General (Page 1,436)

covid

ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തെ കുറിച്ച് നിർണായക കണ്ടെത്തലുകളുമായി ഗവേഷകർ. കോവിഡിന്റെ ഡെൽറ്റാ വകഭേദത്തെ കുറിച്ചാണ് ഗവേഷകർ നിർണായക വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഡെൽറ്റ വകഭേദമാണ് നിങ്ങളെ ബാധിച്ചിട്ടുള്ളതെങ്കിൽ മറ്റു വകഭേദങ്ങൾ ബാധിച്ചാലുള്ളതിനേക്കാൾ 300 ഇരട്ടി വൈറസ് നിങ്ങളുടെ ശരീരത്തിൽ കാണുമെന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തൽ. ദക്ഷിണ കൊറിയയിൽ നടത്തിയ ഒരു പഠനത്തിലാണ് ഈ കണ്ടെത്തലുകളുള്ളത്. ഡെൽറ്റ ബാധിച്ചവരിൽ വൈറൽ ലോഡ് വളരെ കൂടുതലായിരിക്കും എന്നാണ് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നത്. ഒരു മനുഷ്യന്റെ രക്തത്തിൽ ഉണ്ടാകുന്ന വൈറസിന്റെ അളവിനെയാണ് വൈറൽ ലോഡ് എന്നു പറയുന്നത്.

എന്നാൽ, ഇതിനർത്ഥം ഡെൽറ്റ വകഭേദത്തിന് അതിവ്യാപനശേഷി ഉണ്ടെന്നുള്ളതല്ല. രോഗത്തിന്റെ ആരംഭഘട്ടത്തിൽ വൈറൽ ലോഡ് കൂടുതലാവുമെങ്കിലും അത് ക്രമേണ കുറഞ്ഞുവന്ന് മറ്റ് വകഭേദങ്ങൾക്ക് സമാനമാകും. വുഹാനിൽ കണ്ടെത്തിയ ആദ്യ വൈറസിനേക്കാൾ രണ്ട് ഇരട്ടി മാത്രമാണ് അധിക വ്യാപനശേഷി ഡെൽറ്റയ്ക്കുള്ളത്. കെന്റ് വകഭേദത്തേക്കാൾ 1.6 ഇരട്ടി വ്യാപന ശേഷിയും ഡെൽറ്റയ്ക്കുണ്ട്. വൈറൽ ലോഡ് അധികമാകുമ്പോൾ മറ്റൊരാളിലേക്ക് രോഗം പകരുവാനുള്ള സാധ്യത വർധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.

ഡെൽറ്റ വകഭേദം ബാധിച്ച 1848 രോഗികളുടെ വൈറൽ ലോഡിനെ മറ്റു വകഭേദങ്ങൾ ബാധിച്ച 22,106 രോഗികളുടെ വൈറൽ ലോഡുമായി താരതമ്യം ചെയ്താണ് ഗവേഷകർ പഠനം നടത്തിയത്. മൂന്ന് ഇരട്ടിയോളം അധികമാകുന്ന വൈറൽ ലോഡ് നാലു ദിവസം കഴിയുമ്പോൾ തന്നെ 30 ഇരട്ടിയായി കുറയുന്നുണ്ടെന്നും പഠനത്തിൽ തെളിഞ്ഞു. രോഗം ബാധിച്ച ഉടനെ ചികിത്സ ലഭ്യമാക്കിയാൽ രോഗം കൂടുതൽ ഗുരുതരമാകാതെ സൂക്ഷിക്കാം. രോഗലക്ഷണങ്ങൾ പ്രദർശിപ്പിക്കാൻ തുടങ്ങിയാൽ ഉടൻ തന്നെ പരിശോധന നടത്തണമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

