General (Page 1,444)

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ തീയതികളിൽ മാറ്റമില്ല. നേരത്തെ നിശ്ചയിച്ച പ്രകാരം സെപ്റ്റംബർ 6 മുതൽ 16 വരെയാണ് ഹയർസെക്കൻഡറി പരീക്ഷ നടത്തുന്നത്. സെപ്റ്റംബർ 7 മുതൽ 16 വരെയാണ് വോക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാ തീയതി.

ഒന്നാം വർഷ ഹയർ സെക്കൻഡറി, വോക്കേഷണൽ ഹയർ സെക്കൻഡറി മാതൃകാ പരീക്ഷകൾ ഓഗസ്റ്റ് 31 ന് ആരംഭിക്കും. സെപ്റ്റംബർ 4 വരെയാണ് മോഡല് പരീക്ഷ. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷകൾ വിദ്യാർഥികൾക്ക് രക്ഷിതാവിന്റെ മേൽനോട്ടത്തിൽ വീട്ടിലിരുന്ന് പരീക്ഷ എഴുതാം. പരീക്ഷ ടൈംടേബിൾ പ്രകാരം നിശ്ചിത സമയത്ത് വിദ്യാർഥികൾക്ക് ചോദ്യപേപ്പർ www.dhsekerala.gov.in എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് എടുക്കാാം. മാതൃകാ പരീക്ഷ എഴുതിയതിനു ശേഷം അധ്യാപകരുമായി ഡിജിറ്റൽ മാദ്ധ്യമങ്ങൾ വഴി സംശയ ദുരീകരണവും നടത്താം.

അതേസമയം ഹയർസെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം ഘട്ട അലോട്ട്‌മെന്റ് തീയതി തീരുമാനിച്ചു. ഓഗസ്റ്റ് 24 മുതൽ വിദ്യാർത്ഥികൾക്ക് രണ്ടു സ്ട്രീമിലേയ്ക്കും അപേക്ഷ സമർപ്പിച്ച് തുടങ്ങാം. അപേക്ഷ നൽകാനുള്ള അവസാന തീയതി സെപ്റ്റംബർ 3 ആണ്. ട്രയൽ അലോട്ട്‌മെന്റ് സെപ്റ്റംബർ 7 നും ആദ്യ അലോട്ട്‌മെന്റ് 13 നും നടക്കും.

കൊച്ചി: 60 വയസ് കഴിഞ്ഞ എല്ലാ പട്ടിക വിഭാഗക്കാർക്കും ഓണസമ്മാനവുമായി സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് 60 വയസ് കഴിഞ്ഞ എല്ലാ പട്ടിക വിഭാഗക്കാർക്കും 1000 രൂപ വീതം സംസ്ഥാന സർക്കാർ അനുവദിച്ചു. മന്ത്രി കെ രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. പൊതുസമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇനിയും എത്തപ്പെടേണ്ടവരും, സമൂഹത്തിന്റെ പ്രത്യേക കരുതലിന് അർഹതയുള്ളവരുമാണ് പട്ടികവർഗ്ഗ വിഭാഗക്കാരെന്ന് മന്ത്രി വ്യക്തമാക്കി.

ഓണത്തിന്റെ ഉത്സവനാളുകളിൽ പട്ടിക വിഭാഗത്തിലെ മുതിർന്ന പൗരൻമാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓണസമ്മാനമായി’ 5.76 കോടി രൂപ അനുവദിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ 60 വയസ്സ് കഴിഞ്ഞ എല്ലാ പട്ടികവർഗ്ഗ വിഭാഗക്കാർക്കും ഓണസമ്മാനമായി 1000/- രൂപ വീതം ലഭിക്കും. ഇത് പ്രകാരം പട്ടികവർഗ്ഗ വിഭാഗത്തിലുള്ള 57655 പേർക്കായിരിക്കും ഇത്തവണ മുഖ്യമന്ത്രിയുടെ ഓണസമ്മാനം ലഭിക്കുക. പട്ടികവർഗ്ഗ വികസന വകുപ്പ് മുഖേന അടിയന്തിരമായി ഈ ധനസഹായം
അർഹരിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുവാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡ്രൈവ് ത്രൂ വാക്‌സിനേഷൻ സെന്റർ തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിക്കും. തിരുവനന്തപുരം വിമൻസ് കോളേജിൽ 19 മുതൽ 24 x 7 വാക്‌സിനേഷൻ സെന്റർ പ്രവർത്തനം ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. നവ്‌ജോത് ഖോസ അറിയിച്ചു.

