കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകുന്നതിന് സാവകാശം തേടി മുസ്ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. വെള്ളിയാഴ്ച കൊച്ചിയിൽ ഹാജരാകണമെന്നാണ് ഇഡി കുഞ്ഞാലിക്കുട്ടിയ്ക്ക് നൽകിയ നിർദ്ദേശം. തുടർന്നാണ് കുഞ്ഞാലിക്കുട്ടി സാവകാശം തേടിയത്.
പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരായ കള്ളപ്പണ ആരോപണങ്ങളിലെ തെളിവുകൾ മുൻ മന്ത്രി കെ.ടി.ജലീൽ കഴിഞ്ഞ ദിവസം ഇഡിക്കു കൈമാറിയിരുന്നു. ഇഡി ആവശ്യപ്പെട്ടതനുസരിച്ചാണ് താൻ ഹാജരായതെന്നു ജലീൽ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. പി.കെ.കുഞ്ഞാലിക്കുട്ടിയെയും മകനെയും ഇഡി വിളിപ്പിച്ചെന്നും ജലീൽ വ്യക്തമാക്കിയിരുന്നു.
തന്റെ പക്കലുള്ള രേഖകൾ ഇഡിയ്ക്ക് കൈമാറിയിട്ടുണ്ടെന്നും ജലീൽ വിശദമാക്കിയിട്ടുണ്ട്. മുസ്ലിം ലീഗിനെയും ലീഗ് സ്ഥാപനങ്ങളെയും മറയാക്കി കള്ളപ്പണം വെളുപ്പിക്കുക, അനധികൃത സമ്പാദനം നടത്തുക എന്നിവയൊക്കെ കുറച്ചു കാലങ്ങളായി നടത്തി വരുന്നതാണ്. ലീഗ് ഓഫിസ് നിർമിക്കാനെന്ന പേരിൽ ചന്ദ്രികയുടെ നാലര കോടി ഉപയോഗിച്ച് കോഴിക്കോട് നാല് ഏക്കർ സ്ഥലം വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ആർ നഗർ സഹകരണ ബാങ്കിൽ കുഞ്ഞാലിക്കുട്ടിക്കും മകനും കള്ളപ്പണ നിക്ഷേപമുണ്ടെന്ന് ജലീൽ വെളിപ്പെടുത്തിയിരുന്നു. ആ ആരോപണങ്ങൾ തെളിയിക്കുന്ന രേഖകളുമായാണ് ജലീൽ ഇഡി ഓഫീസിലെത്തിയത്. കുഞ്ഞാലിക്കുട്ടിക്കെതിരെ വിവിധ കേന്ദ്ര ഏജൻസികൾക്ക് ജലീൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡി ജലീലിനെ വിളിപ്പിച്ചത്. തുടർന്നാണ് തന്റെ പക്കലുള്ള തെളിവുകൾ ഹാജരാക്കാനായി ജലീൽ എൻഫോഴ്സ്മെന്റിന് മുന്നിലെത്തിയത്.

