ന്യൂഡൽഹി: രാജ്യത്ത് 125 രൂപയുടെ നാണയം പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 125 രൂപയുടെ നാണയം അവതരിപ്പിച്ചത്. ഇസ്‌കോൺ എന്ന സ്ഥാപനത്തിന്റെ സ്ഥാപകനായ ശ്രീല ഭക്തിവേദാന്ത സ്വാമി പ്രഭുപാദരുടെ 125-ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് പ്രത്യേക നാണയം പുറത്തിറക്കിയത്. വീഡിയോ കോൺഫറൻസിലൂടെ നടന്ന ചടങ്ങിലാണ് നാണയം അവതരിപ്പിച്ചത്. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി നൂറോളം ക്ഷേത്രങ്ങൾ സ്ഥാപിച്ച വ്യക്തിയാണ് ശ്രീല ഭക്തിവേദാന്ത സ്വാമി പ്രഭുപാദ. നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
ഹരേ കൃഷ്ണ പ്രസ്ഥാനം എന്നാണ് ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ് (ഇസ്‌കോൺ) അറിയപ്പെടുന്നത്. 1896 സെപ്റ്റംബർ 1 ന് കൽക്കട്ടയിലാണ് ശ്രീല ഭക്തിവേദാന്ത സ്വാമി പ്രഭുപാദറിന്റെ ജനനം. ലോകമെമ്പാടുമുള്ളവരിലേക്ക് ശ്രീകൃഷ്ണ ഉപദേശങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ന്യൂയോർക്കിലെത്തിയ ശേഷമാണ് അദ്ദേഹം ഇസ്‌കോൺ ആരംഭിച്ചത്. ഭഗവദ് ഗീത ഉൾപ്പെടെ വിവിധ ഭാഷകളിൽ വിവർത്തനം ചെയ്തിട്ടുണ്ട്. 89 പുസ്തകങ്ങൾ വിവിധ ഭാഷകളിൽ അദ്ദേഹം വിവർത്തനം ചെയ്തിട്ടുണ്ട്.
നിർണായക സംഭാവനകൾ നൽകിയിട്ടുള്ള പ്രമുഖ വ്യക്തികളുടെ സ്മരണാർത്ഥമാണ് പ്രത്യേക നാണയങ്ങൾ പുറത്തിറക്കുന്നത്. മഹത് വ്യക്തികളോടുള്ള ആദരവ് അറിയിക്കാനാണ് കേന്ദ്രം നാണയങ്ങൾ പുറത്തിറക്കുന്നത്. പ്രത്യേക രൂപകൽപ്പനയുള്ള ഈ നാണയങ്ങൾ രാജ്യത്ത് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയില്ല.

