General (Page 1,426)

തിരുവനന്തപുരം: അച്ചടക്ക ലംഘനത്തെ തുടർന്ന് കോൺഗ്രസ് പുറത്താക്കിയ മുൻ കെ പി സി സി സെക്രട്ടറിയും, നിയമസഭ വാമനപുരം യു ഡി എഫ് സ്ഥാനാർത്ഥിയുമായിരുന്ന പി എസ് പ്രശാന്ത് സിപിഎമ്മിൽ ചേർന്നു. കെ.സി വേണുഗോപാലിനെതിരെ കടുത്ത നിലപാട് സ്വീകരിക്കുകയും പാലോട് രവി തന്നെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു എന്ന് പരസ്യമായി പി എസ് പ്രശാന്ത് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രശാന്ത് സിപിഎമ്മിൽ ചേർന്നത്.

മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഒരു പാർട്ടിയായതിനാലാണ് സിപിഎമ്മുമൊത്ത് ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന് പ്രശാന്ത് വ്യക്തമാക്കി. കോൺഗ്രസിൽ തനിക്ക് സംഘടനാ പ്രവർത്തനം നടത്താൻ സാധിച്ചിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ജനാധിപത്യമില്ലാത്ത രീതിയിൽ കോൺഗ്രസും ഹൈക്കമാൻഡും മാറിയെന്നും പ്രശാന്ത് വിമർശിച്ചു.

കന്യാകുമാരി: വിവേകാനന്ദസ്മാരകത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്താനൊരുങ്ങി കേന്ദ്ര സർക്കാർ. വിവേകാനന്ദ സ്മാരകത്തിന്റെ 50 -ാം വാർഷികത്തോടനുബന്ധിച്ചാണ് കേന്ദ്ര സർക്കാരിന്റെ നടപടി. കന്യാകുമാരിയിലെ തിരുവള്ളുവർ പ്രതിമയിൽ നിന്ന് വിവേകാനന്ദപ്പാറയിലേക്ക് നടന്നുപോകുവാൻ സാധിക്കുന്ന കടൽപ്പാലം നിർമ്മിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.

കേന്ദ്രസർക്കാരിന്റെ സാഗർമാല പദ്ധതിയുടെ ഭാഗമായാണ് കടൽപ്പാല നിർമ്മാണം. 37 കോടിയുടെ രുപയാണ് പദ്ധതി ചെലവ്. കേന്ദ്രസംസ്ഥാന സർക്കാരുകൾ നിർമ്മാണച്ചെലവിന്റെ അമ്പത് ശതമാനം വീതം വഹിക്കും.

തമിഴ്നാട് പൊതുമരാമത്ത് മന്ത്രി ഇ.വി. വേലുവാണ് ഇക്കാര്യം അറിയിച്ചത്. ടെണ്ടർ നടപടികൾ പൂർത്തിയായതിനുശേഷം ദേശീയപാതാ വിഭാഗം നിർമ്മാണപ്രവർത്തനങ്ങൾക്ക് തുടക്കമിടും. വിവേകാനന്ദസ്മാരകത്തോടുചേർന്നുള്ള ബോട്ട് ജെട്ടി പദ്ധതിയിൽപ്പെടുത്തി വിപുലപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. 20 കോടി രൂപ ഈ പദ്ധതിയ്ക്കായി വകയിരുത്തിയിട്ടുണ്ട്.

അൽബെനി: ന്യൂയോർക്കിൽ അതിശക്തമായ മഴയും കാറ്റും. ഐഡ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ അതിശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും 46 പേരാണ് ന്യൂയോർക്കിൽ മരിച്ചത്. നഗരത്തിൽ മിക്കയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ഇതുമൂലം സബ്‌വേകൾ അടച്ചതായി അധികൃതർ അറിയിച്ചു.

ന്യൂയോർക്കിൽ നിന്നുള്ള നൂറ് കണക്കിന് വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. വെള്ളം കയറിയതോടെ പ്രധാനപ്പെട്ട പല റോഡുകളും അടച്ചു. കഴിഞ്ഞ അമ്പത് വർഷത്തിനിടെ ഇത്രയും കനത്ത മഴ ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികൾ വ്യക്തമാക്കുന്നത്.

