തിരുവനന്തപുരം: തൊഴിൽ മേഖലയിൽ നിന്നാണ് സ്ത്രീകൾ ഏറ്റവും അധികം വിവേചനം നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ ആരംഭം വീടുകളിൽ നിന്നാണെന്നും വീട്ടുകാര്യങ്ങളെല്ലാം സ്ത്രീകൾ ചെയ്യേണ്ടതാണെന്ന പൊതുബോധത്തിന് മാറ്റംവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സാംസ്‌കാരിക വകുപ്പ് സംഘടിപ്പിച്ച സ്ത്രീ പുരുഷ സമത്വം, സമം പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ജനസംഖ്യാനുപാതത്തിൽ സ്ത്രീകൾ മുന്നിലാണെങ്കിലും തൊഴിൽ ശക്തിയിൽ എണ്ണം കുറവാണ്. ഇതിന് മാറ്റമുണ്ടാകണം. സ്ത്രീകളെ അടുക്കളയിലേക്ക് തിരിച്ചയയ്ക്കാൻ തുനിഞ്ഞിരിക്കുന്ന വർഗീത പ്രതിലോമ ശക്തികൾ സമൂഹത്തിൽ പതിയിരിക്കുന്നു. വിവാഹക്കമ്പോളത്തിൽ ഒരു വസ്തുവായി സ്ത്രീയെ കണക്കാക്കുന്ന സ്ഥിതിയുണ്ടായി. ഇത്തരം സാമൂഹ്യാവസ്ഥയിലും എടുത്തു പറയത്തക്ക ചില ഇടപെടലുകളുണ്ടായി. അതിലൊന്നാണ് അധികാരവികേന്ദ്രീകരണം. സ്ത്രീകൾക്ക് പദ്ധതി നടപ്പാക്കുന്നതിന് ആർജവം കുറവാണെന്ന ചിന്തയെ പൊളിച്ചെഴുതാൻ അധികാര വികേന്ദ്രീകരണത്തിന് സാധിച്ചു. തീരുമാനങ്ങൾ എടുക്കാനും നടപ്പാക്കാനും പുരുഷനേ കഴിയൂ എന്ന യാഥാസ്ഥിതിക ബോധമാണ് ഇതിലൂടെ തകർന്നു വീണത്. സ്ത്രീകൾ സാമ്പത്തികമായി സ്വയംപര്യാപ്തത കൈവരിക്കുന്നതിൽ നാഴികക്കല്ലായാണ് കുടുംബശ്രീയുടെ രൂപീകരണത്തേയും വളർച്ചയെയും കാണേണ്ടതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് സർക്കാർ നടപ്പാക്കിയത്. എന്നാൽ സ്ത്രീകളുടെ മുന്നേറ്റം ഒറ്റ പദ്ധതിയിലൂടെയോ ഹ്രസ്വകാലത്തിലൂടെയോ സാധ്യമാകുന്നതല്ല. സ്ത്രീകൾക്ക് സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കുന്നതിൽ കുടുംബശ്രീകൾ നാഴികക്കല്ലായി. സ്ത്രീ വിരുദ്ധതയ്‌ക്കെതിരായ സ്ത്രീകളുടെ പോരാട്ടത്തിന് സർക്കാരിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

