General (Page 1,423)

കാബൂൾ: അഫ്ഗാന്റെ നിയന്ത്രണം താലിബാൻ പിടിച്ചടക്കിയതിന്റെ ഞെട്ടലിലാണ് ലോകരാജ്യങ്ങൾ. ലോകത്തെ ഏറ്റവും മികച്ചതെന്ന് അവകാശപ്പെടുന്ന അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തേയും സൈന്യത്തേയും പോലും ഞെട്ടിപ്പിച്ചു കൊണ്ടായിരുന്നു താലിബാന്റെ നീക്കങ്ങൾ. 17 ഭീകരരാണ് അഫ്ഗാന്റെ തലപ്പത്തുള്ളത്. ഇവരിൽ പലരും പഠിച്ചതും വളർന്നതുമെല്ലാം പാകിസ്താനിലാണ്. ലോകത്തെ പല രഹസ്യാന്വേഷണ ഏജൻസികളും വേട്ടയാടിയ ഭീകരരാണ് ഇവർ.

മൗലവി ഹൈബത്തുല്ല അഖുൻഡ്‌സാദ, മുല്ല അബ്ദുൽ ഖനി ബറാദർ, സിറാജുദ്ദീൻ ഹഖാനി, മുല്ല മുഹമ്മദ് യാക്കൂബ്, കാരി ദിൻ മുഹമ്മദ് ഹനീഫ്, മൗലവി അബ്ദുൽ സലാം ഹനഫി, മുല്ല അബ്ദുൽ ഹഖീം, ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനെക്‌സായി, കാരി ഫസിഹുദ്ദീൻ, മുഹമ്മദ് ഫസൽ അകുന്ദ്, മാലി ഖാൻ, ഇബ്രാഹിം സാദർ, ശഹാബുദീൻ ദിൽവാർ, അബ്ദുൽ ലത്തീഫ് മൻസൂർ, അബ്ദുൽ കബീർ, കെയ്‌റുള്ള കെയ്‌റാവ, അനസ് ഹഖാനി എന്നിവരാണ് താലിബാന്റെ തലപ്പത്തുള്ള ഭീകരർ.

താലിബാന്റെ പരമോന്നത നേതാവാണ് മൗലവി ഹൈബത്തുല്ല അഖുൻഡ്‌സാദ. താലിബാന്റെ മുൻ നേതാവായ അക്തർ മൻസൂർ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇയാൾ താലിബാന്റെ നേതാവായത്. 2016 മേയ് മാസത്തിലാണ് ഇയാൾ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്. തന്റെ മുൻഗാമികൾ വഹിച്ചിരുന്ന എമിർ-അൽ-മോമിനീൻ (വിശ്വസ്തനായ കമാൻഡർ) എന്ന സ്ഥാനപ്പേരും താലിബാൻ അഖുൻഡ്‌സാദയ്ക്ക് നൽകിയിട്ടുണ്ട്. #

താലിബാന്റെ സ്ഥാപിത നേതാക്കളിൽ ഒരാളാണ് മുല്ല അബ്ദുൽ ഖനി ബറാദർ. ദോഹയിലെ താലിബാൻ രാഷ്ട്രീയ കാര്യ ഓഫിസിന്റെ ചുമതലക്കാരനാണ് മുല്ല അബ്ദുല് ഖനി ബറാദർ. സോവിയറ്റ് യുദ്ധകാലത്ത് ജലാലുദീൻ ഹഖാനി സ്ഥാപിച്ച ഹഖാനി നെറ്റ്വർക്കിന്റെ തലവനാണ് മകനായ സിറാജുദ്ദീൻ ഹഖാനി. അമേരിക്ക അഞ്ച് ദശലക്ഷം ഡോളർ തലയ്ക്ക് വിലയിട്ടിരുന്ന പിടികിട്ടാപുള്ളിയായിരുന്നു സിറാജുദ്ദീൻ ഹഖാനി. ഓഗസ്റ്റ് 15ന് കാബൂളിൽ നിയന്ത്രണം സ്ഥാപിച്ച ശേഷം താലിബാന്റെ സൈനിക നയതന്ത്ര തലവനായി സിറാജുദ്ദീൻ ഹഖാനിയെയാണ് നിയമിച്ചത്.

താലിബാൻ സ്ഥാപക നേതാവ് മുല്ല മുഹമ്മദ് ഒമറിന്റെ മകനാണ് മുല്ല മുഹമ്മദ് യാക്കൂബ്. 2020 മുതൽ താലിബാൻ സൈന്യത്തിന്റെ നിയന്ത്രണം ഇയാളുടെ കീഴിലാണ്. താലിബാൻ ഭരണകാലത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്നയാളാണ് കാരി ദിൻ മുഹമ്മദ് ഹനീഫ്. താലിബാൻ ഭരണത്തിൽ ഗവർണറായും വിദ്യാഭ്യാസ സഹമന്ത്രിയുമായും സേവനം അനുഷ്ടിച്ചയാളാണ് മൗലവി അബ്ദുൽ സലാം ഹനഫി. ഏറെ കാലമായി കാലിബാന്റെ നേതൃപദവിയിൽ ഇയാൾ പ്രവർത്തിക്കുന്നുണ്ട്.

