തദ്ദേശസ്ഥാപനങ്ങൾ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് തൊഴിൽദായകരായി ഉയരണം; മന്ത്രി എം വി ഗോവിന്ദൻ

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങൾ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് തൊഴിൽദായകരായി ഉയരണമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്തുന്നതിന്റെ ഭാഗമായി കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളുടെ അവലോകന യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

1000 ജനസംഖ്യയിൽ അഞ്ചുപേർക്ക് എന്ന രീതിയിൽ തൊഴിലും വരുമാനവും ഉറപ്പാക്കണം. പ്രാദേശികമായ സാധ്യതകളും അവസരങ്ങളും മനസ്സിലാക്കി തദ്ദേശസ്ഥാപനങ്ങൾ ഇടപെടണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനും ഭാവി പ്രവർത്തനങ്ങൾ വിശദീകരിക്കാനുമാണ് യോഗങ്ങൾ വിളിച്ചു ചേർത്തത്. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായാണ് യോഗം ചേർന്നത്.

തൊഴിലും വരുമാനവും ഉറപ്പിക്കാനുള്ള സമീപനത്തോടെ കുടുംബശ്രീ സംവിധാനത്തെ സമകാലികമാക്കണം. അടുത്ത അഞ്ചുവർഷം നവകേരള നിർമ്മാണത്തിനുള്ള കർമ്മപദ്ധതിയാണ് സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ചിരിക്കുന്നത്. ജനകീയാസൂത്രണത്തിന്റെ രജതജൂബിലി വേളയിൽ തദ്ദേശ സ്ഥാപനങ്ങളും പുതിയ സമീപനവും പുതിയ ലക്ഷ്യബോധവും കൈക്കൊള്ളണം. 2021-22 വാർഷിക പദ്ധതി നിർവഹണം ത്വരിതപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമ്പൂർണ്ണ ശുചിത്വ യജ്ഞം എല്ലാ തദ്ദേശസ്ഥാപനങ്ങളും മുഖ്യകടമയായി ഏറ്റെടുക്കണമെന്നും വകുപ്പ് ഏകീകരണത്തിന്റെ ഗുണഫലം ഭരണ-നിർവ്വഹണ കാര്യങ്ങളിൽ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.