ബംഗളൂരു: മലയാളി വിദ്യാർഥികൾ പഠിച്ചിരുന്ന കോലാർ ഗോൾഡ് ഫീൽഡിലെ ഹൊറമാവിലുള്ള ക്രിസ്ത്യൻ നഴ്‌സിംഗ് കോളേജിലെ 34 വിദ്യാർത്ഥികൾക്ക് കോവിഡ്. വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കോളേജ് അടച്ചു പൂട്ടി. 300 വിദ്യാർത്ഥികളാണ് കോളേജിൽ ആകെയുള്ളത്. രോഗബാധിതരായ വിദ്യാർത്ഥികളെ ഐസൊലേഷൻ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
34 പേർക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി ഡോ. കെ. സുധാകർ വ്യക്തമാക്കി. എല്ലാ വിദ്യാഭ്യാസ കോളേജുകളും ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. എല്ലാ സ്‌കൂളുകളും കോളേജുകളും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടത് നിർബന്ധമാണെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തുടനീളമുള്ള നിരവധി വിദ്യാർഥികൾ സംസ്ഥാനത്തെ വിവിധ കോളേജുകളിലായി പഠിക്കുന്നുണ്ട്. സംസ്ഥാനത്ത് 800 ഓളം നഴ്‌സിംഗ് കോളേജുകളുണ്ട്. ഇവിടങ്ങളിൽ നിലവിൽ രോഗം സ്ഥിരീകരിച്ച വിദ്യാർഥികളിൽ കൂടുതൽ പേരും കേരളത്തിൽ നിന്നും പശ്ചിമ ബംഗാളിൽ നിന്നുമുള്ളവരാണ്. ഇവരുടെ സാമ്പിളുകൾ ജീനോമിക് സീക്വൻസിംഗിനും അയയ്ക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
കോളേജ് അടുത്ത് എട്ട് ദിവസം വരെ അടച്ചിടും. വിദ്യാർഥികളിൽ വീണ്ടും പരിശോധന നടത്തിയ ശേഷം ക്ലാസുകൾ പുനരാരംഭിക്കൂ. കോളേജിനു ചുറ്റുമുള്ള പ്രദേശത്തെ മൈക്രോ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കുകയും ചെയ്തു. കോളേജിന് ചുറ്റുമുള്ള 700 മുതൽ 800 മീറ്ററിനുള്ളിൽ താമസിക്കുന്നവരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കാനാണ് സർക്കാരിന്റെ തീരുമാനം.

