കേന്ദ്ര ചരിത്ര ഗവേഷണ കൗൺസിൽ നീക്കം അപലപനീയം; പരസ്യ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബം

തിരുവനന്തപുരം: വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി കുടുംബം. കേന്ദ്ര ചരിത്ര ഗവേഷണ കൗൺസിൽ നീക്കം അപലപനീയമാണെന്ന് കുടുംബം കുറ്റപ്പെടുത്തി. ദേശീയ സമര രക്തസാക്ഷികളെ അവമതിക്കാനുള്ള നീക്കം ചെറുക്കുമെന്നും പരസ്യ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കുടുംബം അറിയിച്ചു.

അതേസമയം ചരിത്രഗവേഷണ കൗൺസിലിന്റെ നടപടിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. മലബാർ കലാപത്തിലെ 387 ധീര വിപ്ലവകാരികളുടെ പേരുകൾ സ്വാതന്ത്ര്യ സമരത്തിലെ രക്തസാക്ഷികളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്ത ചരിത്രഗവേഷണ കൗൺസിലിന്റെ നടപടി ഭീരുത്വവും ഇന്ത്യയുടെ മഹത്തായ ദേശീയ സമരത്തോടുള്ള അവഹേളനവുമാണെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ബിജെപിക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. സാമ്രാജ്യത്വത്തിന് വിടുപണി ചെയ്ത ചരിത്രം മാത്രമുള്ള സംഘപരിവാറിന് സാമ്രാജ്യ വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നൽകിയ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും, ആലി മുസലിയാരെയും പോലെയുള്ള ധീര രക്തസാക്ഷികളുടെ ഓർമകൾ അലോസരമുണ്ടാക്കിയേക്കാമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അധികാരം ഉപയോഗിച്ച് ചരിത്രം വളച്ചൊടിക്കാനും ചരിത്ര പുസ്തകങ്ങൾ തിരുത്താനും, ചരിത്രപുരുഷൻമാരെ തമസ്‌കരിക്കാനും കഴിഞ്ഞേക്കും, എന്നാൽ കോടിക്കണക്കായ സാധാരണ ഇന്ത്യാക്കാരുടെ മനസിൽ നിന്ന് വാരിയൻകുന്നത്തിനെയും, ആലി മുസിലായാരെപ്പോലെയുമുള്ള ധീരനായകൻമാരുടെ സ്മരണകൾ തുടച്ചുനീക്കാൻ കഴിയില്ലെന്ന് ബിജെപിയും സംഘപരിവാറും മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.