കോവിഡ് വന്ന് സുഖം പ്രാപിച്ചവർ ശസ്ത്രക്രിയയ്ക്ക് വിധേയരാകേണ്ടതായി വന്നാൽ അപകടകരമാം വിധം രക്തം കട്ടപിടിക്കാനുള്ള സാധ്യത മറ്റുള്ളവരേക്കാൾ രണ്ടിരട്ടിയാണെന്ന് മറ്റൊരു പഠന റിപ്പോർട്ടിലും പറയുന്നുണ്ട്. യൂണിവേഴ്‌സിറ്റി ഓഫ് ബിർമ്മിങ്ഹാമിലെ ശാസ്ത്രജ്ഞരാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. അനസ്റ്റേഷ്യ എന്ന ജേർണലിലാണ് ഈ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 115 രാജ്യങ്ങളിലായി 1,630 ഓളം ആശുപത്രികളിൽ വിവിധ ശസ്ത്രക്രിയയ്ക്ക് വിധേയരായ 1,28,013 പേരുടെ വിവരങ്ങൾ ശേഖരിച്ച് നടത്തിയ പഠനത്തിലാണ് നിർണായക കണ്ടെത്തലുകളുള്ളത്.

തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനെതിരെ രൂക്ഷ നിമർശനവുമായി ബിജെപി. മാപ്പിള കലാപം സ്വാതന്ത്ര്യ സമരമാണെന്ന സുധാകരന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് ബിജെപി വിമർശനവുമായി രംഗത്തെത്തിയത്. മഹാത്മജിയെയും ഡോ.അംബേദ്ക്കറെയും ആനിബസന്റിനെയും കെ പി കേശവമേനോനെയും, കെ കേളപ്പനെയും, ആദ്യ കെപിസിസി പ്രസിഡന്റായിരുന്ന കെ മാധവമേനോനെയും തള്ളിപ്പറയുകയാണ് സുധാകരൻ തന്റെ നിലപാടിലൂടെയെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ് വിമർശിച്ചു.

മാപ്പിളകലാപം സ്വാതന്ത്ര്യസമരമാണെന്നാണ് കെ.സുധാകരൻ പറയുന്നത്. കേരളത്തിലെ ഹിന്ദുജനതയെ ആശങ്കയിലേക്ക് തള്ളിവിടുന്നതാണിത്. അധികാരത്തിനുവേണ്ടി രാജ്യദ്രോഹത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടിൽ നിന്ന് സുധാകരൻ പിന്തിരിയണമെന്ന് കൃഷ്ണദാസ് ആവശ്യപ്പെട്ടു. കോൺഗ്രസ്സിന്റെയും സിപിഎമ്മിന്റെയും നിലപാടുകൾ കേരളത്തിൽ താലിബാനിസത്തെ വളർത്താൻ സഹായിക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മലപ്പുറം: ആഫ്രിക്കയിലെ സ്വത്തുക്കൾ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്താതെ പി.വി അൻവർ എംഎൽഎ. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി സമർപ്പിച്ച നാമനിർദേശ പത്രികയ്ക്കൊപ്പമുള്ള രേഖകളിലൊന്നും പി വി അൻവർ ആഫ്രിക്കയിലെ സ്വത്ത് വിവരങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല. ഇത് ഗുരുതരമായ ചട്ടലംഘനമാണെന്നാണ് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

നാമനിർദ്ദേശ പത്രികയിൽ സ്വത്ത് വിവരങ്ങൾ പരസ്യപ്പെടുത്താതിരിക്കുന്നത് ഹർജി കൂടാതെ വോട്ടർമാർക്ക് പരാതിപ്പെടാവുന്ന കുറ്റമാണെന്നാണ് നിയമ വിദഗ്ധർ വ്യക്തമാക്കുന്നത്. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ 125 എ വകുപ്പ് പ്രകാരം ആറ് മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുൻപ് സമർപ്പിച്ച നാമനിർദ്ദേശ പത്രികയിലെ സ്വത്ത് വിവരങ്ങളിലും ആഫ്രിക്കയിലെ സ്വത്തിനേയോ നിക്ഷേപത്തേയോ കുറിച്ച് അൻവർ പറഞ്ഞിട്ടില്ല. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് മണ്ഡലത്തിൽ എംഎൽഎയെ കാണാനില്ലെന്ന പരാതി ഉയർന്നപ്പോൾ അൻവർ തന്നെ ഫേസ്ബുക്കിലൂടെ താൻ ആഫ്രിക്കയിലാണെന്ന വിവരം വെളിപ്പെടുത്തിയിരുന്നു. ആഫ്രിക്കയിൽ തനിക്ക് നിക്ഷേപം ഉണ്ടെന്ന് അൻവർ പറഞ്ഞിരുന്നു. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രികയ്ക്ക് ഒപ്പം സമർപ്പിച്ച 66 പേജുള്ള സ്വത്ത് വിവരങ്ങളിൽ തന്റേയോ ആശ്രിതരുടേയോ പേരിൽ ആഫ്രിക്കയിൽ എന്തെങ്കിലും തരത്തിലുള്ള നിക്ഷേപമുള്ളതായി വ്യക്തമാക്കിയിട്ടില്ല.

