ്ണ കടപത്രം സർക്കാരിന് വലിയ ബാധ്യതയാണ് വരുത്തിയതെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു. പെട്രോളിനും ഡീസലിനും എന്തുകൊണ്ട് എക്‌സൈസ് തീരുവ കുറക്കുന്നില്ലെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ധനമന്ത്രി.

എണ്ണ കടപത്രത്തിന്റെ ബാധ്യത ഉണ്ടായിരുന്നില്ലെങ്കിൽ ഇന്ധനത്തിന്റെ എക്‌സൈസ് നികുതി കുറയ്ക്കാൻ കഴിയുമായിരുന്നു. ഒരു മാസത്തിലേറെയായി രാജ്യത്തെ പെട്രോൾ വില നൂറിന് മുകളിൽ തുടരുകയാണെന്നും ധനമന്ത്രി അറിയിച്ചു.

എൻഡിഎ സർക്കാരാണ് പണം നൽകുന്നത്. ഒരു ലക്ഷത്തിലധികം കോടിയുടെ ഓയിൽ ബോണ്ടുകൾ യു.പി.എ സർക്കാർ ഇറക്കി. ഇതിന്മേൽ കഴിഞ്ഞ ഏഴ് സാമ്പത്തിക വർഷങ്ങളിൽ തങ്ങളുടെ സർക്കാർ 9000 കോടി രൂപയിലധികം പലിശ പ്രതിവർഷം അടയ്ക്കുന്നുണ്ട്. സർക്കാരിന്റെ വരുമാനനില മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ധനവിലയുമായി ഇത് താരതമ്യപ്പെടുത്താനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു. മൂന്നാം തരംഗത്തെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. ഉയർന്ന വരുമാനനിലയും പ്രധാന സൂചകങ്ങളിലെ ഉയർച്ചയും സ്ഥിതിഗതകൾ മെച്ചപ്പെടുത്തുന്നുണ്ട്. രാജ്യത്തെ ബാങ്കുകളും ലാഭം രേഖപ്പെടുത്തിയെന്നും നിർമ്മലാ സീതാരാമൻ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: കാബൂളിലെ ഇന്ത്യൻ എംബസി അടയ്ക്കും. കേന്ദ്ര സർക്കാരാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. അതേസമയം കാബൂളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാനായി പുറപ്പെട്ടതിൽ ഒരു ഇന്ത്യൻ വ്യോമസേനാ വിമാനം ഡൽഹിയിലെത്തി. അടുത്ത വിമാനം കാബൂൾ വിമാനത്താവളത്തിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ടു. വൈകാതെ വിമാനം ഇന്ത്യയിലെത്തുമെന്നാണ് വിവരം.

ഇന്ത്യൻ വ്യോമസേനയുടെ രണ്ട് വിമാനങ്ങളാണ് കാബൂളിലെ ഇന്ത്യൻ എംബസിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനായി കാബൂളിലെത്തിയത്. ഇന്ത്യൻ എംബസി മാത്രമാണ് നിലവിൽ കാബൂളിൽ പ്രവർത്തിക്കുന്നത്. ഇരുന്നൂറോളം ഇന്ത്യൻ പൗരന്മാർ എംബസിയിലുണ്ടെന്നായിരുന്നു റിപ്പോർട്ട്. ഇവരിൽ നയതന്ത്ര ഉദ്യോഗസ്ഥരും നിർമ്മാണ പ്രവർത്തനങ്ങൾക്കായി പോയവരും ഐടിബിപി ഭടൻമാരും ഉൾപ്പെടുന്നുണ്ട്. താലിബാൻ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം കയ്യടക്കുന്നതിന് മുൻപ് തന്നെ അവിടെ പ്രവർത്തിച്ചിരുന്ന ഇന്ത്യയുടെ നാല് കോൺസുലേറ്റുകളും അടച്ചിരുന്നു.

കൊല്ലം: യാത്രാ വേളകളിൽ സുരക്ഷിതമായി താമസിക്കാൻ ഇടമില്ലാതെ ബുദ്ധിമുട്ടുന്ന സ്ത്രീകൾക്ക് സൗകര്യമൊരുക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി. ബസ് ഡിപ്പോകളോടു ചേർന്ന് സ്ഥലമുള്ളിടത്തെല്ലാം കുറഞ്ഞ ചെലവിൽ താമസ സൗകര്യം ഒരുക്കാനാണ് കെഎസ്ആർടിസി പദ്ധതിയിടുന്നത്.

ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും രാത്രി എത്തുന്ന സ്ത്രീകൾ താമസ സ്ഥലംതേടി അലയേണ്ടി വരുന്ന സാഹചര്യമാണുള്ളത്. ഇതിനു പരിഹാരം കാണാനും ടിക്കറ്റിതര വരുമാനം വർധിപ്പിക്കാനുമാണ് ‘സേഫ് സ്റ്റേ’ പദ്ധതിക്ക് കോർപ്പറേഷൻ രൂപം നൽകിയിട്ടുള്ളത്.

44 ഡിപ്പോകളോടു ചേർന്ന് ഉടൻ തന്നെ താമസ സൗകര്യമൊരുക്കാനാകുമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ വിലയിരുത്തൽ. സേഫ് സ്റ്റേ നടത്തിപ്പിന് തിരഞ്ഞെടുക്കുന്ന ഏജൻസികൾ വഴി വനിതകളെ ജീവനക്കാരായി നിയോഗിക്കും. 24 മണിക്കൂറും സെക്യൂരിറ്റിയുടെ സേവനവും ഉറപ്പാക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു.

തിരുവനന്തപുരത്ത് തമ്പാനൂർ സെൻട്രൽ ബസ് സ്റ്റാൻഡിൽ 4700 ചതുരശ്രയടിസ്ഥലത്ത് സിംഗിൾ, ഡബിൾ, എ.സി., നോൺ എ.സി.മുറികളാണ് തയ്യാറാക്കുന്നത്. ഡോർമിറ്ററി ഒരു ദിവസത്തേക്ക് ഉപയോഗിക്കുന്നതിന് 150 രൂപയാണ് വാടക. നഗരങ്ങളിൽ എത്തുന്ന സ്ത്രീകൾക്ക് ലഗേജ് സൂക്ഷിക്കാനും ലോക്കർ സൗകര്യം ഉണ്ടാകും.

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേരളത്തിലെ എല്ലാ ജില്ലകൾക്കും ഒരു കോടി രൂപ വീതം അനുവദിക്കുമെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. രണ്ടാം കോവിഡ് പ്രതിരോധ പാക്കേജിന്റെ ഭാഗമായി 267.35 കോടി രൂപ സർക്കാർ കേരളത്തിന് അനുവദിച്ചിരുന്നു. ഇതിന് പുറമെയാണ് അടിയന്തിര ആവശ്യങ്ങൾക്കായി ജില്ലകൾക്ക് ഒരു കോടി രൂപ കൂടി അനുവദിക്കുന്നതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. അടിയന്തിര കോവിഡ് പ്രതിരോധ പാക്കേജി(ഇ.സി.പി.ആർ)ന് കീഴിലാണ് തുക അനുവദിക്കുന്നത്.