വാഹനത്തിലിരുന്ന് വാക്‌സിൻ സ്വീകരിക്കാം എന്നതാണ് ഈ ഡ്രൈവിന്റെ പ്രത്യേകത. വാക്സിനേഷൻ സെന്ററിലേക്ക് വരുന്ന വാഹനത്തിൽ തന്നെ ഇരുന്ന് രജിസ്റ്റർ ചെയ്യാനും വാക്‌സിൻ സ്വീകരിക്കാനും ഒബ്‌സർവേഷൻ പൂർത്തിയാക്കാനും സാധിക്കും. വാക്‌സിനേഷൻ പ്രക്രിയകൾക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർ വാഹനത്തിനു സമീപത്തേക്ക് എത്തി നടപടികൾ സ്വീകരിക്കും. സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന ഈ വാക്‌സിനേഷൻ ഡ്രൈവിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുള്ളതായി ജില്ലാ കളക്ടർ വ്യക്തമാക്കി.

ഓൺലൈൻ രജിസ്‌ട്രേഷനിലൂടെ 18 വയസ്സിന് മുകളിലുള്ളവർക്ക് വാകസിനേഷൻ നൽകുന്നു. ഇതിനായുള്ള സ്‌പോട്ട് നാളെ മുതൽ എല്ലാ ദിവസവും വൈകുന്നേരം മൂന്നു മണിക്ക് ഓപ്പൺ ആകും. ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ട്രിവാൻഡ്രം എഹെഡിന്റെ ഭാഗമായാണ് ഇത് സംഘടിപ്പിക്കുന്നത്. ഓണം അവധി ദിവസങ്ങളിൽ പരമാവധി ആളുകൾക്ക് വാക്‌സിനേഷൻ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഡ്രൈവ് സംഘടിപ്പിക്കുന്നത്. ജില്ലയിലെ ആകെ 27,95,191 ഡോസ് വാക്‌സിൻ വിതരണം ചെയ്തിട്ടുണ്ട്. ആദ്യ ഡോസ് 20,38,904 (59.5%), രണ്ടാം ഡോസ് 75 62 87(22.1%). ഈ അഭിമാനാർഹമായ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ജില്ലാ ഭരണകൂടത്തിന്റെ അഭിനന്ദനം അറിയിക്കുന്നതായും കളക്ടർ കൂട്ടിച്ചേർത്തു.

ചെന്നൈ: സിബിഐയ്ക്കു കൂടുതൽ അധികാരങ്ങൾ നൽകണമെന്ന് മദ്രാസ് ഹൈക്കോടതി. തെരഞ്ഞെടുപ്പ് കമ്മീഷനെയും സിഎജിയെയും പോലെ കൂടുതൽ അധികാരങ്ങളും സ്വാതന്ത്ര്യങ്ങളും സിബിഐയ്ക്കു നൽകണമെന്നാണ് കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഇതിനു വേണ്ടി ആവശ്യമെങ്കിൽ പ്രത്യേകം നിയമം കൊണ്ടുവരണമെന്നും കൂട്ടിലടച്ച തത്തയെ പറത്തിവിടേണ്ട സമയമായെന്നും കോടതി അറിയിച്ചു. എൻ കിരുബാകരൻ, ബി പുഗലേന്തി എന്നിവരടങ്ങിയ മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റേതാണ് നിരീക്ഷണം.