താലിബാന്റെ പരമോന്നത ന്യായാധിപ പദവിയിലുള്ള വ്യക്തിയാണ് മുല്ല അബ്ദുൽ ഹഖീം. തീവ്ര പാരമ്പര്യവാദിയായാണ് ഇയാൾ അറിയപ്പെടുന്നത്. താലിബാൻ ഭരണകാലത്ത് അഫ്ഗാനിസ്ഥാന്റെ ആരോഗ്യ സഹമന്ത്രിയായിരുന്നു ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനെക്‌സായി. താലിബാൻ ഭരണത്തിൽ വിദേശകാര്യ സഹമന്ത്രിയായും ഇയാൾ പ്രവർത്തിച്ചിട്ടുണ്ട്. ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനെക്‌സായി 2015-19 കാലത്ത് താലിബാന്റെ രാഷ്ട്രീയകാര്യ ഓഫിസ് മേധാവി സ്ഥാനവും വഹിച്ചിരുന്നു.

വടക്കൻ ബലൂചിസ്ഥാൻ മേഖലയിൽ നിന്നുള്ള യുവ താലിബാൻ നേതാവാണ് കാരി ഫസിഹുദ്ദീൻ. താലിബാൻ- അൽ ഖായിദ ബന്ധത്തിലെ സുപ്രധാന കണ്ണിയാണ് മുഹമ്മദ് ഫസൽ അകുന്ദ്. താലിബാന്റെ സാമ്പത്തിക കാര്യങ്ങളുടെ നിയന്ത്രണം മാലി ഖാനാണ്. ഹഖാനി നെറ്റ്വർക്കിന്റെ സീനിയർ കമാൻഡറാണ് ഇയാൾ. ഒമറിന്റെ മകന് കൈമാറും മുൻപ് താലിബാൻ മിലിറ്ററി കമാൻഡറായിരുന്നു ഇബ്രാഹിം സാദർ. ഹഖാനി നെറ്റ്വർക്ക് സ്ഥാപകൻ ജലാലുദീൻ ഹഖാനിയുടെ മകനാണ് അനസ് ഹഖാനി.

കാബൂൾ: അഫ്ഗാനിൽ അധികാരം പിടിച്ചതോടെ താലിബാനിൽ ആഭ്യന്തര പ്രശ്‌നങ്ങൾ കൂടുതൽ രൂക്ഷമാകുന്നു. താലിബാൻ നേതാക്കൾ തമ്മിൽ പരസ്പരം ഏറ്റുമുട്ടലുണ്ടായതായാണ് വിവരം. പരസ്പരമുണ്ടായ ഏറ്റുമുട്ടലിൽ താലിബാൻ സഹസ്ഥാപകൻ മുല്ലാ അബ്ദുൾ ഗനി ബരാദറിന് വെടിയേറ്റതായുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. നിലവിൽ ബരാദർ പാകിസ്താനിൽ ചികിത്സയിലാണെന്നാണ് വിവരം. ഹഖാനി നെറ്റ്വർക്ക് നേതാക്കളായ അനസ് ഹഖാനിയും ഖലീൽ ഹഖാനിയുമാണ് മുല്ലാ ബരാദറും മുല്ലാ യാക്കൂബുമായി ഏറ്റുമുട്ടിയത്.

അധിക്കാരത്തെച്ചൊല്ലിയാണ് ഇവർ തമ്മിൽ ഏറ്റുമുട്ടലുണ്ടായതെന്നാണ് ലഭ്യമാകുന്ന വിവരം. അഫ്ഗാനിൽ പുതുതായി രൂപീകരിക്കുന്ന സർക്കാരിൽ പ്രതിരോധ മന്ത്രി സ്ഥാനത്തിനൊപ്പം മറ്റ് പ്രധാന പദവികളും ഹഖാനി നെറ്റ്വർക്ക് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത്രയും നൽകാൻ ബരാദറും ഒപ്പമുള്ളവരും തയ്യാറായില്ല. തുടർന്നുണ്ടായ തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.

ഹഖാനി വിഭാഗവുമായി പാകിസ്താൻ വളരെ അടുത്ത ബന്ധം പുലർത്തുന്നുണ്ട്. അതിനാൽ തന്നെ സർക്കാരിലെ പ്രധാന സ്ഥാനങ്ങൾ ഹഖാനി വിഭാഗത്തിന് കിട്ടണമെന്നാണ് പാകിസ്താന്റെ ആഗ്രഹം. ഇതിലൂടെ അഫ്ഗാനിൽ തങ്ങളുടെ ആധിപത്യം അടിച്ചേൽപ്പിക്കാമെന്നും ഹഖാനി വിഭാഗത്തെ കാശ്മീർ പ്രശ്‌നത്തിലുൾപ്പടെ ഇന്ത്യക്കെതിരെ ഇടപെടീക്കാമെന്നും പാകിസ്താൻ കണക്കു കൂട്ടുന്നു. കാബൂൾ താലിബാൻ പിടിച്ചടക്കിയ ശേഷം ഹഖാനി നെറ്റ്വർക്കിലെ മുതിർന്ന നേതാക്കൾ അഫ്ഗാനിലെത്തി ഭരണത്തിലെ പങ്കാളിത്തത്തെ കുറിച്ച് ചർച്ച തുടങ്ങിയിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം.