തെരഞ്ഞെടുപ്പ് കമ്മീഷനാണ് വിഷയത്തിൽ നടപടി സ്വീകരിക്കേണ്ടതെന്നും നിയമ വിദഗ്ധർ പറയുന്നു.

കൊല്ലം: പീഡന കേസ് പരാതി ഒതുക്കാൻ ഇടപെട്ടെന്ന ആരോപണത്തിൽ മന്ത്രി എ.കെ.ശശീന്ദ്രന് ക്ലിൻ ചിറ്റ് നൽകി പോലീസ്. പരാതി പിൻവലിക്കാൻ മന്ത്രി ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രിക്കെതിരെ കേസെടുക്കാനാവില്ലെന്നുമാണ് പോലീസിന്റെ നിലപാട്.

വിഷയം ‘നല്ലരീതിയിൽ’ പരിഹരിക്കണമെന്നാണ് ശശീന്ദ്രൻ നിർദേശിച്ചതെന്നാണ് പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ശാസ്താംകോട്ട ഡിവൈ.എസ്.പി. കൊല്ലം റൂറൽ എസ്പിക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്. യൂത്ത് ലീഗ് നേതാവായ സഹൽ നൽകിയ പരാതിയിലാണ് പോലീസ് റിപ്പോർട്ട്.

മന്ത്രി പരാതി പിൻവലിക്കാൻ ആവശ്യപ്പെടാതിരുന്ന സാഹചര്യത്തിൽ കേസെടുക്കാൻ പോലീസിനാവില്ല. ഇതുമായി ബന്ധപ്പെട്ട നിയമോപദേശം തേടിയെന്നും റിപ്പോർട്ടിൽ വിശദമാക്കുന്നു. പരാതിക്കാരിയായ ഇരയോട് മന്ത്രി സംസാരിച്ചിട്ടില്ല. അവരുടെ അച്ഛനോട് മാത്രമാണ് സംസാരിച്ചത്. ഇരയുടെ പേരോ മറ്റോ മന്ത്രി പരാമർശിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ന്യൂഡൽഹി: അഫ്ഗാൻ വിഷയത്തിൽ പാകിസ്താനെതിരെ രൂക്ഷ വിമർശനവുമായി പോപ്പ് താരം ആര്യാന സയീദ്. അഫ്ഗാനിസ്താനിലെ എല്ലാ കുഴപ്പങ്ങൾക്കും കാരണം പാകിസ്താനാണെന്നാണ് താരം പറയുന്നത്. അഫ്ഗാനിസ്താനിൽ നിന്ന് രക്ഷപ്പെട്ട വ്യക്തിയാണ് ആര്യാന സയീദ്.

താലിബാന് പണവും സൗകര്യവുമെത്തിക്കുന്നത് പാകിസ്താനാണെന്ന് ആര്യാന കുറ്റപ്പെടുത്തുന്നു. തന്റെ രാജ്യത്തിന് നേരിട്ട ഈ പ്രതിസന്ധി മറികടക്കാൻ അന്താരാഷ്ട്ര സമൂഹം സഹായിക്കണമെന്നും താരം അഭ്യർത്ഥിച്ചു. അഫ്ഗാനിസ്താനിലെ പ്രധാന പ്രശ്നങ്ങൾക്കെല്ലാം കാരണം പാകിസ്താനാണ്. താലിബാന് പാകിസ്താൻ ധനസഹായം ചെയ്യുന്നുണ്ടെന്ന് ഇപ്പോൾ തങ്ങൾക്കെല്ലാം അറിയാമെന്ന് ആര്യാന സയീദ് വ്യക്തമാക്കി.

