General (Page 1,427)

കാബൂൾ: അഫ്ഗാന്റെ മണ്ണിൽ നിന്നും ഭീകരവാദം കയറ്റുമതി ചെയ്യരുതെന്ന് താലിബാനോടാവശ്യപ്പെട്ട് ഇന്ത്യ. മറ്റു രാജ്യങ്ങളിൽ ഏതെങ്കിലും വിധത്തിലുള്ള ഭീകരവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ അഫ്ഗാനിസ്താന്റെ മണ്ണ് ഉപയോഗപ്പെടുത്തരുതെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. അഫ്ഗാനിസ്താനിലെ സർക്കാർ രൂപവത്കരണം ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കവെയാണ് താലിബാന്റെ പ്രതികരണം.

അഫ്ഗാനിലെ സർക്കാർ രൂപവത്കരണത്തെ കുറിച്ചുള്ള വിശദാംശങ്ങൾ ഇന്ത്യൻ സർക്കാരിന് അറിയില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. ഏതു തരത്തിലുള്ള സർക്കാരാണ് അഫ്ഗാനിസ്താനിൽ രൂപവത്കരിക്കപ്പെടുക എന്നതിനെ കുറിച്ചുള്ള വിശദാംശങ്ങളോ അതിന്റെ സ്വഭാവമോ അറിയില്ലെന്ന് ബാഗ്ചി പറഞ്ഞു. അഫ്ഗാനിലെ സർക്കാർ രൂപീകരണത്തെ കുറിച്ച് പുതുതായി വിവരങ്ങളൊന്നും ഇല്ലെന്നും ഉഹാപോഹങ്ങൾ പ്രചരിപ്പിക്കാൻ താൽപര്യപ്പെടുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഫ്ഗാനിസ്താന്റെ മണ്ണ് ഒരുതരത്തിലുമുള്ള ഭീകരവാദത്തിനും ആരും ഉപയോഗപ്പെടുത്താതിരിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഫ്ഗാനിൽ നിന്നും ഇന്ത്യൻൃ പൗരന്മാരെ തിരികെയെത്തിക്കുന്നതിനാണ് മുൻഗണന നൽകുന്നത്. നിലവിൽ കാബൂൾ വിമാനത്താവളം പ്രവർത്തിക്കുന്നില്ല. വിമാനത്താവളം വീണ്ടും പ്രവർത്തന സജ്ജമായാൽ കാബൂളിൽ കുടുങ്ങിയ ഇന്ത്യക്കാരെ മുഴുവൻ തിരികെ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പശ്ചിമ ബംഗാളിൽ ഉണ്ടായ അക്രമ പരമ്പരകളിൽ സിബിഐ അന്വേഷണം നടത്തണമെന്ന കൽക്കട്ട ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് മമത സർക്കാർ. സിബിഐ നിഷ്പക്ഷ അന്വേഷണം നടത്തില്ലെന്നാണ് ബംഗാൾ സർക്കാർ കോടതിയെ അറിയിച്ചത്.

പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ അക്രമങ്ങളിൽ സിബിഐ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാന സർക്കാരിനെ പിന്തുണയ്ക്കുന്ന രീതിയിലാണ് ബംഗാൾ പൊലീസ് കേസുകൾ എടുത്തതെന്നും ഗുരുതര കുറ്റകൃത്യങ്ങളുടെ തോതുപോലും എഫ്‌ഐആറിൽ പോലീസ് കുറച്ചുകാട്ടിയതായും ഹൈക്കോടതി ചൂണ്ടക്കാട്ടിയിരുന്നു.

