തിരുവനന്തപുരം: സർവീസിലിരിക്കെ മരിക്കുന്നവരുടെ ആശ്രിതർക്ക് ജോലിനൽകുന്ന പദ്ധതിവഴി സർക്കാർ സർവീസിന്റെ കാര്യക്ഷമതയിൽ ഇടിവുവരുന്നതായി ശമ്പളക്കമ്മിഷൻ. പൊതു ഉദ്യോഗാർഥികളുടെ അവസരം കുറയ്ക്കുന്നതിനൊപ്പം ജോലി പാരമ്പര്യമായി നൽകുന്നത് അനൗചിത്യമാണെന്നും പതിനൊന്നാം ശമ്പളക്കമ്മിഷന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മൗലികാവകാശങ്ങളിൽപ്പെട്ട ആർട്ടിക്കിൾ 16-ന്റെ അന്തഃസത്ത ലംഘിക്കുന്നതാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ ആശ്രിതനിയമനം നൽകേണ്ടി വന്നാൽ ഉയർന്നഗ്രേഡിലേക്ക് സ്വാഭാവിക സ്ഥാനക്കയറ്റം നൽകരുതെന്നും സ്ക്രീനിങ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കണം നിയമനം നൽകേണ്ടതെന്നും റിപ്പോർട്ടിൽ വിശദമാക്കുന്നു. ആശ്രിതർക്ക് മികച്ച സാമ്പത്തികാനുകൂല്യങ്ങൾ നൽകണം. പദ്ധതിപ്രകാരം നിലവിൽ എട്ടുലക്ഷത്തിൽ താഴെ കുടുംബവാർഷിക വരുമാനമുള്ളവരുടെ ആശ്രിതർക്കാണ് തുടക്ക തസ്തികയിൽ നിയമനം നൽകുന്നത്. മൊത്തം ഒഴിവുകളിൽ അഞ്ചുശതമാനമാണ് ഇതിനായി നീക്കിവെക്കുന്നതെങ്കിലും പല വകുപ്പുകളിലും സ്ഥാപനങ്ങളിലും ഈ പരിധി ലംഘിച്ചാണ് നിയമനം നടന്നിട്ടുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. 2017 മുതൽ 2020 വരെ നടന്നിട്ടുള്ള നിയമനങ്ങളാണ് പരിശോധിച്ചത്. തിരുവനന്തപുരം കളക്ടറേറ്റിൽനടന്ന 515 നിയമനങ്ങളിൽ 68-ഉം (13.20 ശതമാനം) ആശ്രിതനിയമനമായിരുന്നു. എംപ്ലോയ്മെന്റ് ഡയറക്ടറേറ്റിൽ 209 നിയമനം നടന്നതിൽ 28 എണ്ണം (13.40 ശതമാനം) ആയിരുന്നു ആശ്രിതർക്കായി നീക്കിവെച്ചതെന്നും ശമ്പള കമ്മീഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ആശ്രിതനിയമനം അവസാനിപ്പിക്കുമ്പോൾ നൂറുശതമാനം പ്രത്യേക കുടുംബപെൻഷൻ അനുവദിക്കാം. ഒരു വർഷത്തേക്കോ, വിരമിക്കേണ്ടിയിരുന്ന പ്രായം വരെയോ ഏതാണ് ആദ്യം എന്നത് കണക്കാക്കി ഈ തുക നൽകാം. കുടുംബപെൻഷൻ അടക്കമുള്ള വാർഷികവരുമാനം എട്ടുലക്ഷത്തിൽ കുറഞ്ഞ കുടുംബങ്ങൾക്ക് ജീവനക്കാരൻ മരിച്ച തീയതിമുതൽ ഇങ്ങനെ പരമാവധി അഞ്ചുവർഷംവരെ ഈ തുക അനുവദിക്കാം. അവസാനം വാങ്ങിയ അടിസ്ഥാനശമ്പളത്തിന് തുല്യമായോ പരമാവധി 50,000 രൂപ വരെയോ ആണ് നൽകേണ്ടത്. കാലാവധിക്കുശേഷം നിലവിലുള്ള ചട്ടങ്ങൾ പ്രകാരമുള്ള കുടുംബപെൻഷൻ തുടരാമെന്നും ശമ്പള കമ്മീഷൻ ശുപാർശ ചെയ്യുന്നു.