വിവാദ കേസുകൾ വരുമ്പോഴും ലോക്കൽ പോലീസ് അന്വേഷണത്തിൽ ഉഴപ്പുന്നുവെന്ന് തോന്നുമ്പോഴും സിബിഐ അന്വേഷണത്തിന് വേണ്ടി ഇപ്പോഴും ആവശ്യം ഉയരുന്നുണ്ട്. ഇത് സി ബി ഐക്ക് രാജ്യത്തുള്ള മതിപ്പിന്റെ ഉദാഹരണമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ അടുത്ത കാലങ്ങളിൽ ഒരു അന്വേഷണം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടാൽ മതിയായ സൗകര്യങ്ങളോ അന്വേഷണ ഉദ്യോഗസ്ഥരോ ഇല്ലെന്ന കാരണം കാണിച്ച് സി ബി ഐ അന്വേഷണത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയാണെന്ന് കോടതി പറഞ്ഞു. ഈ ഒഴിഞ്ഞുമാറൽ അന്വേഷണ ഏജൻസിക്ക് മതിയായ സ്വാതന്ത്ര്യം ഇല്ലെന്ന പ്രതീതി ഉണ്ടാക്കുന്നുണ്ടെന്നും അത് മാറേണ്ട സമയമായെന്നു കോടതി വ്യക്തമാക്കി.

മലപ്പുറം: ഗാന്ധി ഭവനിലെ അന്തേവാസികൾക്കൊപ്പം ഓണം ആഘോഷിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് രാഹുൽ ഗാന്ധി കേരളത്തിലെത്തിയത്. വണ്ടൂർ ഗാന്ധിഭവൻ സ്‌നേഹമരം ഓൾഡ് ഏജ് ഹോം അദ്ദേഹം സന്ദർശിച്ചു. ഗാന്ധി ഭവനിലെ അന്തേവാസികൾക്കൊപ്പം ഓണസദ്യയും കഴിച്ച് അന്തേവാസികൾക്കുള്ള ഓണക്കോടിയും സമ്മാനിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.

ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് കാരക്കാപറമ്പിലെ ഗാന്ധിഭവനിൽ രാഹുൽ ഗാന്ധി എത്തിയത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനൊന്ന് അന്തേവാസികളാണ് ഗാന്ധിഭവനിലുള്ളത്. ഉച്ചഭക്ഷണത്തിനു ശേഷമാണ് അന്തേവാസികൾക്ക് അദ്ദേഹം ഓണക്കോടി സമ്മാനിച്ചത്. ഒരുമണിക്കൂറോളം സമയം അദ്ദേഹം അന്തേവാസികൾക്കൊപ്പം ചെലവഴിച്ചു.

എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, എ.പി.അനിൽകുമാർ എംഎൽഎ, ഗാന്ധിഭവൻ ചെയർമാൻ ഡോ.പുനലൂർ സോമരാജൻ, ഡിസിസി പ്രസിഡന്റ് ഇ.മുഹമ്മദ് കുഞ്ഞി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി.കുഞ്ഞിമുഹമ്മദ്, ജില്ലാ പഞ്ചായത്തംഗം ആലിപ്പറ്റ ജമീല, വണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പി.റുബീന, പോരൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ.മുഹമ്മദ് ബഷീർ, കോൺഗ്രസ് നേതാക്കളായ ആര്യാടൻ ഷൗക്കത്ത്, വി.എ.കരീം, കെ.ടി.അജ്മൽ, ഷൈജൽ എടപ്പറ്റ, ടി.വിനയദാസ്, കളത്തിൽ കുഞ്ഞാപ്പഹാജി, മുരളി കാപ്പിൽ, കെ.ഫസൽ ഹഖ്, സി.കെ.ജയദേവ്, കെ.സുരേന്ദ്രനാഥൻ, സ്‌നേഹാരാമം മാനേജർ പി.കെ.ശ്യാമള എന്നിവർ പങ്കെടുത്തു