അതേസമയം കേന്ദ്ര സർക്കാരിന്റെ താൽപര്യപ്രകാരം പ്രവർത്തിക്കുന്ന സിബിഐയിൽനിന്നു നിഷ്പക്ഷവും നീതിപൂർവവുമായ അന്വേഷണം പ്രതീക്ഷിക്കാനാകില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 13 ബാങ്ക് ഭരണ സമിതി അംഗങ്ങളെ കൂടി പ്രതി ചേർത്ത് ക്രൈം ബ്രാഞ്ച്. സിപിഎം നേതാക്കളായ ഭരണ സമിതി അംഗങ്ങളെയാണ് ക്രൈം ബ്രാഞ്ച് പ്രതിപ്പട്ടികയിൽ ചേർത്തത്.

ഇതോടെ കേസിലെ പ്രതികളുടെ എണ്ണം 18 ആയി. കേസിന്റെ വിവരങ്ങൾ സംബന്ധിച്ച റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഇരിങ്ങാലക്കുട കോടതിയിൽ സമർപ്പിച്ചു.

അതേസമയം കോടികളുടെ ക്രമക്കേട് നടന്ന കരുവന്നൂർ ബാങ്കിന്റെ ആസ്തി ബാധ്യതകൾ തിട്ടപ്പെടുത്താൻ മൂന്നംഗ സമിതിയെ നിയോഗിച്ചു. നിക്ഷേപകർക്ക് തിരികെ നൽകാനുള്ള പണത്തിന്റെ കണക്കും സമിതി വിലയിരുത്തും. സഹകരണ രജിസ്ട്രാറിന്റെ മേൽനോട്ടത്തിലാകും മൂന്നംഗ സമിതിയുടെ പ്രവർത്തനം.

തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥർക്ക് ഇനി അവരുടെ കാര്യക്ഷമതയ്ക്കനുസരിച്ച് മാർക്കിടും. ഭരണപരിഷ്‌കാര കമ്മീഷന്റെ ശുപാർശയെ തുടർന്നാണ് തീരുമാനം. ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിനും സ്ഥാനകയറ്റത്തിനും പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്താനും തീരുമാനിച്ചു. പുതിയ തീരുമാനത്തെ കുറിച്ച് ചർച്ച ചെയ്യാൻ ജീവനക്കാരുടെ പ്രതിനിധികളുമായി വരും ദിവസങ്ങളിൽ ചീഫ് സെക്രട്ടറി വി.പി ജോയ് ചർച്ച നടത്തിയേക്കുമെന്നാണ് വിവരം.

അണ്ടർ സെക്രട്ടറി മുതൽ സ്പെഷ്യൽ സെക്രട്ടറി വരെയുളളവർ ഒരു വകുപ്പിൽ കുറഞ്ഞത് രണ്ട് വർഷം ഉണ്ടാവണം. എന്നാൽ മൂന്ന് വർഷം കഴിഞ്ഞാൽ നിർബന്ധമായും മറ്റൊരു വകുപ്പിലേക്ക് മാറിയിരിക്കണം എന്നിങ്ങനെ നിരവധി മാനദണ്ഡങ്ങളാണ് പുതുതായി പ്രാബല്യത്തിൽ വരാൻ പോകുന്നത്. കോൺഫിഡൻഷ്യൽ റിപ്പോർട്ടിൽ ജീവനക്കാരുടെ കാര്യക്ഷമത വിലയിരുത്താനായി ഒന്ന് മുതൽ പത്ത് വരെയുള്ള സംഖ്യാ ഗ്രേഡിങ്ങിലേക്കാണ് ഇനി മാറുന്നത്. മുൻപ് ഇത് എ മുതൽ ഇ വരെയുള്ള അഞ്ച് വിഭാഗങ്ങളാക്കി തരംതിരിച്ചിരിക്കുകയായിരുന്നു.

കൊച്ചി: മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള തെളിവുകളുമായി മുൻ മന്ത്രി കെടി ജലീൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി. എആർ നഗർ സഹകരണ ബാങ്കിൽ കുഞ്ഞാലിക്കുട്ടിക്കും മകനും കള്ളപ്പണ നിക്ഷേപമുണ്ടെന്ന് ജലീൽ വെളിപ്പെടുത്തിയിരുന്നു. ആ ആരോപണങ്ങൾ തെളിയിക്കുന്ന രേഖകളുമായാണ് ജലീൽ ഇഡി ഓഫീസിലെത്തിയതെന്നാണ് റിപ്പോർട്ട്.

