General (Page 1,422)

പത്തനംതിട്ട: ലോക്ക്ഡൗൺ നിയന്ത്രങ്ങൾ ലംഘിച്ച് സിപിഎമ്മിന്റെ സ്വീകരണ പരിപാടി. ഞായറാഴ്ച തിരുവല്ല കുറ്റൂരിൽ പൊതുവഴിലായിരുന്നു ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി സിപിഎം സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. നൂറിലധികം പേരാണ് പരിപാടിയിൽ പങ്കെടുത്തത്. സംസ്ഥാന, ജില്ലാ നേതാക്കളും ചടങ്ങിൽ പങ്കെടുത്തിരുന്നു.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജെ.തോമസും ജില്ലാ സെക്രട്ടറിയും സ്വീകരണ യോഗത്തിൽ പങ്കെടുത്തു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. കുറ്റൂരിൽ സ്വീകരണ പരിപാടി നടന്നതായി സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു സമ്മതിക്കുകയും ചെയ്തു. എന്നാൽ നടന്നത് പൊതുയോഗമായിരുന്നില്ലെന്നും ആൾക്കൂട്ടമുണ്ടായില്ലെന്നുമാണ് ഉദയഭാനുവിന്റെ വിശദീകരണം.

മറ്റു പാർട്ടിക്കാരായ കുടുംബങ്ങൾ സിപിഎമ്മിലേക്ക് എത്തിയതിനോടനുബന്ധിച്ചുള്ള പൊതുയോഗമാണ് കുറ്റൂരിൽ നടന്നത്. നാൽപ്പത്തൊമ്പത് കുടുംബങ്ങളാണ് സിപിഎമ്മിലേക്കെത്തിയതെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന വിവരം. രക്തഹാരമണിയിച്ചാണ് ഇവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്.

അതേസമയം സംഭവത്തിൽ പോലീസ് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് ഞായറാഴ്ചകളിൽ സർക്കാർ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. അവശ്യ സർവ്വീസുകൾക്ക് മാത്രമാണ് ഞായറാഴ്ച്ചകളിൽ അനുമതി നൽകിയിരിക്കുന്നത്.

തിരുവനന്തപുരം: സി.പി.ഐ നേതാവ് ആനി രാജക്കെതിരെ നടപടിയില്ല. കേരള പൊലീസിൽ ആർ.എസ്.എസ് ഗ്യാങ് പ്രവർത്തിക്കുന്നുണ്ടെന്ന പരാമർശത്തിൽ ആനി രാജയ്‌ക്കെതിരെ നടപടിയുണ്ടാകില്ലെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.

സി.പി.ഐ ദേശീയ എക്സിക്യൂട്ടിവിൽ ആനി രാജ നിലപാട് വിശദീകരിച്ചു. പാർട്ടി മാനദണ്ഡങ്ങൾ ലംഘിച്ചിട്ടില്ലെന്ന് ആനി രാജ പറഞ്ഞു. സ്ത്രീകൾക്കെതിരായ അക്രമം മുൻ നിർത്തിയാണ് പരാമർശം ഉന്നയിച്ചതെന്നും ആനി രാജ വ്യക്തമാക്കി. മുഖ്യമന്ത്രി പോലും പോലീസിന്റെ വീഴ്ചകൾ പരിശോധിക്കാമെന്ന് പറഞ്ഞു. പാർട്ടി മാനദണ്ഡത്തിൽ വീഴ്ച്ച വരുത്തിയില്ലെന്നും പ്രതികരിച്ചത് രാഷ്ട്രീയമല്ലാത്ത വിഷയത്തിലാണെന്നും ആനി രാജ കൂട്ടിച്ചേർത്തു.

