General (Page 1,434)

കാബൂൾ: താലിബാൻ അധികാരം പിടിച്ചടക്കിയതിന് പിന്നാലെ ഏതുവിധേനയും രക്ഷപ്പെട്ടാൽ മതിയെന്ന ചിന്തയോടെ കഴിയുന്ന ഒരു വിഭാഗം ജനങ്ങൾ അഫ്ഗാനിലുണ്ട്. യു.എസ് സൈന്യത്തെ പിൻവലിക്കുന്ന ഓഗസ്റ്റ് 31ന് മുമ്പ് രാജ്യം വിട്ട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് പോകാനുളള ശ്രമത്തിലാണ് ഇവർ. അവസാന ആശ്രയം എന്ന നിലയിൽ നിരവധി പേരാണ് കാബൂളിലെ വിമാനത്താവളത്തിന് പുറത്ത് കാത്തിരിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കാബൂൾ വിമാനത്താവള പരിസരത്ത് ഭക്ഷണം വെള്ളം തുടങ്ങിയ അവശ്യവസ്തുക്കൾക്ക് വില ദിനംപ്രതി വർധിക്കുകയാണെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എയർപോർട്ടിന് പുറത്ത് ഒരു കുപ്പിവെളളത്തിന് 40 ഡോളറും ഒരു പ്ലേറ്റ് റൈസിന് 100 ഡോളറുമാണ് വിലയെന്ന് വിമാനത്താവളത്തിന് പുറത്ത് കാത്തുനിൽക്കുന്ന അഫ്ഗാൻ പൗരൻ പറയുന്നു. ഇത് സാധാരണക്കാരന് താങ്ങാനാവുന്നതിൽ അധികമാണെന്നാണ് അഫ്ഗാൻ പൗരന്മാർ പറയുന്നത്. ഇതിന്റെ വീഡിയോകളും പുറത്തു വന്നിട്ടുണ്ട്.

വാഷിംഗ്ടൺ: അമേരിക്കൻ നയതന്ത്രജ്ഞരെ മാത്രം ബാധിക്കുന്ന ഹവാന സിൻഡ്രോം എന്ന അവസ്ഥയ്ക്ക് പിന്നിലെ കാരണങ്ങളറിയാൻ ഗവേഷണങ്ങൾ തുടർന്ന് ശാസത്രജ്ഞർ. നിരവധി പരീക്ഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും അവസ്ഥയ്ക്ക് പിന്നിലെ യഥാർത്ഥ കാരണമെന്താണെന്ന് കണ്ടെത്താൻ ഇതുവരെ കഴിഞ്ഞില്ല. അടുത്തിടെ ഈ രോഗത്തിന്റെ ഭീഷണിയെത്തുടർന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ വിയറ്റ്നാം യാത്ര വൈകിയതോടെയാണ് ഇതുസംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമായത്. ഈ അജ്ഞാത രോഗത്തിന് പിന്നിൽ ചൈനയാണോ എന്ന സംശയവും ബലപ്പെടുന്നുണ്ട്. നിഗൂഢമായ ഒരു മൈക്രോവേവ് അല്ലെങ്കിൽ സോണിക്ക് ആയുധം ഉപയോഗിച്ച് ചൈനയാണ് തങ്ങളെ ലക്ഷ്യമിടുന്നതെന്നാണ് അമേരിക്ക സംശയിക്കുന്നത്. മൈക്കോവേവ് ആയുധങ്ങൾ കണ്ടുപിടിക്കുന്നതുമായി ബന്ധപ്പെട്ട് ചൈന നേരത്തേ പരീക്ഷണങ്ങൾ നടത്തിയിരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നത് ഈ സംശയത്തിന് കൂടുതൽ ബലമേകുന്നു.

ഹവാന സിൻഡ്രോമിനെ കുറിച്ച് 2016 മുതലാണ് പുറത്തറിയാൻ തുടങ്ങിയത്. അതിന് മുൻപ് ഇത്തരമൊരു അവസ്ഥ ഉണ്ടായിരുന്നോയെന്ന കാര്യം വ്യക്തമല്ല. വിചിത്രമായതും പല തരത്തിലുള്ളതുമായ ശബ്ദങ്ങൾ കേൾക്കുക, ഛർദി, അതിശക്തമായ തലവേദന, ക്ഷീണം, തലകറക്കം, ഉറക്ക പ്രശ്നങ്ങൾ, കേൾവിക്കുറവ്, ഓർമപ്രശ്നങ്ങൾ എന്നിവയാണ് ഈ അവസ്ഥയുടെ പ്രധാന ലക്ഷണങ്ങൾ. അപരിചിതമായ ശാരീരിക അസ്വസ്ഥതകളും ഇതോടൊപ്പം അനുഭവപ്പെടാറുണ്ട്. രോഗം തീവ്രമായാൽ ചിലർ മരണപ്പെടും. എന്നാൽ മറ്റു ചിലർ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിലായിരിക്കും. സമർത്ഥരായ ഉദ്യോഗസ്ഥരെയാണ് ഈ രോഗം കൂടുതലായി ബാധിക്കുക. ക്യൂബയുടെ തലസ്ഥാനമായ ഹവാനയിലെ അമേരിക്കൻ നയതന്ത്ര പ്രതിനിധികൾക്കും എംബസിയിലെ ചില ഉദ്യോഗസ്ഥർക്കുമാണ് ആദ്യമായി ഈ രോഗലക്ഷണങ്ങൾ പ്രകടമായത്.