വ്യാഴാഴ്ച രാവിലെ 10.45 ഓടെയാണ് ജലീൽ കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസിൽ എത്തിയത്. കുഞ്ഞാലിക്കുട്ടിക്കെതിരെ വിവിധ കേന്ദ്ര ഏജൻസികൾക്ക് ജലീൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡി ജലീലിനെ വിളിപ്പിച്ചത്. തുടർന്നാണ് തന്റെ പക്കലുള്ള തെളിവുകൾ ഹാജരാക്കാനായി ജലീൽ എൻഫോഴ്‌സ്‌മെന്റിന് മുന്നിലെത്തിയത്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്മാർട്ട് റേഷൻ കാർഡ് നവംബർ ഒന്നു മുതൽ ലഭ്യമാക്കും. ഭക്ഷ്യമന്ത്രി ജി ആർ അനിലാണ് ഇക്കാര്യം അറിയിച്ചത്. പോസ്റ്റ് കാർഡിന്റെ വലിപ്പത്തിലുള്ള കാർഡുകൾക്ക് 25 രൂപയാണ് നൽകേണ്ടത്. ആവശ്യമുള്ളവർക്ക് സ്മാർട്ട് കാർഡ് നൽകും.

മുൻഗണന വിഭാഗത്തിലുള്ളവർക്ക് സർക്കാർ ചെലവിൽ തന്നെ കാർഡ് സ്മാർട്ടാക്കി നൽകും. സാധാരണ കാർഡ് നടപടികളിലൂടെ തന്നെ റേഷൻ കാർഡ് സ്മാർട്ടാക്കി മാറ്റിയെടുക്കാൻ കഴിയുമെന്നും അദ്ദേഹം വിശദമാക്കി.

താലൂക്ക് സപ്ലൈ ഓഫീസിൽ നേരിട്ടോ സിവിൽ സപ്ലൈസ് വകുപ്പിന്റെ പോർട്ടൽ വഴിയോ സ്മാർട്ട് കാർഡിന് അപേക്ഷ നൽകാം. ക്യൂ ആർ കോഡ്, ബാർ കോഡ് എന്നിവയുള്ള കാർഡിൽ ഉടമയുടെ പേര്, ഫോട്ടോ, വിലാസം തുടങ്ങിയ വിവരങ്ങൾ മുൻവശത്ത് രേഖപ്പെടുത്തും. പ്രതിമാസ വരുമാനം, റേഷൻ കട നമ്പർ, വീട് വൈദ്യുതീകരിച്ചതാണോ, എൽപിജി കണക്ഷൻ ഉണ്ടോ തുടങ്ങിയ വിവരങ്ങൾ മറുവശത്തുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ കൊണ്ടുവന്ന ഇ- റേഷൻ കാർഡ് പരിഷ്‌കരിച്ചാണ് സ്മാർട്ട് കാർഡ് ആക്കിയത്.

ദിസ്പൂർ: അസമിലെ ഒറാങ്ങിലുള്ള രാജീവ് ഗാന്ധി നാഷണൽ പാർക്കിനെ പുനർ നാമകരണം ചെയ്ത് അസം സർക്കാർ. ഒറാങ്ങ് നാഷണൽ പാർക്ക് എന്ന പുതിയ പേരാണ് സർക്കാർ രാജീവ് ഗാന്ധി നാഷണൽ പാർക്കിന് നൽകിയിരിക്കുന്നത്.

