General (Page 1,421)

veena

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച 12-കാരന്റെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത് 251 പേർ. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ഇതിൽ 38 പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിലാണ്. 251 പേരിൽ 129 പേർ ആരോഗ്യ പ്രവർത്തകരാണ്. ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവർ 54 പേരാണ്. ഇതിൽ 30 പേർ ആരോഗ്യ പ്രവർത്തകരാണെന്നും മന്ത്രി പറഞ്ഞു.

രോഗലക്ഷണങ്ങളുള്ളവർ എല്ലാം സ്റ്റേബിളാണ്. തിങ്കാളാഴ്ച്ച രാത്രി മുതൽ മെഡിക്കൽ കോളേജിൽ സാമ്പിൾ പരിശോധിക്കുന്നതിനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. എൻ.ഐ.വി. പൂണൈയിൽ നിന്നുള്ള സംഘം എത്തുകയും സാമ്പിളുകൾ പരിശോധിക്കുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തുകയും ചെയ്തുമെന്ന് വീണാ ജോർജ് വ്യക്തമാക്കി. പോയിന്റ് ഓഫ് കെയർ ടെസ്റ്റും പിന്നീടുള്ള ആർടിപിസിആർ ടെസ്റ്റും കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്നെ ചെയ്യാൻ കഴിയും എന്നാണ് അവർ അറിയിച്ചിരിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.

8 പേരുടെ സാമ്പിളുകളാണ് എൻ.ഐ.വി. പൂനെയിലേക്ക് പരിശോധനയ്ക്കായി അയച്ചിരിക്കുന്നത്. ഇതിന്റെ ഫലം ഇന്ന് രാത്രി വൈകി വരും. മൂന്ന് പേരുടെ സാമ്പിളുകൾ ഇന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം കോഴിക്കോട് താലൂക്കിൽ രണ്ട് ദിവസം കോവിഡ് വാക്സിനേഷൻ പ്രവർത്തനം നിർത്തിവെയ്ക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും കോവിഡ് ലക്ഷണമുള്ളവർക്ക് ആരോഗ്യപ്രവർത്തകർ നിർദേശിക്കുന്ന പരിശോധന നടത്താവുന്നതാണെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: നിപ വൈറസ് പരിശോധനയ്ക്കാവശ്യമായ ലാബും അനുബന്ധ സംവിധാനവും കോഴിക്കോട് മെഡിക്കൽ കോളേജിലെ വി.ആർ.ഡി. ലാബിൽ സജ്ജമാക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. എൻ.ഐ.വി. പൂന, എൻ.ഐ.വി. ആലപ്പുഴ, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവയുടെ സംയുക്ത പരിശ്രമം കൊണ്ടാണ് ഇത്ര വേഗം നിപ വൈറസ് ലാബ് സജ്ജമാക്കിയതെന്ന് മന്ത്രി പറഞ്ഞു.

ഈ മൂന്ന് സ്ഥാപനങ്ങളുടേയും ജീവനക്കാർ ചേർന്നാണ് പരിശോധന നടത്തുന്നത്. നിപ വൈറസ് പരിശോധനയ്ക്കുള്ള അർ.ടി.പി.സി.ആർ., പോയിന്റ് ഓഫ് കെയർ ടെസ്റ്റിംഗ് എന്നീ പരിശോധനകളാണ് ഈ ലാബിൽ നടത്തുകയെന്നും മന്ത്രി വിശദമാക്കി.

പരിശോധനയ്ക്കാവശ്യമായ ടെസ്റ്റ് കിറ്റുകളും റീയേജന്റും മറ്റ് അനുബന്ധ സാമഗ്രികളും എൻ.ഐ.വി. പൂനയിൽ നിന്നും എൻ.ഐ.വി. ആലപ്പുഴയിൽ നിന്നും അരോഗ്യ വകുപ്പിന്റെ ഇടപെടലിനെ തുടർന്ന് അടിയന്തരമായി എത്തിച്ചു. അപകടകരമായ വൈറസായതിനാൽ പ്രാഥമികമായി നിപ വൈറസ് സ്ഥിരീകരിച്ചാൽ കൺഫർമേഷൻ ടെസ്റ്റ് നടത്തേണ്ടതുണ്ട്. എൻ.ഐ.വി. പൂനയിലാണ് ഇത് സ്ഥിരീകരിക്കാനുള്ള അനുമതിയുള്ളത്. 12 മണിക്കൂറിനുള്ളിൽ പരിശോധനാ ഫലം അറിയിക്കാമെന്ന് എൻ.ഐ.വി. പൂന ഉറപ്പ് നൽകിയിട്ടുണ്ട്. കോഴിക്കോട്ട് തന്നെ ഈ ലാബ് സജ്ജമാക്കിയതിനാൽ പരിശോധനയും ചികിത്സയും വേഗത്തിലാക്കാൻ സാധിക്കുന്നതാണെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നിപ മാനേജ്‌മെന്റ് പ്ലാൻ തയ്യാറാക്കി ആരോഗ്യ വകുപ്പ്. ആരോഗ്യ മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. സർക്കാർ, സ്വകാര്യം ഉൾപ്പെടെ എല്ലാ ആശുപത്രികളും പ്രോട്ടോകോൾ കൃത്യമായി പാലിക്കേണ്ടതാണെന്ന് മന്ത്രി അറിയിച്ചു.