അധികം വൈകാതെ തന്നെ മറ്റുരാജ്യങ്ങളിലെ അമേരിക്കൻ എംബസി ഉദ്യോഗസ്ഥരെയും ഈ രോഗം ബാധിച്ചു. ഈ അവസ്ഥയ്ക്ക് കാരണമായി റഷ്യയെ ആയിരുന്നു അമേരിക്ക ആദ്യം സംശയിച്ചിരുന്നത്. റഷ്യക്കെതിരെയുള്ള നീക്കങ്ങൾക്കായി അതീവ രഹസ്യമായി വിദേശരാജ്യങ്ങളിൽ എത്തുന്ന അമേരിക്കൻ ഉദ്യോഗസ്ഥരിൽ ചിലർക്ക് രോഗംബാധിച്ചതോടെയാണ് അമേരിക്ക റഷ്യയെ സംശയിച്ചത്. എന്നാൽ ഇതിന് വേണ്ട തെളിവുകൾ കണ്ടെത്താൻ അമേരിക്കയ്ക്ക് കഴിഞ്ഞിരുന്നില്ല. അമേരിക്കൻ ഉദ്യോസ്ഥർക്കെതിരേ ക്യൂബയും റഷ്യയും ചേർന്ന് അജ്ഞാത ആക്രമണം നടത്തിയെന്ന് 2017 ൽ ഡൊണാൾഡ് ട്രംപ് ആരോപിച്ചിരുന്നു. പിന്നീടാണ് ചൈനയാണ് ഈ രോഗത്തിന് കാരണമെന്ന സംശയം തോന്നി തുടങ്ങിയത്.

2020 ൽ പുറത്തുവന്ന നാഷണൽ അക്കാഡമീസ് ഓഫ് സയൻസ് പഠനങ്ങൾ പ്രകാരം സൂക്ഷ്മതരംഗങ്ങളുടെ പ്രയോഗമാണ് ഹവാന സിൻഡ്രോമിന്റെ വിശ്വസനീയമായ കാരണം എന്ന് വ്യക്തമായിരുന്നു. പലർക്കും ഇത്തരത്തിലുള്ള അവസ്ഥ ഉണ്ടായത് ചില പ്രത്യേക സ്ഥലത്തുവച്ചോ മുറികളിൽ വച്ചോ ആണ്. ആദ്യം ശക്തമായ വേദനയും മുഴക്കമുളള ശബ്ദം കേട്ടതായി തോന്നുകയും ചെയ്യും. തുടർന്നാണ് മറ്റ് അവസ്ഥകൾ ആരംഭിക്കുന്നത്. ഇതോടെയാണ് വൈദ്യുതകാന്തിക തരംഗങ്ങൾ പ്രത്യേക ആവൃത്തിയിൽ ഉപയോഗിക്കുന്നതാവാം രോഗത്തിന് കാരണമെന്ന നിഗമനത്തിൽ ഗവേഷകർ എത്തിയത്. ലോകത്തെ സ്വന്തം കാൽച്ചുവട്ടിൽ നിർത്താനുള്ള അമേരിക്കയുടെ തരംതാണ പ്രവൃത്തിയാണ് ഈ രോഗത്തിന് പിന്നിലെന്നാണ് അമേരിക്ക വിശ്വസിക്കുന്നത്. ഭരണാധികാരികൾക്ക് നേരെയും ഇത്തരം ആക്രമണങ്ങൾ ഉണ്ടായേക്കാമെന്ന് അമേരിക്ക ആശങ്കപ്പെടുന്നു.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. കോവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാർ പരാജയമാണെന്ന് അദ്ദേഹം വിമർശിച്ചു. കോവിഡ് മാനദണ്ഡങ്ങളിലെ പിഴവ് പലതവണ ആരോഗ്യവിദഗദ്ധർ ചൂണ്ടിക്കാട്ടിയെങ്കിലും തിരുത്താൻ സർക്കാർ തയ്യാറായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി വാർത്താ കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വൻ പരാജയമാണ്. രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണത്തിൽ 65 ശതമാനവും കേരളത്തിലാണുള്ളത്. മറ്റു സംസ്ഥാനങ്ങളിൽ കോവിഡ് കേസുകളുടെ എണ്ണം കുറയുമ്പോൾ കേരളത്തിൽ മാത്രം കോവിഡ് രോഗികളുടെ എണ്ണം തുടർച്ചയായി വർധിക്കുന്നു. രാജ്യത്ത് ആകെ 3.44 ലക്ഷം രോഗബാധിതരിൽ 1.82 ലക്ഷം രോഗികളും കേരളത്തിൽ നിന്നാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18 ശതമാനത്തിനും മുകളിലാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് സംബന്ധമായ യഥാർത്ഥ കണക്കുകൾ ഇതിനും എത്രയോ മുകളിലാണ്. കോവിഡ് പോസിറ്റീവ് കേസുകളിലും മരണസംഖ്യയിലും സർക്കാർ ഒളിച്ചുകളി നടത്തുന്നു. സർക്കാർ കണക്കുപ്രകാരം 20,000 പേർക്കാണ് ഇതുവരെ ജീവഹാനി സംഭവിച്ചത്. യാഥാർത്ഥ്യം ഇതിനും അപ്പുറമാണ്. ഇനിയെത്രപേരെക്കൂടി കേരള സർക്കാർ കുരുതികൊടുക്കുമെന്നതാണ് ജനങ്ങളുടെ ആശങ്കയെന്ന് അദ്ദേഹം ആരോപിച്ചു. ലോകത്തിന് തന്നെ കേരള ആരോഗ്യ രംഗം മോഡലായിരുന്നു. അതിന്റെ കടയ്ക്കലാണ് പിണറായി സർക്കാർ കത്തിവെച്ചത്. കോവിഡ് പരിശോധനയിലും കേരള സർക്കാർ പരാജയമാണ്. ആന്റിജൻ പരിശോധനയ്ക്ക് മാത്രമാണ് സംസ്ഥാന സർക്കാർ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു.

