General (Page 1,425)

ന്യൂഡൽഹി: ആയുധക്കടത്ത് തടയാൻ അതിർത്തിയിൽ പുതിയ സംവിധാനം സ്ഥാപിച്ച് ഇന്ത്യ. ഇന്ത്യ-പാകിസ്താൻ അതിർത്തിയായ അത്താരിയിലെ സംയോജിത ചെക്ക് പോസ്റ്റിൽ ഇന്ത്യ റേഡിയേഷൻ ഡിറ്റക്ഷൻ ഉപകരണം (RDE) സ്ഥാപിച്ചു. ആയുധങ്ങൾ, വെടിക്കോപ്പുകൾ, റേഡിയോ ആക്ടീവ് വസ്തുക്കൾ ഉൾപ്പെടെയുള്ള അനധികൃത വസ്തുക്കൾ എന്നിവയുടെ കള്ളക്കടത്ത് കണ്ടെത്താൻ കഴിയുന്ന തരത്തിലുള്ളതാണ് ഈ ഉപകരണം. ലാൻഡ് പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. ‘ഫുൾ ബോഡി ട്രക്ക് സ്‌കാനർ’ എന്നാണ് ഈ ഉപകരണത്തിന്റെ പേര്.

ആയുധങ്ങൾ, വെടിമരുന്ന്, അല്ലെങ്കിൽ മറ്റ് നിയമവിരുദ്ധ വസ്തുക്കൾ എന്നിവ കടത്തുന്നത് ഈ ഉപകരണത്തിന്റെ സഹായത്തോടെ കണ്ടെത്താൻ കഴിയുമെന്ന് ലാൻഡ് പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയർമാൻ ആദിത്യ മിശ്ര അറിയിച്ചു. അടിസ്ഥാനപരമായി ഒരു ട്രെക്കിന്റെ എക്‌സ് റേ എടുക്കുകയാണ് ഈ ഉപകരണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര അതിർത്തിയിലുടനീളം റേഡിയോ ആക്ടീവ് വസ്തുക്കളുടെ അനധികൃത കടത്ത് കണ്ടെത്തുന്നതിനും തടയുന്നതിനും ഈ ഉപകരണങ്ങൾ സഹായിക്കുമെന്നും അദ്ദേഹം വിശദമാക്കി.

ഏഴ് റേഡിയേഷൻ ഡിറ്റക്ഷൻ ഉപകരണങ്ങൾ കൂടി ഇന്ത്യ ഉടൻ വിവിധ അതിർത്തികളിൽ സ്ഥാപിക്കുമെന്നാണ് വിവരം. പെട്രാപോൾ, ദാവ്കി, അഗർത്തല, സുതാർകനി (ബംഗ്ലാദേശ് അതിർത്തികൾ), മോറെ (മ്യാൻമർ അതിർത്തി), റക്‌സൗൾ, ജോഗ്ബാനി (നേപ്പാൾ അതിർത്തികൾ) എന്നിവിടങ്ങളിലെ സംയോജിത ചെക്ക് പോസ്റ്റുകളിൽക്കൂടി റേഡിയേഷൻ ഡിറ്റക്ഷൻ ഉപകരണങ്ങൾ സ്ഥാപിക്കാനാണ് ലാൻഡ് ആന്റ് പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. ശേഷിക്കുന്ന അതിർത്തികളിലെ എല്ലാ സംയോജിത ചെക്ക് പോസ്റ്റുകളിലും റേഡിയേഷൻ ഡിറ്റക്ഷൻ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് ഏതാനും ദിവസം മുമ്പ് കേന്ദ്രസർക്കാർ ടെൻഡർ നൽകിയിരുന്നു.