എല്ലാ ജില്ലകളും ജാഗ്രത പാലിക്കുകയും എൻസെഫലൈറ്റിസ് രോഗബാധിതരെ നിരീക്ഷണം നടത്തുകയും വേണം. ജില്ലകൾ ആവശ്യമെങ്കിൽ നിപ മാനേജ്‌മെന്റ് പ്ലാൻ തയ്യാറാക്കേണ്ടതാണ്. ഇതോടൊപ്പം പുതുക്കിയ ട്രീറ്റ്‌മെന്റ് ഗൈഡ്‌ലൈനും, ഡിസ്ചാർജ് ഗൈഡ്‌ലൈനും പുറത്തിറക്കിയതായും മന്ത്രി പറഞ്ഞു.

സംസ്ഥാന, ജില്ലാ, ആശുപത്രിതലത്തിൽ ഏകോപിപ്പിച്ചുള്ളതാണ് നിപ മാനേജ്‌മെന്റിന്റെ ഘടന. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഡിസാസ്റ്റർ മാനേജ്‌മെന്റ് അഡീഷണൽ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടർ, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എന്നിവർ ചേർന്നതാണ് സംസ്ഥാന സമിതി. ജില്ലാ വികസന മാനേജ്‌മെന്റ് അതോറിറ്റിയും പ്രത്യേക സബ്ജറ്റ് കമ്മിറ്റികളും ചേർന്നതാണ് ജില്ലാതല സമിതി. ഇൻസ്റ്റിറ്റിയൂഷൻ മെഡിക്കൽ ബോർഡും സ്റ്റാൻഡേർഡ് ചികിത്സാ മാനേജ്‌മെന്റ് പ്രോട്ടോകോളുമാണ് ആശുപത്രിതലത്തിലെ ഘടന. ഈ മൂന്ന് തലങ്ങളും അതിലെ എല്ലാ കമ്മിറ്റികളും സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ പിന്തുടരണമെന്ന് വീണാ ജോർജ് ആവശ്യപ്പെട്ടു.

സർവയലൻസ്, ടെസ്റ്റിങ്, രോഗീ പരിചരണം എന്നിവയാണ് പ്രധാനം. സർവയലൻസിന്റെ ഭാഗമായി കോണ്ടാക്ട് ട്രെയ്‌സിംഗും ക്വാറന്റൈനും നടത്തണം. നിപ പരിശോധന സുഗമമാക്കണം. ട്രീറ്റ്‌മെന്റ് പ്രോട്ടോകോൾ കൃത്യമായി പാലിക്കുകയും അത് നിരീക്ഷിക്കുകയും ചെയ്യും. ദിവസവും ഏകോപന യോഗങ്ങൾ നടത്തുകയും അതിന്റെ വിശദാംശങ്ങൾ മാദ്ധ്യമങ്ങൾക്ക് നൽകുകയും ചെയ്യുന്നതാണെന്ന് മന്ത്രി വിശദീകരിച്ചു.

ആരോഗ്യ പ്രവർത്തകർ, ഫീൽഡ്തല പ്രവർത്തകർ, സർക്കാർ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ എന്നിവർക്ക് വിദഗ്ധ പരിശീലനം ഉറപ്പാക്കും. മരുന്നുകളും അവശ്യ സാമഗ്രികളുടേയും ലഭ്യത ഉറപ്പാക്കും. പ്രതിരോധവും മുൻകരുതലുകളും സംബന്ധിച്ച് ശക്തമായ അവബോധം നൽകും. കേന്ദ്രവും മറ്റിതര വകുപ്പുകളുമായുള്ള ബന്ധം, ഭരണപരമായ പ്രവർത്തനങ്ങൾ, കൺട്രോൾ റൂം എന്നിവയ്ക്കായി മാനേജ്‌മെന്റ് ഏകോപനവും ഉണ്ടായിരിക്കേണ്ടതാണെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

കൊച്ചി: വാക്‌സിൻ ഇടവേളയിൽ ഇളവ് അനുവദിച്ച് ഹൈക്കോടതി. രണ്ട് ഡോസ് കൊവിഷീൽഡ് വാക്‌സിനേഷനുകൾക്കിടയിലെ 84 ദിവസത്തെ ഇടവേളയിലാണ് ഹൈക്കോടതി ഇളവ് അനുവദിച്ചത്. കിറ്റെക്‌സ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. വാക്‌സിൻ ഇടവേളയിൽ ഇളവ് തേടിയാണ് കിറ്റെക്‌സ് ഹർജി സമർപ്പിച്ചത്.

