General (Page 1,424)

കണ്ണൂർ: കോൺഗ്രസിൽ അടിമുടി മാറ്റങ്ങൾക്ക് കളമൊരുങ്ങുന്നതായി കെ.പി.സി.സി. അദ്ധ്യക്ഷൻ കെ. സുധാകരൻ. ഓരോ ജില്ലയിലും 2500 കേഡർമാരെ വീതം തിരഞ്ഞെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേഡർമാർക്ക് ബൂത്തുകൾ അനുവദിച്ചു നൽകുമെന്നും ഇവർക്ക് പ്രത്യേക പരിശീലനം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂരിൽ നടന്ന പാർട്ടി പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

മൂന്ന് വർഷത്തേക്ക് 2500 പേർ പാർട്ടിയ്ക്ക് വേണ്ടി സമർപ്പിതരാകും. 1000 പേരെ യൂത്ത് കോൺഗ്രസിൽ നിന്നും 15,00 പേർ ഐഎൻടിയുസിയിൽ നിന്നും തെരഞ്ഞെടുക്കും. എങ്ങനെയാണ് യൂണിറ്റുണ്ടാക്കുക എന്ന് പരിശീലനം കൊടുത്ത് അവരെ തങ്ങളിറക്കുമെന്നും അവർക്ക് ബൂത്തുകൾ അലോട്ട് ചെയ്യുമെന്നും അതിന്റെ മുകളിൽ അവരെ നിയന്ത്രിക്കാൻ മുതിർന്ന കോൺഗ്രസ് നേതൃത്വത്തിന്റെ ഒരു സംഘമുണ്ടാകുമെന്നും സുധാകരൻ വിശദമാക്കി.

ഓരോ ജില്ലയിലും കൺട്രോൾ കമ്മീഷൻ എന്ന പേരിൽ അച്ചടക്ക സമിതി രൂപീകരിക്കും. ഓരോ ജില്ലയിലും അഞ്ചംഗ സമിതിയാണ് പ്രവർത്തനങ്ങൾ പരിശോധിക്കുക. ഇന്ന് കാണുന്ന കോൺഗ്രസായിരിക്കില്ല ആറ് മാസത്തിന് ശേഷം കാണുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ലോക നേതാക്കളുടെ അപ്രൂവൽ റേറ്റിംഗിൽ ഒന്നാം സ്ഥാനം നേടി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. മോണിങ് കൺസൾട്ട് പൊളിറ്റിക്കൽ ഇന്റലിജൻസ് പ്രസിദ്ധീകരിക്കുന്ന പട്ടികയിലാണ് പ്രധാനമന്ത്രി ഒന്നാം സ്ഥാനത്തെത്തിയത്. 13 നേതാക്കൾ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 70 ശതമാനം അപ്രൂവൽ റേറ്റിങ് നേടിയാണ് മോദി പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയത്. ഓസ്ട്രേലിയ, ബ്രസീൽ, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇറ്റലി, ജപ്പാൻ, മെക്സിക്കോ, ദക്ഷിണ കൊറിയ, സ്പെയിൻ, യുകെ, യുഎസ്എ എന്നീ രാജ്യങ്ങളിലെ രാഷ്ട്ര തലവന്മാരാണ് പട്ടികയിൽ ഇടം നേടിയ മറ്റ് നേതാക്കൾ.

സെപ്റ്റംബർ 2 ന് പ്രസിദ്ധീകരിച്ച അപ്ഡേറ്റ് അനുസരിച്ച് നരേന്ദ്ര മോദിയുടെ അപ്രൂവൽ റേറ്റിങ് 70 ശതമാനമാണ്. മെക്സിക്കൻ പ്രസിഡന്റ് ലോപ്പസ് ഓബ്റഡാറോയാണ് രണ്ടാം സ്ഥാനത്തുള്ളത്. അദ്ദേഹത്തിന്റെ റേറ്റിങ് 64 ശതമാനമാണ്. ജൂൺ മാസം പ്രധാനമന്ത്രി മോദിയുടെ അപ്രൂവൽ റേറ്റിങ് 66% ആയിരുന്നു. ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ദ്രാഗിയാണ് മൂന്നാം സ്ഥാനത്തുള്ളത്. ജർമ്മൻ ചാൻസലർ ആംഗല മെർക്കലാണ് നാലാം സ്ഥാനം നേടിയത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ് അഞ്ചാം സ്ഥാനത്തുള്ളത്. 48 ശതമാനമാണ് ഇദ്ദേഹത്തിന്റെ റേറ്റിങ്.

ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, കാനഡ പ്രധാനമന്ത്രി ട്രൂഡോ, യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ എന്നിവരും പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിഡെ സുഗായാണ് ഈ റേറ്റിങിൽ ഏറ്റവും അവസാനമുള്ളത്. 25 ശതമാനമാണ് അദ്ദേഹത്തിന്റെ റേറ്റിങ്.

തിരുവനന്തപുരം: അടിമുടി മാറ്റങ്ങൾക്കൊരുങ്ങി കോൺഗ്രസ്. സർ, മാഡം എന്നീ വിശേഷണങ്ങൾ ഒഴിവാക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരനാണ് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയത്. സർ, മാഡം വിളികൾ കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ വേണ്ടെന്ന് വയ്ക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

മുതിർന്നവരെ ചേട്ടാ ,ചേച്ചി എന്നി വിശേഷണങ്ങൾ ഉപയോഗിച്ച് വിളിക്കണം. ഇക്കാര്യത്തിൽ മാത്തൂർ ഗ്രാമ പഞ്ചായത്തിന്റെ നടപടി മാതൃകാപരമാണ്. അടി മുതൽ മുടിവരെയുള്ള പൊളിച്ചെഴുത്തിലൂടെ കോൺഗ്രസിനെ വീണ്ടും ശക്തിപ്പെടുത്തണം. ഇന്നലെ കണ്ട കോൺഗ്രസ് അല്ലാ ആറ് മാസം കഴിഞ്ഞ് കാണാൻ പോകുന്നതെന്നും അദ്ദേഹം അറിയിച്ചു.

പാർട്ടി അച്ചടക്കം പരിശോധിക്കാൻ എല്ലാ ജില്ലകളിലും അഞ്ച് അംഗ കൺട്രോൾ കമ്മിഷൻ ഉണ്ടാകുമെന്നും സുധാകരൻ വിശദമാക്കി. ഗ്രൂപ്പിന്റെ ഭാഗമല്ലാത്തതു കൊണ്ട് മികച്ച നേതാക്കൾക്ക് പോയകാലത്ത് സ്ഥാനങ്ങൾ കിട്ടിയില്ല. പാർട്ടിക്കുള്ളിലെ സംഘടനാ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിൽ നടത്താനാണ് പദ്ധതിയിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സവിശേഷ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും സ്മാർട്ട് ക്ലാസ് റും ലഭ്യമാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി കേരളം) കേരളത്തിലെ കാഴ്ച കേൾവി ബുദ്ധിപരിമിതരായ വിദ്യാർഥികൾക്കുവേണ്ടി എല്ലാ വിഷയങ്ങളുടേയും അനുരൂപീകൃത വീഡിയോ തയ്യാറാക്കി യൂട്യൂബ് ചാനൽ വഴി പ്രക്ഷേപണം ചെയ്യുന്ന ജ്യോതിർമയി പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓൺലൈൻ ക്ലാസുകളിൽ ഭിന്നശേഷി കുട്ടികൾക്കും മുന്തിയ പരിഗണന നൽകുമെന്നും മന്ത്രി അറിയിച്ചു. വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രയോജനപ്പെടുത്താൻ കഴിയുമാറാണ് ജ്യോതിർമയിയുടെ രൂപകൽപന നിർവഹിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളെ സഹായിക്കേണ്ട രീതി, പഠനത്തിൽ സഹായിക്കുന്നതിന് ഉപയോഗിക്കേണ്ട സാമഗ്രികൾ, അവ നിർമിക്കേണ്ട വിധം തുടങ്ങിയവയെപ്പറ്റി വ്യക്തമായ ധാരണ ലഭിക്കുന്ന രീതിയിൽ രക്ഷിതാക്കൾക്കും ഈ യുട്യൂബ് ചാനലിലൂടെ ഓറിയന്റേഷൻ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