അഫ്ഗാനിസ്താനിൽ നിന്നുള്ള ട്രെക്കുകൾ പാകിസ്താൻ വഴി അത്താരി അതിർത്തിയിലൂടെയാണ് രാജ്യത്തേക്ക് പ്രവേശിക്കുന്നത്. അഫ്ഗാനിൽ നിന്നുള്ള ഏകദേശം 30 ട്രെക്ക് ഡ്രൈഫ്രൂട്ട്സും മറ്റ് പഴവർഗ്ഗങ്ങളും അത്താരി അതിർത്തി കടന്ന് ദിവസവും ഇന്ത്യയിലേക്കെത്തുന്നുണ്ട്.

pinarayi

തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രിക്കാൻ സമ്പൂർണ ലോക്ക്ഡൗൺ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് പ്രതിരോധം വിലയിരുത്തുന്നതിന് വിളിച്ചുചേർത്ത തദ്ദേശപ്രതിനിധികളുടെ യോഗത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വാർഡുതല സമിതികൾ പുറകോട്ട് പോയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ രോഗവ്യാപനം രണ്ടാഴ്ചയ്ക്കുള്ളിൽ നിയന്ത്രണത്തിലാവണം, രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവ് കൊണ്ടുവരാൻ കഴിയണം. അതിനായി തദ്ദേശ സ്ഥാപനങ്ങൾ സടകുടഞ്ഞ് എഴുന്നേൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു ഘട്ടംവരെ വാർഡുതല സമിതികൾ നന്നായി പ്രവർത്തിച്ചിരുന്നു. എന്നാൽ രണ്ടാം ഘട്ടത്തിൽ വാർഡുതല സമിതികൾ പുറകിലോട്ട് പോകുകയും ജാഗ്രതയിൽ കുറവ് വരികയും ചെയ്തു. അത് ശക്തമാക്കണം. വാർഡുതല സമിതികളിൽ പൊലീസിന്റെ സാന്നിദ്ധ്യമുണ്ടാവണം. നിരീക്ഷണങ്ങളിൽ ഇരിക്കേണ്ട പലരും പുറത്തിറങ്ങി നടക്കുകയാണ്. അവരെ നിരീക്ഷിക്കാനായി അയൽപക്ക നിരീക്ഷണ സമിതികൾ രൂപീകരിക്കണം. അവരിൽ നിന്ന് പിഴ ഈടാക്കണം. പ്രത്യേക ക്വാറന്റീൻ കേന്ദ്രങ്ങളിലാക്കണം. ക്വാറന്റീൻ ചെലവ് അവരിൽ നിന്ന് ഈടാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സി.എഫ്.എൽ.ടി.സികൾ പലയിടത്തും നിർജീവമാണ്. തദ്ദേശസ്ഥാപനങ്ങൾക്ക് അത് നടത്തിക്കാൻ സാമ്പത്തിക പ്രയാസമുണ്ടെങ്കിൽ സർക്കാർ സഹായിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ഡൽഹി നിയമസഭാ മന്ദിരത്തിനുള്ളിൽ രഹസ്യ തുരങ്കം. സഭാമന്ദിരത്തെയും ചെങ്കോട്ടയെയും തമ്മിൽ ബന്ധിപ്പിക്കുന്ന രഹസ്യ തുരങ്കമാണ് കണ്ടെത്തിയിരിക്കുന്നത്. ഡൽഹി നിയമസഭാ സ്പീക്കർ രാം നിവാസ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് സ്വാതന്ത്ര്യസമര സേനാനികളെ കൊണ്ടുപോകുന്നതിനും കൊണ്ടുവരുന്നതിനുമാണ് ഈ പാത പ്രയോജനപ്പെടുത്തിയിരുന്നതെന്നാണ് റിപ്പോർട്ട്.