പത്തനംതിട്ട: കോവിഡ് ചികിത്സാ കേന്ദ്രത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം. പത്തനംതിട്ടയിലെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലാണ് പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് കോവിഡ് ചികിത്സാ കേന്ദ്രത്തിലെ താത്ക്കാലിക ജീവനക്കാരനായ ബിനുവിനെ പോലീസ് അറസ്റ്റ് ചെയ്തു. പതിനാറു വയസുകാരിയായ പെൺകുട്ടിയോടാണ് ബിനു മോശമായി പെരുമാറിയത്.

സൗഹൃദം നടിച്ച് അടുത്തു കൂടിയ ശേഷം അശ്ലീല ചുവയോടെ സംസാരിക്കുകയും മോശമായ തരത്തിൽ ശരീരത്തിൽ സ്പർശിക്കുകയും ചെയ്തുവെന്നാണ് പെൺകുട്ടി പറയുന്നത്. സെപ്തംബർ ഒന്നിനായിരുന്നു സംഭവം. ഓഗസ്റ്റ് 27 നാണ് പെൺകുട്ടി കോവിഡ് പോസിറ്റീവായി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്കെത്തിയത്.

സെപ്തംബർ രണ്ടിന് കോവിഡ് നെഗറ്റീവായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജായ കുട്ടി സ്വന്തം വീട്ടിൽ പോകുന്നതിന് പകരം അടുത്ത സുഹൃത്തിന്റെ വീട്ടിലേക്കാണ് പോയത്. ആശുപത്രി അധികൃതർ ഓട്ടോയിൽ കയറ്റി അയക്കുകയായിരുന്നു. പെൺകുട്ടിയെ കാണാതായതോടെ അമ്മ പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ പെൺകുട്ടിയെ സുഹൃത്തിന്റെ വീട്ടിൽ കണ്ടെത്തി. തുടർന്ന് വിശദമായ കൗൺസിലിംഗിനും ചോദ്യം ചെയ്യലിനും ശേഷമാണ് തനിക്ക് നേരിട്ട ദുരനുഭവം പെൺകുട്ടി പോലീസിനോട് വിശദീകരിച്ചത്. പിന്നീട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ബിനുവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

തിരുവനന്തപുരം: കേരളത്തിലെ വാണിജ്യ വാഹനങ്ങൾക്കായി യൂബർ, ഓല മോഡലിൽ സർക്കാർ നേതൃത്വത്തിൽ ആരംഭിക്കുന്ന ഓൺലൈൻ ടാക്സി ഓട്ടോ സമ്പ്രദായത്തിന്റെ ഉദ്ഘാടനം നവംബർ ഒന്നിന്. തൊഴിൽ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഇതുസംബുന്ധിച്ച തീരുമാനമുണ്ടായത്.

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ഗതാഗതം, ഐ.റ്റി, പോലിസ്, ലീഗൽ മെട്രോളജി എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഓൺലൈൻ ടാക്‌സി സേവനം ആരംഭിക്കുന്നത്. ലേബർ കമ്മീഷണറേറ്റിനാണ് സംവിധാനത്തിന്റെ നിയന്ത്രണ ചുമതല. ഓൺലൈൻ ടാക്സി ഓട്ടോ സംവിധാനം നടപ്പിലാക്കുന്നത് കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേന ആയിരിക്കണം. ഇതിനുള്ള സാഹചര്യങ്ങളും ബോർഡ് ഒരുക്കും.

ഓൺലൈൻ ടാക്സി ഓട്ടോ സംവിധാനത്തിന്റെ നടത്തിപ്പിലേക്കായി കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് ഫണ്ട് ചെലവഴിക്കില്ല. എന്നാൽ ഓൺലൈൻ ടാക്സി ഓട്ടോ സംവിധാനത്തിന്റെ പരസ്യചെലവിന് ആവശ്യമായ തുക കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് അഡ്വാൻസ് ചെയ്യും. ഈ തുക പദ്ധതി നടപ്പാക്കുമ്പോൾ സർക്കാരിന് ലഭിക്കുന്ന തുകയിൽ നിന്ന് തിരികെ ലഭ്യമാക്കും. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പദ്ധതിയിൽ അംഗങ്ങൾ ആകുന്ന വാഹനങ്ങൾക്ക് ജിപിഎസ് ഘടിപ്പിക്കേണ്ടതില്ലെന്നാണ് നിർദ്ദേശം. പകരം സ്മാർട്ട് ഫോൺ ജിപിഎസ് നാവിഗേഷനായി ഉപയോഗിക്കാം.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതിനാൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. എന്താണ് നിപ വൈറസെന്നും അതിന് സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തെല്ലാമാണെന്നും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണെന്ന് മന്ത്രി പറഞ്ഞു. ഇത് മൂന്നാം തവണയാണ് സംസ്ഥാനത്ത് നിപ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ 2018 ലും 2019 ലും നിപ വൈറസ് സ്ഥിരീകരിച്ചിരുന്നു. രോഗ ലക്ഷണമുള്ളവരിൽ നിന്നും നിപ വൈറസ് കൂടുതൽ പേരിലേക്ക് പകരാതിരിക്കാനായി പ്രതിരോധ മാർഗങ്ങൾ ഊർജിതമാക്കുമെന്ന് മന്ത്രി അറിയിച്ചു.