ബെയിൽ, ഓറിയന്റേഷൻ & മൊബിലിറ്റി, നിത്യജീവിത നൈപുണികൾ തുടങ്ങിയവ കുട്ടികളെ പരിശീലിപ്പിക്കുന്നതിന് സഹായിക്കുന്ന മാർഗനിർദേശങ്ങളും ഇതിൽ ലഭ്യമാക്കും. സംസ്ഥാനത്തെ സവിശേഷ വിദ്യാലയങ്ങളിലെ പരിശീലനം ലഭിച്ച അധ്യാപകരുടെ വിഭവശേഷി ഉപയോഗപ്പെടുത്തി തയാറാക്കുന്ന വീഡിയോകൾ ആയതിനാൽ ഏറ്റവും മികച്ച പഠന വിഭവങ്ങൾ പ്രയോജനപ്പെടുത്താൻ അധ്യാപകർക്ക് ഇതുവഴി സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

‘ജ്യോതിർമയി’ സിഗ്‌നേച്ചർ വീഡിയോയുടെ പ്രകാശനം പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബുവും ജ്യോതിർമയിയുടെ ലോഗോ പ്രകാശനം സമഗ്രശിക്ഷാ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. എ.പി. കുട്ടികൃഷ്ണനും നിർവഹിച്ചു.

pinarayi

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക്ഡൗണും രാത്രികാല കർഫ്യൂവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകന യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. രാത്രികാല കർഫ്യൂവും ഞായറാഴ്ച ലോക്ക്ഡൗണും തുടരണോ എന്നത് ചൊവ്വാഴ്ച ചേരുന്ന അവലോകന യോഗത്തിൽ തീരുമാനിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

കോവിഡിനോടൊപ്പം ജീവിക്കുക എന്ന തീരുമാനത്തിലേക്കാണ് നാം പോകുന്നത്. അതിലൂന്നിയിട്ടുള്ള തീരുമാനങ്ങളാകും ഉണ്ടാകുകയെന്നും മുഖ്യമന്ത്രി വിശദമാക്കി. കോവിഡിനെതിരേ ‘ബി ദ വാരിയർ’ എന്ന കാമ്പയിനും അദ്ദേഹം പ്രഖ്യാപിച്ചു. എല്ലാവരും സ്വയം കോവിഡ് പ്രതിരോധ പോരാളികളായി മാറുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഓണത്തിന് ശേഷം കോവിഡ് രോഗികളുടെ എണ്ണത്തിൽ ഭയപ്പെട്ടതുപോലുള്ള വർധനവ് ഉണ്ടായിട്ടില്ല. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തിലും വർധനവില്ല. കഴിഞ്ഞ മൂന്നാഴ്ചകളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ആശുപത്രികളിൽ അവസാന ആഴ്ച അഡ്മിറ്റായവരുടെ ശതമാനം കുറയുകയാണ് ഉണ്ടായിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് പോസിറ്റീവാകുന്നവരിൽ വാക്സിനേഷൻ എടുത്തവരിലും കുറച്ചു പേർക്ക് രോഗബാധയുണ്ടാകുന്നുണ്ട്. എങ്കിലും അത് ഗുരുതരമാകുന്ന സാഹചര്യം വിരളമാണ്. മരണങ്ങളും അവർക്കിടയിൽ ഉണ്ടാകുന്നില്ല. അതുകൊണ്ടുതന്നെ വാക്സിനേഷൻ എടുത്തവർക്കിടയിൽ രോഗബാധയുണ്ടാകുന്നവരുടെ എണ്ണം വർദ്ധിക്കുന്നതിൽ ആശങ്കപ്പെടേണ്ട കാര്യമില്ല. കോവിഡ് കാരണം മരണം സംഭവിക്കുന്നത് പ്രധാനമായും പ്രായാധിക്യമുള്ളവർക്കിടയിലാണ്. അതിനാൽ പ്രായമായവരിൽ വാക്സിനേഷൻ എടുക്കാത്തവർ എത്രയും പെട്ടെന്ന് വാക്സിൻ സ്വീകരിക്കാൻ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