താലിബാൻ തീവ്രവാദികൾക്ക് പരിശീലനം നൽകുന്നത് പാകിസ്താനിലാണ്. കുറച്ച് ദിവസം കൊണ്ട് അഫ്ഗാൻ മുഴുവൻ താലിബാൻ പിടിച്ചടക്കിയത് വിശ്വസിക്കാനാവുന്നില്ല. രണ്ട് പതിറ്റാണ്ട് അഫ്ഗാനിൽ തുടർന്ന ശേഷം പെട്ടെന്ന് അമേരിക്ക പിന്മാറിയത് തങ്ങളെ ഞെട്ടിച്ചു. അഫ്ഗാനിലെ സ്ത്രീകളും കുട്ടികളും അവർ അർഹിക്കാത്ത പ്രശ്നങ്ങളാണ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നതെന്നും ആര്യാന കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് ചുട്ട മറുപടി നൽകി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സ്വകാര്യ പങ്കാളിത്തോടെ ആറ് ലക്ഷം കോടി രൂപയുടെ വരുമാനം കണ്ടെത്താനുള്ള കേന്ദ്ര സർക്കാർ പദ്ധതിയെ വിമർശിച്ച് നടത്തിയ പ്രസ്താവനകൾക്കാണ് സ്മൃതി ഇറാനി മറുപടി നൽകിയത്. കഴിഞ്ഞ 70 വർഷത്തിനിടെ അമേഠിയിൽ ഒരു ജില്ലാ ആശുപത്രി പോലും ഉണ്ടായിരുന്നില്ലെന്ന് സ്മൃതി ഇറാനി കുറ്റപ്പെടുത്തി. സ്വകാര്യ പങ്കാളിത്തത്തോടെ ആറ് ലക്ഷം കോടി രൂപ ലഭിക്കുന്നതാണ് കോൺഗ്രസിന്റെ പ്രശ്‌നമൊന്നും സ്മൃതി ഇറാനി വ്യക്തമാക്കി.

എഴുപത് വർഷം കൊണ്ട് രാജ്യം ഉണ്ടാക്കിയ സമ്പത്ത് നരേന്ദ്ര മോദി വിൽക്കുകയാണെന്നായിരുന്നു രാഹുൽഗാന്ധിയുടെ വിമർശനം. പാവപ്പെട്ടവർക്ക് പ്രയോജനപ്പെടേണ്ട രാജ്യത്തെ എല്ലാ ആസ്തിയും ചില വ്യവസായ സുഹൃത്തുക്കൾക്ക് നൽകുകയാണ്. ഇത് വലിയ ദുരന്തമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാകുകയാണ്. മോദി സർക്കാർ സമ്പദ് വ്യവസ്ഥയെ തകർത്തു. രാജ്യത്ത് 70 വർഷം ഒന്നും നടന്നില്ല എന്നാണ് ബിജെപിയും മോദിയും പറഞ്ഞത്. എന്നാൽ 70 വർഷത്തെ സമ്പത്താണ് മോദി സർക്കാർ ഇപ്പോൾ വിൽക്കുന്നത്. മോദി സർക്കാർ സമ്പദ് മേഖലയെ തകർത്തുവെന്നും എന്താണ് ചെയ്യേണ്ടതെന്ന് കേന്ദ്ര സർക്കാരിന് അറിയില്ലെന്നും അദ്ദേഹം ആരോപിച്ചു. റെയിൽ, റോഡ്, വൈദ്യുതി മേഖലകളിൽ നിന്ന് സ്വകാര്യ പങ്കാളിത്തോടെ ആറ് ലക്ഷം കോടി രൂപയുടെ വരുമാനം കണ്ടെത്തുന്നതിനുള്ള പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു രാഹുലിന്റെ പ്രതികരണം.