കനത്ത മഴയെ തുടർന്ന് മിക്ക വീടുകളിലും വെള്ളം കയറി. വീടുകൾക്കുള്ളിൽ കുടുങ്ങിയ ആളുകളെ രക്ഷാപ്രവർത്തകരെത്തി പുറത്തെത്തിച്ചു. ന്യൂജേഴ്സിയിൽ മാത്രം 23 പേരാണ് മരണപ്പെട്ടതെന്ന് ഗവർണർ ഫിൽ മർഫി പറഞ്ഞു. ഇതിൽ കൂടുതൽ പേരും വാഹനങ്ങൾക്കുള്ളിൽ കുടുങ്ങിപ്പോയവരാണെന്നും അദ്ദേഹം അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിലുള്ളവരോട് മാറി താമസിക്കാനാണ് അധികൃതർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ലൂസിയാനുൾപ്പടെയുള്ള പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്.

കോഴിക്കോട്: സംഘടനാപരമായ കാര്യങ്ങളിൽ കെ.പി.സി.സി പ്രസിഡന്റിന്റേത് അവസാന വാക്കാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. താൻ പ്രതിപക്ഷ നേതാവ് മാത്രമാണെന്നും കെ.പി.സി.സി പ്രസിഡന്റ് ചുമതലപ്പെടുത്താതെ സംഘടനയെ കുറിച്ച് താൻ സംസാരിക്കില്ലെന്നും വി.ഡി സതീശൻ പറഞ്ഞു. കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കോൺഗ്രസിനെ സെമി കേഡർ പാർട്ടിയാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

പാരാജയത്തെ പോലെ വിജയവും വിലയിരുത്തണം. പാർലമെന്റ് തെരഞ്ഞെടുപ്പിലെ വിജയം വിലയിരുത്താതിരുന്നത് തിരിച്ചടിയായി. ആറ് മാസത്തിനുള്ളിൽ സംഘടനാപരമായ മാറ്റം കോൺഗ്രസിലുണ്ടാകും. സംഘടനാ തിരഞ്ഞെടുപ്പിനോട് എതിർപ്പില്ല. കേരളത്തിൽ സംഘടന തിരഞ്ഞെടുപ്പിന്റെ ഷെഡ്യൂൾ തീരുമാനിക്കാനാവില്ലെന്നും അത് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡ് ആണെന്നും അദ്ദേഹം വിശദീകരിച്ചു.

മുട്ടിൽ മരംമുറി കേസിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. മരം മുറിയിലെ പ്രതികൾ ഒളിവിൽ താമസിച്ചത് എവിടെയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കണം. പോലീസിൽ ആഭ്യന്തര വകുപ്പിന് നിയന്ത്രണില്ലാതായിരിക്കുന്നു. തെറ്റ് ചെയ്യുന്ന പോലീസുകാർക്കെതിരെ നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ന്യൂഡൽഹി: രാജ്യത്ത് 125 രൂപയുടെ നാണയം പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 125 രൂപയുടെ നാണയം അവതരിപ്പിച്ചത്. ഇസ്‌കോൺ എന്ന സ്ഥാപനത്തിന്റെ സ്ഥാപകനായ ശ്രീല ഭക്തിവേദാന്ത സ്വാമി പ്രഭുപാദരുടെ 125-ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് പ്രത്യേക നാണയം പുറത്തിറക്കിയത്. വീഡിയോ കോൺഫറൻസിലൂടെ നടന്ന ചടങ്ങിലാണ് നാണയം അവതരിപ്പിച്ചത്. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി നൂറോളം ക്ഷേത്രങ്ങൾ സ്ഥാപിച്ച വ്യക്തിയാണ് ശ്രീല ഭക്തിവേദാന്ത സ്വാമി പ്രഭുപാദ. നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.

ഹരേ കൃഷ്ണ പ്രസ്ഥാനം എന്നാണ് ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ് (ഇസ്‌കോൺ) അറിയപ്പെടുന്നത്. 1896 സെപ്റ്റംബർ 1 ന് കൽക്കട്ടയിലാണ് ശ്രീല ഭക്തിവേദാന്ത സ്വാമി പ്രഭുപാദറിന്റെ ജനനം. ലോകമെമ്പാടുമുള്ളവരിലേക്ക് ശ്രീകൃഷ്ണ ഉപദേശങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ന്യൂയോർക്കിലെത്തിയ ശേഷമാണ് അദ്ദേഹം ഇസ്‌കോൺ ആരംഭിച്ചത്. ഭഗവദ് ഗീത ഉൾപ്പെടെ വിവിധ ഭാഷകളിൽ വിവർത്തനം ചെയ്തിട്ടുണ്ട്. 89 പുസ്തകങ്ങൾ വിവിധ ഭാഷകളിൽ അദ്ദേഹം വിവർത്തനം ചെയ്തിട്ടുണ്ട്.