കാബൂൾ: അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതോടെ ആശങ്കയിലാകുന്നത് സ്ത്രീകളുടെ ജീവിതമാണ്. സ്വന്തം അവകാശങ്ങൾ ആവശ്യപ്പെട്ട് ഒരു കൂട്ടം സ്ത്രീകൾ അഫ്ഗാനിസ്ഥാനിൽ തെരുവിലിറങ്ങി പ്രതിഷേധിക്കുന്ന കാഴ്ച്ചകളും അഫ്ഗാനിൽ നിന്നും പുറത്തു വരുന്നുണ്ട്. തോക്കുധാരികളായ ഭീകരരുടെ മുന്നിൽ ധൈര്യപൂർവ്വം പ്രതിഷേധിക്കുന്ന വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

താലിബാൻ ഭരണം പിടിച്ചശേഷം അഫ്ഗാനിസ്ഥാനിൽ നടന്ന ആദ്യത്തെ പൊതു പ്രതിഷേധമാണിത്. ഇറാനിയൻ മാദ്ധ്യമ പ്രവർത്തക മസിഹ് അലിനെജാദയാണ് പ്രതിഷേധത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കാബൂളിലെ തെരുവിൽ നാല് അഫ്ഗാൻ സ്ത്രീകളാണ് പ്രതിഷേധം നടത്തുന്നത്. കൈകൊണ്ട് എഴുതിയ പേപ്പർ ഉയർത്തിയാണ് പ്രതിഷേധ പ്രകടനം. സാമൂഹിക സുരക്ഷ, ജോലി ചെയ്യാനുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം, രാഷ്ട്രീയ പങ്കാളിത്തത്തിനുള്ള അവകാശം എന്നിവ നൽകണമെന്നാണ് യുവതികളുടെ ആവശ്യം.

അതേസമയം ജീവൻ രക്ഷിക്കാനായി നിരവധി സ്ത്രീകളാണ് അഫ്ഗാനിൽ നിന്നും പലായനം ചെയ്യുന്നത്. സ്ത്രീകളുടെ അവകാശങ്ങളെ മാനിക്കുമെന്നും എന്നാൽ തങ്ങളുടെ മതനിയമങ്ങൾ പാലിക്കണമെന്നുമാണ് താലിബാൻ പറയുന്നത്.

തിരുവനന്തപുരം: ഓണക്കാലത്ത് ഓൺലൈൻ ഷോപ്പിംഗ് ഉത്സവം ആരംഭിച്ച് കുടുംബശ്രീ. കുടുംബശ്രീയുടെ ഓൺലൈൻ പോർട്ടലായ www.kudumbashreebazar.com വഴി ‘ഓണം ഉത്സവ്’ എന്ന പേരിലാണ് കുടുംബശ്രീ ഷോപ്പിംഗ് ഉത്സവം ആരംഭിച്ചിരിക്കുന്നത്. ഓഗസ്റ്റ് 18 മുതലാണ് ഓൺലൈൻ ഷോപ്പിംഗ് ഉത്സവം. ഓണസദ്യക്കായുള്ള കുടുംബശ്രീയുടെ മുഴുവൻ ഉൽപന്നങ്ങളും ഇതിലൂടെ വാങ്ങാൻ കഴിയും. 31 വരെയാണ് ഓൺലൈൻ ഷോപ്പിംഗ്. ഓണസദ്യയൊരുക്കാനുള്ള പായസം മിക്‌സും ചിപ്‌സും ശർക്കരവരട്ടിയും ഉൾപ്പെടെയുള്ളവ ഒൺലൈനിലൂടെ ലഭിക്കും.

കുടുംബശ്രീ നൽകുന്ന 10 ശതമാനവും സംരംഭകർ നൽകുന്നതും കൂടി ചേർത്ത് 40% വരെ ഡിസ്‌കൗണ്ട് നൽകിയാണു എല്ലാ ഉത്പന്നങ്ങളും വിൽപന നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു. 1000 രൂപയിൽ കൂടുതൽ ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക് 10% അധിക ഡിസ്‌ക്കൗണ്ടും ലഭിക്കും.