ഖേൽ രത്‌ന കായിക പുരസ്‌കാരത്തിന്റെ പേരിൽ നിന്നും കേന്ദ്ര സർക്കാർ രാജീവ് ഗാന്ധിയെ ഒഴിവാക്കിയതിന് പിന്നാലെയാണ് നാഷണൽ പാർക്കിന്റെ പേര് അസം സർക്കാർ മാറ്റുന്നത്. ഇന്ത്യയിൽ ബംഗാൾ കടുവകളുടെ ഏറ്റവും വലിയ കേന്ദ്രമാണ് ഒറാങ്ങ് നാഷണൽ പാർക്ക്.

ബ്രഹ്മപുത്രയുടെ തീരത്താണ് ഈ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ റൈനോ, ബംഗാൾ കടുവകൾ, ആനകൾ തുടങ്ങി നിരവധി വന്യമൃഗങ്ങൾ ഈ നാഷണൽ പാർക്കിലുണ്ട്.

സംസ്ഥാനത്തെ വിവിധ സംഘടനകൾ വർഷങ്ങളായി ദേശീയ പാർക്കിന്റെ പേര് മാറ്റുന്നതിന് ആവശ്യപ്പെട്ടിരുന്നതായാണ് അസം സർക്കാരിന്റെ വിശദീകരണം. സംസ്ഥാനത്തെ വിവിധ ആദിവാസി സംഘടനകളുടെ ആവശ്യം കണക്കിലെടുത്താണ് ദേശീയ പാർക്കിന്റെ പേര് മാറ്റാൻ തീരുമാനിച്ചതെന്നും സർക്കാർ അറിയിച്ചു.

കാബൂൾ: അഫ്ഗാനിലേക്കുള്ള താലിബാന്റെ കടന്നുകയറ്റം പാകിസ്താന്റെ പൂർണ്ണ പിന്തുണയോടെയായിരുന്നുവെന്നത് അഫ്ഗാൻ പ്രസിഡന്റായിരുന്ന അഷ്‌റഫ് ഗനി യുഎസ് പ്രസിഡന്റ് ജോ ബൈഡനെ അറിയിച്ചിരുന്നുവെന്ന് റിപ്പോർട്ട്. ജൂലൈ മാസത്തിൽ ഇക്കാര്യം ഇരു രാജ്യങ്ങളുടെ നേതാക്കളും തമ്മിൽ ചർച്ച ചെയ്തിരുന്നതായാണ് വിവരം. വാർത്താ ഏജൻസി റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

താലിബാൻ കടന്നുകയറ്റത്തിന്റെ ഭാഗമായി പാകിസ്താൻ തീവ്രവാദികളുടെ വൻ തോതിലുള്ള സാന്നിധ്യം അഫ്ഗാനിസ്താനിൽ ഉള്ളതായി നേരത്തെ തന്നെ ഇരു നേതാക്കളും ചർച്ച ചെയ്തിരുന്നു. 10,000 മുതൽ 15,000 വരെ പാകിസ്താൻ തീവ്രവാദികൾ അഫ്ഗാനിൽ എത്തിയിട്ടുള്ളതായി കഴിഞ്ഞ ജൂലായ് 23-നാണ് അഷ്‌റഫ് ഗനി ജോ ബൈഡനെ അറിയിച്ചത്. ഈ സംഭാഷണം കഴിഞ്ഞ് ആഴ്ച്ചകൾക്കുള്ളിലാണ് താലിബാൻ കാബൂൾ പിടിച്ചെടുത്തത്.

പാകിസ്താന്റെ ആസൂത്രണത്തിലും ആയുധ ബലത്തിലുമാണ് താലിബാന് അഫ്ഗാൻ പിടിച്ചടക്കാൻ ശ്രമിക്കുന്നതെന്ന് അഷ്‌റഫ് ഗനി ബൈഡനോട് വെളിപ്പെടുത്തി. 14 മിനിറ്റ് നേരത്തോളം ഇരു നേതാക്കളും തമ്മിൽ ചർച്ച നടത്തിയെന്നാണ് റിപ്പോർട്ട്. താലിബാനെ ചെറുക്കുന്നതിന് അഫ്ഗാനിസ്താൻ ശ്രമംനടത്തുന്നുണ്ടെന്ന് ലോകത്തെ ബോധ്യപ്പെടുത്താനും അതിലൂടെ ജനങ്ങളുടെ കാഴ്ചപ്പാട് മാറ്റാനും ശ്രമിക്കണമെന്ന് ബൈഡൻ ഗനിയോട് ആവശ്യപ്പെട്ടുവെന്നും അത്തരമൊരു പദ്ധതി അഫ്ഗാനിസ്താനുണ്ടെങ്കിൽ അമേരിക്കയുടെ വ്യോമസഹായം നൽകാമെന്ന് അദ്ദേഹം ഉറപ്പു നൽകിയതായും റിപ്പോർട്ടുകളുണ്ട്.

