General (Page 1,435)

കാബൂൾ: 15 വയസ് കഴിഞ്ഞ അവിവാഹിതകളായ പെൺകുട്ടികളെ തേടി താലിബാൻ ഭീകരർ അഫ്ഗാനിസ്താനിലെ വീടുകളിൽ പരിശോധന തുടങ്ങിയെന്ന് റിപ്പോർട്ട്. വിദേശ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. പതിനഞ്ചുവയസ് തികഞ്ഞ വിവാഹം കഴിക്കാത്ത സ്ത്രീകളുണ്ടോയെന്ന് വീടുകൾ തോറും കയറി ഇറങ്ങി തിരക്കുകയാണ് താലിബാനെന്നാണ് കാബൂളിൽ നിന്നും രക്ഷപ്പെട്ട മാദ്ധ്യമ പ്രവർത്തകൻ ഹോളി മെക്കയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

അവർ ഇസ്ലാമിന്റെ സംരക്ഷകരും വൈദേശിക ശക്തിയിൽ നിന്ന് രാജ്യത്തെ മോചിപ്പിച്ചവരും രക്ഷകരുമാണെന്ന് ആദ്യം വീട്ടുകാരോട് പറയും. അതിന് ശേഷം പെൺകുട്ടികളുടെ പിതാക്കന്മാരോട് അവരുടെ പെൺമക്കളെ വിവാഹം ചെയ്ത് നൽകാൻ താലിബാൻ ഭീകരർ ആവശ്യപ്പെടും. അവരുടെ കൂടെയുള്ള താലിബാൻ മുല്ലയുടെ ഭാര്യമാരായാണ് പെൺകുട്ടികളെ ആവശ്യപ്പെട്ടത് എന്നും ഫരിഹാ എസ്സർ എന്ന യുവതിയുടെ വാക്കുകൾ ഉദ്ധരിച്ച് റിപ്പോർട്ടിൽ വിശദമാക്കുന്നു.

ഇത്തരത്തിൽ വിവാഹിതയായ സ്ത്രീകളിൽ ഒരു പെൺകുട്ടിയെ വിവാഹം കഴിഞ്ഞയുടൻ താലിബാൻ ഭീകരർ ദൂരേക്ക് കൊണ്ടുപോയി. ആ പെൺകുട്ടിയെ വിവാഹം കഴിച്ചയാൾ കൂടാതെ മറ്റു നാലുപേർ കൂടി ക്രൂരമായി പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. വിവരം മനസിലാക്കിയ പെൺകുട്ടിയുടെ പിതാവ് പരാതിയുമായി രംഗത്തെത്തിയെങ്കിലും നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. തുടർന്ന് പിതാവ് ബാക്കിയുള്ള പെൺകുട്ടികളുമായി അഫ്ഗാനിൽ നിന്നും പലായനം ചെയ്തു. ഇത്തരത്തിൽ താലിബാന്റെ നിർബന്ധിത വിവാഹം ലക്ഷക്കണക്കിന് അഫ്ഗാൻ പെൺകുട്ടികളുടെ ജീവിതമാണ് ഇരുട്ടിലാക്കിയതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങൾ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് തൊഴിൽദായകരായി ഉയരണമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്തുന്നതിന്റെ ഭാഗമായി കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളുടെ അവലോകന യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

1000 ജനസംഖ്യയിൽ അഞ്ചുപേർക്ക് എന്ന രീതിയിൽ തൊഴിലും വരുമാനവും ഉറപ്പാക്കണം. പ്രാദേശികമായ സാധ്യതകളും അവസരങ്ങളും മനസ്സിലാക്കി തദ്ദേശസ്ഥാപനങ്ങൾ ഇടപെടണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനും ഭാവി പ്രവർത്തനങ്ങൾ വിശദീകരിക്കാനുമാണ് യോഗങ്ങൾ വിളിച്ചു ചേർത്തത്. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായാണ് യോഗം ചേർന്നത്.