കോവിഡ് ബാധിതരായവർ വീടുകളിൽ തന്നെ ക്വാറന്റെയ്‌നിൽ കഴിയുന്നുവെന്ന് ഉറപ്പാക്കാൻ പോലീസിന്റെ സേവനം വിനിയോഗിക്കും. ക്വാറന്റെയ്ൻ ലംഘിക്കുന്നവരെ കണ്ടെത്തിയാൽ അവർക്കെതിരെ കേസ് എടുക്കും. ഇത്തരം ആൾക്കാരെ പിന്നീട് വീടുകളിൽ തുടരാൻ അനുവദിക്കില്ല. അവരെ സി.എഫ്.എൽ.ടി.സിയിലേയ്ക്ക് മാറ്റും. പോസിറ്റീവ് ആയവരുടെ വീടുകൾ തോറുമുള്ള ഇത്തരം പരിശോധനയ്ക്ക് പോലീസിന്റെ മോട്ടോർ സൈക്കിൾ പട്രോൾ സംഘത്തെ നിയോഗിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വാക്സിനേഷൻ പൂർത്തിയായാലും കോവിഡ് പൂർണമായി വിട്ടുപോകില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അതിനാൽ കോവിഡിനൊപ്പം ജീവിക്കേണ്ടി വരും. ദ്രുതപ്രതികരണ സേന മുഖേന കോവിഡ് രോഗികളുടെ ക്വാറന്റെയ്ൻ ഉറപ്പുവരുത്തും. ഗാർഹിക സമ്പർക്ക വിലക്കിൽ കഴിയുന്ന രോഗികളുടെ എണ്ണം, സമ്പർക്കാന്വോഷണത്തിന്റെ അടിസ്ഥാനത്തിൽ ഗാർഹിക സമ്പർക്കവിലക്കിൽ കഴിയുന്ന ആളുകളുടെ എണ്ണം, വാർഡുതല കണ്ടൈൻമെന്റ്/ മൈക്രോ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം, ഗാർഹിക സമ്പർക്കവിലക്ക് ലംഘനത്തിന് പിഴ ചുമത്തിയവരുടെയും, നിർബന്ധിത ക്വാറന്റീൻ ഏർപ്പെടുത്തിയവരുടെയും വിവരങ്ങൾ, ക്വാറന്റെയ്‌നിലുള്ള എത്ര വീടുകളിൽ മരുന്നുകൾ ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു എന്നതിന്റെ വിവരങ്ങൾ തുടങ്ങിയവ ജില്ലാ ദുരന്തനിവാരണ അതോറിറ്റികൾ പഞ്ചായത്തുകളിൽ നിന്ന് ശേഖരിച്ച് ദിവസേന റിപ്പോർട്ട് ചെയ്യും. കോവിഡ് രോഗികൾക്ക് വീടുകളിൽ തന്നെ ക്വാറന്റീനിൽ കഴിയാനുള്ള സൗകര്യം ലഭ്യമാണോയെന്ന് പോലീസ് നേരിട്ട് പരിശോധിക്കും. അനുകൂല സാഹചര്യങ്ങൾ ഇല്ലെങ്കിൽ അക്കാര്യം പഞ്ചായത്തിനെ അറിയിക്കാനും രോഗിയെ സി.എഫ്.എൽ.ടി.സിയിലേയ്ക്ക് മാറ്റാനും നടപടി സ്വീകരിക്കും. ഇതിന് ആവശ്യമെങ്കിൽ പോലീസ് സഹായം ലഭ്യമാക്കും. ക്വാറന്റെയ്‌നിൽ കഴിയുന്ന രോഗികൾക്ക് അവശ്യ വസ്തുകൾ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ അവ എത്തിച്ചുനൽകാൻ പോലീസ് നടപടി സ്വീകരിക്കും. കച്ചവടസ്ഥാപനങ്ങളിൽ നിന്ന് ഹോം ഡെലിവെറി പ്രോത്സാഹിപ്പിക്കാനും പോലീസ് മുന്നിലുണ്ടാകുമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