കാബൂൾ: അഫ്ഗാനിൽ നിന്നും അമേരിക്കൻ സൈന്യം പൂർണ്ണമായി പിന്മാറി. അവസാനത്തെ അമേരിക്കൻ സൈനികനും അഫ്ഗാനിൽ നിന്നും മടങ്ങി. 20 വർഷങ്ങൾക്ക് ശേഷമാണ് അഫ്ഗാനിൽ നിന്നും യുഎസ് സൈന്യം മടങ്ങി പോകുന്നത്. 73 ഓളം യുദ്ധ വിമാനങ്ങളും 78 സായുധ വാഹനങ്ങളും കാബൂൾ വിമാനത്താവളത്തിൽ ഉപേക്ഷിച്ചാണ് അമേരിക്കൻ സൈന്യം അഫ്ഗാനിൽ നിന്നും മടങ്ങി പോയത്.

എന്നാൽ അമേരിക്കൻ സൈന്യം ഉപേക്ഷിച്ച യുദ്ധ വിമാനങ്ങളോ സായുധ വാഹനങ്ങളോ ഒന്നും തന്നെ താലിബാന് ഉപയോഗിക്കാൻ കഴിയില്ല. താലിബാൻ ഭീകരർക്ക് ഉപയോഗിക്കാൻ കഴിയാത്ത വിധം ഈ ഉപകരണങ്ങളെല്ലാം നിർവ്വീര്യമാക്കിയ ശേഷമാണ് അമേരിക്കൻ സൈന്യം മടങ്ങി പോയതെന്നാണ് വിവരം. ഈ യുദ്ധവിമാനങ്ങളും സായുധ വാഹനങ്ങളും താലിബാൻ ഉപയോഗിക്കാതിരിക്കാൻ വേണ്ടിയുള്ള നീക്കങ്ങളാണ് അമേരിക്കൻ സൈന്യം നടത്തിയത്. മറ്റൊരാൾക്ക് ഉപയോഗിക്കാൻ സാധിക്കാത്ത വിധം ഈ വിമാനങ്ങൾ യുഎസ് സേനാംഗങ്ങൾ ഉപയോഗ്യശൂന്യമാക്കുകയായിരുന്നു.

കാബൂളിലെ ഹമീദ് കർസായി വിമാനത്താവളത്തിൽ ഉണ്ടായിരുന്ന 73 വിമാനങ്ങൾ നിർവ്വീര്യമാക്കിയതായും ഈ വിമാനങ്ങൾ ഇനി ആർക്കും പറപ്പിക്കാനോ പ്രവർത്തിപ്പിക്കാനോ സാധിക്കില്ലെന്നും യുഎസിന്റെ സെൻട്രൽ കമാന്റ് മേധാവി ജനറൽ കെന്നത്ത് മക്ൻസി വ്യക്തമാക്കിയതായാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുഎസിലെ പേരുകേട്ട കവചിത മിലിറ്ററി ട്രക്കുകളായ ഹംവികളും നിർവീര്യമാക്കി. ഇനിയാർക്കും ഈ വാഹനങ്ങൾ ഉപയോഗിക്കാൻ കഴിയില്ല. കാബൂൾ വിമാനത്താവളത്തെ റോക്കറ്റ് ആക്രമണങ്ങളിൽ നിന്നും സംരക്ഷിക്കാൻ വേണ്ടി ഉയർത്തിയ സി-റാം സംവിധാനങ്ങളും നിർവീര്യമാക്കിയിട്ടുണ്ട്. തിരിച്ചടിക്കാനുള്ള റോക്കറ്റ്, ആർട്ടിലറി, മോർട്ടാറുകൾ എന്നിവ ഉൾപ്പെടുന്നതാണ് ഈ സംവിധാനം.