രോഗത്തിന്റെ സംക്രമണത്തേയും പ്രതിരോധത്തേയും കുറിച്ചുള്ള ശാസ്ത്രീയമായ വിവരങ്ങൾ എല്ലാവരും മനസിലാക്കണം. കോവിഡ് കാലമായതിനാൽ എല്ലാവരും മാസ്‌ക് ധരിക്കുന്നുണ്ട്. എൻ 95 മാസ്‌ക് നിപ വൈറസിനേയും പ്രതിരോധിക്കും. അതിനാൽ തന്നെ ശ്വാസകോശ രോഗ ലക്ഷണങ്ങളുള്ളവരും അവരെ പരിചരിക്കുന്നവരും എൻ 95 മാസ്‌ക് ധരിക്കേണ്ടതാണ്. ഭയപ്പെടാതെ ഒറ്റക്കെട്ടായി നിപയെ പ്രതിരോധിക്കാമെന്ന് വീണാ ജോർജ് വ്യക്തമാക്കി.

ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്സോ വൈറിഡേ ഫാമിലിയിലെ അംഗമാണ്. ഇതൊരു ആർ.എൻ.എ. വൈറസ് ആണ്. മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാനും സാധ്യതയുണ്ട്. അതുപോലെ തന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം. വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ പ്രകടമാകുന്ന കാലയളവ് (ഇൻകുബേഷൻ പീരീഡ്) 4 മുതൽ 14 ദിവസം വരെയാണ്. ഇത് ചിലപ്പോൾ 21 ദിവസം വരെയാകാം. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങൾ വ്യക്തമാകാൻ ഇത്രയും ദിവസങ്ങൾ വേണം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും അപൂർവമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങൾ ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങൾക്കകം തന്നെ കോമ അവസ്ഥയിലെത്താൻ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. ശ്വാസകോശത്തേയും ബാധിക്കാൻ സാധ്യതയുണ്ടെന്ന് മന്ത്രി വിശദീകരിച്ചു.

തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്പൈനൽ ഫ്ളൂയിഡ് എന്നിവയിൽ നിന്നുമെടുക്കുന്ന സാമ്പിളുകൾ ആർ.ടി.പി.സി.ആർ. പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്. അസുഖം വന്നതിനു ശേഷമുള്ള ചികിത്സ മിക്കവാറും പേരിൽ അതി സങ്കീർണമാണ്. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം. കഴിവതും വവ്വാലിന്റെ ആവാസ കേന്ദ്രങ്ങളിൽ പോകരുത്. വവ്വാൽ കടിച്ച പഴങ്ങളോ മറ്റോ സ്പർശിക്കാനോ കഴിക്കാനോ പാടില്ലെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

രോഗം പകരാതിരിക്കാൻ വേണ്ടി എടുക്കേണ്ട മുൻകരുതലുകൾ

· കൃത്യമായി മാസ്‌ക് ഉപയോഗിക്കുക.

· സാമൂഹിക അകലം പാലിക്കുക.

· ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റെടുത്ത് നന്നായി കഴുകുക. ഇത് ലഭ്യമല്ലെങ്കിൽ ആൾക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കണം.

·രോഗിയുമായി ഒരു മീറ്റർ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക.

· രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള സാമഗ്രികൾ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.

രോഗം പടരാതിരിക്കാൻ വേണ്ടി ആശുപത്രികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

· രോഗ ലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസലേഷൻ വാർഡിൽ പ്രവേശിപ്പിക്കുക.

· രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോഴും പരിശോധിക്കുമ്പോഴും, മറ്റു ഇടപഴകലുകൾ നടത്തുമ്പോഴും കയ്യുറകളും മാസ്‌കും ധരിക്കുക
· സാംക്രമിക രോഗങ്ങളിൽ എടുക്കുന്ന എല്ലാ മുൻകരുതലുകളും ഇത്തരം രോഗികളിലും എടുക്കുക, രോഗമുണ്ടെന്നു സംശയിക്കുന്ന രോഗി അഡ്മിറ്റ് ആയാൽ അധികൃതരെ വിവരം അറിയിക്കുക.

സ്വീകരിക്കേണ്ട സുരക്ഷാ രീതികൾ

· ആൾക്കഹോൾ അടങ്ങിയ ഹാൻഡ് റബ്ബുകൾ ഉപയോഗിച്ച് കൈ കഴുകുക.

· രോഗി, രോഗ ചികിത്സക്ക് ഉപയോഗിച്ച ഉപകരണങ്ങൾ രോഗിയുടെ വസ്ത്രം, വിരി മുതലായവയെല്ലാം സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യുക.

· നിപ്പാ രോഗികളെ മറ്റു രോഗികളുമായുള്ള ഇടപഴകൽ തീർത്തും ഒഴിവാക്കി വേർതിരിച്ച് പ്രത്യേക വാർഡുകളിലേക്ക് മാറ്റുക.

· ഇത്തരം വാർഡുകളിൽ ആരോഗ്യരക്ഷാ പ്രവർത്തകരുടെ എണ്ണം പരിമിതപ്പെടുത്തുക.

· രണ്ട് രോഗികളുടെ കട്ടിലിനിടയിൽ ഒരു മീറ്റർ അകലമെങ്കിലും ഉറപ്പാക്കുക.

· രോഗികളെ അല്ലെങ്കിൽ രോഗമുണ്ടെന്ന് സംശയിക്കുന്നവരെ ശുശ്രൂഷിക്കുമ്പോൾ പകരാതിരിക്കാനുള്ള മുൻ കരുതലുകൾ സ്വീകരിക്കേണ്ടത് പരമ പ്രധാനമാണ്.

