ഭാരത് ബന്ദ് 27 -ാം തീയതിയിലേക്ക് മാറ്റിവെച്ചു; ബിജെപിക്കെതിരെ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്ത് കർഷകരുടെ മഹാപഞ്ചായത്ത്

മുസാഫർനഗർ: കാർഷിക നിയമങ്ങൾക്ക് എതിരെ കർഷക സംഘടനകൾ പ്രഖ്യാപിച്ച ഭാരത് ബന്ദ് മാറ്റി വെച്ചു. ഈ മാസം 27 ലേക്കാണ് ഭാരത് ബന്ദ് മാറ്റിവെച്ചത്. 25 ന് ഭാരത് ബന്ദ് നടത്തുമെന്നാണ് നേരത്തെ കർഷക സംഘടനകൾ അറിയിച്ചിരുന്നത്. ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ചേർന്ന മഹാപഞ്ചായത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. സംയുക്ത കിസാൻ മോർച്ചയാണ് ബന്ദ് പ്രഖ്യാപിച്ചത്. ഇടത് സംഘടനകൾ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കുമെന്ന് മഹാപഞ്ചായത്തിൽ തീരുമാനിച്ചതായി സംയുക്ത കിസാൻ മോർച്ച കിസാൻ സഭ പ്രസിഡന്റ് അശോക് ധാവൽ അറിയിച്ചു.

പതിനായിരക്കണക്കിന് കർഷകരാണ് മുസാഫർനഗറിൽ നടന്ന മഹാപഞ്ചായത്തിൽ പങ്കെടുക്കാനെത്തിയത്. മുസാഫർനഗറിൽ മഹാപഞ്ചായത്തിൽ പങ്കെടുക്കാനെത്തിയ കർഷകരെ നാട്ടുകാർ മധുരം വിതരണം ചെയ്താണ് സ്വീകരിച്ചത്. മഹാപഞ്ചായത്ത് കണക്കിലെടുത്ത് 8,000 പൊലീസുകാരെയാണ് ഉത്തർപ്രദേശ് സർക്കാർ വിന്യസിച്ചത്.