1993-ൽ ഈ തുരങ്കത്തെ കുറിച്ച് താൻ കേട്ടിരുന്നുവെന്നും എന്നാൽ തുരങ്കത്തിന്റെ ചരിത്രത്തെ കുറിച്ച് അന്വേഷിക്കാൻ ശ്രമിച്ചെങ്കിലും വ്യക്തയുണ്ടായില്ലെന്നും അദ്ദേഹം അറിയിച്ചു. ഇപ്പോൾ തുരങ്കമുഖം എവിടെയാണെന്ന് കണ്ടെത്താൻ കഴിഞ്ഞു പക്ഷെ തുരങ്കം കൂടുതൽ കുഴിച്ചു നോക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും സ്പീക്കർ വിശദമാക്കി. മെട്രോ പദ്ധതികളുടെയും ഓവുചാൽ നിർമ്മാണങ്ങളുടെയും ഭാഗമായി തുരങ്കത്തിന്റെ എല്ലാ വഴികളും നശിപ്പിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം 1912-ലാണ് കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റുന്നത്. ശേഷം സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലി ആയാണ് ഈ മന്ദിരം ഉപയോഗിച്ചിരുന്നത്. തുടർന്ന് 1926-ൽ ഈ മന്ദിരം കോടതിയാക്കി മാറ്റി. സ്വാതന്ത്ര്യസമര സേനാനികളെ ഈ കോടതിയിലേക്ക് കൊണ്ടുവരുന്നതിന് ബ്രിട്ടീഷുകാർ ഈ തുരങ്കം ഉപയോഗിച്ചിരുന്നുവെന്ന് ഗോയൽ വിശദീകരിച്ചു.

ഇവിടെ കഴുമരമുള്ള മുറിയെ കുറിച്ച് എല്ലാവർക്കും അറിയാം. എന്നാൽ ആ മുറി ഇതുവരെ തുറന്നിട്ടില്ല. എന്നാൽ ഇത് സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികമാണ്. ആ മുറി തുറന്നുപരിശോധിക്കാൻ തീരുമാനിച്ചു. ആ മുറി സ്വാതന്ത്ര്യസമര സേനാനികൾക്ക് ആദരാഞ്ജലി അർപ്പിക്കാനുള്ള സ്മൃതികുടീരമാക്കി മാറ്റാൻ ഞങ്ങൾ ഉദ്ദേശിക്കുകയാണ്. ഡൽഹി നിയമസഭാ മന്ദിരത്തിന് രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരവുമായി നിർണായക ബന്ധമുണ്ട്. ഈ പശ്ചാത്തലത്തിൽ കഴുമരമുള്ള മുറി അടുത്ത സ്വാതന്ത്ര്യ ദിനം മുതൽ വിനോദ സഞ്ചാരികൾക്കായി തുറന്നു കൊടുത്തേക്കുമെന്നും ഈ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിച്ചതായും ഗോയൽ കൂട്ടിച്ചേർത്തു.

veena

തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള 75 ശതമാനത്തിലധികം പേർക്ക് കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് നൽകിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. 2,15,27,035 ആദ്യ ഡോസ് വാക്സിൻ നൽകിയെന്ന് മന്ത്രി വ്യക്തമാക്കി. ഈ വിഭാഗത്തിൽ 27.74 ശതമാനം പേർക്ക് (79,60,935) രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 2021 ലെ എസ്റ്റിമേറ്റ് ജനസംഖ്യ പ്രകാരം ഇത് യഥാക്രമം 60.81 ശതമാനവും 22.49 ശതമാനവുമാണെന്ന് മന്ത്രി വിശദമാക്കി.

ഇതോടെ ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ആകെ 2,94,87,970 പേർക്കാണ് വാക്സിൻ നൽകിയത്. വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനം നടത്തിയ ഊർജിത ശ്രമങ്ങളാണ് ഇത്ര വേഗം ഈ ലക്ഷ്യം കൈവരിക്കാനായത്. ആഗസ്റ്റ് മാസത്തിൽ മാത്രം 88 ലക്ഷത്തിലധികം ഡോസ് വാക്സിൻ നൽകാനായെന്നും മന്ത്രി പറഞ്ഞു.