സ്വയം രക്ഷാ സജ്ജീകരണങ്ങളുടെ ഉപയോഗം

· മാസ്‌ക്, കൈയുറ (ഗ്ലൗസ്), ഗൗൺ എന്നിവയൊക്കെ ഉൾപ്പെടുന്ന പിപിഇ കിറ്റ് രോഗിയുമായി ഇടപഴകുമ്പോൾ ഉടനീളം ഉപയോഗിക്കേണ്ടതാണ്. തീർത്തും സൂക്ഷ്മമായ വായുവിലെ കണങ്ങളിൽ 95 ശതമാനവും ശ്വസിക്കുന്നത് തടയാൻ കഴിയുന്ന എൻ-95 മാസ്‌കുകൾ രക്തവും സ്രവങ്ങളും ടെസ്റ്റിനായെടുക്കുമ്പോഴും ട്യൂബ് ഇടുന്നത് പോലുളള ഇടപെടൽ വേളയിലും നിഷ്‌കർഷിക്കേണ്ടതാണ്.

· കൈകൾ സോപ്പുപയോഗിച്ച് 20 സെക്കന്റെങ്കിലും വ്യത്തിയായ് കഴുകുക.
· അണുനാശികാരികളായ ക്ലോറോഹെക്സിഡൈൻ അല്ലെങ്കിൽ ആൾക്കഹോൾ അടങ്ങിയ ഹസ്ത ശുചികരണ ദ്രാവകങ്ങൾ (ഉദാ. സാവ്ലോൺ പോലുള്ള) കൊണ്ട് ശുശ്രൂഷയ്ക്ക് ശേഷം കൈ കഴുകാവുന്നതാണ്.

· ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും മറ്റ് വസ്തുക്കളും പരമാവധി ഡിസ്പോസബിൾ ആവുന്നതാണ് ഉത്തമം. പുനരുപയോഗം അനിവാര്യമെങ്കിൽ ശരിയായ രീതിയിൽ അണു നശീകരണത്തിന് ശേഷം മാത്രമെന്ന് ഉറപ്പ് വരുത്തണം.

ന്യൂഡൽഹി: രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം അമേരിക്ക സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. സെപ്തംബർ 22 മുതൽ 27 വരെയാണ് അദ്ദേഹത്തിന്റെ അമേരിക്കൻ സന്ദർശനം. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സ്ഥാനം ഏറ്റെടുത്ത ശേഷം നരേന്ദ്ര മോദി ആദ്യമായാണ് അമേരിക്കയിലേക്ക് സന്ദർശനം നടത്താനൊരുങ്ങുന്നത്. അമേരിക്കയിലെത്തിയ ശേഷം ജോ ബൈഡനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തും.

അഫ്ഗാനിൽ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം ഇരു നേതാക്കളും ചർച്ച ചെയ്യുമെന്നാണ് വിവരം. 2019 ലാണ് മോദി അവസാനമായി അമേരിക്കൻ പര്യടനം നടത്തിയത്. അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോടൊപ്പം ഹൂസ്റ്റണിൽ വൻ ജനാവലിയെ മോദി അഭിസംബോധന ചെയ്തിരുന്നു.

അതേസമയം അമേരിക്ക ഇന്ത്യയിൽ നിന്നും അകന്ന് പാകിസ്താനോട് അടുക്കുകയാണെന്ന സൂചന നിലനിൽക്കുന്നതിനാൽ വിഷയത്തിൽ ഇന്ത്യയുടെ ആശങ്ക മോദി ബൈഡനെ അറിയിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ബൈഡനുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മോദി ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ വാർഷിക ജനറൽ അസംബ്‌ളിയിൽ പങ്കെടുക്കുമെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ന്യൂഡൽഹി: ഡിസിസി പട്ടിക പ്രഖ്യാപനത്തിന് പിന്നാലെയുള്ള മുതിർന്ന നേതാക്കളുടെ പരസ്യ പ്രതികരണത്തിൽ കടുത്ത അതൃപ്തിയറിയിച്ച് രാഹുൽ ഗാന്ധി. ഹൈക്കമാന്റ് അംഗീകരിച്ച ഡിസിസി പട്ടികയ്‌ക്കെതിരെ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും യുദ്ധം തുടരുന്നതിലാണ് രാഹുൽ ഗാന്ധി അതൃപ്തി അറിയിച്ചത്. കഴിഞ്ഞ ദിവസം കേരളത്തിലെത്തി കെ സി വേണുഗോപാൽ ഹൈക്കമാന്റിന്റെ നിലപാട് ആവർത്തിച്ചിട്ടും രമേശ് ചെന്നിത്തല അച്ചടക്കം മറന്നു. കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവറിനോടും കെ സി വേണുഗോപാലിനോടും രാഹുൽ ഗാന്ധി ഇക്കാര്യം സംസാരിച്ചുവെന്നും അച്ചടക്ക ലംഘനത്തിൽ വിശദമായ റിപ്പോർട്ട് തേടിയെന്നും സൂചനകളുണ്ട്.