അതേസമയം രാഷ്ട്രീയ വിഷയങ്ങളിൽ പ്രതികരിക്കുമ്പോൾ പാർട്ടിയുമായി കൂടിയാലോചന വേണമെന്നാണ് ദേശീയ എക്സിക്യൂട്ടീവ് ആനി രാജയോട് നിർദേശിച്ചിരിക്കുന്നത്. ആനി രാജയുടെ പരാമർശം തള്ളി സി.പി.ഐ കേരള നേതൃത്വം രംഗത്തെത്തിയിരുന്നു. പ്രതിപക്ഷം ഏറെക്കാലമായി ഉന്നയിക്കുന്ന ആരോപണമാണ് കേരള പൊലീസിലെ ആർ.എസ്.എസ് സാന്നിധ്യം. ഇടതുപക്ഷത്തെ തന്നെ പ്രധാന നേതാക്കളിലൊരാൾ തന്നെ ഇക്കാര്യം ആവർത്തിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

കാബൂൾ: അഫ്ഗാനിസ്താനിൽ ഗർഭിണിയായ പൊലീസ് ഉദ്യോഗസ്ഥയെ താലിബാൻ വെടിവച്ചു കൊന്നതായി റിപ്പോർട്ട്. ഘോർ പ്രവിശ്യയിലാണ് സംഭവം. ജയിലിൽ സുരക്ഷാ ചുമതല ഉണ്ടായിരുന്ന ബാനു നെഗറിനെയാണ് താലിബാൻ ഭീകരർ വീട്ടിൽക്കയറി ബന്ധുക്കളുടെ മുന്നിൽ വച്ച് വെടിവെച്ചു കൊന്നത്. സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നിരിക്കുകയാണ്. ഇതോടെ കൊലപാതകത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് താലിബാൻ അറിയിച്ചു.

കൊലപാതകത്തിൽ താലിബാന് പങ്കില്ലെന്ന് താലിബാൻ വക്താവ് സബിയുല്ല മുജാഹിദ് പ്രതികരിച്ചു. അന്വേഷണം നടക്കുകയാണ്. മുൻ സർക്കാരിനു വേണ്ടി പ്രവർത്തിച്ചവർക്കെല്ലാം മാപ്പു നൽകുകയാണെന്നു താലിബാൻ പ്രഖ്യാപിച്ചതാണ്. നെഗറിന്റെ കൊലപാതകത്തിന് പിന്നിൽ വ്യക്തിപരമായ ശത്രുതയോ മറ്റെന്തെങ്കിലും കാരണമോ ആകാമെന്നും താലിബാൻ വക്താവ് വ്യക്തമാക്കി.

അതേസമയം അഫ്ഗാനിൽ രണ്ടിടത്തായി സ്‌ഫോടനം നടന്നതായും ഏഴുപേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പഞ്ച്ശീർ പ്രവിശ്യയിൽ ഇപ്പോഴും ശക്തമായ പോരാട്ടം തുടരുകയാണ്. പ്രവിശ്യയിലെ ഏഴുജില്ലകളും പിടിച്ചെടുത്തെന്ന് താലിബാനും ശക്തമായ തിരിച്ചടി നൽകിയെന്നു പ്രതിരോധ സേനയും പറയുന്നുണ്ട്.

covid

ബംഗളൂരു: മലയാളി വിദ്യാർഥികൾ പഠിച്ചിരുന്ന കോലാർ ഗോൾഡ് ഫീൽഡിലെ ഹൊറമാവിലുള്ള ക്രിസ്ത്യൻ നഴ്‌സിംഗ് കോളേജിലെ 34 വിദ്യാർത്ഥികൾക്ക് കോവിഡ്. വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കോളേജ് അടച്ചു പൂട്ടി. 300 വിദ്യാർത്ഥികളാണ് കോളേജിൽ ആകെയുള്ളത്. രോഗബാധിതരായ വിദ്യാർത്ഥികളെ ഐസൊലേഷൻ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