തൊഴിലും വരുമാനവും ഉറപ്പിക്കാനുള്ള സമീപനത്തോടെ കുടുംബശ്രീ സംവിധാനത്തെ സമകാലികമാക്കണം. അടുത്ത അഞ്ചുവർഷം നവകേരള നിർമ്മാണത്തിനുള്ള കർമ്മപദ്ധതിയാണ് സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ചിരിക്കുന്നത്. ജനകീയാസൂത്രണത്തിന്റെ രജതജൂബിലി വേളയിൽ തദ്ദേശ സ്ഥാപനങ്ങളും പുതിയ സമീപനവും പുതിയ ലക്ഷ്യബോധവും കൈക്കൊള്ളണം. 2021-22 വാർഷിക പദ്ധതി നിർവഹണം ത്വരിതപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമ്പൂർണ്ണ ശുചിത്വ യജ്ഞം എല്ലാ തദ്ദേശസ്ഥാപനങ്ങളും മുഖ്യകടമയായി ഏറ്റെടുക്കണമെന്നും വകുപ്പ് ഏകീകരണത്തിന്റെ ഗുണഫലം ഭരണ-നിർവ്വഹണ കാര്യങ്ങളിൽ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ബാങ്ക് ജീവനക്കാരുടെ പെൻഷൻ കേന്ദ്ര സർക്കാർ വർധിപ്പിച്ചു. അവസാനം വാങ്ങിയ ശമ്പളത്തിന്റെ 30 ശതമാനമായി പെൻഷൻ ഏകീകരിച്ചതായി കേന്ദ്ര സർക്കാർ വ്യക്തമാക്കി. ശമ്പളത്തിന് പുറമെയാണ് ജീവനക്കാരുടെ പെൻഷനും കേന്ദ്രസർക്കാർ വർധിപ്പിച്ചത്. ജീവനക്കാരുടെ പെൻഷൻ 30000 രൂപ മുതൽ 35000 രൂപ വരെയാണ് വർധിച്ചത്. ധനകാര്യ സേവന വകുപ്പ് സെക്രട്ടറി ദേബാശിഷ് പാണ്ഡയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഉയർന്ന പെൻഷൻ പരിധി 9284 രൂപയായി സർക്കാർ നിജപ്പെടുത്തിയിരുന്നു.

പെൻഷൻ വർധിപ്പിച്ചതിന്റെ ഭാഗമായി ജീവനക്കാരുടെ പെൻഷൻ ഫണ്ടിലേക്കുള്ള വിഹിതം വർധിപ്പിക്കാൻ കേന്ദ്രം ബാങ്കുകളോട് നിർദ്ദേശിച്ചു. നിലവിൽ പത്തു ശതമാനമായ ബാങ്കുകളുടെ വിഹിതം 14 ശതമാനമായി വർധിപ്പിക്കാൻ നിർദേശിച്ചതായി അദ്ദേഹം വ്യക്തമാക്കി.

ക്ഷാമബത്ത ഉയർത്തിയതോടെ ജീവനക്കാരുടെ ശമ്പളവും ഈ മാസം വർധിച്ചിരുന്നു.

കറാച്ചി: താലിബാനുമായുള്ള പാകിസ്താന്റെ അടുത്ത ബന്ധം തുറന്നു കാട്ടി തെഹ്രീക്-ഇ-ഇൻസാഫ് നേതാവ്. ഒരു ടെലിവിഷൻ ചർച്ചയ്ക്കിടെയാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ തെഹ്രീക്-ഇ-ഇൻസാഫിന്റെ വനിതാ നേതാവ് നീലം ഇർഷാദ് ഷെയ്ക്ക് താലിബാനുമായുള്ള ബന്ധം തുറന്നു കാട്ടിയത്. കശ്മീരിൽ ഉൾപ്പടെയുള്ള അവരുടെ ഇന്ത്യാ വിരുദ്ധ അജണ്ടയെ കുറിച്ചും നീലം ഇർഷാദ് വെളിപ്പെടുത്തി.