ഈ മാസത്തിൽ തന്നെ 18 വയസിന് മുകളിലുള്ള മുഴുവൻ പേർക്കും ആദ്യ ഡോസ് വാക്സിൻ നൽകാനാണ് സംസ്ഥാനം സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന് കൂടുതൽ വാക്സിൻ ആവശ്യമാണ്. സംസ്ഥാനത്ത് വീണ്ടും വാക്സിൻ ക്ഷാമം നേരിടുകയാണ്. മിക്കവാറും ജില്ലകളിൽ വാക്സിൻ ക്ഷാമമുണ്ട്. വാക്സിനേഷൻ സുഗമമായി നടത്താൻ കേന്ദ്രത്തോട് കൂടുതൽ വാക്സിൻ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിക്കുന്നതിനാൽ പരമാവധി പേർക്ക് വാക്സിൻ നൽകി സുരക്ഷിതമാക്കാനാണ് ശ്രമിക്കുന്നത്. 2021 ജനുവരി 16നാണ് കോവിഡ് വാക്സിനേഷൻ ആരംഭിച്ചത്. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ മാത്രം 1.95 കോടിയിലധികം ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്. വാക്സിനേഷൻ പ്രക്രിയ ത്വരിതപ്പെടുത്തുന്നതിന് അനുബന്ധ ക്യാമ്പയിനുകളും സംഘടിപ്പിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് വീണാ ജോർജ് വ്യക്തമാക്കി.

രാജ്യത്ത് ആദ്യയമായി കിടപ്പ് രോഗികൾക്ക് വീട്ടിൽ പോയി വാക്സിൻ നൽകി. 60 വയസിന് മുകളിലുള്ളവർക്കും കിടപ്പ് രോഗികൾക്കും മുഴുവൻ ആദ്യ ഡോസ് വാക്സിൻ നൽകുന്നതിതിനായി പ്രത്യേക യജ്ഞങ്ങൾ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. വാക്സിൻ സമത്വത്തിനായി വേവ് (WAVE: Work Along for Vaccine Equity) ക്യാമ്പയിൻ, ഗർഭിണികളുടെ വാക്സിനേഷനായി മാതൃകവചം തുടങ്ങിയ പ്രത്യേക പരിപാടികളും ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കും 100 ശതമാനം ആദ്യ ഡോസും 86 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 45 വയസിന് മുകളിലുള്ള 92 ശതമാനം പേർക്ക് ഒന്നാം ഡോസും 47 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 18 വയസിനും 44 വയസിനും ഇടയിലുള്ള 54 ശതമാനം പേർക്ക് ഒന്നാം ഡോസ് നൽകിയിട്ടുണ്ടെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഇടതുപക്ഷ വിരുദ്ധത പരസ്യമായി പ്രകടിപ്പിച്ചത് എൻ എസ് എസ്. സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ശബരിമല വിവാദം വീണ്ടുമുയർത്താൻ യു.ഡി.എഫ് നടത്തിയ പരിശ്രമങ്ങൾക്ക് എൻ.എസ്.എസ് പിന്തുണ നൽകിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

എസ് എൻ ഡി പി യോഗം പരസ്യമായി എൽ.ഡി.എഫിനെതിരായ നിലപാട് സ്വീകരിച്ചില്ലെന്നും ക്രിസ്ത്യൻ സഭകളെ എൽ.ഡി.എഫിനെതിരായി ഉപയോഗിക്കാൻ യു.ഡി.എഫിന് കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മുസ്ലിം സമുദായത്തിൽ ഇടതുപക്ഷ വിരുദ്ധത ഉറപ്പാക്കാൻ ജമാഅത്തെ ഇസ്ലാമി നടത്തിയ പരിശ്രമത്തിന് ലീഗ് പിന്തുണച്ചു. എന്നാൽ കാന്തപുരം വിഭാഗം സജീവ പിന്തുണ ഇടതുപക്ഷത്തിന് നൽകി. മറ്റ് സംഘടനകൾ തീവ്രമായ ഇടതുപക്ഷവിരുദ്ധത പ്രകടിപ്പിക്കാത്തതും മുസ്ലിം ഏകീകരണശ്രമങ്ങളെ പരാജയപ്പെടുത്തിയെന്ന് റിപ്പോർട്ടിൽ വിശദീകരിക്കുന്നു.

കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരുമായി എൻ.എസ്.എസിന് നിസ്സഹകരണ മനോഭാവമായിരുന്നു. ഏറ്റുമുട്ടലൊഴിവാക്കുന്ന തരത്തിലായിരുന്നു പാർട്ടിയുടെ നിലപാട്. നായർ സമുദായത്തിലെ പുരോഗമനവാദികൾ തിരഞ്ഞെടുപ്പിൽ പാർട്ടിക്കൊപ്പം നിന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എസ്.എൻ.ഡി.പി യോഗം അണികളെ ബി.ജെ.പിയിലെത്തിക്കുന്ന തരത്തിലുള്ള തിരഞ്ഞെടുപ്പ് കൂട്ടുകെട്ടിന്റെ ഭാഗമായി, പത്ത് നിയോജകമണ്ഡലങ്ങളിൽ 25,000 ത്തിലധികം വോട്ടുപിടിക്കാൻ ബി.ഡി.ജെ.എസിന് കഴിഞ്ഞിരുന്നു. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ ആ ശക്തി ബി.ഡി.ജെ.എസിന് നിലനിറുത്താൻ സാധിച്ചില്ല. സർക്കാരിന്റെ സമീപനങ്ങൾ ഒട്ടേറെ ചെറിയ സാമൂഹ്യ വിഭാഗങ്ങളെ പാർട്ടിക്കനുകൂലമാക്കി. പാർട്ടിയോടടുക്കുന്ന മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ നിന്ന് കൂടുതൽ പാർട്ടിയംഗങ്ങളെ റിക്രൂട്ട് ചെയ്യണമെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നു.

തെരഞ്ഞെടുപ്പിൽ മുസ്ലിം മേഖലകളിൽ ചിലർ സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിച്ചത് ഗുണമായി. ഇവരെ പാർട്ടിയോടൊപ്പം നിർത്തണം. ധനമോഹവും അഴിമതിയും വ്യാപിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അവലോകന റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു.

ന്യൂഡൽഹി: രാജ്യത്ത് അവശ്യ മരുന്നുകളുടെ വില പുതുക്കി കേന്ദ്ര സർക്കാർ. ഫലപ്രദമല്ലെന്ന് കണ്ടെത്തിയ 16 മരുന്നുകൾ കേന്ദ്ര സർക്കാർ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. പുതുക്കിയ പട്ടികയിൽ കാൻസറിനും ഹൃദ്രോഗ ചികിൽസയ്ക്കും ഉപയോഗിക്കുന്നവ അടക്കം 39 മരുന്നുകളുടെ വില കുറയും. അസാസൈറ്റിഡിനും ഫുൾവെസ്ട്രൻറും ലെനലിഡോമൈഡും അടക്കമുള്ള കാൻസർ മരുന്നുകളാണ് അവശ്യമരുന്നുകളുടെ പട്ടികയിൽ സർക്കാർ ഉൾപ്പെടുത്തിയിരിക്കുന്നത്. കാൻസർ മരുന്നുകളുടെ വിലയിൽ 80 ശതമാനം വരെയാണ് കുറവുണ്ടാകുക.

അമിക്കാസിനും ഫിനോക്‌സിമിതൈൽ പെനിസിലിനും അടക്കം 7 ആന്റിബയോട്ടിക്കുകളെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്ഷയം, പ്രമേഹം, കോവിഡ്, രക്താദിസമ്മർദം എന്നിവയ്ക്കുള്ള മരുന്നുകളുടെയും വില കുറയും. 374 ഓളം മരുന്നുകളാണ് അവശ്യമരുന്നുകളുടെ പട്ടികയിലുള്ളത്. രാജ്യത്ത് വിൽപനയിലുള്ള മരുന്നുകളുടെ 18 ശതമാനമാണ് ഇതോടെ വില നിയന്ത്രണത്തിന്റെ കീഴിൽ വരുന്നത്. കേന്ദ്ര ആരോഗ്യ ഗവേഷണ സെക്രട്ടറിയും ഐസിഎംആർ മേധാവിയുമായ ബൽറാം ഭാർഗവയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ആവശ്യ മരുന്നുകളുടെ പട്ടിക പുതുക്കിയത്. അഞ്ചു വർഷംകൂടുമ്പോഴാണ് പട്ടിക പുതുക്കി പ്രസിദ്ധീകരിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. സമ്പൂർണ അരാജകത്വത്തിലേക്കാണ് കേരളം നടന്നു നീങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ട പോലീസ് സേനയുടെ ക്രൂരകൃത്യങ്ങൾ കണി കണ്ടുണരേണ്ട ഗതികേടിലേയ്ക്ക് കേരളം അധഃപതിച്ചിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേരളത്തിന്റെ ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരി ആയിമാറിയിട്ട് അഞ്ചു വർഷം കഴിഞ്ഞിരിക്കുന്നു. കസ്റ്റഡി മരണങ്ങൾ തുടർകഥ ആയിരിക്കുന്നു. എത്ര വലിയ കുറ്റം ചെയ്താലും ഖജനാവിലെ കോടികൾ മുടക്കി കുറ്റവാളികളെ സംരക്ഷിക്കാൻ ഭരണത്തിലുള്ള സർക്കാർ തന്നെ തയ്യാറാകുമ്പോൾ ക്രിമിനലുകൾ ആരെയാണ് ഭയക്കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. കേരള പോലീസിനെ നിയന്ത്രിക്കുന്നത് ഇആർഎസ്എസ് ആണെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ നേതാക്കൾ പരസ്യമായി വിളിച്ചു പറഞ്ഞത് പിണറായി വിജയന് ഭൂഷണമായിരിക്കാം, പക്ഷേ കേരളത്തിന് അത് അപമാനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