വി ഡി സതീശൻ നടത്തുന്ന അനുനയനീക്കത്തിന്റെ തുടർ പ്രതികരണങ്ങൾ ഹൈക്കമാന്റ് വീക്ഷിക്കുന്നുണ്ട്. നേതാക്കൾ പ്രകോപനം തുടർന്നാൽ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. അതേസമയം ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരെ പരാതിയുമായി ഹൈക്കമാന്റിനെ സമീപിച്ചു.

പാർട്ടിയിൽ കലാപത്തിന് ശ്രമിക്കുന്നുവെന്നാണ് ഇരുവർക്കുമെതിരെ ഹൈക്കമാൻഡിന് ലഭിച്ചിരിക്കുന്ന പരാതി. നേതൃമാറ്റം അംഗീകരിക്കാൻ ഇരുവരും തയാറാകുന്നില്ലെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്. വി ഡി സതീശനെയും കെ സുധാകരനെയും പിന്തുണക്കുന്ന വിഭാഗമാണ് ഇരുവർക്കുമെതിരെ പരാതി നൽകിയത്. ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പരസ്യ പ്രസ്താവനകൾ നിയന്ത്രിക്കാൻ ഹൈക്കമാൻഡ് ഇടപെടണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

തിരുവനന്തപുരം: ഡി.സി.സി പുനഃസംഘടനയ്ക്ക് പിന്നാലെ കോൺഗ്രസിനുള്ളിൽ ഉടലെടുത്ത അഭിപ്രായ ഭിന്നതയും തർക്കവും തുടരുന്നു. രമേശ് ചെന്നിത്തലയ്‌ക്കെതിരെ പരാമർശം നടത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണന് മറുപടിയുമായി ഉമ്മൻ ചാണ്ടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. രമേശ് ചെന്നിത്തലയ്ക്ക് പൊതുരംഗത്ത് പ്രവർത്തിക്കാൻ ആരുടെയും മറ ആവശ്യമില്ലെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. ദേശീയതലത്തിലും സംസ്ഥാനതലത്തിലും എല്ലാസ്ഥാനങ്ങളും വഹിച്ച നേതാവാണ് ചെന്നിത്തല. അദ്ദേഹത്തിന് പൊതുരംഗത്ത് പ്രവർത്തിക്കാൻ ആരുടെയും മറ വേണ്ട. ഏതായാലും തന്റെ മറ ആവശ്യമില്ലെന്നുള്ളത് തനിക്ക് നല്ലതുപോലെ അറിയാമെന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിമർശനവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം കോട്ടയത്ത് പറഞ്ഞ കാര്യങ്ങളിൽ ചെന്നിത്തലയ്ക്ക് പശ്ചാത്തപിക്കേണ്ടി വരുമെന്നും ഉമ്മൻചാണ്ടിക്ക് പിന്നിൽ ആരും ഒളിക്കേണ്ടെന്നുമായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പരമാർശം. ചെന്നിത്തല പറഞ്ഞത് ഉമ്മൻ ചാണ്ടി പറഞ്ഞിട്ടാണെന്ന് വിശ്വസിക്കുന്നില്ല. ആർക്കും നാവില്ലാത്തത് കൊണ്ടല്ല. കണ്ണ് കെട്ടി കല്ലെറിയുന്ന സമീപനം ശരിയല്ലെന്നും തിരുവഞ്ചൂർ വ്യക്തമാക്കിയിരുന്നു. താൻ പരിധി വിടില്ല. തന്റെ പാർട്ടിയെ വേദനിപ്പിക്കുന്ന ഒന്നും പറയില്ല. താൻ ഗ്രൂപ്പ് കളിച്ചപ്പോൾ പാർട്ടിക്ക് ശക്തി ഉണ്ടായിരുന്നു. എന്നാൽ, പക തീർത്തേ അടങ്ങുവെന്ന സമീപനം ശരിയല്ലെന്നും തിരുവഞ്ചൂർ വിമർശനം ഉന്നയിച്ചു.

കോൺഗ്രസിന്റെ കേരള നേതൃത്വത്തിൽ വിശ്വാസമുണ്ട്. അവർക്ക് ഹൈക്കമാൻഡിന്റെ സഹായവും ഉണ്ട്. ഉമ്മൻ ചാണ്ടി നല്ല പക്വതയുള്ള നേതാവാണ്. അദ്ദേഹം ഒരു ട്രാപ്പിലും പെടില്ല. അദ്ദേഹം ഈ പ്രശ്നവും തീർക്കും. ഉമ്മൻ ചാണ്ടിയെ വിവാദത്തിൽ വലിച്ചിഴക്കുന്നില്ല. തനിക്ക് പബ്ലിസിറ്റി കിട്ടാൻ ഉമ്മൻചാണ്ടിയെ ഒരു ഐറ്റം ആക്കാൻ താനില്ല. തർക്കങ്ങൾ പറഞ്ഞ് തീർക്കണം, തീ കൊടുക്കുന്ന സമീപനം ശരിയല്ലെന്നും എല്ലാവരുടേയും മനസ് നന്നാവട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും തിരുവഞ്ചൂർ പറഞ്ഞിരുന്നു.