പാകിസ്താൻ താലിബാൻ സഹായം സ്വീകരിക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങളും വനിതാ നേതാവ് പുറത്തുവിട്ടിരുന്നു. താലിബാൻ പറയുന്നത് അവർ തങ്ങളോടൊപ്പമാണെന്നും കശ്മീരിൽ തങ്ങളെ സഹായിക്കുമെന്നുമാണെന്ന് നീലം ഇർഷാദ് ഷെയ്ക്ക് വ്യക്തമാക്കി. താലിബാൻ ഞങ്ങളെ സഹായിക്കും. കാരണം ഇന്ത്യ താലിബാനോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും നീലം ഇർഷാദ് വിശദമാക്കി.

താലിബാന് വേണ്ട സഹായങ്ങളും പിന്തുണയും നൽകുന്നത് പാകിസ്താനാണെന്ന് നേരത്തേ അഫ്ഗാൻ ഉൾപ്പടെയുള്ള ലോക രാജ്യങ്ങൾ ആരോപിച്ചിരുന്നു. അഫ്ഗാനിലെ അഷ്‌റഫ് ഘനി സർക്കാരിനെതിരെ യുദ്ധം ചെയ്യാൻ നൂറുകണക്കിന് പാകിസ്ഥാനികളെയാണ് ആയുധങ്ങൾ നൽകി അതിർത്തി കടത്തിയതെന്ന വിമർശനങ്ങൾ ശക്തമായിരുന്നു. അഫ്ഗാൻ സൈന്യത്തിൽ നിന്ന് പിടിച്ചെടുത്ത അത്യന്താധുനിക ആയുധങ്ങൾ കൈവശമുള്ള താലിബാൻ ഭീകരരെ ഇന്ത്യക്കെതിരെ ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലാണ് പാകിസ്താൻ എന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

കാബൂൾ: താലിബാൻ ഭീകരർ അഫ്ഗാന്റെ നിയന്ത്രണം പിടിച്ചെടുത്തതിന് പിന്നാലെ രാജ്യത്തിനുള്ള സാമ്പത്തിക സഹായം നിർത്തലാക്കി വേൾഡ് ബാങ്ക്. സ്ത്രീകളുടെ അവകാശങ്ങൾ ലംഘിക്കുന്നതടക്കം നിരവധി വിഷയങ്ങൾ ആശങ്കാജനകമാണെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. അഫ്ഗാനിലേക്കുള്ള സഹായം ലോക ബാങ്ക് താൽക്കാലികമായി അവസാനിപ്പിച്ചതായി ബാങ്ക് വക്താവും അറിയിച്ചിട്ടുണ്ട്.

അഫ്ഗാനിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുകയാണെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കി. അഫ്ഗാനിസ്താനിലെ അവസ്ഥയെക്കുറിച്ചും രാജ്യത്തിന്റെ വികസന സാധ്യതകളെ ബാധിക്കുന്നതിനെക്കുറിച്ചും പ്രത്യേകിച്ച് സ്ത്രീകളെക്കുറിച്ചും തങ്ങൾ വളരെയധികം ആശങ്കാകുലരാണ്. കഠിന പ്രയത്നത്തിലൂടെ കൈവരിച്ച വികസന നേട്ടങ്ങൾ സംരക്ഷിക്കുന്നതിനും ജനങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള മാർഗങ്ങൾ ആലോചിച്ചു വരികയാണെന്നും ബാങ്ക് വിശദമാക്കി. അഫ്ഗാനിസ്താനിൽ രണ്ട് ഡസനിലധികം പദ്ധതികളിൽ ലോകബാങ്ക് സഹായമുണ്ട്. കൂടാതെ 2002 മുതൽ 5.3 ബില്യൺ ഡോളർ നൽകിയിട്ടുണ്ടെന്നും താലിബാൻ നിയന്ത്രണം ഏറ്റെടുത്തതോടെ അഫ്ഗാനിൽ ഉള്ള വേൾഡ് ബാങ്ക് ജീവനക്കാരെ ഒഴിപ്പിച്ചതായും ബാങ്ക് അധികൃതർ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ദത്തെടുക്കൽ നിയമം കേന്ദ്രം പരിഷ്‌ക്കരിച്ചു. വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ ഇനി മുതൽ ഇന്ത്യൻ പൗരന്മാർ ഇന്ത്യയിൽ നിന്ന് ദത്തെടുത്ത കുഞ്ഞുങ്ങളെയും സംരക്ഷിക്കണമെന്നാണ് നിയമത്തിലെ നിർദ്ദേശം. ദത്തെടുത്ത ശേഷം രണ്ട് വർഷത്തിനുള്ളിൽ വിദേശത്തേക്ക് പോയാലാണ് പുതിയ നിയമം ബാധകമാവുക.

