ന്യൂഡൽഹി: ആഗോള ജിഹാദ് പ്രഖ്യാപിച്ച് ഭീകരസംഘടന അൽഖ്വയ്ദ. ഇസ്ലാമിക പ്രദേശങ്ങളുടെ വിമോചനത്തിനായാണ് അൽഖ്വയ്ദ ആഗോള ജിഹാദ് പ്രഖ്യാപിച്ചത്. അൽഖ്വയ്ദയുടെ പട്ടികയിൽ കശ്മീരും ഉണ്ടെന്നാണ് വിവരം. അൽഖ്വയ്ദയുടെ പട്ടികയിൽ കശ്മീർ ഇടം നേടാൻ കാരണം പാകിസ്താനാണെന്നാണ് റിപ്പോർട്ട്. റഷ്യയിലെ ചെച്നിയ, ചൈനയിലെ ഷിൻജിയാംഗ് എന്നിവയെ ജിഹാദ് പട്ടികയിൽ നിന്ന് അൽഖ്വയ്ദ ഒഴിവാക്കിയിട്ടുണ്ട്. ഇതിന് പിന്നിൽ ആസൂത്രിത നീക്കമുണ്ടെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്.
പാകിസ്താൻ ചാരസംഘടനയായ ഐ.എസ്.ഐയാണ് കശ്മീരിനെ താലിബാൻ പട്ടികയിൽ ഉൾപ്പെടുത്തിയതിന് പിന്നിലെ കാരണം. ലഷ്‌കർ ഇ ത്വയ്ബ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങി പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനകൾക്ക് ഇന്ത്യയിൽ ആക്രമണം നടത്താൻ ഇതു കൂടുതൽ ആത്മവിശ്വാസം പകരുമെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്.
ഭീകരരെ പരിശീലിപ്പിക്കാനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമുള്ള പുതിയ താവളമായിട്ടാണ് അഫ്ഗാനിസ്താനെ പാകിസ്താൻ കാണുന്നതെന്നാണ് ഉന്നത് ഉദ്യോഗസ്ഥർ പറയുന്നത്. അൽഖ്വയ്ദ തലവൻ അയ്മൻ അൽ സവാഹിരി പാക്ക് നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമായതായും ഉദ്യോഗസ്ഥർ വിശദമാക്കുന്നു.