വാക്സിൻ വിതരണത്തിലും അലംഭാവം തുടരുകയാണ്. രണ്ടുകോടി പേർ ആദ്യഡോസ് വാക്സിൻ എടുത്തെങ്കിലും രണ്ടാം ഡോസ് വാക്സിൻ എടുത്തവരുടെ എണ്ണം 70 ലക്ഷം മാത്രമാണ്. രണ്ടാം ഡോസ് വാക്സിൻ പലയിടത്തും ലഭ്യമല്ല. വാക്സിൻ ചലഞ്ച് ഫണ്ടിലൂടെ 800 കോടി സംഭാവാന കിട്ടിയെങ്കിലും ഇതുവരെ ചെലവാക്കിയത് 50 കോടിയിൽ താഴെ മാത്രമാണ്. സംസ്ഥാന സർക്കാരിന്റെ കോവിഡ് നിയന്ത്രണങ്ങളുടെ പേരിലുള്ള തുഗ്ലക് പരിഷ്‌ക്കാരങ്ങളുടെ ഫലമായി സാമ്പത്തിക പ്രതിസന്ധി കാരണം 35 പേരാണ് ഇതുവരെ ആത്മഹത്യ ചെയ്തത്. കോവിഡ് ദുരിതം കാരണം തൊഴിലും വരുമാനവുമില്ലാതെ കടക്കെണിയിൽപ്പെട്ട് ജീവിതം പോലും വെല്ലുവിളിയായി മാറിയ ഒരു ജനതയെ കോവിഡ് പ്രോട്ടോകോൾ പാലിച്ചില്ലെന്ന് പറഞ്ഞ് പെറ്റിക്കേസ്സുകൾ ചുമത്തുക വഴി കേരളം സ്വരൂപിച്ച കോടികളുടെ കണക്ക് പുറത്തു വിടാൻ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകുമോയെന്ന് അദ്ദേഹം ചോദിച്ചു.

ഇനിയെങ്കിലും ദുരഭിമാനം വെടിഞ്ഞ് കേന്ദ്ര ആരോഗ്യ സംവിധാനവുമായും കേരളത്തിലെ ഡോക്ടർമാരുടെ സംഘടനകളുമായും സഹകരിച്ച് കോവിഡ് പ്രതിരോധത്തിന് ശരിയായ മാർഗ്ഗം സ്വീകരിക്കുവാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കണ്ണൂര്‍: നെറ്റ് വര്‍ക് കിട്ടാത്തതിനാല്‍ മൊബൈല്‍ ഫോണുമായി ഉയരമുള്ള മരത്തില്‍ കയറിയ വിദ്യാര്‍ത്ഥി വീണ് പരിക്കേറ്റ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കണ്ണൂര്‍ ജില്ലാ കളക്ടര്‍ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജു നാഥ് ആവശ്യപ്പെട്ടു.

ചിറ്റാരിപറമ്പ് കണ്ണവം വനമേഖലയിലെ പന്യോട് ആദിവാസി കോളനിയിലെ അനന്തു ബാബുവാണ് മരക്കൊമ്പ് ഒടിഞ്ഞു വീണ് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. പ്ലസ് വണ്‍ അപേക്ഷയുടെ വിവരങ്ങളറിയുന്നതിനായി ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അനന്തു ബാബു മരത്തില്‍ കയറിയത്. ഇതിനിടെ ചില്ല ഒടിഞ്ഞ് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ നാട്ടുകാര്‍ ആദ്യം കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലുമെത്തിച്ചു. എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. തലയ്ക്കും കാലിനും മുതുകിലും പരിക്കേറ്റ അനന്തുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

പ്രദേശത്ത് മൊബെല്‍ കവറേജ് ലഭിക്കുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. മരങ്ങളുടെ മുകളിലോ ഏറുമാടത്തിലോ ഇരുന്നാണ് കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നത്.