തിരുവനന്തപുരം: സർവീസിലിരിക്കെ മരിക്കുന്നവരുടെ ആശ്രിതർക്ക് ജോലിനൽകുന്ന പദ്ധതിവഴി സർക്കാർ സർവീസിന്റെ കാര്യക്ഷമതയിൽ ഇടിവുവരുന്നതായി ശമ്പളക്കമ്മിഷൻ. പൊതു ഉദ്യോഗാർഥികളുടെ അവസരം കുറയ്ക്കുന്നതിനൊപ്പം ജോലി പാരമ്പര്യമായി നൽകുന്നത് അനൗചിത്യമാണെന്നും പതിനൊന്നാം ശമ്പളക്കമ്മിഷന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മൗലികാവകാശങ്ങളിൽപ്പെട്ട ആർട്ടിക്കിൾ 16-ന്റെ അന്തഃസത്ത ലംഘിക്കുന്നതാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ ആശ്രിതനിയമനം നൽകേണ്ടി വന്നാൽ ഉയർന്നഗ്രേഡിലേക്ക് സ്വാഭാവിക സ്ഥാനക്കയറ്റം നൽകരുതെന്നും സ്‌ക്രീനിങ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കണം നിയമനം നൽകേണ്ടതെന്നും റിപ്പോർട്ടിൽ വിശദമാക്കുന്നു. ആശ്രിതർക്ക് മികച്ച സാമ്പത്തികാനുകൂല്യങ്ങൾ നൽകണം. പദ്ധതിപ്രകാരം നിലവിൽ എട്ടുലക്ഷത്തിൽ താഴെ കുടുംബവാർഷിക വരുമാനമുള്ളവരുടെ ആശ്രിതർക്കാണ് തുടക്ക തസ്തികയിൽ നിയമനം നൽകുന്നത്. മൊത്തം ഒഴിവുകളിൽ അഞ്ചുശതമാനമാണ് ഇതിനായി നീക്കിവെക്കുന്നതെങ്കിലും പല വകുപ്പുകളിലും സ്ഥാപനങ്ങളിലും ഈ പരിധി ലംഘിച്ചാണ് നിയമനം നടന്നിട്ടുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. 2017 മുതൽ 2020 വരെ നടന്നിട്ടുള്ള നിയമനങ്ങളാണ് പരിശോധിച്ചത്. തിരുവനന്തപുരം കളക്ടറേറ്റിൽനടന്ന 515 നിയമനങ്ങളിൽ 68-ഉം (13.20 ശതമാനം) ആശ്രിതനിയമനമായിരുന്നു. എംപ്ലോയ്മെന്റ് ഡയറക്ടറേറ്റിൽ 209 നിയമനം നടന്നതിൽ 28 എണ്ണം (13.40 ശതമാനം) ആയിരുന്നു ആശ്രിതർക്കായി നീക്കിവെച്ചതെന്നും ശമ്പള കമ്മീഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ആശ്രിതനിയമനം അവസാനിപ്പിക്കുമ്പോൾ നൂറുശതമാനം പ്രത്യേക കുടുംബപെൻഷൻ അനുവദിക്കാം. ഒരു വർഷത്തേക്കോ, വിരമിക്കേണ്ടിയിരുന്ന പ്രായം വരെയോ ഏതാണ് ആദ്യം എന്നത് കണക്കാക്കി ഈ തുക നൽകാം. കുടുംബപെൻഷൻ അടക്കമുള്ള വാർഷികവരുമാനം എട്ടുലക്ഷത്തിൽ കുറഞ്ഞ കുടുംബങ്ങൾക്ക് ജീവനക്കാരൻ മരിച്ച തീയതിമുതൽ ഇങ്ങനെ പരമാവധി അഞ്ചുവർഷംവരെ ഈ തുക അനുവദിക്കാം. അവസാനം വാങ്ങിയ അടിസ്ഥാനശമ്പളത്തിന് തുല്യമായോ പരമാവധി 50,000 രൂപ വരെയോ ആണ് നൽകേണ്ടത്. കാലാവധിക്കുശേഷം നിലവിലുള്ള ചട്ടങ്ങൾ പ്രകാരമുള്ള കുടുംബപെൻഷൻ തുടരാമെന്നും ശമ്പള കമ്മീഷൻ ശുപാർശ ചെയ്യുന്നു.

ജനങ്ങളുമായി നേരിട്ട് ഇടപെടുന്ന സർക്കാർ ഓഫീസുകളിലെ എല്ലാ ഉദ്യോഗസ്ഥരും പേരും തസ്തികയും രേഖപ്പെടുത്തിയ ബാഡ്ജ് ധരിക്കണം. പോലീസ് ഉദ്യോഗസ്ഥരുടെ മാതൃകയിലാകണം ബാഡ്ജ്. ജനസമ്പർക്കമുള്ള ഓഫീസുകളിൽ നിലവിലുള്ളതിൽ ഒരു ഉദ്യോഗസ്ഥനെ പബ്ലിക് കോൺടാക്ട് ഓഫീസറായി (പി.സി.ഒ.) നിയമിക്കണം. പൊതുജനസേവനം മികച്ചതാക്കാൻ എല്ലാ വകുപ്പുകളിലും ഡിജിറ്റൈസേഷൻ നടപ്പാക്കണമെന്നും സേവനാവകാശ നിയമം ഫലപ്രദമായി നടപ്പാക്കാൻ ചീഫ് കമ്മിഷണറെ നിയമിക്കണമെന്നും ശമ്പള കമ്മീഷൻ ശുപാർശ നൽകി.