പുതുക്കിയ നിയമം സംബന്ധിച്ച വിജ്ഞാപനം ഓഗസ്റ്റ് 23 നാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയത്. ഇതുവരെ നോൺ റെസിഡന്റ് ഇന്ത്യൻസ് (NRIs), ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ (OCI) എന്നിവർ മറ്റു രാജ്യങ്ങളിൽ നിന്ന് ദത്തെടുത്ത കുട്ടികളെ സംരക്ഷിക്കേണ്ട ചുമതല മാത്രമായിരുന്നു ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്കുണ്ടായിരുന്നത്. ദത്തെടുക്കൽ നിയമം പരിഷ്‌ക്കരിച്ചതോടെ ഇന്ത്യൻ പൗരന്മാർ ഇന്ത്യയിൽ നിന്നും ദത്തെടുത്ത കുഞ്ഞുങ്ങളെയും സംരക്ഷിക്കേണ്ട ചുമതല കൂടി വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്ക് ലഭിച്ചു.

ഇത്തരം കുട്ടികൾക്ക് അവഗണന, ദുരുപയോഗം, ചൂഷണം തുടങ്ങിയ ബുദ്ധിമുട്ടുകൾ നേരിടുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വം ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്കാണ്. ഇന്ത്യൻ രക്ഷിതാക്കൾ ഇന്ത്യയിൽ നിന്ന് തന്നെ ദത്തെടുത്ത ശേഷം പിന്നീട് വിദേശത്തേക്ക് താമസം മാറിയാൽ എന്ത് സംഭവിക്കും എന്ന കാര്യത്തിൽ വ്യക്തതയില്ലായിരുന്നു. അടുത്ത കാലത്താണ് വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്നാണ് കേന്ദ്രം ദത്തെടുക്കൽ നിയമത്തിൽ പുതിയ ഭേദഗതി കൊണ്ടുവന്നതും ഉടൻ തന്നെ നടപ്പിൽവരുത്തുകയും ചെയ്തത്. പുതിയ നിയമമനുസരിച്ച് രക്ഷിതാക്കൾ കുട്ടികളെ ദത്തെടുത്ത് രണ്ട് വർഷത്തിനുള്ളിൽ വിദേശ രാജ്യത്തേക്ക് താമസം മാറിയാൻ മേൽപറഞ്ഞ മുഴുവൻ കാര്യങ്ങളും നടപ്പിൽവരുത്തുകയെന്നത് ഇന്ത്യൻ എംബസികളുടെ ഉത്തരവാദിത്വമാണ്.