അതേസമയം, പരിക്കേറ്റ വിദ്യാര്‍ഥിയുടെ പിതാവിനെ ഫോണില്‍ വിളിച്ച് മന്ത്രി വി ശിവന്‍കുട്ടി വിവരങ്ങള്‍ അന്വേഷിച്ചു. എന്താവശ്യത്തിനും തന്നെ നേരില്‍ വിളിക്കാം എന്ന് മന്ത്രി അനന്തുവിന്റെ പിതാവ് ബാബുവിനെ അറിയിച്ചിട്ടുണ്ട്.

ചികിത്സയിലുള്ള പരിയാരം മെഡികെല്‍ കോളജ് ആശുപത്രിയുടെ സൂപ്രണ്ടിനേയും മന്ത്രി ഫോണില്‍ വിളിച്ച് കുട്ടിയുടെ ആരോഗ്യ വിവരങ്ങള്‍ അന്വേഷിച്ചു. അനന്തുവിന് മികച്ച ചികിത്സ ലഭ്യമാക്കുമെന്ന് സൂപ്രണ്ട് മന്ത്രിയെ അറിയിച്ചു.

കണ്ണൂര്‍ ജില്ലാ കലക്ടറുമായും മന്ത്രി ഫോണില്‍ സംസാരിച്ചു. മൊബൈല്‍ റേഞ്ച് ഇല്ലാത്ത സ്ഥലങ്ങളില്‍ റേഞ്ച് എത്തിക്കാനുള്ള നടപടികള്‍ തുടരുകയാണെന്ന് കലക്ടര്‍ മന്ത്രിയെ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ മൊത്തം 137 കേന്ദ്രങ്ങളിലാണ് നെറ്റ് വര്‍ക്ക് പ്രശ്നം അനുഭവപ്പെടുന്നതായി കണ്ടെത്തിയത്. ഇതില്‍ 71 ഇടങ്ങളില്‍ പ്രശ്നം പരിഹരിച്ചതായും കലക്ടര്‍ മന്ത്രിയെ അറിയിച്ചു.

pinarayi

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനവുമായി ബന്ധപ്പട്ട് ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് പ്രതിരോധത്തിൽ കേരള മാതൃക തെറ്റാണെന്നാണ് പറയുന്നവർ പിന്നെ ഏതു മാതൃകയാണ് സ്വീകരിക്കേണ്ടത് എന്നുകൂടി പറയണമെന്ന് പിണറായി വിജയൻ ചോദിച്ചു. ചിന്ത വാരികയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. കേരളത്തിൽ ഒരാൾ പോലും പ്രതിസന്ധി കാലത്ത് വിശന്ന് ഉറങ്ങേണ്ടി വന്നില്ലെന്നും ലഭിച്ചതിലധികം വാക്‌സീൻ വിതരണം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹങ്ങൾ നദികളിൽ ഒഴുകുന്ന സ്ഥിതിയുണ്ടായില്ല. സംസ്ഥാനത്ത് ഒരാൾക്ക് പോലും ചികിത്സ കിട്ടാതെ ഇരുന്നിട്ടില്ല. കോവിഡിന്റെ ഭാഗമായുണ്ടായ പ്രതിസന്ധിയുടെ കാലത്തും സംസ്ഥാനത്ത് ഭരണസ്തംഭനം ഉണ്ടായിട്ടില്ലെന്നും വികസന – ക്ഷേമ പ്രവർത്തനങ്ങൾ മുടക്കമില്ലാതെ നടന്നുവെന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാൻ കേരളം സജ്ജമാണ്. കഴിയാവുന്ന വിധത്തിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ സംരക്ഷിച്ചു നിർത്താനാണ് എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നത്. കേരളത്തിൽ ഒരാൾ പോലും ഓക്‌സിജൻ കിട്ടാതെ മരിച്ചിട്ടില്ല. കേരളത്തിൽ ആർക്കും ആരോഗ്യസേവനങ്ങൾ ലഭ്യമാകാതിരിക്കുകയോ അടിയന്തര ഘട്ടങ്ങളിൽ ആശുപത്രിയിൽ കിടക്ക ലഭിക്കാതിരിക്കുകയോ ചെയ്തിട്ടില്ല. മൂന്ന് സീറോ പ്രിവലെൻസ് സർവ്വേകളാണ് ഇന്ത്യയിൽ ഇതുവരെ നടത്തപ്പെട്ടത്. മൂന്നിലും ഏറ്റവും കുറവ് ആളുകൾക്ക് രോഗബാധയുണ്ടായ സംസ്ഥാനം കേരളമാണ്. വാക്‌സിനേഷന്റെ കാര്യത്തിലും കേരളം മാതൃക കാട്ടി. ഒറ്റ തുള്ളി വാക്‌സിൻ പോലും നഷ്ടപ്പെടുത്തിയില്ലെന്ന് മാത്രമല്ല, ഓരോ വയലിലും ശേഷിച്ച ഡോസുകൂടി ഉപയോഗിച്ച് ജനങ്ങളെ വാക്‌സിനേറ്റ് ചെയ്യാൻ കേരളത്തിന് കഴിഞ്ഞു. സംസ്ഥാനത്തെ കൊവിഡ് മരണനിരക്ക് 0.5 ശതമാനത്തിലും താഴെയാണ്. രാജ്യത്തെ ആകെ മരണനിരക്കിൻറെ മൂന്നിലൊന്ന് മാത്രമാണത്. ആയിരക്കണക്കിന് മൃതദേഹങ്ങൾ അനാഥപ്രേതങ്ങളെപ്പോലെ നദികളിൽ ഒഴുകി നടക്കുന്നതും തീയണയാത്ത ചുടലപ്പറമ്പുകളും ഈ രാജ്യത്തുതന്നെ നാം കണ്ടതാണ്. കേരളത്തിൽ മരണപ്പെട്ട ഒരാളെപ്പോലും തിരിച്ചറിയാതെ ഇരുന്നിട്ടില്ല, ഒരു മൃതദേഹവും അപമാനിക്കപ്പെട്ടില്ല. കാര്യങ്ങൾ മുൻകൂട്ടി കണ്ട് തയ്യാറെടുപ്പുകൾ നടത്തിയതുകൊണ്ടാണ് മറ്റ് സംസ്ഥാനങ്ങൾക്കുവരെ ഓക്‌സിജൻ നൽകാൻ നമുക്കായത്. ഇത്തരത്തിൽ ലഭ്യമായിരിക്കുന്ന സംവിധാനങ്ങളെ കവച്ചുവെയ്ക്കുന്ന രീതിയിൽ മഹാമാരിയെ പ്രതിരോധിക്കാൻ സംസ്ഥാനത്തിൻറെ കഴിവിലും ഉപരിയായി പ്രവർത്തിച്ചു എന്നതാണ് അവർ പ്രചരിപ്പിക്കുന്ന വീഴ്ചയെങ്കിൽ, ആ വീഴ്ച വരുത്തിയതിൽ ഈ സർക്കാർ അഭിമാനം കൊള്ളുന്നുവെന്നും അദ്ദേഹം വിശദമാക്കി.