സംസ്ഥാനത്ത് 18 വയസ്സിന് മുകളിലുള്ള 75 ശതമാനം പേർക്ക് ആദ്യ ഡോസ് നൽകി കഴിഞ്ഞു. മൊത്തം ജനംസഖ്യയുടെ എണ്ണമെടുത്താൽ യഥാക്രമം 60.94 ശതമാനവും 22.57 ശതമാനവുമാണ് ഒന്നും രണ്ടും ഡോസ് ലഭിച്ചവരുടെ അനുപാതം. ഇത് ദേശീയ ശരാശരിയേക്കാളും വളരേ കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാബൂൾ: അഫ്ഗാനിലെ വിമാനത്താവളങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാൻ ചൈന ശ്രമം നടത്തുന്നതായി റിപ്പോർട്ട്. ബാഗ്രാം വ്യോമതാവളമുൾപ്പെടെയുള്ള സുപ്രധാന കേന്ദ്രങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാനാണ് ചൈനയുടെ പദ്ധതി. ചൈനയുടെ നീക്കങ്ങൾ ഇന്ത്യയ്ക്കും ആശങ്ക വർധിപ്പിക്കുന്നുവെന്ന് വിദേശകാര്യ വിദഗ്ധർ പറയുന്നു. ഇന്ത്യയെ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് അകറ്റാനും മേഖലയിലെ ഏക ശക്തിയായി മാറാനുമുളള ചൈനയുടെ തന്ത്രപരമായ നീക്കമാണിതെന്നാണ് വിദേശകാര്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ബാഗ്രാം വ്യോമതാവളം അമേരിക്കയുടെ നിയന്ത്രണത്തിലായിരുന്നു. ബാഗ്രാം വ്യോമതാവളം നിയന്ത്രണത്തിലാക്കിയാൽ പാകിസ്താനെ ശക്തിപ്പെടുത്താനും ആവശ്യമെങ്കിൽ ഇന്ത്യയ്ക്കെതിരെ ഉപയോഗിക്കാനും ചൈനയ്ക്ക് സാധിക്കുമെന്ന് മുൻ യുഎൻ നയതന്ത്രജ്ഞ നിക്കി ഹാലെ മുന്നറിയിപ്പ് നൽകുന്നു. ഫോക്സ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