ഇത്തരം രക്ഷിതാക്കൾ താമസം മാറുന്നതിന് മുൻപ് യാത്ര ചെയ്യുന്ന രാജ്യത്തെയും എത്തുന്ന രാജ്യത്തെയും സംബന്ധിച്ച വിവരം നയതന്ത്ര അധികൃതർക്ക് ചുരുങ്ങിയത് രണ്ടാഴ്ച മുൻപ് നൽകുകയും വിലാസവും ബന്ധപ്പെടാനുള്ള നമ്പറുകളും മറ്റും കൃത്യമായി എഴുതി നൽകുകയും വേണം. സെന്റ്രൽ അഡോപ്ഷൻ മിഷൻ റിസോഴ്‌സ് അതോറിറ്റി നടപ്പിൽവരുത്തിയ ഭേദഗതികൾ വുമൺ ആന്റ് ചൈൽഡ് ഡവലപ്‌മെന്റ് മന്ത്രാലയമാണ് വിജ്ഞാപനം ചെയ്തത്.

നയതന്ത്ര കാര്യാലയങ്ങൾ കുട്ടികൾ രാജ്യത്തെത്തി ആദ്യത്തെ വർഷം എല്ലാ മൂന്ന് മാസത്തെ ഇടവേളകളിലും പിന്നീട് ആറ് മാസത്തെ ഇടവേളകളിലും കുട്ടികളെ കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് കേന്ദ്ര അധികൃതർക്ക് കൈമാറണമെന്നാണ് നിർദ്ദേശം. ഇതുമായി ബന്ധപ്പെട്ട മറ്റാവശ്യങ്ങൾക്കായി അവരെ ബന്ധപ്പെടണമെന്നും നിർദ്ദേശമുണ്ട്.

ദത്തെടുക്കൽ നിയമം ലംഘിച്ചുവെന്ന് ബോധ്യപ്പെട്ടാൽ ഉടൻ തന്നെ ഇന്ത്യയിലെ അധികൃതരെ വിവരമറിയിക്കുകയും ആവശ്യമെങ്കിൽ കുട്ടികളെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള മാർഗങ്ങൾ ഒരുക്കുകയും ചെയ്യും.

വാഷിംഗ്ടൺ: ഓഗസ്റ്റ് 31 നുള്ളിൽ അഫ്ഗാനിൽ നിന്നും പിന്മാറാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ജി 7 നേതാക്കളോടാണ് അദ്ദേഹത്തിന്റെ പ്രതികരണം. പിന്മാറ്റം എത്രയും പെട്ടെന്ന് പൂർത്തിയാക്കുന്നുവോ തങ്ങൾക്ക് അത്രയും നല്ലതാണെന്ന് അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനിൽ അമേരിക്കയ്ക്ക് ഒപ്പമുണ്ടായിരുന്നു രാജ്യങ്ങളുടെ ഒഴിപ്പിക്കലും ഇതിനിടയിൽ പൂർത്തിയാവും എന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒഴിപ്പിക്കൽ നടപടികൾക്ക് താലിബാൻ സഹായം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

തങ്ങളുടെ ആളുകളെ പുറത്തുകൊണ്ടുവരാനുളള നടപടികൾ താലിബാൻ സ്വീകരിച്ചു. അവരുടെ പ്രവൃത്തികളിൽ നിന്ന് അന്താരാഷ്ട്ര സമൂഹം താലിബാനെ വിലയിരുത്തുമെന്നും അദ്ദേഹം വിശദമാക്കി. താലിബാനും അമേരിക്കൻ ചാര സംഘടനയായ സി ഐ എയും തമ്മിൽ രഹസ്യ കൂടിക്കാഴ്ച നടന്നുവെന്ന് റിപ്പോർട്ട് പുറത്തുവന്നെങ്കിലും താലിബാൻ വക്താവ് സബീഹുള്ള മുജാഹിദിൻ ഇക്കാര്യം നിഷേധിച്ചിരുന്നു. എന്നാൽ ഈ വാർത്ത ഏറെകുറി സ്ഥിരീകരിക്കുന്നതാണ് അമേരിക്കൻ പ്രസിഡന്റിന്റെ പ്രസ്താവനകൾ.

