കെവാഡിയ: 2014 ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം രാജ്യത്ത് വലിയ ഭീകരാക്രമണങ്ങളൊന്നും നടന്നിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ബിജെപിയെ ഭീകരർക്ക് ഭയമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തിലെ കെവാഡിയയിൽ നടന്ന സംസ്ഥാന ബിജെപി പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നരേന്ദ്ര മോദിയുടെ വരവിനു ശേഷം രാജ്യത്തിന്റെ ഒരു ഭാഗത്തും വലിയ ഭീകരാക്രമണം നടന്നിട്ടില്ല. ഇത് വലിയൊരു നേട്ടമാണ്. എന്തു സംഭവിച്ചാലും സർക്കാർ ഭീകരരെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷിത താവളങ്ങളിൽപ്പോലും തങ്ങൾ സുരക്ഷിതരല്ലെന്ന് ഭീകരവാദികൾക്ക് ഇപ്പോൾ മനസ്സിലായി കഴിഞ്ഞു. രാജ്യത്തിനകത്ത് മാത്രമല്ല, വേണ്ടിവന്നാൽ അതിർത്തി കടന്നും ഭീകരവാദികളെ കൊല്ലുമെന്ന വ്യക്തമായ സന്ദേശമാണ് ഉറി ആക്രമണത്തിനു ശേഷം ഇന്ത്യ ലോകത്തിന് നൽകിയതെന്നും അദ്ദേഹം വിശദമാക്കി.
കോൺഗ്രസിനെതിരെയും രാഹുൽ ഗാന്ധിക്കെതിരെയും രാജ്‌നാഥ് സിംഗ് രൂക്ഷ വിമർശനം ഉന്നയിച്ചു. കോൺഗ്രസ് അനാവശ്യ പ്രശ്‌നങ്ങളുണ്ടാക്കിയിട്ടും രാജ്യത്ത് റഫാൽ വിമാനങ്ങൾ പറന്നിറങ്ങിയെന്നും എന്നാൽ രാഹുൽ ഗാന്ധിക്ക് ഇതുവരെ പറന്നുയരാൻ സാധിച്ചില്ലെന്നും അദ്ദേഹം വിമർശിച്ചു.