34 പേർക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി ഡോ. കെ. സുധാകർ വ്യക്തമാക്കി. എല്ലാ വിദ്യാഭ്യാസ കോളേജുകളും ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. എല്ലാ സ്‌കൂളുകളും കോളേജുകളും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടത് നിർബന്ധമാണെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തുടനീളമുള്ള നിരവധി വിദ്യാർഥികൾ സംസ്ഥാനത്തെ വിവിധ കോളേജുകളിലായി പഠിക്കുന്നുണ്ട്. സംസ്ഥാനത്ത് 800 ഓളം നഴ്‌സിംഗ് കോളേജുകളുണ്ട്. ഇവിടങ്ങളിൽ നിലവിൽ രോഗം സ്ഥിരീകരിച്ച വിദ്യാർഥികളിൽ കൂടുതൽ പേരും കേരളത്തിൽ നിന്നും പശ്ചിമ ബംഗാളിൽ നിന്നുമുള്ളവരാണ്. ഇവരുടെ സാമ്പിളുകൾ ജീനോമിക് സീക്വൻസിംഗിനും അയയ്ക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

കോളേജ് അടുത്ത് എട്ട് ദിവസം വരെ അടച്ചിടും. വിദ്യാർഥികളിൽ വീണ്ടും പരിശോധന നടത്തിയ ശേഷം ക്ലാസുകൾ പുനരാരംഭിക്കൂ. കോളേജിനു ചുറ്റുമുള്ള പ്രദേശത്തെ മൈക്രോ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കുകയും ചെയ്തു. കോളേജിന് ചുറ്റുമുള്ള 700 മുതൽ 800 മീറ്ററിനുള്ളിൽ താമസിക്കുന്നവരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കാനാണ് സർക്കാരിന്റെ തീരുമാനം.

ആലപ്പുഴ: കോൺഗ്രസിലെ അഭിപ്രായ ഭിന്നതകളിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാർട്ടിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനാകുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് വി ഡി സതീശൻ വ്യക്തമാക്കി. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നേതൃത്വത്തെ വഴിനടത്തേണ്ടവരാണ്. പ്രശ്‌നം തീർക്കുന്നതിൽ ഇരുവരും സഹകരണം വാഗ്ദാനം ചെയ്തുവെന്ന് അദ്ദേഹം അറിയിച്ചു.

സമന്വയത്തിന്റെ വഴിയിലൂടെയാകും മുന്നോട്ടുപോകുക. അതേസമയം സംസ്ഥാന നേതൃത്വം നടത്തുന്ന ചർച്ചകളുമായി സഹകരിക്കുമെന്നു രമേശ് ചെന്നിത്തലയും വിശദമാക്കി. വി ഡി സതീശന്റെ ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നതായും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

മുസാഫർനഗർ: കാർഷിക നിയമങ്ങൾക്ക് എതിരെ കർഷക സംഘടനകൾ പ്രഖ്യാപിച്ച ഭാരത് ബന്ദ് മാറ്റി വെച്ചു. ഈ മാസം 27 ലേക്കാണ് ഭാരത് ബന്ദ് മാറ്റിവെച്ചത്. 25 ന് ഭാരത് ബന്ദ് നടത്തുമെന്നാണ് നേരത്തെ കർഷക സംഘടനകൾ അറിയിച്ചിരുന്നത്. ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ചേർന്ന മഹാപഞ്ചായത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. സംയുക്ത കിസാൻ മോർച്ചയാണ് ബന്ദ് പ്രഖ്യാപിച്ചത്. ഇടത് സംഘടനകൾ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കുമെന്ന് മഹാപഞ്ചായത്തിൽ തീരുമാനിച്ചതായി സംയുക്ത കിസാൻ മോർച്ച കിസാൻ സഭ പ്രസിഡന്റ് അശോക് ധാവൽ അറിയിച്ചു.