അതേസമയം ഒരു കാരണവശാലും പിന്മാറാനുളള സമയം നീട്ടിനൽകില്ലെന്ന് താലിബാൻ അറിയിച്ചിട്ടുണ്ട്. ഈ മാസം 31 കഴിഞ്ഞും രാജ്യത്ത് തുടരാനാണ് അമേരിക്കയുടെ പദ്ധതിയെങ്കിൽ കനത്ത വില നൽകേണ്ടിവരുമെന്നാണ് താലിബാന്റെ മുന്നറിയിപ്പ്.

തിരുവനന്തപുരം: വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി കുടുംബം. കേന്ദ്ര ചരിത്ര ഗവേഷണ കൗൺസിൽ നീക്കം അപലപനീയമാണെന്ന് കുടുംബം കുറ്റപ്പെടുത്തി. ദേശീയ സമര രക്തസാക്ഷികളെ അവമതിക്കാനുള്ള നീക്കം ചെറുക്കുമെന്നും പരസ്യ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കുടുംബം അറിയിച്ചു.

അതേസമയം ചരിത്രഗവേഷണ കൗൺസിലിന്റെ നടപടിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. മലബാർ കലാപത്തിലെ 387 ധീര വിപ്ലവകാരികളുടെ പേരുകൾ സ്വാതന്ത്ര്യ സമരത്തിലെ രക്തസാക്ഷികളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്ത ചരിത്രഗവേഷണ കൗൺസിലിന്റെ നടപടി ഭീരുത്വവും ഇന്ത്യയുടെ മഹത്തായ ദേശീയ സമരത്തോടുള്ള അവഹേളനവുമാണെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ബിജെപിക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. സാമ്രാജ്യത്വത്തിന് വിടുപണി ചെയ്ത ചരിത്രം മാത്രമുള്ള സംഘപരിവാറിന് സാമ്രാജ്യ വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നൽകിയ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും, ആലി മുസലിയാരെയും പോലെയുള്ള ധീര രക്തസാക്ഷികളുടെ ഓർമകൾ അലോസരമുണ്ടാക്കിയേക്കാമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അധികാരം ഉപയോഗിച്ച് ചരിത്രം വളച്ചൊടിക്കാനും ചരിത്ര പുസ്തകങ്ങൾ തിരുത്താനും, ചരിത്രപുരുഷൻമാരെ തമസ്‌കരിക്കാനും കഴിഞ്ഞേക്കും, എന്നാൽ കോടിക്കണക്കായ സാധാരണ ഇന്ത്യാക്കാരുടെ മനസിൽ നിന്ന് വാരിയൻകുന്നത്തിനെയും, ആലി മുസിലായാരെപ്പോലെയുമുള്ള ധീരനായകൻമാരുടെ സ്മരണകൾ തുടച്ചുനീക്കാൻ കഴിയില്ലെന്ന് ബിജെപിയും സംഘപരിവാറും മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് മറുപടിയുമായി ധനമന്ത്രി നിർമലാ സീതാരാമൻ. കേന്ദ്രസർക്കാരിന്റെ ദേശീയ ധനസമാഹരണ പദ്ധതിയെ വിമർശിച്ച് രാഹുൽ നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് നിർമ്മലാ സീതാരാമൻ രംഗത്തെത്തിയത്. ധനസമാഹരണം എന്താണെന്ന് രാഹുലിന് അറിയുമോയെന്ന് നിർമലാ സീതാരാമൻ ചോദിച്ചു. കൈക്കൂലി വാങ്ങി രാജ്യത്തെ വിഭവങ്ങൾ വിറ്റുതുലച്ചത് കോൺഗ്രസാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.