ഓരോ ജില്ലകൾക്കും അവരുടെ മെഡിക്കൽ പൂൾ സൃഷ്ടിക്കുന്നതിനാണ് ഒരു കോടി രൂപ വീതം കേന്ദ്രം അനുവദിക്കുന്നത്. ജില്ലാ ആശുപത്രികളിൽ പീഡിയാട്രിക് ഐ.സി.യുകൾ രൂപീകരിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. കോവിഡ് വൈറസ് വ്യാപനത്തെ കാര്യക്ഷമമായി നിയന്ത്രിക്കുന്നതിനും സംസ്ഥാനത്തിന്റെ ആരോഗ്യ പശ്ചാത്തല സൗകര്യങ്ങൾ മെച്ചമാക്കുന്നതിനും രണ്ടാം അടിയന്തിര കോവിഡ് പ്രതിരോധ പാക്കേജിൽ 267.35 കോടി രൂപ അനുവദിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്താനെത്തിയ കേന്ദ്ര ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനുമായും ആരോഗ്യമന്ത്രി വീണാ ജോർജമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന കോവിഡ് അവലോകന യോഗത്തിൽ സംസ്ഥാനത്തെ ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. കേരളത്തിന് കൂടുതൽ വാക്‌സിൻ നൽകുമെന്ന് അദ്ദേഹം യോഗത്തിൽ ഉറപ്പ് നൽകി. ഓണത്തിന് സംസ്ഥാനം കൂടുതൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിരുവനന്തപുരം: അഫ്ഗാൻ വിഷയത്തിൽ പ്രതികരണവുമായി കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ. ജനാധിപത്യവും മാനവികതയും വീണ്ടും പരാജയപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈ പരാജയം ശാശ്വതമല്ലെന്നും, ഇരുളിന്റെ മറനീക്കി ജനാധിപത്യ വിശുദ്ധിയുടെ പുതിയ സൂര്യൻ ആ ജനതക്ക് മുകളിൽ വീണ്ടും പ്രകാശിക്കുന്ന ഒരു നാൾ വരുമെന്നുമുള്ള കാര്യത്തിൽ ആർക്കും ഒരു സംശയവും വേണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ജനാഭിലാഷം ചാരത്തിൽ നിന്നും ഉയിർത്തെഴുന്നേൽക്കാൻ കഴിയുന്ന ഫീനിക്സ് പക്ഷിയാണ് എന്നതിന് ലോക ചരിത്രം സാക്ഷിയാണ്. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും മനുഷ്യാവകാശങ്ങൾ കാറ്റിൽ പറത്തി ഭരണം പിടിക്കാൻ താലിബാനെപോലൊരു തീവ്രവാദസംഘടനക്ക് കഴിയും എന്നത് നടുക്കത്തോടെയല്ലാതെ നോക്കിയിരിക്കാനാവില്ല. ജനാധിപത്യ വാദികൾ ആയ മനുഷ്യരെ മുഴുവൻ താലിബാൻ എന്ന തീവ്രവാദികൾ നിശ്ശബ്ദരാക്കിയ വാർത്തകൾ ആണ് അഫ്ഗാൻ നമുക്ക് നൽകുന്നത്. സാമ്രാജ്യത്വ ശക്തികൾ പതിറ്റാണ്ടുകൾ ആയി നടത്തിയ അധിനിവേശമാണ് അഫ്ഗാനിലെ താലിബാൻ തീവ്രവാദികൾക്ക് വളം ആയി മാറിയതെന്ന് അദ്ദേഹം പറഞ്ഞു.

മതത്തെയും സ്റ്റേറ്റിനെയും വേർതിരിച്ച ഏറ്റവും ഉദാത്തമായ ജനാധിപത്യ ബോധത്തിൽ നിന്നുമുള്ള തിരിഞ്ഞു നടത്തമാണ് താലിബാന്റെ മത രാഷ്ട്ര വാദം. ഏതൊരു മത രാഷ്ട്ര വാദത്തിന്റെയും ഇരകൾ സാധാരണ മനുഷ്യർ ആയിരിക്കും. മതരാഷ്ട്രം അതിന്റെ സർവ്വഭീകരതയോടും കൂടി പത്തിവിരിച്ചാടുമ്പോൾ ഒരു സമൂഹത്തിന് എന്ത് സംഭവിക്കും എന്നതിനുള്ള നേർ തെളിവുകളാണ് അഫ്ഗാനിസ്ഥാനിൽ നിന്ന് വരുന്ന ഭീതിദമായ ചിത്രങ്ങൾ. പരസ്പരവിദ്വേഷം വിതച്ചു കൊണ്ടുള്ള എല്ലാതരം വർഗ്ഗീയ രാഷ്ട്രീയവും ചെന്നെത്തി നിൽക്കുന്നത് എവിടെയാണെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാന്റെ ഇന്നത്തെ പതനം മാത്രമല്ല, അവരുടെ സുനിശ്ചിതമായ തിരിച്ചു വരവ് കൂടി കാണാൻ നമുക്ക് കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു.