‘മുഖ്യമന്ത്രി കൊള്ളാം പക്ഷേ ആഭ്യന്തര മന്ത്രി വൻ പരാജയം ‘ എന്ന പിണറായി വിജയ സ്തുതിപാഠകരുടെ ചൊല്ല് കേരളം മറന്നിട്ടില്ല. അക്രമികളും അരാജകവാദികളും അഴിഞ്ഞാടുന്ന വാർത്തകൾ കേരളത്തിന് പുതുമയല്ലാതായിരിക്കുന്നു. ജനങ്ങളെ സഹായിക്കാൻ വേണ്ടിയുള്ളവരാണ് പോലീസ് എന്ന പ്രാഥമിക പാഠം സേനയ്ക്ക് ആരാണ് പഠിപ്പിച്ച് കൊടുക്കുക. ആഭ്യന്തര മന്ത്രിക്കസേരയിൽ ഒരു വടിയെങ്കിലും കുത്തി നിർത്തിയിരുന്നേൽ കേരള പോലീസ് ഭേദപ്പെട്ട രീതിയിൽ ജോലി ചെയ്‌തേനേ എന്ന് പൊതുജനം പറഞ്ഞു തുടങ്ങിയത് സിപിഎം കാണാതെ പോകരുത്. കോൺഗ്രസിൽ ആഭ്യന്തര പ്രശ്‌നങ്ങൾ ഉണ്ടോയെന്ന് നോക്കി നടക്കുന്ന പാർട്ടി സെക്രട്ടറി അടിയന്തിരമായി ആർഎസ്എസുകാരെ പുറത്താക്കി കഴിവുള്ള ഒരു സിപിഎം എംഎൽഎയെ ആഭ്യന്തര മന്ത്രി ആക്കാൻ തയ്യാറാകണം. അതിന് ഭയമാണെങ്കിൽ ജനം പറയുന്നത് പോലെ ആ കസേരയിൽ ഒരു വടികുത്തിവെച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ സിപിഎം തയ്യാറാകണം. കോൺഗ്രസിൽ നിന്ന് ഒഴുകി എത്തുന്ന മാലിന്യങ്ങൾ പെറുക്കി എടുക്കുന്നതിനിടയിൽ പാർട്ടി സെക്രട്ടറി ഈ കടമ മറന്ന് പോകരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതിപക്ഷ നിയമസഭാംഗങ്ങളെ നേരിടാൻ കഴിവില്ലാത്തതിനാൽ മന്ത്രിമാർക്ക് പരിശീലനം ഏർപ്പെടുത്താൻ പോകുന്നത് രാഷ്ട്രീയ കേരളം കൗതുകത്തോടെയാണ് കാണുന്നത്. നിയമസഭയിൽ 41 മികച്ച സാമാജികരെ നേരിടാൻ കഴിയാതെ വിയർക്കുന്ന ആ 99 പേരെ നിയമസഭാ സമ്മേളനത്തിൽ ജനം കണ്ടു കഴിഞ്ഞു. തദവസരത്തിൽ മന്ത്രിമാർക്ക് പരിശീലനം നൽകാൻ ഇറങ്ങുമ്പോൾ കണക്കറ്റ ഉപദേശികളെ ചുറ്റിനും നിരത്തിയിട്ടും ഭരിക്കാനറിയാത്ത പിണറായി വിജയനെ സിപിഎം കാണാതെ പോകരുത്. ഉപദേശികളെയും പരിശീലകരെയും കൂട്ടി ഖജനാവ് കാലിയാക്കാതെ, കൂട്ടത്തിൽ കഴിവുള്ളവർ ഇല്ലെങ്കിൽ ആഭ്യന്തര വകുപ്പിലടക്കം ഘടകകക്ഷികളെയെങ്കിലും പരിഗണിച്ച് ഭേദപ്പെട്ട ഭരണം നടത്താൻ എൽഡിഎഫ് ഇനിയെങ്കിലും തയ്യാറാകണം. കേരള പോലീസിനെ ആർഎസ്എസ് നിയന്ത്രണത്തിൽ നിന്നും ഉടൻ മോചിപ്പിച്ചില്ലെങ്കിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഭാഗത്തു നിന്നും ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