നിർണായക സംഭാവനകൾ നൽകിയിട്ടുള്ള പ്രമുഖ വ്യക്തികളുടെ സ്മരണാർത്ഥമാണ് പ്രത്യേക നാണയങ്ങൾ പുറത്തിറക്കുന്നത്. മഹത് വ്യക്തികളോടുള്ള ആദരവ് അറിയിക്കാനാണ് കേന്ദ്രം നാണയങ്ങൾ പുറത്തിറക്കുന്നത്. പ്രത്യേക രൂപകൽപ്പനയുള്ള ഈ നാണയങ്ങൾ രാജ്യത്ത് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയില്ല.

കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകുന്നതിന് സാവകാശം തേടി മുസ്ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. വെള്ളിയാഴ്ച കൊച്ചിയിൽ ഹാജരാകണമെന്നാണ് ഇഡി കുഞ്ഞാലിക്കുട്ടിയ്ക്ക് നൽകിയ നിർദ്ദേശം. തുടർന്നാണ് കുഞ്ഞാലിക്കുട്ടി സാവകാശം തേടിയത്.

പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരായ കള്ളപ്പണ ആരോപണങ്ങളിലെ തെളിവുകൾ മുൻ മന്ത്രി കെ.ടി.ജലീൽ കഴിഞ്ഞ ദിവസം ഇഡിക്കു കൈമാറിയിരുന്നു. ഇഡി ആവശ്യപ്പെട്ടതനുസരിച്ചാണ് താൻ ഹാജരായതെന്നു ജലീൽ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. പി.കെ.കുഞ്ഞാലിക്കുട്ടിയെയും മകനെയും ഇഡി വിളിപ്പിച്ചെന്നും ജലീൽ വ്യക്തമാക്കിയിരുന്നു.

തന്റെ പക്കലുള്ള രേഖകൾ ഇഡിയ്ക്ക് കൈമാറിയിട്ടുണ്ടെന്നും ജലീൽ വിശദമാക്കിയിട്ടുണ്ട്. മുസ്ലിം ലീഗിനെയും ലീഗ് സ്ഥാപനങ്ങളെയും മറയാക്കി കള്ളപ്പണം വെളുപ്പിക്കുക, അനധികൃത സമ്പാദനം നടത്തുക എന്നിവയൊക്കെ കുറച്ചു കാലങ്ങളായി നടത്തി വരുന്നതാണ്. ലീഗ് ഓഫിസ് നിർമിക്കാനെന്ന പേരിൽ ചന്ദ്രികയുടെ നാലര കോടി ഉപയോഗിച്ച് കോഴിക്കോട് നാല് ഏക്കർ സ്ഥലം വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ആർ നഗർ സഹകരണ ബാങ്കിൽ കുഞ്ഞാലിക്കുട്ടിക്കും മകനും കള്ളപ്പണ നിക്ഷേപമുണ്ടെന്ന് ജലീൽ വെളിപ്പെടുത്തിയിരുന്നു. ആ ആരോപണങ്ങൾ തെളിയിക്കുന്ന രേഖകളുമായാണ് ജലീൽ ഇഡി ഓഫീസിലെത്തിയത്. കുഞ്ഞാലിക്കുട്ടിക്കെതിരെ വിവിധ കേന്ദ്ര ഏജൻസികൾക്ക് ജലീൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡി ജലീലിനെ വിളിപ്പിച്ചത്. തുടർന്നാണ് തന്റെ പക്കലുള്ള തെളിവുകൾ ഹാജരാക്കാനായി ജലീൽ എൻഫോഴ്‌സ്‌മെന്റിന് മുന്നിലെത്തിയത്.

ന്യൂഡൽഹി: ആഗോള ജിഹാദ് പ്രഖ്യാപിച്ച് ഭീകരസംഘടന അൽഖ്വയ്ദ. ഇസ്ലാമിക പ്രദേശങ്ങളുടെ വിമോചനത്തിനായാണ് അൽഖ്വയ്ദ ആഗോള ജിഹാദ് പ്രഖ്യാപിച്ചത്. അൽഖ്വയ്ദയുടെ പട്ടികയിൽ കശ്മീരും ഉണ്ടെന്നാണ് വിവരം. അൽഖ്വയ്ദയുടെ പട്ടികയിൽ കശ്മീർ ഇടം നേടാൻ കാരണം പാകിസ്താനാണെന്നാണ് റിപ്പോർട്ട്. റഷ്യയിലെ ചെച്നിയ, ചൈനയിലെ ഷിൻജിയാംഗ് എന്നിവയെ ജിഹാദ് പട്ടികയിൽ നിന്ന് അൽഖ്വയ്ദ ഒഴിവാക്കിയിട്ടുണ്ട്. ഇതിന് പിന്നിൽ ആസൂത്രിത നീക്കമുണ്ടെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്.