അനാവശ്യ വിമർശനങ്ങൾക്ക് ചെവി കൊടുത്ത് ഉത്തരവാദിത്തത്തിൽ വീഴ്ച വരുത്താൻ ഈ സർക്കാർ ആഗ്രഹിക്കുന്നില്ല. നാടിൻറെ വികസനത്തോടൊപ്പം മൂന്നാം തരംഗത്തെ നേരിടാനുള്ള ഇടപെടലുകൾ സർക്കാർ നടപ്പാക്കുകയാണ്. ഇതിനായി എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിലും പ്രത്യേകമായ ഐസൊലേഷൻ വാർഡുകൾ തയ്യാറാക്കും. നിലവിലുള്ള ഓട്ടോക്ലേവ് റൂമുകളെ സെൻട്രൽ സ്റ്റെറൈൽ സപ്ലൈ ഡിപ്പാർട്ടുമെൻറുകളായി പരിവർത്തിപ്പിക്കുകയാണ്. കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനായി പീഡിയാട്രിക് ഐസിയുകളിലെ കിടക്കകളുടെ എണ്ണം വർധിപ്പിക്കുകയും തെരഞ്ഞെടുക്കപ്പെട്ട ജില്ലാ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും പീഡിയാട്രിക് ഐസിയു വാർഡുകൾ ഒരുക്കുന്നതിനും തുടക്കമിട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തദ്ദേശീയമായി വാക്‌സീൻ ഉത്പാദിപ്പിക്കാനുള്ള ശ്രമങ്ങളും കേരളം നടത്തുന്നുണ്ട്. വേണ്ടത്ര വാക്‌സിൻ ഉത്പാദനം ഇല്ലാത്തതാണ് വാക്‌സിൻ ലഭ്യതയുമായി ബന്ധപ്പെട്ട് നാം അനുഭവിക്കുന്ന പ്രശ്‌നങ്ങൾക്കു കാരണം. ഇനിയൊരു ഘട്ടത്തിൽ ഇത്തരം പകർച്ചവ്യാധികളെ അതിജീവിക്കണമെങ്കിൽ വാക്‌സിൻ ഉത്പാദനവുമായി ബന്ധപ്പെട്ട തനത് ശേഷികൾ വികസിപ്പിക്കേണ്ടിയിരിക്കുന്നു. അതിനാണ് കേരളം ശ്രമിക്കുന്നത്. കേരള മോഡൽ എന്നുമൊരു ബദൽ കാഴ്ചപ്പാടാണ് ഉയർത്തിപ്പിടിച്ചിട്ടുള്ളത്. കോവിഡ് വ്യാപനത്തിന്റെ ഘട്ടത്തിലും സർക്കാരിന്റെ ഉത്തരവാദിത്തം ഊട്ടിയുറപ്പിക്കുന്ന ബദൽ കാഴ്ചപ്പാടാണ് കേരളം മുന്നോട്ടുവെച്ചത്. ആ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ നിന്നും സർക്കാർ പിന്നോട്ട് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: പുതിയ ഡിസിസി അധ്യക്ഷൻമാരുടെ പട്ടികയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾക്കിടയിൽ അതൃപ്തി പുകയുന്നു. എ, ഐ ഗ്രൂപ്പുകളിലാണ് അഭിപ്രായ ഭിന്നതയുള്ളത്. അന്തിമ പട്ടികയിൽ കെ.സി.വേണുഗോപാലിന്റെ അപ്രമാദിത്തമാണെന്നു ഗ്രൂപ്പുകൾ ആരോപിച്ചു. ഗ്രൂപ്പുകളുടെ അക്കൗണ്ടിൽ വന്നിരിക്കുന്ന പേരുകളിൽ കെസിയുടെ ഇടപെടലുണ്ടെന്ന പരാതിയും ഉയരുന്നുണ്ട്.

പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷം പ്രതിഷേധം അറിയിക്കാനാണ് ഗ്രൂപ്പുകളുടെ തീരുമാനം. അന്തിമ പട്ടിക കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് കൈമാറിയിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് വിവരം. തിരുവനന്തപുരത്ത് പാലോട് രവിയും കൊല്ലത്ത് പി രാജേന്ദ്ര പ്രസാദും പത്തനംതിട്ടയിൽ സതീഷ് കൊച്ചുപറമ്പിലും ആലപ്പുഴയിൽ കെ പി ശ്രീകുമാറും കോട്ടയത്ത് ഫിൽസൺ മാത്യൂസും ഇടുക്കിയിൽ എസ് അശോകനും എറണാകുളത്ത് മുഹമ്മദ് ഷിയാസും തൃശൂരിൽ ജോസ് വള്ളൂരും പാലക്കാട് എ. തങ്കപ്പനും മലപ്പുറത്ത് വി എസ് ജോയിയും കോഴിക്കോട് കെ. പ്രവീൺകുമാറും വയനാട് എൻ ഡി അപ്പച്ചനും കണ്ണൂരിൽ മാർട്ടിൻ ജോർജും കാസർകോട്: പി കെ. ഫൈസലുമാണ് പട്ടികയിലുള്ളത്.

കാബൂൾ: പാകിസ്താനുമായുള്ള ബന്ധം തുറന്നു കാട്ടി താലിബാൻ നേതാവ്. പാകിസ്താനെ തങ്ങളുടെ രണ്ടാമത്തെ വീടായാണ് കാണുന്നതെന്ന് താലിബാൻ വക്താവ് സാബിഹുള്ള മുജാഹിദ് വ്യക്തമാക്കി. അഫ്ഗാനിസ്താനുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് പാകിസ്താൻ. പരമ്പരാഗതമായി തങ്ങൾ സൗഹൃദത്തിലാണ് കഴിയുന്നതെന്ന് സാബിഹുള്ള മുജാഹിദ് പറഞ്ഞു.

ഇരുരാജ്യങ്ങളിലെ ജനങ്ങളും മതപരമായി യോജിച്ചുപോരുന്നവരാണ്. പാകിസ്താനുമായുള്ള ബന്ധം ദൃഢമാക്കാനാണ് ആലോചിക്കുന്നതെന്നും സാബിഹുള്ള മുജാഹിദ് അഭിപ്രായപ്പെട്ടു. പാക് മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു സാബിഹുള്ള മുജാഹിദിന്റെ പ്രതികരണം.

അഫ്ഗാൻ ജനതയുടെ താത്പര്യമനുസരിച്ച് ഇന്ത്യ അവരുടെ നയം വ്യക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കശ്മീർ വിഷയത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ ചർച്ച നടത്തണമെന്ന് താലിബാൻ വക്താവ് ആവശ്യപ്പെട്ടു. എത്രയും വേഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കണം. പാകിസ്താനും ഇന്ത്യയും അയൽരാജ്യക്കാരായതുകൊണ്ടുതന്നെ ഇരുവരുടെയും താത്പര്യങ്ങളിൽ സമാനതയുണ്ടാകുമെന്നും സാബിഹുള്ള മുജാഹിദ് വിശദമാക്കി.

