ന്യൂഡൽഹി: ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്ന അഫ്ഗാൻ പൗരന്മാർക്ക് അടിയന്തര ഇ-വിസ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. അഫ്ഗാനിസ്താനിലെ നിലവിലെ രാഷ്ട്രീയ സ്ഥിതി കണക്കിലെടുത്താണ് തീരുമാനം. മതത്തിന്റെ പരിഗണനകളൊന്നുമില്ലാതെ എല്ലാ അഫ്ഗാൻ പൗരന്മാർക്കും ഇ-വിസയ്ക്ക് ഓൺലൈനായി അപേക്ഷിക്കാമെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം. ഡൽഹിയിലായിരിക്കും വിസാ നടപടികൾ പൂർത്തിയാക്കുകയെന്നും കേന്ദ്രം അറിയിച്ചു.
അഫ്ഗാൻ ഭരണം താലിബാൻ പിടിച്ചെടുത്ത് 48 മണിക്കൂറിനുള്ളിലാണ് ഇന്ത്യ ഇത്തരമൊരു തീരുമാനം എടുത്തത്. ആരു മാസമായിരിക്കും വിസാ കാലാവധി. കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിസ വ്യവസ്ഥകൾ അവലോകനം ചെയ്തു വരികയാണ്. ഇ-എമർജൻസി എക്സ്-മിസ്‌ക് വിസ എന്നാണ് പുതിയ വിഭാഗത്തിൽപ്പെട്ട ഇ- വിസ അറിയപ്പെടുകയെന്നാണ് വിദേശകാര്യ വക്താവ് അറിയിച്ചത്.
അഫ്ഗാനിലെ ഇന്ത്യയുടെ ദൗത്യം പൂർത്തിയായി കഴിഞ്ഞ് ഇ-വിസയ്ക്ക് ഓൺലൈനായി അപേക്ഷിക്കാമെന്നും അധികൃതർ പറയുന്നു. അഫ്ഗാൻ പൗരന്മാരുടെ വിസാ അപേക്ഷകളിന്മേൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കുമ്പോഴും വിസ അനുവദിക്കുമ്പോഴും സുരക്ഷാ പ്രശ്നങ്ങൾ പരിശോധിക്കുമെന്നും എല്ലാ അഫ്ഗാൻ പൗരന്മാർക്കും അവരുടെ മതം പരിഗണിക്കാതെ വിസയ്ക്ക് അപേക്ഷിക്കാമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