കണ്ണൂർ: സിപിഎം 23-ാം പാർട്ടി കോൺഗ്രസ് വേദിയായി കണ്ണൂരിലെ നായനാർ അക്കാദമിയെ തെരഞ്ഞെടുത്തു. സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 800 ഓളം പ്രതിനിധികളാണ് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നത്. ജില്ലാ സമ്മേളന തീയതികൾക്ക് അടുത്ത സംസ്ഥാന കമ്മിറ്റി രൂപം നൽകുമെന്നും സംസ്ഥാന സമ്മേളനം നടക്കുന്നതിനാൽ എറണാകുളം ജില്ലാ സമ്മേളനമായിരിക്കും ആദ്യം നടക്കുകയെന്നും അദ്ദേഹം അറിയിച്ചു.

വേദിക്കായുള്ള ക്രമീകരണങ്ങൾ പരിശോധിക്കാൻ എത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ, ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം ജെയിംസ് മാത്യു എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

സെപ്തംബർ 10 മുതൽ 30 വരെയുള്ള തീയ്യതികൾക്കുള്ളിലായിരിക്കും ബ്രാഞ്ച് സമ്മേളനങ്ങൾ നടക്കുക. ലോക്കൽ സമ്മേളനങ്ങൾ ഒക്ടോബർ മാസവും ഏരിയാ സമ്മേളനങ്ങൾ നവംബർ മാസവും നടത്താനും തീരുമാനിച്ചു.

കേരളത്തിലെ പാർട്ടിയുടെ ചരിത്രം മനസ്സിലാക്കാൻ ഉതകും വിധം സംവിധാനങ്ങൾ അക്കാദമിയിൽ ഒരുക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

ന്യൂഡൽഹി: അഫ്ഗാന്റെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തതോടെ ഇന്ത്യൻ ഉദ്യോഗസ്ഥരെയും പൗരന്മാരെയും തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു കേന്ദ്ര സർക്കാർ. അഫ്ഗാനിൽ നിന്നും ഇന്ത്യക്കാരുൾപ്പെടെയുള്ള വിദേശ പൗരന്മാരെ രക്ഷിക്കാൻ ഏറ്റവും അധികം സഹായിച്ചത് താജിക്കിസ്താനിലെ ഇന്ത്യയുടെ സൈനിക വിമാനത്താവളമാണ്.

ജിസ്സാർ മിലിട്ടറി എയറോഡ്രാം എന്ന ഇന്ത്യൻ വിമാനത്താവളം താജിക്കിസ്താന്റെ തലസ്ഥാനമായ ദുഷാൻബെയുടെ സമീപത്തുള്ള അയ്‌നി എന്ന ചെറിയ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയും താജിക്കിസ്ഥാനും സംയുക്തമായാണ് കഴിഞ്ഞ ഇരുപതു വർഷത്തോളമായി വിമാനത്താവളത്തിന്റെ പ്രവർത്തനം നടത്തുന്നത്.

എന്നാൽ അഫ്ഗാനിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കാൻ തുടങ്ങിയതോടെയാണ് ഈ വിമാനത്താവളത്തെ കുറിച്ചും ഇതിന്റെ പ്രധാന്യത്തെ കുറിച്ചുമുള്ള ചർച്ചകൾ സജീവമായത്. കാബൂളിലെ വിമാനത്താവളത്തിൽ നിന്നും ഇന്ത്യൻ പൗരന്മാരുമായി പറന്നുയർന്ന വിമാനങ്ങൾ അയ്‌നി വിമാനത്താവളത്തിലാണ് ഇറക്കിയത്. ഇവിടെ നിന്നാണ് എയർ ഇന്ത്യയുടെ വിമാനങ്ങളിൽ യാത്രക്കാരെ സുരക്ഷിതമായി ഇന്ത്യയിലേക്ക് തിരികെ എത്തിച്ചത്. കുറച്ചു സമയം കൊണ്ട് നിരവധി പേരെ അഫ്ഗാൻ മണ്ണിൽ നിന്നും രക്ഷിക്കുവാൻ ഇന്ത്യക്ക് കഴിഞ്ഞത് ഈ രീതിയിലാണ്.