സംസ്ഥാന സർവീസിൽ ടൈപ്പിസ്റ്റ്, കംപ്യൂട്ടർ അസിസ്റ്റന്റ് എന്നിവയിലേക്കും ഓഫീസ് അറ്റൻഡന്റ് പോലുള്ള സപ്പോർട്ടീവ് സ്റ്റാഫിലേക്കുമുള്ള നിയമനങ്ങൾ അടിയന്തരമായി നിർത്തലാക്കണം. ആവശ്യത്തിനനുസരിച്ച് നൈപുണ്യം നിശ്ചയിച്ചു മാത്രമേ ഭാവിനിയമനങ്ങൾ നടത്താവൂ. സർവീസിൽ പ്രവേശിക്കുന്നവർക്ക് തുടക്കത്തിലുള്ള പരിശീലനവും സർവീസിനിടയ്ക്ക് പരിശീലനവും നൽകണമെന്ന് കമ്മിഷൻ ശുപാർശ ചെയ്തു. നിലവിലുള്ളവരെ പുനർവിന്യസിക്കണം.

കേരള ഭരണ സർവീസിലേക്കുള്ള തിരഞ്ഞെടുപ്പ് നേരിട്ടുള്ള നിയമനത്തിലൂടെ പൂർണമായും ചെറുപ്പക്കാരിൽ നിന്ന് മാത്രമാക്കണമെന്നും ശുപാർശയുണ്ട്.. തുടക്കമെന്ന നിലയിൽ അഞ്ചു വർഷത്തേക്ക് ജീവനക്കാരുടെ ക്വാട്ട നിലനിർത്താം. മൂന്നിൽ രണ്ട് ഒഴിവുകൾ നേരിട്ടുള്ള നിയമനത്തിന് മാറ്റണം. മൂന്നിലൊന്ന് ഒഴിവുകൾ ജീവനക്കാർക്കുള്ള തസ്തികമാറ്റത്തിലൂടെ നികത്താം. ഇതിന്, നേരിട്ട് നിയമനത്തിനുള്ളതിൽനിന്ന് വ്യത്യസ്തമായ പരീക്ഷയിലൂടെ നടത്തണമെന്നും ശമ്പള കമ്മീഷൻ റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.

തിരുവനന്തപുരം: തൊഴിൽ മേഖലയിൽ നിന്നാണ് സ്ത്രീകൾ ഏറ്റവും അധികം വിവേചനം നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ ആരംഭം വീടുകളിൽ നിന്നാണെന്നും വീട്ടുകാര്യങ്ങളെല്ലാം സ്ത്രീകൾ ചെയ്യേണ്ടതാണെന്ന പൊതുബോധത്തിന് മാറ്റംവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സാംസ്‌കാരിക വകുപ്പ് സംഘടിപ്പിച്ച സ്ത്രീ പുരുഷ സമത്വം, സമം പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ജനസംഖ്യാനുപാതത്തിൽ സ്ത്രീകൾ മുന്നിലാണെങ്കിലും തൊഴിൽ ശക്തിയിൽ എണ്ണം കുറവാണ്. ഇതിന് മാറ്റമുണ്ടാകണം. സ്ത്രീകളെ അടുക്കളയിലേക്ക് തിരിച്ചയയ്ക്കാൻ തുനിഞ്ഞിരിക്കുന്ന വർഗീത പ്രതിലോമ ശക്തികൾ സമൂഹത്തിൽ പതിയിരിക്കുന്നു. വിവാഹക്കമ്പോളത്തിൽ ഒരു വസ്തുവായി സ്ത്രീയെ കണക്കാക്കുന്ന സ്ഥിതിയുണ്ടായി. ഇത്തരം സാമൂഹ്യാവസ്ഥയിലും എടുത്തു പറയത്തക്ക ചില ഇടപെടലുകളുണ്ടായി. അതിലൊന്നാണ് അധികാരവികേന്ദ്രീകരണം. സ്ത്രീകൾക്ക് പദ്ധതി നടപ്പാക്കുന്നതിന് ആർജവം കുറവാണെന്ന ചിന്തയെ പൊളിച്ചെഴുതാൻ അധികാര വികേന്ദ്രീകരണത്തിന് സാധിച്ചു. തീരുമാനങ്ങൾ എടുക്കാനും നടപ്പാക്കാനും പുരുഷനേ കഴിയൂ എന്ന യാഥാസ്ഥിതിക ബോധമാണ് ഇതിലൂടെ തകർന്നു വീണത്. സ്ത്രീകൾ സാമ്പത്തികമായി സ്വയംപര്യാപ്തത കൈവരിക്കുന്നതിൽ നാഴികക്കല്ലായാണ് കുടുംബശ്രീയുടെ രൂപീകരണത്തേയും വളർച്ചയെയും കാണേണ്ടതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് സർക്കാർ നടപ്പാക്കിയത്. എന്നാൽ സ്ത്രീകളുടെ മുന്നേറ്റം ഒറ്റ പദ്ധതിയിലൂടെയോ ഹ്രസ്വകാലത്തിലൂടെയോ സാധ്യമാകുന്നതല്ല. സ്ത്രീകൾക്ക് സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കുന്നതിൽ കുടുംബശ്രീകൾ നാഴികക്കല്ലായി. സ്ത്രീ വിരുദ്ധതയ്‌ക്കെതിരായ സ്ത്രീകളുടെ പോരാട്ടത്തിന് സർക്കാരിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.