കോവിഡ് ചികിത്സാ കേന്ദ്രത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം; താത്ക്കാലിക ജീവനക്കാരൻ അറസ്റ്റിൽ

പത്തനംതിട്ട: കോവിഡ് ചികിത്സാ കേന്ദ്രത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം. പത്തനംതിട്ടയിലെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലാണ് പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് കോവിഡ് ചികിത്സാ കേന്ദ്രത്തിലെ താത്ക്കാലിക ജീവനക്കാരനായ ബിനുവിനെ പോലീസ് അറസ്റ്റ് ചെയ്തു. പതിനാറു വയസുകാരിയായ പെൺകുട്ടിയോടാണ് ബിനു മോശമായി പെരുമാറിയത്.

സൗഹൃദം നടിച്ച് അടുത്തു കൂടിയ ശേഷം അശ്ലീല ചുവയോടെ സംസാരിക്കുകയും മോശമായ തരത്തിൽ ശരീരത്തിൽ സ്പർശിക്കുകയും ചെയ്തുവെന്നാണ് പെൺകുട്ടി പറയുന്നത്. സെപ്തംബർ ഒന്നിനായിരുന്നു സംഭവം. ഓഗസ്റ്റ് 27 നാണ് പെൺകുട്ടി കോവിഡ് പോസിറ്റീവായി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്കെത്തിയത്.

സെപ്തംബർ രണ്ടിന് കോവിഡ് നെഗറ്റീവായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജായ കുട്ടി സ്വന്തം വീട്ടിൽ പോകുന്നതിന് പകരം അടുത്ത സുഹൃത്തിന്റെ വീട്ടിലേക്കാണ് പോയത്. ആശുപത്രി അധികൃതർ ഓട്ടോയിൽ കയറ്റി അയക്കുകയായിരുന്നു. പെൺകുട്ടിയെ കാണാതായതോടെ അമ്മ പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ പെൺകുട്ടിയെ സുഹൃത്തിന്റെ വീട്ടിൽ കണ്ടെത്തി. തുടർന്ന് വിശദമായ കൗൺസിലിംഗിനും ചോദ്യം ചെയ്യലിനും ശേഷമാണ് തനിക്ക് നേരിട്ട ദുരനുഭവം പെൺകുട്ടി പോലീസിനോട് വിശദീകരിച്ചത്. പിന്നീട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ബിനുവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.