2002 ലാണ് അയ്‌നി വിമാനത്താവളത്തിന്റെ നടത്തിപ്പിൽ ഇന്ത്യയും പങ്കാളികളാകുന്നത്. അയ്‌നി വിമാനത്താവളത്തിന്റെ നവീകരണത്തിനു വേണ്ടി 740.95 കോടി രൂപയാണ് ഇന്ത്യ ചെലവഴിച്ചത്. അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടേയും പ്രതിരോധമന്ത്രി ജോർജ് ഫെർണാണ്ടസിന്റെയും ദീർഘവീക്ഷണത്തിന്റെ ഫലമാണ് ഇന്നത്തെ അയ്‌നി വിമാനത്താവളം.

ന്യൂഡൽഹി: കോൺഗ്രസ് ദേശീയ നേതൃത്വത്തിൽ വീണ്ടും വിള്ളൽ. പാർട്ടിയെ ചിലർ നശിപ്പിക്കുന്നു എന്ന മല്ലികാർജ്ജുന ഖർഗെയുടെ പ്രസ്താവനയെ ചൊല്ലിയാണ് ഇത്തവണ പാർട്ടിയിൽ വാക്‌പോര് മുറുകുന്നത്. സോണിയ ഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കളെക്കുറിച്ചായിരുന്നു രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന ഖർഗെയുടെ പരാമർശം. നേതാക്കൾക്കെതിരെ രൂക്ഷ വിമർശനമാണ് ഖർഗെ ഉന്നയിച്ചത്.

സോണിയാ ഗാന്ധിയ്ക്ക് കത്തെഴുതിയവർ പാർട്ടിക്ക് ദോഷമുണ്ടാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പാർട്ടിയെ നശിപ്പിക്കാനേ ഇത് ഇടയാക്കൂവെന്നായിരുന്നു അദ്ദേഹത്തിന്റെ കുറ്റപ്പെടുത്തൽ. കോൺഗ്രസ് ഈ നേതാക്കൾക്ക് എല്ലാം നൽകിയതാണെന്ന് ഓർക്കണമെന്നും കോവിഡിന്റെ തുടക്ക കാലത്ത് ഈ നേതാക്കളെ കാണാനില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഖർഗെയുടെ പരാമർശത്തിനെതിരെ കപിൽ സിബലും ശശി തരൂരും ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തെത്തി. പാർട്ടിയെ രക്ഷിക്കാൻ നോക്കുന്നവരെ തള്ളരുതെന്നും പാർട്ടിയെ നശിപ്പിക്കാനല്ല ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നുമായിരുന്നു കപിൽ സിബലിന്റെ പ്രതികരണം. പാർട്ടിക്ക് എല്ലാം നൽകിയവരെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് ഖാർഗെ മറക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഖർഗെയുടെ അഭിപ്രായ പ്രകടനം നിർഭാഗ്യകരമാണെന്ന് ശശി തരൂരും പ്രതികരിച്ചു.

ബിജെപിക്കെതിരെ ഒന്നിച്ചു പോരാടുമ്പോൾ നേതാക്കൾ പരസ്പര ബഹുമാനം കൈവിടരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കരുതെന്ന് ആനന്ദ് ശർമ്മയും ആവശ്യപ്പെട്ടു. കോവിഡ് കാലത്ത് ഒന്നും ചെയ്യാത്തവരെന്ന് പറയും മുമ്പ് ഖർഗെ തന്നോട് സംസാരിക്കണമായിരുന്നുവെന്ന് മനീഷ് തിവാരി പറഞ്ഞു.