കാബൂൾ: കശ്മീരിലും ഇന്ത്യയിലും മറ്റേതൊരു രാജ്യത്തും മുസ്ലിങ്ങൾക്കു വേണ്ടി ശബ്ദമുയർത്താൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് താലിബാൻ. കശ്മീർ ഉൾപ്പെടെ എവിടെയുമുള്ള മുസ്ലീങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുമെന്ന് താലിബാൻ വ്യക്തമാക്കി.

അവർ നിങ്ങളുടെ പൗരന്മാരാണെന്നും നിങ്ങളുടെ നിയമപ്രകാരം അവർക്ക് തുല്യ അവകാശങ്ങൾ ലഭിക്കാൻ അവകാശമുണ്ടെന്നും തങ്ങൾ പറയുമെന്ന് താലിബാൻ വക്താവ് സുഹൈൽ ഷഹീൻ വെളിപ്പെടുത്തി. ബിബിസി ഉർദുവിന് നൽകിയ അഭിമുഖത്തിലായിരുന്നു താലിബാൻ വക്താവിന്റെ പ്രതികരണം. ഏതെങ്കിലും ഒരു രാജ്യത്തിനു നേരേ ആയുധമെടുക്കാൻ ഉദ്ദേശ്യമില്ലെന്നും താലിബാൻ അഭിപ്രായപ്പെട്ടു.

അതേസമയം അഫ്ഗാന്റെ ഭൂമി ഒരു തരത്തിലുമുള്ള തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അഫ്ഗാനിലെ സർക്കാർ രൂപവത്കരണത്തെ കുറിച്ചുള്ള വിശദാംശങ്ങൾ ഇന്ത്യൻ സർക്കാരിന് അറിയില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. ഏതു തരത്തിലുള്ള സർക്കാരാണ് അഫ്ഗാനിസ്താനിൽ രൂപവത്കരിക്കപ്പെടുക എന്നതിനെ കുറിച്ചുള്ള വിശദാംശങ്ങളോ അതിന്റെ സ്വഭാവമോ അറിയില്ലെന്ന് ബാഗ്ചി പറഞ്ഞു. അഫ്ഗാനിലെ സർക്കാർ രൂപീകരണത്തെ കുറിച്ച് പുതുതായി വിവരങ്ങളൊന്നും ഇല്ലെന്നും ഉഹാപോഹങ്ങൾ പ്രചരിപ്പിക്കാൻ താൽപര്യപ്പെടുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഫ്ഗാനിസ്താന്റെ മണ്ണ് ഒരുതരത്തിലുമുള്ള ഭീകരവാദത്തിനും ആരും ഉപയോഗപ്പെടുത്താതിരിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കൊച്ചി: പൊതുജനങ്ങളുമായി ഇടപഴകുമ്പോൾ പോലീസ് മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന് നിർദ്ദേശം നൽകി ഹൈക്കോടതി. ഇക്കാര്യം വ്യക്തമാക്കി ഡിജിപി സർക്കുലർ ഇറക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. തൃശൂർ ചേർപ്പ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട പോലീസ് അതിക്രമ കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