ഉള്ളു പൊള്ളിക്കുന്ന കാഴ്ചകളാണ് അഫ്ഗാനിൽ നിന്നു വരുന്നത്. മത തീവ്രവാദികളുടെ ഭരണത്തിൽ പെൺകുഞ്ഞുങ്ങളുടെ ഭാവി എന്തായിരിക്കുമെന്ന് ആലോചിക്കുമ്പോൾ ഏതൊരു മനുഷ്യസ്നേഹിയുടെയും ഹൃദയം നുറുങ്ങും.അവരുടെ സുരക്ഷയ്ക്കായെങ്കിലും ലോകം ഒരുമിക്കുമെന്നും താലിബാൻ തീവ്രവാദികൾ എന്നെന്നേയ്ക്കുമായി തുരത്തപ്പെടുമെന്നും നമുക്ക് പ്രതീക്ഷിക്കാം. ഏകാധിപത്യശക്തികൾ ഈ തീവ്രവാദികൾക്ക് പിന്തുണയുമായി രംഗത്തു വന്നിരിക്കുന്നു. ഈ മതതീവ്രവാദികൾക്കൊപ്പം തന്നെ അവരെ പിന്തുണയ്ക്കുന്നവരുടെ ആശയങ്ങളെയും മനുഷ്യസമൂഹത്തിൽ നിന്ന് അകറ്റി നിർത്താൻ ജനാധിപത്യവാദികൾ തയ്യാറാകണം. അഫ്ഗാനിസ്ഥാനിലെ സാധാരണ മനുഷ്യർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനോടൊപ്പം തന്നെ മത-വർഗ്ഗീയ-ഭീകര ശക്തികളെ ഭാരതത്തിന്റെ മണ്ണിൽ നിന്നും തുടച്ചു നീക്കുവാനുള്ള പോരാട്ടം നമുക്ക് തുടങ്ങി വെയ്ക്കാമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: കാബൂളിലെ ഇന്ത്യൻ എംബസിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനായി ഇന്ത്യൻ വ്യോമസേനാ വിമാനങ്ങൾ കാബൂൾ വിമാനത്താവളത്തിലെത്തി. ഇന്ത്യൻ വ്യോമസേനയുടെ രണ്ട് വിമാനങ്ങളാണ് കാബൂളിലെത്തിയത്. വ്യോമസേനയുടെ സി 130 ജെ വിമാനങ്ങൾ കാബൂളിൽ എത്തിയിട്ടുള്ളത്. തുടർന്ന് നടപടികൾക്കായി വിമാനത്താവളത്തിൽ കാത്തിരിക്കുകയാണ് വ്യോമസേനാ വിമാനങ്ങൾ.

നിലവിൽ കാബൂളിൽ പ്രവർത്തിക്കുന്നത് ഇന്ത്യൻ എംബസി മാത്രമാണ്. ഇരുനൂറോളം ഇന്ത്യൻ പൗരന്മാർ എംബസിയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. നയതന്ത്ര ഉദ്യോഗസ്ഥരും നിർമ്മാണ പ്രവർത്തനങ്ങൾക്കായി പോയവരും ഐടിബിപി ഭടൻമാരും ഇവരിൽ ഉൾപ്പെടുന്നുണ്ട്. അതേസമയം കാബൂൾ വിമാനത്താവളത്തിലെ റൺവേയിൽ പ്രവേശിച്ചവരെ സൈന്യം നീക്കം ചെയ്യുന്നുണ്ടെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. വിമാനത്താവളത്തിലെ സ്ഥിതി മെച്ചപ്പെട്ട ശേഷമായിരിക്കും ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കുന്നതെന്നാണ് സൂചന.

രണ്ട് വിമാനങ്ങളിലുമായി 240-ഓളം പേരെ ഇതിനോടകം മാറ്റിയിട്ടുണ്ട്. എംബസിയിൽ നിന്നും ഉദ്യോഗസ്ഥരെ വിമാനത്താവളത്തിൽ എത്തിക്കുക എന്നതാണ് ഇപ്പോൾ നേരിടുന്ന വെല്ലുവിളി. അടുത്ത രണ്ട് ദിവസത്തേക്ക് സാഹചര്യങ്ങൾ സൂഷ്മമായി നിരീക്ഷിക്കാനാണ് ഇന്ത്യയുടെ തീരുമാനം. നിലവിൽ യാത്രാ വിമാനങ്ങൾക്ക് കാബൂളിലേക്ക് പ്രവേശനാനുമതിയില്ല. സൈനിക വിമാനങ്ങൾക്ക് മാത്രമാണ് കാബൂളിലേക്ക് പ്രവേശിക്കാൻ അനുമതി ഉള്ളത്.