അമേരിക്കൻ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി; ജോ ബൈഡനുമായി കൂടിക്കാഴ്ച്ച നടത്തും

ന്യൂഡൽഹി: രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം അമേരിക്ക സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. സെപ്തംബർ 22 മുതൽ 27 വരെയാണ് അദ്ദേഹത്തിന്റെ അമേരിക്കൻ സന്ദർശനം. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സ്ഥാനം ഏറ്റെടുത്ത ശേഷം നരേന്ദ്ര മോദി ആദ്യമായാണ് അമേരിക്കയിലേക്ക് സന്ദർശനം നടത്താനൊരുങ്ങുന്നത്. അമേരിക്കയിലെത്തിയ ശേഷം ജോ ബൈഡനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തും.

അഫ്ഗാനിൽ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം ഇരു നേതാക്കളും ചർച്ച ചെയ്യുമെന്നാണ് വിവരം. 2019 ലാണ് മോദി അവസാനമായി അമേരിക്കൻ പര്യടനം നടത്തിയത്. അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോടൊപ്പം ഹൂസ്റ്റണിൽ വൻ ജനാവലിയെ മോദി അഭിസംബോധന ചെയ്തിരുന്നു.

അതേസമയം അമേരിക്ക ഇന്ത്യയിൽ നിന്നും അകന്ന് പാകിസ്താനോട് അടുക്കുകയാണെന്ന സൂചന നിലനിൽക്കുന്നതിനാൽ വിഷയത്തിൽ ഇന്ത്യയുടെ ആശങ്ക മോദി ബൈഡനെ അറിയിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ബൈഡനുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മോദി ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ വാർഷിക ജനറൽ അസംബ്‌ളിയിൽ പങ്കെടുക്കുമെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.