കാബൂൾ: അഫ്ഗാനിൽ അധികാരം പിടിച്ചതോടെ താലിബാനിൽ ആഭ്യന്തര പ്രശ്‌നങ്ങൾ കൂടുതൽ രൂക്ഷമാകുന്നു. താലിബാൻ നേതാക്കൾ തമ്മിൽ പരസ്പരം ഏറ്റുമുട്ടലുണ്ടായതായാണ് വിവരം. പരസ്പരമുണ്ടായ ഏറ്റുമുട്ടലിൽ താലിബാൻ സഹസ്ഥാപകൻ മുല്ലാ അബ്ദുൾ ഗനി ബരാദറിന് വെടിയേറ്റതായുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. നിലവിൽ ബരാദർ പാകിസ്താനിൽ ചികിത്സയിലാണെന്നാണ് വിവരം. ഹഖാനി നെറ്റ്വർക്ക് നേതാക്കളായ അനസ് ഹഖാനിയും ഖലീൽ ഹഖാനിയുമാണ് മുല്ലാ ബരാദറും മുല്ലാ യാക്കൂബുമായി ഏറ്റുമുട്ടിയത്.
അധിക്കാരത്തെച്ചൊല്ലിയാണ് ഇവർ തമ്മിൽ ഏറ്റുമുട്ടലുണ്ടായതെന്നാണ് ലഭ്യമാകുന്ന വിവരം. അഫ്ഗാനിൽ പുതുതായി രൂപീകരിക്കുന്ന സർക്കാരിൽ പ്രതിരോധ മന്ത്രി സ്ഥാനത്തിനൊപ്പം മറ്റ് പ്രധാന പദവികളും ഹഖാനി നെറ്റ്വർക്ക് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത്രയും നൽകാൻ ബരാദറും ഒപ്പമുള്ളവരും തയ്യാറായില്ല. തുടർന്നുണ്ടായ തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.
ഹഖാനി വിഭാഗവുമായി പാകിസ്താൻ വളരെ അടുത്ത ബന്ധം പുലർത്തുന്നുണ്ട്. അതിനാൽ തന്നെ സർക്കാരിലെ പ്രധാന സ്ഥാനങ്ങൾ ഹഖാനി വിഭാഗത്തിന് കിട്ടണമെന്നാണ് പാകിസ്താന്റെ ആഗ്രഹം. ഇതിലൂടെ അഫ്ഗാനിൽ തങ്ങളുടെ ആധിപത്യം അടിച്ചേൽപ്പിക്കാമെന്നും ഹഖാനി വിഭാഗത്തെ കാശ്മീർ പ്രശ്‌നത്തിലുൾപ്പടെ ഇന്ത്യക്കെതിരെ ഇടപെടീക്കാമെന്നും പാകിസ്താൻ കണക്കു കൂട്ടുന്നു. കാബൂൾ താലിബാൻ പിടിച്ചടക്കിയ ശേഷം ഹഖാനി നെറ്റ്വർക്കിലെ മുതിർന്ന നേതാക്കൾ അഫ്ഗാനിലെത്തി ഭരണത്തിലെ പങ്കാളിത്തത്തെ കുറിച്ച് ചർച്ച തുടങ്ങിയിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം.