പതിനായിരക്കണക്കിന് കർഷകരാണ് മുസാഫർനഗറിൽ നടന്ന മഹാപഞ്ചായത്തിൽ പങ്കെടുക്കാനെത്തിയത്. മുസാഫർനഗറിൽ മഹാപഞ്ചായത്തിൽ പങ്കെടുക്കാനെത്തിയ കർഷകരെ നാട്ടുകാർ മധുരം വിതരണം ചെയ്താണ് സ്വീകരിച്ചത്. മഹാപഞ്ചായത്ത് കണക്കിലെടുത്ത് 8,000 പൊലീസുകാരെയാണ് ഉത്തർപ്രദേശ് സർക്കാർ വിന്യസിച്ചത്.

കോഴിക്കോട്: നിപ സ്ഥിരീകരിച്ച കോഴിക്കോട് ചാത്തമംഗലം മുന്നൂർ കേന്ദ്രസംഘം സന്ദർശിച്ചു. മരിച്ച കുട്ടിയുടെ വീട്ടിലും അയൽപക്കത്തെ വീടുകളിലുമാണ് കേന്ദ്രസംഘം സന്ദർശനം നടത്തിയത്. രോഗം വന്നത് വവ്വാൽ കടിച്ച പഴവർഗത്തിലൂടെയാണോ എന്ന കാര്യം വിശദമായി പരിശോധിക്കുമെന്ന് കേന്ദ്ര സംഘം അറിയിച്ചു.

ഞായറാഴ്ച്ച വൈകിട്ടോടെയാണ് കേന്ദ്രസംഘം മുന്നൂരിൽ എത്തിയത്. കുട്ടിയുടെ വീടിന് പരിസരപ്രദേശം സംഘം വിശദമായി പരിശോധിച്ചു. കുട്ടി കുറച്ചു ദിവസങ്ങൾക്ക് മുൻപ് റമ്പൂട്ടാൻ കഴിച്ചിരുന്നതായി കുടുംബാംഗങ്ങൾ കേന്ദ്രസംഘത്തെ അറിയിച്ചു. വീടിന് സമീപം റമ്പൂട്ടാൻ മരങ്ങൾ നിന്ന സ്ഥലത്ത് പരിശോധന നടത്തിയ കേന്ദ്രസംഘം സാമ്പിളുകൾ ശേഖരിച്ച ശേഷമാണ് മടങ്ങിയത്.

ഇന്ന് പുലർച്ചെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പന്ത്രണ്ടുകാരൻ മരണപ്പെട്ടത്. ഈ മാസം ഒന്നാം തീയതിയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മെഡിക്കൽ കോളജിലെ ചികിത്സയിൽ പനി കുറയാത്തതിനെ തുടർന്ന് വീണ്ടും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ഐസൊലേറ്റഡ് ഐസിയുവിൽ ചികിത്സയിലിരിക്കെയാണ് കുട്ടി മരണപ്പെട്ടത്.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ മദ്യവില്‍പ്പന ശാലകള്‍ തുടങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ജീവനക്കാര്‍. കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ മദ്യവില്‍പ്പന ശാല തുടങ്ങാന്‍ ബവ്‌കോയെ ക്ഷണിച്ച ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ തീരുമാനത്തില്‍ ജീവനക്കാരുടെ സംഘടനകള്‍ അതൃപ്തി അറിയിച്ചു.

പ്രതിപക്ഷ ട്രേഡ് യൂണിയനുകളായ ടിഡിഫും എംപ്‌ളോയീസ് സംഘവും കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിക്കഴിഞ്ഞു. ഭരണാനുകൂല സംഘടനയായ കെഎസ്ആര്‍ടിസി എംപ്‌ളോയീസ് അസോസിയേഷന്‍ മൗനത്തിലാണ്.