അഫ്ഗാൻ വിഷയത്തിൽ റഷ്യയെപ്പോലുള്ള അഭിനേതാക്കൾ തങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും താലിബാനെതിരെ തിരിച്ചടി നടത്താൻ റഷ്യ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ ഘട്ടത്തിൽ നാം ചൈനയെ നിരീക്ഷിക്കേണ്ടതുണ്ട്. കാരണം ചൈന ഉടൻ അഫ്ഗാനിലെ ബാഗ്രാം വ്യോമതാവളം ഏറ്റെടുത്തേക്കാം. ഇന്ത്യയ്ക്കെതിരെ പോരാടുന്നതിന് വേണ്ടി ചൈന പാകിസ്താനെ ശക്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അഫ്ഗാനിൽ ബെൽറ്റ് ആന്റ് റോഡ് നടപ്പാക്കാനാണ് ചൈന ശ്രമിക്കുന്നത്. ബാഗ്രാം വ്യോമതാവളമുൾപ്പെടെയുള്ള വിമാനത്താവളങ്ങളുടെ നിയന്ത്രണം ആരെയെങ്കിലും ഏൽപ്പിക്കാനാണ് അഫ്ഗാൻ ശ്രമിക്കുന്നതെങ്കിൽ ചൈന അവ ഏറ്റെടുക്കുന്നതിന് ലോകം ഉടൻ സാക്ഷ്യം വഹിക്കുമെന്നും അതിനുള്ള നീക്കങ്ങൾ ചൈന ആരംഭിച്ചുവെന്നും നയതന്ത്രജ്ഞനായ അനിൽ തിഗ്രുനയാത്ത് അറിയിച്ചു. ഇന്ത്യയ്‌ക്കെതിരെ ചൈന ഏറെക്കാലമായി പാകിസ്താനെ പിന്തുണയ്ക്കുകയാണ്. ജയ്‌ഷെ മുഹമ്മദ് ഭീകരനായ മസൂദ് അസ്ഹറിനെ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിക്കാൻ ഇന്ത്യ ശ്രമിച്ചപ്പോൾ ചൈന എല്ലായ്പ്പോഴും വീറ്റോ അധികാരം ഉപയോഗിച്ച് അതിനെ തടയാൻ ശ്രമിച്ചു. തെക്കുകിഴക്കൻ ഏഷ്യയിൽ നിന്ന് ഇന്ത്യയെ അകറ്റാൻ ചൈന പാകിസ്താനെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം: തിങ്കളാഴ്ച്ച നടക്കുന്ന യുഡിഎഫ് ഉഭയകക്ഷി ചർച്ചയിൽ നിന്നും വിട്ടു നിൽക്കാനുള്ള തീരുമാനം മാറ്റി ആർഎസ്പി. യോഗത്തിൽ ആർഎസ്പി നേതാക്കൾ പങ്കെടുക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. നേരത്തെ ആർഎസ്പി വിട്ടേക്കുമെന്ന അഭ്യൂഹങ്ങളുയർന്നിരുന്നു. എന്നാൽ യുഡിഎഫ് വിടേണ്ട സാഹചര്യമില്ലെന്നാണ് നേതാക്കളുടെ ഇപ്പോഴത്തെ നിലപാട്.

കോൺഗ്രസിലെ പരസ്യപ്പോരിൽ ആർഎസ്പിയ്ക്ക് അതൃപ്തിയുണ്ട്. ആർഎസ്പിയുടെ പരാജയത്തെക്കുറിച്ച് യുഡിഎഫ് ചർച്ച ചെയ്തില്ലെന്ന പരാതിയും ഉയരുന്നുണ്ട്. ചവറയിൽ അടക്കമുണ്ടായ തോൽവിയിൽ ആർഎസ്പി കുറ്റപ്പെടുത്തുന്നത് കോൺഗ്രസിനെയാണ്. തിങ്കളാഴ്ച്ച നടക്കുന്ന ഉഭയകക്ഷി യോഗത്തിൽ പങ്കെടുത്ത് ആർഎസ്പി ഇക്കാര്യങ്ങളിലെല്ലാം അതൃപ്തി അറിയിക്കുമെന്നാണ് വിവരം.

യുഡിഎഫ് വിടണമെന്ന് പരസ്യമായി പറഞ്ഞ് ഷിബു ബേബി ജോൺ അടക്കമുള്ള മുതിർന്ന നേതാക്കൾ നേരത്തെ രംഗത്തെത്തിയിരുന്നു.