മുഴുവൻ അഫ്ഗാൻ പൗരന്മാരെയും ഉൾക്കൊള്ളിച്ചുകൊണ്ട് ശക്തമായ ഒരു ഇസ്ലാം രാജ്യമായി അഫ്ഗാനെ മാറ്റുമെന്നും നടപടികൾ പുരോഗമിക്കുകയാണെന്നും സാബിഹുള്ള മുജാഹിദ് കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ഡ്രോണുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. രജിസ്റ്റർ ചെയ്യാത്ത ഡ്രോൺ ഇനി പറത്താനാകില്ല. അളില്ലാ വിമാനങ്ങളുടെ ഉപയോഗം, വാങ്ങൽ, വിൽപന എന്നിവയ്ക്കു കേന്ദ്രം പുതിയ നയം പുറത്തിറക്കി. വ്യോമയാന മന്ത്രാലയത്തിന്റേതാണ് നടപടി. പിഴത്തുകയും ഫീസും കുറക്കുകയും ചെയ്തു. ഡ്രോണുകൾക്ക് വഹിക്കാവുന്ന ഭാര പരിധി ഉയർത്തി. പുതിയ നയത്തിലെ ചട്ടങ്ങൾ ചരിത്രപരമാണെന്നും പുതിയ അവസരങ്ങൾക്ക് വഴി തുറക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

ഡ്രോണുകളെ അഞ്ചുവിഭാഗമായി തിരിച്ചാണ് പുതിയ നയം രൂപീകരിച്ചരിക്കുന്നത്. 250 ഗ്രാം വരെയുള്ളതിനെ നാനോ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ടു കിലോവരെ മൈക്രോ വിഭാഗത്തിലും 25 കിലോവരെ സ്‌മോൾ വിഭാഗത്തിലും 150 കിലോവരെ മീഡിയം വിഭാഗത്തിലും, 150 കിലോയിൽ കൂടുതൽ ലാർജ് വിഭാഗത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡിജിറ്റൽ സ്‌കൈ പ്ലാറ്റ്‌ഫോം വഴിയാണ് ഡ്രോണുകൾ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടത്. യുണീക് ഐഡന്റിഫിക്കേഷൻ നമ്പറുമുണ്ടാകും. രജിസ്റ്റർ ചെയ്യാത്തവ ഉപയോഗിക്കരുതെന്നാണ് പുതിയ നയത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. രജിസ്‌ട്രേഷന് മുൻകൂർ പരിശോധന ആവശ്യമില്ല. പച്ച, മഞ്ഞ, ചുവപ്പ് എന്നിങ്ങിനെ വ്യോമപാതകൾ മേഖലകളാക്കി തിരിച്ച് ഡ്രോണുകളുടെ ഉപയോഗത്തിന് നിയന്ത്രണമുണ്ടാകും.

ഡ്രോണുകൾ നഷ്ടപ്പെടുകയോ, ഉപയോഗശൂന്യമാവുകയോ ചെയ്താൽ നിശ്ചിതഫീസ് നൽകി ഡിരജിസ്റ്റർ ചെയ്യണമെന്നും പുതിയ നയത്തിൽ വ്യക്തമാക്കുന്നുണ്ട്. 500 കിലോഗ്രാം വരെ ഭാരം വഹിക്കാൻ ഡ്രോണുകൾക്ക് അനുമതിയുണ്ട്. ആയുധങ്ങളും അപകടകരമായ വസ്തുക്കളും കൊണ്ടുപോകാൻ മുൻകൂർ അനുമതി വേണമെന്നും മറ്റൊരാളുടെ സുരക്ഷയെ ബാധിക്കുംവിധം ഡ്രോൺ ഉപയോഗിക്കാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്. പിഴത്തുക ഒരു ലക്ഷം രൂപയാക്കിയാണ് ചുരുക്കിയത്. ആളില്ലാ വിമാനങ്ങൾ പറത്താൻ ലൈസൻസ് നിർബന്ധമാണ്. പത്താംക്ലാസ് പാസായ, പരിശീലനം ലഭിച്ച, 18 നും 65 നും ഇടയിൽ പ്രായമുള്ളവർക്കാണ് ലൈസൻസ് ലഭിക്കുക.

ഗ്രീൻ സോണുകളിൽ ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിന് അനുമതി ആവശ്യമില്ല. യെല്ലോ സോൺ, വിമാനത്താവള ചുറ്റളവിൽ നിന്ന് 45 കിലോമീറ്ററിൽ നിന്ന് 12 കിലോമീറ്ററായി കുറച്ചിട്ടുണ്ട്.
യെല്ലോ സോൺ, വിമാനത്താവള ചുറ്റളവിൽ നിന്ന് 45 കിലോമീറ്ററിൽ നിന്ന് 12 കിലോമീറ്ററായി കുറച്ചു. മൈക്രോ ഡ്രോണുകൾക്കും (വാണിജ്യേതര ഉപയോഗത്തിനുള്ള) നാനോ ഡ്രോണുകൾക്കും റിമോട്ട് പൈലറ്റ് ലൈസൻസ് ആവശ്യമില്ലെന്നും നയത്തിൽ നിർദ്ദേശിച്ചിട്ടുണ്ട്.