ഓർഡർ ചെയ്യുന്ന ഉൽപന്നങ്ങൾ തപാൽ വകുപ്പുമായി ചേർന്ന് ഇന്ത്യയിൽ എവിടെയും ഡെലിവറി ചാർജ് ഇല്ലാതെ എത്തിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. 18 ന് ഉച്ചയ്ക്കു 12 മണിക്ക് മന്ത്രി എം.വി ഗോവിന്ദനാണ് ഷോപ്പിംഗ് ഉത്സവിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്. വിവിധ തരത്തിലുള്ള ചിപ്‌സുകൾ, ശർക്കരവരട്ടി, അച്ചാറുകൾ, ധാന്യപ്പൊടികൾ, കറിപ്പൊടികൾ, മസാലക്കൂട്ട്, ജൈവ അരി, ജാം, സ്‌ക്വാഷ്, കശുവണ്ടി, വാളൻപുളി, സോപ്പ്, ലോഷൻ, സാനിറ്റൈസർ, മാസ്‌ക് എന്നിവ ഓൺലൈനിലൂടെ വാങ്ങാൻ കഴിയും.

ഇടുക്കി ജില്ലയിലെ ഗോത്രവർഗ മേഖലയിലെ സംരംഭകർ തയ്യാറാക്കുന്ന കലർപ്പില്ലാത്ത ബ്രാൻഡഡ് ഉൽപന്നങ്ങളായ കൂവപ്പൊടി, ചെറുതേൻ, കുടംപുളി, പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ നിന്നുളള സംരംഭകർ ഹിൽവാല്യു എന്ന പേരിൽ ബ്രാൻഡ് ചെയ്ത് തയാറാക്കുന്ന ഉൽപന്നങ്ങളായ തേൻ, റാഗി, ചോളം, തിന, വരഗ് കറുവപ്പട്ട, കുരുമുളക്, ഏലം, ഗ്രാമ്പൂ, വെളിച്ചെണ്ണ, തൃശൂർ ജില്ലയിലെ അതിരപ്പളളിയിൽ നിന്നുള്ള ബ്രാൻഡഡ് ഉൽപന്നങ്ങളായ കാപ്പിപ്പൊടി, തേൻ, വരഗ്, കൂടാതെ നെല്ലിക്കയും കാന്താരിമുളകും ചേർന്ന അച്ചാർ തുടങ്ങിയ ഉത്പന്നങ്ങളും ഓൺലൈനിലുണ്ട്.

ന്യൂഡൽഹി: സുനന്ദ പുഷ്‌കറിന്റെ മരണത്തിൽ ശശി തരൂരിനെതിരെയുള്ള കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ഡൽഹി റോസ് അവന്യു കോടതി. കേസിൽ ശശി തരൂരിന് എതിരെ കുറ്റം ചുമത്തില്ല. തരൂരിനെതിരായ ആത്മഹത്യാപ്രേരണക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ഡൽഹി റോസ് അവന്യൂ കോടതി വ്യക്തമാക്കി. കേസിൽ കുറ്റപത്രം നിലനിൽക്കില്ലെന്ന് സൂചിപ്പിച്ചാണ് കോടതി വിധി പ്രസ്താവം നടത്തിയത്. ജഡ്ജി ഗീതാഞ്ജലി ഗോയലാണ് വിധി പ്രസ്താവിച്ചത്.

തരൂരിനെതിരെ തെളിവില്ലെന്ന് നിരീക്ഷിച്ച കോടതി സുനന്ദ പുഷ്‌കറിന്റെ മരണത്തിൽ തനിക്കെതിരേയുള്ള കേസ് അവസാനിപ്പിക്കണണെന്ന തരൂരിന്റെ ആവശ്യം അംഗീകരിക്കുകയും ചെയ്തു. കൊലക്കുറ്റം ചുമത്തിയില്ലെങ്കിൽ ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണ, ഗാർഹിക പീഡന കുറ്റങ്ങൾ ചുമത്തണമെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവയുടെ വാദം. സുനന്ദ പുഷ്‌കറിന്റേത് അപകട മരണമാണെന്നും തനിക്കെതിരെ യാതൊരു തെളിവും ഇല്ലെന്നും ശശി തരൂർ വാദിച്ചു.

