ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് മറുപടിയുമായി ധനമന്ത്രി നിർമലാ സീതാരാമൻ. കേന്ദ്രസർക്കാരിന്റെ ദേശീയ ധനസമാഹരണ പദ്ധതിയെ വിമർശിച്ച് രാഹുൽ നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് നിർമ്മലാ സീതാരാമൻ രംഗത്തെത്തിയത്. ധനസമാഹരണം എന്താണെന്ന് രാഹുലിന് അറിയുമോയെന്ന് നിർമലാ സീതാരാമൻ ചോദിച്ചു. കൈക്കൂലി വാങ്ങി രാജ്യത്തെ വിഭവങ്ങൾ വിറ്റുതുലച്ചത് കോൺഗ്രസാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.
എഴുപത് വർഷം കൊണ്ട് രാജ്യം ഉണ്ടാക്കിയ സമ്പത്ത് നരേന്ദ്ര മോദി വിൽക്കുകയാണെന്നായിരുന്നു രാഹുൽഗാന്ധിയുടെ വിമർശനം. പാവപ്പെട്ടവർക്ക് പ്രയോജനപ്പെടേണ്ട രാജ്യത്തെ എല്ലാ ആസ്തിയും ചില വ്യവസായ സുഹൃത്തുക്കൾക്ക് നൽകുകയാണ്. ഇത് വലിയ ദുരന്തമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാകുകയാണ്. മോദി സർക്കാർ സമ്പദ് വ്യവസ്ഥയെ തകർത്തു. രാജ്യത്ത് 70 വർഷം ഒന്നും നടന്നില്ല എന്നാണ് ബിജെപിയും മോദിയും പറഞ്ഞത്. എന്നാൽ 70 വർഷത്തെ സമ്പത്താണ് മോദി സർക്കാർ ഇപ്പോൾ വിൽക്കുന്നത്. മോദി സർക്കാർ സമ്പദ് മേഖലയെ തകർത്തുവെന്നും എന്താണ് ചെയ്യേണ്ടതെന്ന് കേന്ദ്ര സർക്കാരിന് അറിയില്ലെന്നും അദ്ദേഹം ആരോപിച്ചു. റെയിൽ, റോഡ്, വൈദ്യുതി മേഖലകളിൽ നിന്ന് സ്വകാര്യ പങ്കാളിത്തോടെ ആറ് ലക്ഷം കോടി രൂപയുടെ വരുമാനം കണ്ടെത്തുന്നതിനുള്ള പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു രാഹുലിന്റെ പ്രതികരണം.
കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ 70 വർഷത്തിനിടെ അമേഠിയിൽ ഒരു ജില്ലാ ആശുപത്രി പോലും ഉണ്ടായിരുന്നില്ലെന്ന് സ്മൃതി ഇറാനി വിമർശിച്ചു. സ്വകാര്യ പങ്കാളിത്തത്തോടെ ആറ് ലക്ഷം കോടി രൂപ ലഭിക്കുന്നതാണ് കോൺഗ്രസിന്റെ പ്രശ്നമൊന്നും സ്മൃതി ഇറാനി വ്യക്തമാക്കിയിരുന്നു.