എഴുപത് വർഷം കൊണ്ട് രാജ്യം ഉണ്ടാക്കിയ സമ്പത്ത് നരേന്ദ്ര മോദി വിൽക്കുകയാണെന്നായിരുന്നു രാഹുൽഗാന്ധിയുടെ വിമർശനം. പാവപ്പെട്ടവർക്ക് പ്രയോജനപ്പെടേണ്ട രാജ്യത്തെ എല്ലാ ആസ്തിയും ചില വ്യവസായ സുഹൃത്തുക്കൾക്ക് നൽകുകയാണ്. ഇത് വലിയ ദുരന്തമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാകുകയാണ്. മോദി സർക്കാർ സമ്പദ് വ്യവസ്ഥയെ തകർത്തു. രാജ്യത്ത് 70 വർഷം ഒന്നും നടന്നില്ല എന്നാണ് ബിജെപിയും മോദിയും പറഞ്ഞത്. എന്നാൽ 70 വർഷത്തെ സമ്പത്താണ് മോദി സർക്കാർ ഇപ്പോൾ വിൽക്കുന്നത്. മോദി സർക്കാർ സമ്പദ് മേഖലയെ തകർത്തുവെന്നും എന്താണ് ചെയ്യേണ്ടതെന്ന് കേന്ദ്ര സർക്കാരിന് അറിയില്ലെന്നും അദ്ദേഹം ആരോപിച്ചു. റെയിൽ, റോഡ്, വൈദ്യുതി മേഖലകളിൽ നിന്ന് സ്വകാര്യ പങ്കാളിത്തോടെ ആറ് ലക്ഷം കോടി രൂപയുടെ വരുമാനം കണ്ടെത്തുന്നതിനുള്ള പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു രാഹുലിന്റെ പ്രതികരണം.

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ 70 വർഷത്തിനിടെ അമേഠിയിൽ ഒരു ജില്ലാ ആശുപത്രി പോലും ഉണ്ടായിരുന്നില്ലെന്ന് സ്മൃതി ഇറാനി വിമർശിച്ചു. സ്വകാര്യ പങ്കാളിത്തത്തോടെ ആറ് ലക്ഷം കോടി രൂപ ലഭിക്കുന്നതാണ് കോൺഗ്രസിന്റെ പ്രശ്നമൊന്നും സ്മൃതി ഇറാനി വ്യക്തമാക്കിയിരുന്നു.

ന്യൂഡൽഹി: 2036, 2040 ഒളിമ്പിക്‌സുകളിൽ ഒരെണ്ണത്തിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ താത്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്. ഐ ഒ സി പ്രസിഡന്റ് തോമസ് ബാക്കാണ് ഇക്കാര്യം അറിയിച്ചത്. 2032 വരെയുള്ള ഒളിമ്പിക്‌സ് വേദികൾ ഇതിനോടകം തന്നെ ഐ ഒ സി നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ബ്രിസ്‌ബേനിൽ വച്ചായിരിക്കും 2032 ലെ ഒളിമ്പിക്‌സ് നടക്കുക. ഇതിനോടകം തന്നെ 2036, 2040 ഒളിമ്പിക്‌സുകൾക്ക് വേണ്ടി നിരവധി രാജ്യങ്ങൾ തങ്ങളെ സമീപിച്ചിട്ടുണ്ട്. ഒരു അന്താരാഷ്ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

ഇന്തോനേഷ്യ, ഖത്തർ, ജർമനി, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളും അടുത്ത രണ്ട് ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള താത്പര്യം അറിയിച്ചിട്ടുണ്ട്. ഒളിമ്പിക്‌സ് പോലുള്ള കായിക മാമാങ്കങ്ങൾ നടത്തുന്നതിന് വമ്പൻ തുകകൾ ചെലവഴിക്കേണ്ടി വരുന്നതിനെതിരെ വിവിധ ഭാഗങ്ങളിൽ നിന്നും വിമർശനം ഉയരുന്നുണ്ട്. ടോക്കിയോ ഒളിമ്പിക്‌സിന് മുന്നോടിയായി ജപ്പാൻ കോടിക്കണക്കിന് രൂപ ചെലവഴിച്ചത് വലിയ വിമർശങ്ങൾക്ക് വഴി വെച്ചിട്ടുണ്ട്. എന്നിരുന്നാലും ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ സന്നദ്ധത അറിയിച്ച് നിരവധി രാഷ്ട്രങ്ങൾ രംഗത്തെത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.