സംസ്ഥാനത്ത് അടുത്തിടെ പോലീസിന്റെ പെരുമാറ്റത്തിനെതിരെ വ്യാപകമായ വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയുടെ സുപ്രധാന ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. അതേസമയം നോക്കുകൂലി സമ്പ്രദായം നിർത്തലാക്കണമെന്നും കോടതി നിർദ്ദേശിച്ചു. നോക്കുകൂലി കേരളത്തിന് ഭൂഷണമല്ലെന്നും ഇത് കേരളത്തിനെതിരായ പ്രചാരണത്തിന് കാരണമാകുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. സർക്കാർ ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കണം. ചുമട്ടുതൊഴിലാളികളുടെ പ്രശ്നങ്ങൾ നിയമപരമായാണ് പരിഹരിക്കേണ്ടതെന്നും പരിഹാരം നോക്കുകൂലി അല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ നോക്കുകൂലിക്കെതിരെ കർശന നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന് സർക്കാർ കോടതിയിൽ വിശദമാക്കി.

കോട്ടയം: കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല. തന്നോട് കൂടിയാലോചിച്ചില്ലെങ്കിലും ഉമ്മൻ ചാണ്ടിയോട് ആലോചിക്കണമായിരുന്നുവെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഡിസിസി പുന:സംഘടനയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പ്രായത്തിന്റെ കാര്യം പറഞ്ഞ് മാറ്റിനിർത്തേണ്ട കാര്യമില്ല. തനിക്ക് 64 വയസേയുള്ളൂ. ഉമ്മൻ ചാണ്ടിയെ മാറ്റിനിർത്താൻ ആർക്കും കഴിയില്ല. താനും ഉമ്മൻ ചാണ്ടിയും കോൺഗ്രസിനെ നയിച്ച 17 വർഷകാലം വലിയ നേട്ടം കൈവരിച്ചു. അധികാരം കിട്ടിയപ്പോൾ താൻ ധാർഷ്ട്യം കാട്ടിയിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. കോട്ടയം ഡിസിസി അധ്യക്ഷൻ സ്ഥാനമേൽക്കുന്ന ചടങ്ങിലായിരുന്നു ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്.

കോൺഗ്രസിൽ ചില പ്രശ്നങ്ങൾ ഉണ്ട് എന്നത് യാഥാർഥ്യമാണ്. കരുണാകരൻ പോയപ്പോൾ ഉമ്മൻ കോൺഗ്രസ് എന്ന് പറഞ്ഞു. 17 വർഷം താനും ഉമ്മൻ ചാണ്ടിയും കോൺഗ്രസിനെ നയിച്ചു. താൻ കെപിസിസി പ്രസിഡന്റും ഉമ്മൻ ചാണ്ടി പാർലമെന്ററി പാർട്ടി നേതാവുമായി. ആ കാലയളവിൽ വലിയ വിജയമാണ് കോൺഗ്രസിന് തെരഞ്ഞെടുപ്പുകളിൽ ഉണ്ടായത്. ത്യാഗോജ്വലമായ പ്രവർത്തനം ആണ് അന്ന് നടന്നത്. അത്ഭുതകരമായ തിരിച്ചുവരവാണ് അന്ന് കോൺഗ്രസ് നടത്തിയതെന്നും കെ കരുണാകരനും കെ മുരളീധരനും പാർട്ടിയിൽ പിന്നീട് തിരിച്ചു വന്നെന്നും ചെന്നിത്തല പറഞ്ഞു.

കെ സി ജോസഫും നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചു. ഉമ്മൻ ചാണ്ടിയെ രാഷ്ട്രീയം പഠിപ്പിക്കാൻ ആരും വളർന്നിട്ടില്ല. ഉമ്മൻ ചാണ്ടിയെ ആക്ഷേപിച്ചവർക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാന നേതൃത്വം തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചിലർക്കെതിരെ മാത്രം നടപടിയെടുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.