തിരുവനന്തപുരം: കെ എസ് ആർ ടി സിയുടെ വരുമാനം വർധിപ്പിക്കുന്നതിനായി പുതിയ വഴികൾ ആവിഷ്‌ക്കരിച്ച് ഗതാഗത മന്ത്രി ആന്റണി രാജു. കെഎസ്ആർടിസിയെ കടത്തിൽ നിന്നും കരകയറ്റുന്നതിനായി ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിനാണ് മന്ത്രി പുതിയ വഴികൾ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. കെ എസ് ആർ ടി സി സ്റ്റാൻഡുകളിൽ മദ്യശാലകൾ ആരംഭിക്കുവാനാണ് നീക്കം. ഇതിനായി ഒഴിഞ്ഞു കിടക്കുന്ന കടമുറികൾ ബിവറേജസ് കോർപ്പറേഷന് അനുവദിക്കുന്നതിൽ എതിർപ്പില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിനോടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

നിയമപരമായി മദ്യം വിൽക്കുന്നതിനെ ആർക്കും തടയാനാവില്ലെന്നും ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള എല്ലാ വഴികളും സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സാധാരണ രീതിയിലുള്ള ലേല നടപടികളിലൂടെയായിരിക്കും ബെവ്കോയ്ക്ക് മുറികൾ അനുവദിച്ച് നൽകുക.

ഇത്തരം മദ്യശാലകൾ യാത്രക്കാർക്ക് പ്രത്യേകിച്ച് സ്ത്രീകൾക്ക് യാതൊരു തരത്തിലുള്ള അസൗകര്യം ഉണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. കെ എസ് ആർ ടി സി സ്റ്റാൻഡുകളിൽ മദ്യശാലയുള്ളതുകൊണ്ട് മാത്രം ജീവനക്കാർ മദ്യപിക്കണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: മുസ്ലിം ലീഗിന്റെ മുഖപത്രം ചന്ദ്രികയുടെ അക്കൗണ്ടിൽ 10 കോടി രൂപ എത്തിയതിൽ ദുരൂഹതയുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പത്രത്തിന്റെ നടത്തിപ്പ് ആവശ്യങ്ങൾക്കല്ല പണം എത്തിയതെന്ന് വ്യക്തമായതായി അന്വേഷണ സംഘം അറിയിച്ചു.

മുൻമന്ത്രി കെ.ടി ജലീലിൽ നിന്നും ശേഖരിച്ചത് ചന്ദ്രിക ഇടപാടുമായി ബന്ധപ്പെട്ട നിർണായക മൊഴിയാണെന്ന് എൻഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി. സ്വന്തം ഇഷ്ട പ്രകാരമാണ് ഇഡിയ്ക്ക് ജലീൽ മൊഴി നൽകിയത്. ചന്ദ്രിക കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാത്രമാണ് ഇഡി അന്വേഷണം പുരോഗമിക്കുന്നത്. എആർ നഗർ ബാങ്ക് ക്രമക്കേടിൽ നിലവിൽ കേസെടുക്കാൻ എൻഫോഴ്സ്മെന്റിന് കഴിയില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ചന്ദ്രിക ദിനപ്പത്രത്തെയും ലീഗ് സ്ഥാപനങ്ങളെയും മറയാക്കി പി കെ കുഞ്ഞാലിക്കുട്ടി കള്ളപ്പണം വെളുപ്പിച്ചെന്നായിരുന്നു മുൻ മന്ത്രിയും എംഎൽഎയുമായ കെ ടി ജലീലിന്റെ ആരോപണം. ഇത് സംബന്ധിച്ച തെളിവുകൾ ജലീൽ എൻഫോഴ്‌സ്‌മെന്റിന് മുന്നിൽ ഹാജരാക്കിയിരുന്നു. എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ നേരിട്ട് ഹാജരായാണ് ജലീൽ തെളിവുകൾ കൈമാറിയത്. എ ആർ നഗർ ബാങ്കിനെ മറയാക്കി കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണവും ഉയരുന്നുണ്ട്.

