ന്യൂഡൽഹി: ഡിസിസി പട്ടിക പ്രഖ്യാപനത്തിന് പിന്നാലെയുള്ള മുതിർന്ന നേതാക്കളുടെ പരസ്യ പ്രതികരണത്തിൽ കടുത്ത അതൃപ്തിയറിയിച്ച് രാഹുൽ ഗാന്ധി. ഹൈക്കമാന്റ് അംഗീകരിച്ച ഡിസിസി പട്ടികയ്‌ക്കെതിരെ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും യുദ്ധം തുടരുന്നതിലാണ് രാഹുൽ ഗാന്ധി അതൃപ്തി അറിയിച്ചത്. കഴിഞ്ഞ ദിവസം കേരളത്തിലെത്തി കെ സി വേണുഗോപാൽ ഹൈക്കമാന്റിന്റെ നിലപാട് ആവർത്തിച്ചിട്ടും രമേശ് ചെന്നിത്തല അച്ചടക്കം മറന്നു. കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവറിനോടും കെ സി വേണുഗോപാലിനോടും രാഹുൽ ഗാന്ധി ഇക്കാര്യം സംസാരിച്ചുവെന്നും അച്ചടക്ക ലംഘനത്തിൽ വിശദമായ റിപ്പോർട്ട് തേടിയെന്നും സൂചനകളുണ്ട്.
വി ഡി സതീശൻ നടത്തുന്ന അനുനയനീക്കത്തിന്റെ തുടർ പ്രതികരണങ്ങൾ ഹൈക്കമാന്റ് വീക്ഷിക്കുന്നുണ്ട്. നേതാക്കൾ പ്രകോപനം തുടർന്നാൽ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. അതേസമയം ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരെ പരാതിയുമായി ഹൈക്കമാന്റിനെ സമീപിച്ചു.
പാർട്ടിയിൽ കലാപത്തിന് ശ്രമിക്കുന്നുവെന്നാണ് ഇരുവർക്കുമെതിരെ ഹൈക്കമാൻഡിന് ലഭിച്ചിരിക്കുന്ന പരാതി. നേതൃമാറ്റം അംഗീകരിക്കാൻ ഇരുവരും തയാറാകുന്നില്ലെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്. വി ഡി സതീശനെയും കെ സുധാകരനെയും പിന്തുണക്കുന്ന വിഭാഗമാണ് ഇരുവർക്കുമെതിരെ പരാതി നൽകിയത്. ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പരസ്യ പ്രസ്താവനകൾ നിയന്ത്രിക്കാൻ ഹൈക്കമാൻഡ് ഇടപെടണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

