ഒളിമ്പിക്‌സ് മത്സരത്തിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ താത്പര്യം പ്രകടിപ്പിച്ചു; ഐ ഒ സി പ്രസിഡന്റ്

ന്യൂഡൽഹി: 2036, 2040 ഒളിമ്പിക്‌സുകളിൽ ഒരെണ്ണത്തിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ താത്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്. ഐ ഒ സി പ്രസിഡന്റ് തോമസ് ബാക്കാണ് ഇക്കാര്യം അറിയിച്ചത്. 2032 വരെയുള്ള ഒളിമ്പിക്‌സ് വേദികൾ ഇതിനോടകം തന്നെ ഐ ഒ സി നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ബ്രിസ്‌ബേനിൽ വച്ചായിരിക്കും 2032 ലെ ഒളിമ്പിക്‌സ് നടക്കുക. ഇതിനോടകം തന്നെ 2036, 2040 ഒളിമ്പിക്‌സുകൾക്ക് വേണ്ടി നിരവധി രാജ്യങ്ങൾ തങ്ങളെ സമീപിച്ചിട്ടുണ്ട്. ഒരു അന്താരാഷ്ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

ഇന്തോനേഷ്യ, ഖത്തർ, ജർമനി, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളും അടുത്ത രണ്ട് ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള താത്പര്യം അറിയിച്ചിട്ടുണ്ട്. ഒളിമ്പിക്‌സ് പോലുള്ള കായിക മാമാങ്കങ്ങൾ നടത്തുന്നതിന് വമ്പൻ തുകകൾ ചെലവഴിക്കേണ്ടി വരുന്നതിനെതിരെ വിവിധ ഭാഗങ്ങളിൽ നിന്നും വിമർശനം ഉയരുന്നുണ്ട്. ടോക്കിയോ ഒളിമ്പിക്‌സിന് മുന്നോടിയായി ജപ്പാൻ കോടിക്കണക്കിന് രൂപ ചെലവഴിച്ചത് വലിയ വിമർശങ്ങൾക്ക് വഴി വെച്ചിട്ടുണ്ട്. എന്നിരുന്നാലും ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ സന്നദ്ധത അറിയിച്ച് നിരവധി രാഷ്ട്രങ്ങൾ രംഗത്തെത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.