കാബൂൾ: അഫ്ഗാന്റെ നിയന്ത്രണം താലിബാൻ പിടിച്ചടക്കിയതിന്റെ ഞെട്ടലിലാണ് ലോകരാജ്യങ്ങൾ. ലോകത്തെ ഏറ്റവും മികച്ചതെന്ന് അവകാശപ്പെടുന്ന അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തേയും സൈന്യത്തേയും പോലും ഞെട്ടിപ്പിച്ചു കൊണ്ടായിരുന്നു താലിബാന്റെ നീക്കങ്ങൾ. 17 ഭീകരരാണ് അഫ്ഗാന്റെ തലപ്പത്തുള്ളത്. ഇവരിൽ പലരും പഠിച്ചതും വളർന്നതുമെല്ലാം പാകിസ്താനിലാണ്. ലോകത്തെ പല രഹസ്യാന്വേഷണ ഏജൻസികളും വേട്ടയാടിയ ഭീകരരാണ് ഇവർ.
മൗലവി ഹൈബത്തുല്ല അഖുൻഡ്‌സാദ, മുല്ല അബ്ദുൽ ഖനി ബറാദർ, സിറാജുദ്ദീൻ ഹഖാനി, മുല്ല മുഹമ്മദ് യാക്കൂബ്, കാരി ദിൻ മുഹമ്മദ് ഹനീഫ്, മൗലവി അബ്ദുൽ സലാം ഹനഫി, മുല്ല അബ്ദുൽ ഹഖീം, ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനെക്‌സായി, കാരി ഫസിഹുദ്ദീൻ, മുഹമ്മദ് ഫസൽ അകുന്ദ്, മാലി ഖാൻ, ഇബ്രാഹിം സാദർ, ശഹാബുദീൻ ദിൽവാർ, അബ്ദുൽ ലത്തീഫ് മൻസൂർ, അബ്ദുൽ കബീർ, കെയ്‌റുള്ള കെയ്‌റാവ, അനസ് ഹഖാനി എന്നിവരാണ് താലിബാന്റെ തലപ്പത്തുള്ള ഭീകരർ.
താലിബാന്റെ പരമോന്നത നേതാവാണ് മൗലവി ഹൈബത്തുല്ല അഖുൻഡ്‌സാദ. താലിബാന്റെ മുൻ നേതാവായ അക്തർ മൻസൂർ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇയാൾ താലിബാന്റെ നേതാവായത്. 2016 മേയ് മാസത്തിലാണ് ഇയാൾ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്. തന്റെ മുൻഗാമികൾ വഹിച്ചിരുന്ന എമിർ-അൽ-മോമിനീൻ (വിശ്വസ്തനായ കമാൻഡർ) എന്ന സ്ഥാനപ്പേരും താലിബാൻ അഖുൻഡ്‌സാദയ്ക്ക് നൽകിയിട്ടുണ്ട്. #
താലിബാന്റെ സ്ഥാപിത നേതാക്കളിൽ ഒരാളാണ് മുല്ല അബ്ദുൽ ഖനി ബറാദർ. ദോഹയിലെ താലിബാൻ രാഷ്ട്രീയ കാര്യ ഓഫിസിന്റെ ചുമതലക്കാരനാണ് മുല്ല അബ്ദുല് ഖനി ബറാദർ. സോവിയറ്റ് യുദ്ധകാലത്ത് ജലാലുദീൻ ഹഖാനി സ്ഥാപിച്ച ഹഖാനി നെറ്റ്വർക്കിന്റെ തലവനാണ് മകനായ സിറാജുദ്ദീൻ ഹഖാനി. അമേരിക്ക അഞ്ച് ദശലക്ഷം ഡോളർ തലയ്ക്ക് വിലയിട്ടിരുന്ന പിടികിട്ടാപുള്ളിയായിരുന്നു സിറാജുദ്ദീൻ ഹഖാനി. ഓഗസ്റ്റ് 15ന് കാബൂളിൽ നിയന്ത്രണം സ്ഥാപിച്ച ശേഷം താലിബാന്റെ സൈനിക നയതന്ത്ര തലവനായി സിറാജുദ്ദീൻ ഹഖാനിയെയാണ് നിയമിച്ചത്.
താലിബാൻ സ്ഥാപക നേതാവ് മുല്ല മുഹമ്മദ് ഒമറിന്റെ മകനാണ് മുല്ല മുഹമ്മദ് യാക്കൂബ്. 2020 മുതൽ താലിബാൻ സൈന്യത്തിന്റെ നിയന്ത്രണം ഇയാളുടെ കീഴിലാണ്. താലിബാൻ ഭരണകാലത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്നയാളാണ് കാരി ദിൻ മുഹമ്മദ് ഹനീഫ്. താലിബാൻ ഭരണത്തിൽ ഗവർണറായും വിദ്യാഭ്യാസ സഹമന്ത്രിയുമായും സേവനം അനുഷ്ടിച്ചയാളാണ് മൗലവി അബ്ദുൽ സലാം ഹനഫി. ഏറെ കാലമായി കാലിബാന്റെ നേതൃപദവിയിൽ ഇയാൾ പ്രവർത്തിക്കുന്നുണ്ട്.
താലിബാന്റെ പരമോന്നത ന്യായാധിപ പദവിയിലുള്ള വ്യക്തിയാണ് മുല്ല അബ്ദുൽ ഹഖീം. തീവ്ര പാരമ്പര്യവാദിയായാണ് ഇയാൾ അറിയപ്പെടുന്നത്. താലിബാൻ ഭരണകാലത്ത് അഫ്ഗാനിസ്ഥാന്റെ ആരോഗ്യ സഹമന്ത്രിയായിരുന്നു ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനെക്‌സായി. താലിബാൻ ഭരണത്തിൽ വിദേശകാര്യ സഹമന്ത്രിയായും ഇയാൾ പ്രവർത്തിച്ചിട്ടുണ്ട്. ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനെക്‌സായി 2015-19 കാലത്ത് താലിബാന്റെ രാഷ്ട്രീയകാര്യ ഓഫിസ് മേധാവി സ്ഥാനവും വഹിച്ചിരുന്നു.
വടക്കൻ ബലൂചിസ്ഥാൻ മേഖലയിൽ നിന്നുള്ള യുവ താലിബാൻ നേതാവാണ് കാരി ഫസിഹുദ്ദീൻ. താലിബാൻ- അൽ ഖായിദ ബന്ധത്തിലെ സുപ്രധാന കണ്ണിയാണ് മുഹമ്മദ് ഫസൽ അകുന്ദ്. താലിബാന്റെ സാമ്പത്തിക കാര്യങ്ങളുടെ നിയന്ത്രണം മാലി ഖാനാണ്. ഹഖാനി നെറ്റ്വർക്കിന്റെ സീനിയർ കമാൻഡറാണ് ഇയാൾ. ഒമറിന്റെ മകന് കൈമാറും മുൻപ് താലിബാൻ മിലിറ്ററി കമാൻഡറായിരുന്നു ഇബ്രാഹിം സാദർ. ഹഖാനി നെറ്റ്വർക്ക് സ്ഥാപകൻ ജലാലുദീൻ ഹഖാനിയുടെ മകനാണ് അനസ് ഹഖാനി.

