യൂബർ, ഓല മോഡലിൽ സർക്കാർ നേതൃത്വത്തിൽ ഓൺലൈൻ ടാക്സി ഓട്ടോ സമ്പ്രദായം; ഉദ്ഘാടനം നവംബർ ഒന്നിന്

തിരുവനന്തപുരം: കേരളത്തിലെ വാണിജ്യ വാഹനങ്ങൾക്കായി യൂബർ, ഓല മോഡലിൽ സർക്കാർ നേതൃത്വത്തിൽ ആരംഭിക്കുന്ന ഓൺലൈൻ ടാക്സി ഓട്ടോ സമ്പ്രദായത്തിന്റെ ഉദ്ഘാടനം നവംബർ ഒന്നിന്. തൊഴിൽ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഇതുസംബുന്ധിച്ച തീരുമാനമുണ്ടായത്.

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ഗതാഗതം, ഐ.റ്റി, പോലിസ്, ലീഗൽ മെട്രോളജി എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഓൺലൈൻ ടാക്‌സി സേവനം ആരംഭിക്കുന്നത്. ലേബർ കമ്മീഷണറേറ്റിനാണ് സംവിധാനത്തിന്റെ നിയന്ത്രണ ചുമതല. ഓൺലൈൻ ടാക്സി ഓട്ടോ സംവിധാനം നടപ്പിലാക്കുന്നത് കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേന ആയിരിക്കണം. ഇതിനുള്ള സാഹചര്യങ്ങളും ബോർഡ് ഒരുക്കും.

ഓൺലൈൻ ടാക്സി ഓട്ടോ സംവിധാനത്തിന്റെ നടത്തിപ്പിലേക്കായി കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് ഫണ്ട് ചെലവഴിക്കില്ല. എന്നാൽ ഓൺലൈൻ ടാക്സി ഓട്ടോ സംവിധാനത്തിന്റെ പരസ്യചെലവിന് ആവശ്യമായ തുക കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് അഡ്വാൻസ് ചെയ്യും. ഈ തുക പദ്ധതി നടപ്പാക്കുമ്പോൾ സർക്കാരിന് ലഭിക്കുന്ന തുകയിൽ നിന്ന് തിരികെ ലഭ്യമാക്കും. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പദ്ധതിയിൽ അംഗങ്ങൾ ആകുന്ന വാഹനങ്ങൾക്ക് ജിപിഎസ് ഘടിപ്പിക്കേണ്ടതില്ലെന്നാണ് നിർദ്ദേശം. പകരം സ്മാർട്ട് ഫോൺ ജിപിഎസ് നാവിഗേഷനായി ഉപയോഗിക്കാം.