2014 ജനുവരി 17 നാണ് ഡൽഹിയിലെ ആഡംബര ഹോട്ടലിൽ തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സുനന്ദയുടെ മരണത്തിൽ ശശി തരൂരിന് പങ്കുണ്ടെന്നായിരുന്നു ആരോപണം. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

കൊച്ചി: അടിയന്തര സാഹചര്യങ്ങളിൽ അതിർത്തി കടന്നു പോകുന്നവരെ തടയരുതെന്നു കർണാടക സർക്കാരിന് നിർദ്ദേശം നൽകി ഹൈക്കോടതി. ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവ് കോടതി പുറത്തിറക്കി. മരണം, മെഡിക്കൽ ആവശ്യങ്ങൾ തുടങ്ങിയവയ്ക്കായി യാത്ര ചെയ്യുന്നവരെ തടയരുതെന്നാണ് ഇടക്കാല ഉത്തരവിൽ കോടതി നൽകിയിരിക്കുന്ന നിർദ്ദേശം.

യാത്ര ചെയ്യുന്ന വാഹനം ആംബുലൻസ് വേണം എന്ന് നിർബന്ധിക്കരുതെന്നും സ്വകാര്യ വാഹനങ്ങളിൽ ആണെങ്കിലും അതിർത്തി കടന്നു യാത്ര ചെയ്യാൻ അനുവദിക്കണമെന്നും മതിയായ രേഖകൾ ഉള്ളവരെ തടയരുതെന്നും കോടതി നിർദ്ദേശിക്കുന്നു. കർണാടക ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം കർശനമാക്കിയതെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരുന്നത്.

കേരളത്തിൽ നിന്നും വരുന്നവർക്ക് നിയന്ത്രണങ്ങളേർപ്പെടുത്തിയ കർണാടക സർക്കാരിന്റെ നടപടിയിൽ ഇളവ് തേടി മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്‌റഫ് ആണ് കേരള ഹൈക്കോടതിയെ സമീപിച്ചത്. കേരളത്തിൽ നിന്നുള്ളവർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയ കർണാടക സർക്കാർ നടപടി പുന:പരിശോധിക്കണമെന്നാണ് ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. വാക്‌സിൻ സ്വീകരിച്ച ശേഷവും കർണാടകത്തിലേക്ക് വരുന്നവർ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ ഫലം വേണമെന്ന കർണാടക സർക്കാരിന്റെ നിബന്ധനയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ കർണാടക സർക്കാരിന്റെ നിലപാട് ഭരണഘടന ഉറപ്പു നൽകുന്ന സ്വഭാവിക നീതിയുടെ ലംഘനമാണെന്നും ആരോപിക്കുന്നു.

കൊച്ചി : മുൻ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ കൊച്ചി മെട്രോ എംഡിയായി നിയമിക്കാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ. ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമായത്. മൂന്ന് വർഷത്തേക്കാണ് നിയമനം.

സംസ്ഥാനത്ത് ആദ്യമായാണ് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ കൊച്ചി മെട്രോയുടെ എംഡിയാകുന്നത്. 1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ലോക്‌നാഥ് ബെഹ്റ. ഡിജിപി പദവിയിലുള്ള സംസ്ഥാന പോലീസ് മേധാവി, വിജിലൻസ് ഡയറക്ടർ, ജയിൽ മേധാവി, അഗ്‌നിരക്ഷാ സേനാ വിഭാഗം മേധാവി തുടങ്ങിയ തസ്തികകളിൽ അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എൻഐഎയിൽ അഞ്ചുവർഷവും സിബിഐയിൽ 11 വർഷവും അദ്ദേഹം പ്രവർത്തിച്ചു.