ഡിപ്പോകളില്‍ മദ്യ വില്‍പ്പന ശാല തുടങ്ങാനുള്ള സാധ്യതയും സൗകര്യങ്ങളും സംബന്ധിച്ച് ബവ്‌കോ വരുന്നയാഴ്ച പരിശോധന നടത്തും. ഇതിനു ശേഷം മാത്രം അന്തിമ തീരുമാനമെടുക്കും. കെഎസ്ആര്‍ടി ഡിപ്പോകളില്‍ ബവ്‌കോ ഔട്‌ലെറ്റ് തുടങ്ങാന്‍ തീരുമാനം എടുത്തിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി നേരത്തെ അറിയിച്ചിരുന്നു.

അതേസമയം, കെഎസ്ആര്‍ടിസി ബവ്‌കോ സഹകരണത്തെ പിന്തുണച്ച് മുന്‍ ഗതാഗതമന്ത്രി കൂടിയായ ഗണേഷ്‌കുമാര്‍ രംഗത്തെത്തി. പ്രതിസന്ധി കാലത്ത് ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തെ അധിക്ഷേപിക്കരുതെന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞു.

കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലത്ത് നിപ ബാധിച്ച് മരിച്ച 12 വയസുകാരന്റെ റൂട്ട് മാപ്പ് പുറത്തു വിട്ട് ആരോഗ്യ വകുപ്പ്. 29-ാം തീയതിയാണ് കുട്ടിക്ക് ആദ്യമായി പനി വന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും ശേഷം മിംസ് ആശുപത്രിയിലേക്കും കുട്ടിയെ പ്രവേശിപ്പിച്ചിരുന്നു.

കുട്ടിയുടെ റൂട്ട്മാപ്പിലെ വിശദ വിവരങ്ങൾ:

ഓഗസ്റ്റ് 27 വെള്ളിയാഴ്ച വെകുന്നേരം 5 മണി മുതൽ 5.30 വരെ പാഴൂരിൽ കുട്ടികളോടൊപ്പം കളിക്കുകയായിരുന്നു.

ഓഗസ്റ്റ് 28 ശനിയാഴ്ച കുട്ടി വീട്ടിൽ തന്നെ. ഉണ്ടായിരുന്നു. 29 ഞായറാഴ്ച രാവിലെ 8.30 മുതൽ 8.45 വരെ പനിയെ തുടർന്ന് എരഞ്ഞി മാവിലുള്ള ഡോ. മുഹമ്മദ് സെൻട്രൽ ക്ലിനിക്കിലെത്തിച്ചു. ഓട്ടോയിലായിരുന്നു യാത്ര.

ഓഗസ്റ്റ് 30 തിങ്കളാഴ്ച കുട്ടി വീട്ടിൽ തന്നെ ഉണ്ടായിരുന്നു. ഓഗസ്റ്റ് 31 ചൊവ്വാഴ്ച രാവിലെ 9.58 മുതൽ 10.30 വരെ മുക്കത്തെ ഇഎംഎസ് ആശുപത്രിയിലായിരുന്നു കുട്ടി. ഓട്ടോയിലായിരുന്നു യാത്ര.

ഓഗസ്റ്റ് 31 ചൊവ്വാഴ്ച രാവിലെ 10.30 മുതൽ 12.00 വരെ – ശാന്തി ആശുപത്രി ഓമശ്ശേരിയിൽ കുട്ടിയെ കൊണ്ടു പോയി. ഓട്ടോയിൽ യാത്ര. 31 ന് ഉച്ചയ്ക്ക് 1 മണിയ്ക്ക് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു. ആംബുലൻസിൽ കയറ്റിയാണ് മെഡിക്കൽ കോളേജിലെത്തിച്ചത്. ഓഗസ്റ്റ് 1 ബുധനാഴ്ച രാവിലെ 11 മണിക്ക് മിംസ് ആശുപത്രിയിലെത്തിച്ചു. ആംബുലൻസിലായിരുന്നു യാത്ര.

