തിരുവനന്തപുരം: ഡി.സി.സി പുനഃസംഘടനയ്ക്ക് പിന്നാലെ കോൺഗ്രസിനുള്ളിൽ ഉടലെടുത്ത അഭിപ്രായ ഭിന്നതയും തർക്കവും തുടരുന്നു. രമേശ് ചെന്നിത്തലയ്‌ക്കെതിരെ പരാമർശം നടത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണന് മറുപടിയുമായി ഉമ്മൻ ചാണ്ടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. രമേശ് ചെന്നിത്തലയ്ക്ക് പൊതുരംഗത്ത് പ്രവർത്തിക്കാൻ ആരുടെയും മറ ആവശ്യമില്ലെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. ദേശീയതലത്തിലും സംസ്ഥാനതലത്തിലും എല്ലാസ്ഥാനങ്ങളും വഹിച്ച നേതാവാണ് ചെന്നിത്തല. അദ്ദേഹത്തിന് പൊതുരംഗത്ത് പ്രവർത്തിക്കാൻ ആരുടെയും മറ വേണ്ട. ഏതായാലും തന്റെ മറ ആവശ്യമില്ലെന്നുള്ളത് തനിക്ക് നല്ലതുപോലെ അറിയാമെന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിമർശനവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം കോട്ടയത്ത് പറഞ്ഞ കാര്യങ്ങളിൽ ചെന്നിത്തലയ്ക്ക് പശ്ചാത്തപിക്കേണ്ടി വരുമെന്നും ഉമ്മൻചാണ്ടിക്ക് പിന്നിൽ ആരും ഒളിക്കേണ്ടെന്നുമായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പരമാർശം. ചെന്നിത്തല പറഞ്ഞത് ഉമ്മൻ ചാണ്ടി പറഞ്ഞിട്ടാണെന്ന് വിശ്വസിക്കുന്നില്ല. ആർക്കും നാവില്ലാത്തത് കൊണ്ടല്ല. കണ്ണ് കെട്ടി കല്ലെറിയുന്ന സമീപനം ശരിയല്ലെന്നും തിരുവഞ്ചൂർ വ്യക്തമാക്കിയിരുന്നു. താൻ പരിധി വിടില്ല. തന്റെ പാർട്ടിയെ വേദനിപ്പിക്കുന്ന ഒന്നും പറയില്ല. താൻ ഗ്രൂപ്പ് കളിച്ചപ്പോൾ പാർട്ടിക്ക് ശക്തി ഉണ്ടായിരുന്നു. എന്നാൽ, പക തീർത്തേ അടങ്ങുവെന്ന സമീപനം ശരിയല്ലെന്നും തിരുവഞ്ചൂർ വിമർശനം ഉന്നയിച്ചു.
കോൺഗ്രസിന്റെ കേരള നേതൃത്വത്തിൽ വിശ്വാസമുണ്ട്. അവർക്ക് ഹൈക്കമാൻഡിന്റെ സഹായവും ഉണ്ട്. ഉമ്മൻ ചാണ്ടി നല്ല പക്വതയുള്ള നേതാവാണ്. അദ്ദേഹം ഒരു ട്രാപ്പിലും പെടില്ല. അദ്ദേഹം ഈ പ്രശ്നവും തീർക്കും. ഉമ്മൻ ചാണ്ടിയെ വിവാദത്തിൽ വലിച്ചിഴക്കുന്നില്ല. തനിക്ക് പബ്ലിസിറ്റി കിട്ടാൻ ഉമ്മൻചാണ്ടിയെ ഒരു ഐറ്റം ആക്കാൻ താനില്ല. തർക്കങ്ങൾ പറഞ്ഞ് തീർക്കണം, തീ കൊടുക്കുന്ന സമീപനം ശരിയല്ലെന്നും എല്ലാവരുടേയും മനസ് നന്നാവട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും തിരുവഞ്ചൂർ പറഞ്ഞിരുന്നു.