ജനങ്ങളുമായി നേരിട്ട് ഇടപെടുന്ന സർക്കാർ ഓഫീസുകളിലെ എല്ലാ ഉദ്യോഗസ്ഥരും പേരും തസ്തികയും രേഖപ്പെടുത്തിയ ബാഡ്ജ് ധരിക്കണം. പോലീസ് ഉദ്യോഗസ്ഥരുടെ മാതൃകയിലാകണം ബാഡ്ജ്. ജനസമ്പർക്കമുള്ള ഓഫീസുകളിൽ നിലവിലുള്ളതിൽ ഒരു ഉദ്യോഗസ്ഥനെ പബ്ലിക് കോൺടാക്ട് ഓഫീസറായി (പി.സി.ഒ.) നിയമിക്കണം. പൊതുജനസേവനം മികച്ചതാക്കാൻ എല്ലാ വകുപ്പുകളിലും ഡിജിറ്റൈസേഷൻ നടപ്പാക്കണമെന്നും സേവനാവകാശ നിയമം ഫലപ്രദമായി നടപ്പാക്കാൻ ചീഫ് കമ്മിഷണറെ നിയമിക്കണമെന്നും ശമ്പള കമ്മീഷൻ ശുപാർശ നൽകി.
സംസ്ഥാന സർവീസിൽ ടൈപ്പിസ്റ്റ്, കംപ്യൂട്ടർ അസിസ്റ്റന്റ് എന്നിവയിലേക്കും ഓഫീസ് അറ്റൻഡന്റ് പോലുള്ള സപ്പോർട്ടീവ് സ്റ്റാഫിലേക്കുമുള്ള നിയമനങ്ങൾ അടിയന്തരമായി നിർത്തലാക്കണം. ആവശ്യത്തിനനുസരിച്ച് നൈപുണ്യം നിശ്ചയിച്ചു മാത്രമേ ഭാവിനിയമനങ്ങൾ നടത്താവൂ. സർവീസിൽ പ്രവേശിക്കുന്നവർക്ക് തുടക്കത്തിലുള്ള പരിശീലനവും സർവീസിനിടയ്ക്ക് പരിശീലനവും നൽകണമെന്ന് കമ്മിഷൻ ശുപാർശ ചെയ്തു. നിലവിലുള്ളവരെ പുനർവിന്യസിക്കണം.
കേരള ഭരണ സർവീസിലേക്കുള്ള തിരഞ്ഞെടുപ്പ് നേരിട്ടുള്ള നിയമനത്തിലൂടെ പൂർണമായും ചെറുപ്പക്കാരിൽ നിന്ന് മാത്രമാക്കണമെന്നും ശുപാർശയുണ്ട്.. തുടക്കമെന്ന നിലയിൽ അഞ്ചു വർഷത്തേക്ക് ജീവനക്കാരുടെ ക്വാട്ട നിലനിർത്താം. മൂന്നിൽ രണ്ട് ഒഴിവുകൾ നേരിട്ടുള്ള നിയമനത്തിന് മാറ്റണം. മൂന്നിലൊന്ന് ഒഴിവുകൾ ജീവനക്കാർക്കുള്ള തസ്തികമാറ്റത്തിലൂടെ നികത്താം. ഇതിന്, നേരിട്ട് നിയമനത്തിനുള്ളതിൽനിന്ന് വ്യത്യസ്തമായ പരീക്ഷയിലൂടെ നടത്തണമെന്നും ശമ്പള കമ്മീഷൻ റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.