കണ്ണൂർ: പക്ഷി മൃഗാദികളെ വളർത്തുന്നതിനുള്ള ലൈസൻസ് നൽകുന്നതിന് ഏകജാലക സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരികയാണെന്ന് മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ഇരിട്ടി കിളിയന്തറയിലെ റിന്റർ പെസ്റ്റ് ഇറാഡിക്കേഷൻ ചെക്ക് പോസ്റ്റിന്റെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ.ാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പക്ഷി മൃഗാദികളെ വളർത്തുന്നതിന് ലൈസൻസ്, സർട്ടിഫിക്കറ്റ് തുടങ്ങിയ കാര്യങ്ങൾ നടപ്പാക്കേണ്ടത് അനിവാര്യമാണെന്നും അതിന് ഏകജാലക സംവിധാനമാണ് അഭികാമാണെന്നും മന്ത്രി വിശദമാക്കി.

സംസ്ഥാനത്തെ വെറ്ററിനറി മേഖലയെ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം അനിവാര്യമാണ്. പഞ്ചായത്ത് പ്രസിഡന്റുമാരുൾപ്പെട്ട ജനകീയ കമ്മിറ്റികൾ രൂപീകരിച്ച് ഓരോ പ്രദേശത്തേയും വെറ്ററിനറി പ്രശ്‌നങ്ങൾ പരിഹരിക്കുകയാണ് ലക്ഷ്യം. 24 മണിക്കൂറും പ്രവർത്തിക്കുന്ന വെറ്ററിനറി സംവിധാനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. രാത്രികാലങ്ങളിൽ വെറ്ററിനറി ഡോക്ടർമാരുടെ സേവനം ഉറപ്പ് വരുത്തും. വീട്ടുപടിക്കൽ വൈദ്യസഹായം എത്തിക്കുന്നതിനായി അത്യന്താധുനിക ടെലി വെറ്ററിനറി വൈദ്യ സംവിധാനം ഒരുക്കി കഴിഞ്ഞു. വളർത്തു മൃഗങ്ങൾക്കും പക്ഷികൾക്കുമുള്ള ആധുനിക ചികിത്സ ലഭ്യമാക്കാനാണ് ടെലിമെഡിസിൻ സംവിധാനം ആവിഷ്‌ക്കരിച്ചിരിക്കുന്നത്. റിന്റർപെസ്റ്റ് ഇ റാഡിക്കേഷൻ ചെക്ക് പോസ്റ്റുകളുടെ പ്രവർത്തനം ശക്തമാക്കി പകർച്ചവ്യാധികൾ തടയും. അതിർത്തികൾ വഴിയുള്ള പക്ഷിമൃഗാദികളുടെ കടത്ത് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കും. രോഗബാധയുള്ളവയെ നിരീക്ഷണത്തിലാക്കി ചികിത്സിച്ച് ഭേദമാക്കും. അല്ലാത്തവയെ തിരിച്ചയക്കുമെന്നും മന്ത്രി അറിയിച്ചു.

ഒരു ഫീൽഡ് ഓഫീസർ, മൂന്ന് ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാർ, രണ്ട് അറ്റന്റർമാർ എന്നിവർ മൂന്ന് ഷിഫ്റ്റുകളിലായാണ് ഇരിട്ടി കിളിയന്തറയിൽ പ്രവർത്തിക്കുന്ന റിന്റർപെസ്റ്റ് ഇറാഡിക്കേഷൻ ചെക്ക് പോസ്റ്റിൽ സേവനം അനുഷ്ഠിക്കുന്നത്. കർണാടകയിൽ നിന്നും കൊണ്ടു വരുന്ന മൃഗങ്ങളെ ഭൗതിക പരിശോധന നടത്തി രോഗബാധ തിരിച്ചറിയുക. മറ്റ് മാരക രോഗ വാഹകാരാണോ എന്ന് അറിയുന്നതിന് സെറം, സ്വാബ് ടെസ്റ്റുകൾ നടത്തി ലാബുകളിലേക്ക് അയക്കുക, കുളമ്പ് രോഗത്തിന് എതിരായ പ്രതിരോധ കുത്തിവെപ്പ് നടത്തുക തുടങ്ങിയവയാണ് ചെക്ക് പോസ്റ്റിലെ പ്രവർത്തനങ്ങൾ.