പാകിസ്താൻ ചാരസംഘടനയായ ഐ.എസ്.ഐയാണ് കശ്മീരിനെ താലിബാൻ പട്ടികയിൽ ഉൾപ്പെടുത്തിയതിന് പിന്നിലെ കാരണം. ലഷ്‌കർ ഇ ത്വയ്ബ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങി പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനകൾക്ക് ഇന്ത്യയിൽ ആക്രമണം നടത്താൻ ഇതു കൂടുതൽ ആത്മവിശ്വാസം പകരുമെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്.

ഭീകരരെ പരിശീലിപ്പിക്കാനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമുള്ള പുതിയ താവളമായിട്ടാണ് അഫ്ഗാനിസ്താനെ പാകിസ്താൻ കാണുന്നതെന്നാണ് ഉന്നത് ഉദ്യോഗസ്ഥർ പറയുന്നത്. അൽഖ്വയ്ദ തലവൻ അയ്മൻ അൽ സവാഹിരി പാക്ക് നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമായതായും ഉദ്യോഗസ്ഥർ വിശദമാക്കുന്നു.

കെവാഡിയ: 2014 ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം രാജ്യത്ത് വലിയ ഭീകരാക്രമണങ്ങളൊന്നും നടന്നിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ബിജെപിയെ ഭീകരർക്ക് ഭയമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തിലെ കെവാഡിയയിൽ നടന്ന സംസ്ഥാന ബിജെപി പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നരേന്ദ്ര മോദിയുടെ വരവിനു ശേഷം രാജ്യത്തിന്റെ ഒരു ഭാഗത്തും വലിയ ഭീകരാക്രമണം നടന്നിട്ടില്ല. ഇത് വലിയൊരു നേട്ടമാണ്. എന്തു സംഭവിച്ചാലും സർക്കാർ ഭീകരരെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷിത താവളങ്ങളിൽപ്പോലും തങ്ങൾ സുരക്ഷിതരല്ലെന്ന് ഭീകരവാദികൾക്ക് ഇപ്പോൾ മനസ്സിലായി കഴിഞ്ഞു. രാജ്യത്തിനകത്ത് മാത്രമല്ല, വേണ്ടിവന്നാൽ അതിർത്തി കടന്നും ഭീകരവാദികളെ കൊല്ലുമെന്ന വ്യക്തമായ സന്ദേശമാണ് ഉറി ആക്രമണത്തിനു ശേഷം ഇന്ത്യ ലോകത്തിന് നൽകിയതെന്നും അദ്ദേഹം വിശദമാക്കി.

കോൺഗ്രസിനെതിരെയും രാഹുൽ ഗാന്ധിക്കെതിരെയും രാജ്‌നാഥ് സിംഗ് രൂക്ഷ വിമർശനം ഉന്നയിച്ചു. കോൺഗ്രസ് അനാവശ്യ പ്രശ്‌നങ്ങളുണ്ടാക്കിയിട്ടും രാജ്യത്ത് റഫാൽ വിമാനങ്ങൾ പറന്നിറങ്ങിയെന്നും എന്നാൽ രാഹുൽ ഗാന്ധിക്ക് ഇതുവരെ പറന്നുയരാൻ സാധിച്ചില്ലെന്നും അദ്ദേഹം വിമർശിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഐ.എ.എസ് ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചുപണി. ടി. വി. അനുപമയെ പട്ടിക വർഗ വകുപ്പ് ഡയറക്ടറായി നിയമിക്കാൻ സർക്കാർ തീരുമാനിച്ചു. അനുപമയ്ക്ക് എൻട്രൻസ് കമ്മീഷണറുടെ അധിക ചുമതലയും സർക്കാർ നൽകിയിട്ടുണ്ട്.

മുഹമ്മദ് വൈ. സഫറുള്ളയെ ജി.എസ്. ടി സ്‌പെഷ്യൽ കമ്മിഷണറായി സർക്കാർ നിയമിച്ചു. സജിത് ബാബു ദുരന്തനിവാരണ ഡയറക്ടറും, അബ്ദുൾ നാസറിനെ പുതിയ തൊഴിലുറപ്പ് മിഷൻ ഡയററുമായി നിയമിക്കുകയും ചെയ്തു.