കാബൂൾ: അഫ്ഗാന്റെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തതിന് പിന്നാലെ പല തരത്തിലുള്ള അഭിപ്രായങ്ങൾ ഈ വിഷയവുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്. താലിബാന്റെ വിജയം ലോകമെങ്ങുമുള്ള ഭീകരസംഘങ്ങൾക്ക് വലിയ പ്രചോദനമാകുമെന്നാണ് വിലയിരുത്തൽ. ദുർബലമായ രാജ്യങ്ങളെ പിടിയിലാക്കാനുമുള്ള ഊർജമാണ് അത്തരം ഗ്രൂപ്പുകൾക്ക് താലിബാൻ വിജയം നൽകുന്നതെന്നും വിലയിരുത്തലുണ്ട്.

അതിനാൽ തന്നെ ലോകരാജ്യങ്ങളെല്ലാം ആഫ്രിക്കയിലേക്കാണ് ഉറ്റുനോക്കുന്നത്. താലിബാന്റെയും കൂട്ടരുടെയും പുതിയ ലക്ഷ്യം ആഫ്രിക്കയാണെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഇവിടങ്ങളിൽ പ്രവർത്തിക്കുന്ന താലിബാനോടും അൽഖാദയോടും ഇസ്ലാമിക് സ്റ്റേറ്റിനോടും അടുത്ത ബന്ധമുള്ള ഭീകരസംഘടനകൾ പുതിയ അവസരം മുതലെടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. താരതമ്യേന ദുർബലമായ ഭരണകൂടങ്ങളാണ് മിക്ക ആഫ്രിക്കൻ രാജ്യങ്ങളിലുമുള്ളത്. ദാരിദ്ര്യം, അഴിമതി, വികസനമില്ലായ്മ, ആഭ്യന്തര സംഘർഷങ്ങൾ, വംശീയ-ഗോത്ര പ്രതിസന്ധികൾ എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങൾ ഇവിടെയുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള സൈനിക സഹായം ഉൾപ്പെടെയുള്ളവ കൊണ്ട് മാത്രമാണ് മിക്ക രാജ്യങ്ങളും ഇപ്പോഴും നിലനിന്ന് പോകുന്നത്.

അമേരിക്ക അടക്കമുള്ള വിദേശ ശക്തികൾ തങ്ങളുടെ സൈനിക -സാമ്പത്തിക സഹായങ്ങൾ നിർത്തുന്നതോടെ ഇവിടങ്ങളിലെ ഭരണകൂടങ്ങൾ കൂടുതൽ ദുർബലമാവും. ഇതോടെ ആഫ്രിക്കൻ ഭരണകൂടങ്ങളെ ഭയപ്പെടുത്തി മുന്നോട്ടുപോവാൻ കഴിയുമെന്നാണ് ഭീകരസംഘടനകളുടെ പ്രതീക്ഷ.

നൈജീരിയ കേന്ദ്രമായി പ്രവർത്തിക്കുന്ന സലഫി ജിഹാദി സംഘടനയായ ബോക്കോ ഹറം മുതൽ സോമാലിയ കേന്ദ്രമായി പ്രവർത്തിക്കുന്ന അൽ ശബാബ് വരെ പുതിയ സാഹചര്യങ്ങൾ ഉപയോഗിച്ച് തങ്ങളുടെ സ്വാധീനം ശക്തിപ്പെടുത്തുമെന്നാണ് വിവരം. താലിബാനുമായി അടുത്ത ബന്ധം പുലർത്തുന്ന സംഘടനകളാണിത്.

ന്യൂഡൽഹി: അധികാരം മാറുമ്പോൾ പോലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള പകപോക്കൽ നടപടി അവസാനിപ്പിക്കണമെന്ന് സുപ്രീം കോടതിയുടെ നിർദ്ദേശം. അധികാരത്തിലിരിക്കുന്ന രാഷ്ട്രീയ പാർട്ടിയോടൊപ്പം നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ അധികാരം മാറുമ്പോൾ പീഡിപ്പിക്കപ്പെടുന്നത് നല്ല പ്രവണതയല്ലെന്ന് സുപ്രീം കോടതി കുറ്റപ്പെടുത്തി. രാജ്യദ്രോഹ കേസ് ചോദ്യം ചെയ്ത് ചത്തീസ്ഗഡ് മുൻ എഡിജിപി ഗുർജേന്ദ്ര പാൽ സിംഗ് നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

പോലീസ് ഉദ്യോഗസ്ഥർക്കെതിരെ പകപോക്കൽ നടപടി സ്വീകരിക്കുന്നതിന് അന്ത്യം വേണമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ ആവശ്യപ്പെട്ടു.

സർക്കാരിനെതിരെയുള്ള ഗുഡാലോചനയുടെ തെളിവുകൾ എഡിജിപിയുടെ വസതിക്ക് സമീപത്തുനിന്ന് കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിനെതിരെ രാജ്യദ്രോഹ കേസെടുത്തത്. ചത്തീസ്ഗഡ് സർക്കാരിനും പ്രത്യേക അന്വേഷണ സംഘത്തിനും കോടതി നോട്ടീസ് അയച്ചു. കേസിലെ അറസ്റ്റ് നടപടികൾ കോടതി തടയുകയും ചെയ്തു.