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കൽ ദൗത്യങ്ങളിൽ ഒന്നായിരുന്നു അഫ്ഗാനിലേത്. 18 ദിവസം ഒഴിപ്പിക്കൽ ദൗത്യം നീണ്ടു നിന്നു. 123,000 പേരെ അഫ്ഗാനിസ്ഥാനിൽ നിന്നും തിരിച്ചെത്തിച്ചതായി പെന്റഗൺ അറിയിച്ചു.

തിരുവനന്തപുരം: അഞ്ച് കശ്മീർ സ്വദേശികൾ അറസ്റ്റിൽ. വ്യാജ ലൈസൻസുള്ള തോക്കുകളുമായാണ് കശ്മീർ സ്വദേശികൾ അറസ്റ്റിലായത്. കരമന പൊലീസാണ് കശ്മീർ സ്വദേശികളെ അറസ്റ്റ് ചെയ്തത്. എടിഎമ്മിലേക്ക് പണം കൊണ്ടുപോകുന്ന വാഹനത്തിന് അകമ്പടി പോകുന്ന രജൗരി ജില്ലയിൽ നിന്നുള്ള ഷൗക്കത്തലി, ഷുക്കൂർ അഹമ്മദ്, ഗുൽസൽമാൻ, മുഷ്താഖ് ഹുസൈൻ, മുഹമ്മദ് ജാവേദ് എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായവരിൽ എല്ലാവർക്കും 20 നും 25 നും ഇടയിലാണ് പ്രായം. ഇവരെ നാളെ കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് വ്യക്തമാക്കി.

നിറമൺ കരയിലെ താമസ സ്ഥലത്ത് വെച്ചാണ് പോലീസ് അഞ്ചുപേരെയും കസ്റ്റഡിയിൽ എടുത്തത്. ഓഗസ്റ്റ് 3 നാണ് എടിഎമ്മിലേക്ക് പണം കൊണ്ടുപോകുന്ന സിസ്‌കോ ലോജിസ്റ്റിക്‌സ് എന്ന സ്ഥാപനത്തിലെ ഈ അഞ്ച് ജീവനക്കാരെക്കുറിച്ചുള്ള അന്വേഷണം പോലീസ് ആരംഭിച്ചത്. ഇവരുടെ കയ്യിലുള്ള അഞ്ച് ഡബിൾ ബാരൽ തോക്കുകൾക്ക് ലൈസൻസുണ്ടോ എന്നറിയാൻ വേണ്ടി പോലീസ് രജൗരി ജില്ലയിലെ എഡിഎമ്മുമായി ബന്ധപ്പെട്ടു. ഇതോടെയാണ് അഞ്ച് തോക്കുകളും 25 വെടിയുണ്ടകളുമായി ആറുമാസത്തിലേറെയായി ഇവർ തിരുവനന്തപുരത്ത് താമസിച്ചത് വ്യാജ ലൈസൻസുമായാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും ഇവരെ ചോദ്യം ചെയ്തതായാണ് വിവരം. വിമാനത്താവളം, പത്മനാഭ സ്വാമി ക്ഷേത്രം, പാങ്ങോട് മിലിട്ടറി ക്യാമ്പ്, ഐഎസ്ആർഒ തുടങ്ങിയ നിരവധി പ്രധാന സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരത്ത് കശ്മീരിൽ നിന്നുള്ള അഞ്ചുപേർ വ്യാജ തോക്കുകളുമായി എത്തിയത് അതീവ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.