ലക്‌നൗ: ബിജെപിക്കെതിരെ രാഷ്ട്രീയ പ്രഖ്യാപനവുമായി മുസഫർ നഗറിലെ കിസാൻ മഹാപഞ്ചായത്ത്. ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കിസാൻ മഹാപഞ്ചായത്തിന്റെ നടപടി. ഉത്തർപ്രദേശിൽ നിന്നും ബിജെപിയെ കെട്ടുകെട്ടിക്കുമെന്ന് ബികെയു നേതാവ് രാകേഷ് ടിക്കായത്ത് അറിയിച്ചു.

വിവാദ നിയമങ്ങളുമായി മുന്നോട്ടു പോകുന്ന ബിജെപിയെ തോൽപ്പിക്കാൻ കിസാൻ മഹാപഞ്ചായത്തിൽ നേതാക്കൾ ആഹ്വാനം ചെയ്തു. അതേസമയം കാർഷിക നിയമങ്ങൾക്ക് എതിരെ കർഷക സംഘടനകൾ പ്രഖ്യാപിച്ച ഭാരത് ബന്ദ് ഈ മാസം 27 ലേക്ക് മാറ്റി വെച്ചു. 25 ന് ഭാരത് ബന്ദ് നടത്തുമെന്നാണ് നേരത്തെ കർഷക സംഘടനകൾ നേരത്തെ അറിയിച്ചിരുന്നത്. ഇടതു സംഘടനകൾ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളം ഉൾപ്പെടെ പതിനഞ്ച് സംസ്ഥാനങ്ങളിലെ കർഷകരാണ് കാർഷിക നിയമങ്ങൾക്കും ബി ജെ പി സർക്കാരുകൾക്കുമെതിരെ പ്രതിഷേധവുമായി മുസഫർ നഗറിലേക്ക് എത്തിയത്. കലാപം നടന്ന മണ്ണിൽ കൂട്ടായ്മ നടത്തിയതിലുടെ ബിജെപിക്ക് നൽകുന്നത് ശക്തമായ സന്ദേമാണെന്ന് കർഷക സംഘടനകൾ പ്രതികരിച്ചു. നിയമസഭ തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ തോൽപിക്കുക എന്ന ലക്ഷ്യത്തോടെ മിഷൻ യുപി, മിഷൻ പഞ്ചാബ്, മിഷൻ ഉത്തരാഖണ്ഡ് എന്നീ പദ്ധതികളും സംഘടന മഹാപഞ്ചായത്തിൽ പ്രഖ്യാപിച്ചു. ബികെയു നേതാക്കളായ രാകേഷ് ടിക്കായത്ത്, നരേഷ് ടിക്കായത്ത്, ദർശൻ പാൽ തുടങ്ങിയവർ ഉൾപ്പെടെയുള്ള നേതാക്കൾ മഹാ പഞ്ചായത്തിൽ പങ്കെടുക്കാൻ എത്തി. പതിനായിരക്കണക്കിന് കർഷകരാണ് മുസാഫർനഗറിൽ നടന്ന മഹാപഞ്ചായത്തിൽ പങ്കെടുക്കാനെത്തിയത്. മുസാഫർനഗറിൽ മഹാപഞ്ചായത്തിൽ പങ്കെടുക്കാനെത്തിയ കർഷകരെ നാട്ടുകാർ മധുരം വിതരണം ചെയ്താണ് സ്വീകരിച്ചത്. മഹാപഞ്ചായത്ത് കണക്കിലെടുത്ത് 8,000 പൊലീസുകാരെയാണ് ഉത്തർപ്രദേശ് സർക്കാർ വിന്യസിച്ചത്.

കർഷക സമരത്തെ പിന്തുണച്ച് ബിജെപി എംപി വരുൺ ഗാന്ധി രംഗത്തെത്തിയിട്ടുണ്ട്. കർഷകർ നമ്മുടെ ചോരയും മാംസവുമാണെന്ന് വരുൺ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കും വരെ ചർച്ചകൾ തുടരണമെന്നും വരുൺ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. മഹാപഞ്ചായത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.