മലപ്പുറം, കണ്ണൂർ, വയനാട്, കൊല്ലം തുടങ്ങിയ ജില്ലകളിലെ കളക്ടർമാരെയും സർക്കാർ മാറ്റി. കണ്ണൂർ കളക്ടറായിരുന്ന ടി.വി. സുഭാഷ് കൃഷിവകുപ്പ് ഡയറക്ടറാകും. എസ്. ചന്ദ്രശേഖർ ആണ് പുതിയ കണ്ണൂർ കളക്ടർ. മലപ്പുറം കളക്ടർ ഗോപാലകൃഷ്ണൻ എംപ്ലോയ്‌മെന്റ് ട്രെയിനിംഗ് ഡയറക്ടറാകും. വി ആർ പ്രേംകുമാറിനെ മലപ്പുറം കളക്ടറായി നിയമിക്കും. വയനാട് ജില്ലാ കളക്ടർ അദീല അബ്ദുള്ള വനിത ശിശുക്ഷേമ വകുപ്പ് ഡയറക്ടറാകും. അദീലയ്ക്ക് ലോട്ടറി വകുപ്പിന്റെ ചുമതലയും ഉണ്ട്. എ. ഗീത വയനാട് കളക്ടറാകും. കൊല്ലം കളക്ടർ അബ്ദുൾ നാസറിനെ തൊഴിലുറപ്പ് മിഷൻ ഡയറക്ടറാക്കി. അപ്‌സാന പർവീൻ കൊല്ലം കളക്ടറായി നിയമിക്കാനും സർക്കാർ തീരുമാനിച്ചു.

കൊച്ചി: മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെയും മകനെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിളിപ്പിച്ചിട്ടുണ്ടെന്ന് കെ.ടി. ജലീൽ എംഎൽഎ. കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ചുള്ള ആരോപണവുമായി ബന്ധപ്പെട്ടാണ് നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി. എൻഫോഴ്‌സ്‌മെന്റ് ഓഫീസിലെത്തി മൊഴി നൽകിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച്ച ഹാജരാകാനായി കുഞ്ഞാലിക്കുട്ടിയെ എൻഫോഴ്‌സ്‌മെന്റ് വിളിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സെപ്തംബർ ഏഴിന് ഹാജരാകാനായി കുഞ്ഞാലിക്കുട്ടിയുടെ മകൻ ആഷിഖിനെയും വിളിപ്പിച്ചിട്ടുണ്ടെന്നാണു മനസിലാക്കുന്നതെന്നും ജലീൽ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. തന്റെ പക്കലുള്ള രേഖകൾ ഇഡിയ്ക്ക് കൈമാറിയിട്ടുണ്ടെന്നും ജലീൽ വിശദമാക്കി.

മുസ്‌ലിം ലീഗിനെയും ലീഗ് സ്ഥാപനങ്ങളെയും മറയാക്കി കള്ളപ്പണം വെളുപ്പിക്കുക, അനധികൃത സമ്പാദനം നടത്തുക എന്നിവയൊക്കെ കുറച്ചു കാലങ്ങളായി നടത്തി വരുന്നതാണ്. ലീഗ് ഓഫിസ് നിർമിക്കാനെന്ന പേരിൽ ചന്ദ്രികയുടെ നാലര കോടി ഉപയോഗിച്ച് കോഴിക്കോട് നാല് ഏക്കർ സ്ഥലം വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ആർ നഗർ സഹകരണ ബാങ്കിൽ കുഞ്ഞാലിക്കുട്ടിക്കും മകനും കള്ളപ്പണ നിക്ഷേപമുണ്ടെന്ന് ജലീൽ വെളിപ്പെടുത്തിയിരുന്നു. ആ ആരോപണങ്ങൾ തെളിയിക്കുന്ന രേഖകളുമായാണ് ജലീൽ ഇഡി ഓഫീസിലെത്തിയത്. കുഞ്ഞാലിക്കുട്ടിക്കെതിരെ വിവിധ കേന്ദ്ര ഏജൻസികൾക്ക് ജലീൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡി ജലീലിനെ വിളിപ്പിച്ചത്. തുടർന്നാണ് തന്റെ പക്കലുള്ള തെളിവുകൾ ഹാജരാക്കാനായി ജലീൽ എൻഫോഴ്സ്മെന്റിന് മുന്നിലെത്തിയത്.