മുംബൈ: വാട്ട്സ്ആപ്പിനോട് സാമ്യമുള്ള പേര് ഉപയോഗിക്കുന്ന ഏതെങ്കിലും ആപ്പുകൾ നിങ്ങൾ ഉപയോഗിക്കുന്നുണ്ടോ. അങ്ങനെയെങ്കിൽ എത്രയും വേഗം തന്നെ അൺഇൻസ്റ്റാൾ ചെയ്യണമെന്ന് മുന്നറിയിപ്പ്. ഇല്ലെങ്കിൽ ഈ ആപ്പുകൾ നിങ്ങൾക്ക് പണിതരുമെന്നാണ് വാട്ട്സ്ആപ്പ് മുന്നറിയിപ്പ് നൽകുന്നത്. കൂടുതൽ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന തേഡ് പാർട്ടി ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്ന ആളുകളോട് ഇനി വിട്ടുവീഴ്ച ചെയ്യില്ലെന്ന് വാട്ട്സ്ആപ്പ് അറിയിച്ചു.

വാട്ട്സ്ആപ്പ് പ്ലസ്, ജിബി പ്ലസ് തുടങ്ങിയ തേഡ് പാർട്ടി ആപ്ലിക്കേഷനുകൾ വാട്ട്സ്ആപ്പിലില്ലാത്ത നിരവധി ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു. എന്നാൽ, ഈ ആപ്പുകൾ സുരക്ഷിതമല്ലെന്നും അത് വ്യക്തിഗത ഡാറ്റ മോഷ്ടിക്കാൻ കഴിയുന്ന മാൽവെയറുകൾ നിറഞ്ഞതുമാണെന്നുമാണ് വാട്ട്സ്ആപ്പ് പറയുന്നത്. പ്ലേ സ്റ്റോറിലോ ആപ്പ് സ്റ്റോറിലോ ഇത്തരം ആപ്പുകൾ കണ്ടെത്താത്തതിന്റെ പ്രധാന കാരണവും ഇതുതന്നെയാണെന്ന് വാട്ട്‌സ്ആപ്പ് വ്യക്തമാക്കി.

വാട്ട്സ്ആപ്പ് ഒരിക്കലും ഓട്ടോമാറ്റിക്ക് മറുപടികളും ചാറ്റ് ഷെഡ്യൂളിംഗും അവതരിപ്പിച്ചിട്ടില്ല. എന്നാൽ ഈ വ്യാജ ആപ്പുകളിൽ ഈ ഫീച്ചറുകളെല്ലാം ഉണ്ട്. ഓട്ടോറിപ്ലൈസ്, ചാറ്റ് ഷെഡ്യൂളിംഗ് എന്നിവയും മറ്റ് ഫീച്ചറുകളും ഈ വ്യാജ ആപ്പുകളിൽ ഉൾക്കൊള്ളുന്നു. വാട്ട്സ്ആപ്പ് നയങ്ങൾ അനുസരിച്ച്, അവരുടെ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയ ഒരു അക്കൗണ്ടിന് ആപ്പിന് താൽക്കാലികമോ ശാശ്വതമോ ആയ വിലക്ക് നേരിടേണ്ടിവരും. വാട്ട്സ്ആപ്പ് ആപ്പിന്റെ അനധികൃത പതിപ്പുകളെ ‘വാട്ട്‌സ്ആപ്പ് മോഡുകൾ’ എന്ന് വിളിക്കുന്നു. വാട്ട്സ്ആപ്പിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ, അത് കമ്പനിയുടെ നിബന്ധനകളുടെയും വ്യവസ്ഥകളുടെയും വ്യക്തമായ ലംഘനമായി കണക്കാക്കുകയും അക്കൗണ്ട് നിരോധിക്കുകയും ചെയ്യും.

വാട്ട്സ്ആപ്പ് പ്ലസ്, ജിബി പ്ലസ് പോലുള്ള മിക്ക തേർഡ് പാർട്ടി ആപ്ലിക്കേഷനുകളും എപികെ വഴി മാത്രമേ ഡൗൺലോഡ് ചെയ്യാൻ കഴിയൂ.ഈ ആപ്പുകൾ ഉപയോക്താക്കളുടെ സുരക്ഷിതത്വവും സ്വകാര്യതയും ശ്രദ്ധിക്കുന്നില്ലെന്നും അതിനാൽ അത്തരം ആപ്പുകൾ ഡൗൺലോഡ് ചെയ്യരുതെന്നും വാട്ട്‌സ്ആപ്പ് അറിയിച്ചു.