താത്പര്യമുള്ളവർക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിക്കാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. കൊവിൻ പോർട്ടലിൽ ഇത് അനുസരിച്ചുള്ള മാറ്റങ്ങൾ വരുത്താൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ സർക്കാർ നൽകുന്ന സൗജന്യ വാക്സിന് ഇളവ് ബാധകമല്ലെന്നും കോടതി വിശദമാക്കി.

ആദ്യ ഡോസ് വാക്സിനെടുത്ത് നാൽപ്പത്തിയഞ്ച് ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസെടുക്കാൻ അനുമതി നൽകിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കിറ്റെക്സ് ഹൈക്കോടതിയെ സമീപിച്ചത്.

മുംബൈ: ഒരു ലക്ഷത്തിലധികം കാറുകൾ തിരിച്ചുവിളിക്കാനൊരുങ്ങി മാരുതി സുസുക്കി. സിയാസ്, എർട്ടിഗ, വിറ്റാര ബ്രെസ, എസ് ക്രോസ്, എക്‌സ്എൽ 6 എന്നീ മോഡലുകളുടെ പെട്രോൾ പതിപ്പാണ് മാരുതി സുസുക്കി തിരിച്ചുവിളിക്കുന്നതെന്നാണ് ഓട്ടോ കാർ ഇന്ത്യയുടെ റിപ്പോർട്ട്.

1,80,754 കാറുകളാണ് തിരിച്ചുവിളിക്കുന്നത്. മോട്ടോർ ജനറേറ്റർ യൂണിറ്റ് (എം.ജി.യു) തകരാറാണ് തിരിച്ചു വിളിക്കാൻ കാരണം. 2018 മേയ് നാലിനും 2020 ഒക്ടോബർ 27-നും ഇടയിൽ നിർമിച്ച വാഹനങ്ങളുടെ മോട്ടോർ ജനറേറ്റർ യൂണിറ്റിലാണ് പ്രശ്‌നം കണ്ടെത്തിയിട്ടുള്ളതെന്നാണ് വിവരം. തകരാർ സൗജന്യമായി പരിഹരിച്ച് നൽകാനാണ് കമ്പനിയുടെ തീരുമാനം.

പ്രശ്‌നമുള്ള വാഹന ഉടമയ്ക്ക് അടുത്തുള്ള അംഗീകൃത മാരുതി വർക്ക്ഷോപ്പുകളിൽനിന്ന് അറിയിപ്പ് ലഭിക്കും. 2021 നവംബർ മുതലായിരിക്കും തകരാറുള്ള ഘടകം മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങുക. തകരാർ പരിഹരിക്കുന്നതുവരെ ഈ പ്രത്യേക യൂണിറ്റുകളുടെ ഉടമകളോട് വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിൽ വാഹനമോടിക്കരുതെന്നും ഇലക്ട്രിക്കൽ, ഇലക്ട്രോണിക് ഭാഗങ്ങളിൽ നേരിട്ട് വെള്ളം ഒഴിക്കുന്നത് ഒഴിവാക്കണമെന്നും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

വാഹന സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് തകരാർ കാരണമാകുമെന്നാണ്? മാരുതി എഞ്ചിനീയർമാർ കണ്ടെത്തിയിരിക്കുന്നത്. തകരാറുള്ള വാഹനങ്ങളുടെ ഉടമകളെ കമ്പനി അംഗീകൃത സർവ്വീസ് സെന്ററുകളിൽ നിന്ന് ബന്ധപ്പെടും. മോട്ടോർ ജനറേറ്റർ യൂണിറ്റ് പരിശോധിക്കുകയും തകരാറുകൾ ഉണ്ടെങ്കിൽ പരിഹരിക്കുകയും ചെയ്യുമെന്നും ഓട്ടോ കാർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. തങ്ങളുടെ വാഹനം തിരിച്ചുവിളിയിൽ ഭാഗമാണോ എന്ന് ഉടമകൾക്ക് മാരുതി സുസുക്കി വെബ്സൈറ്റുകളിൽ ലോഗിൻ ചെയ്ത് പരിശോധിക്കാനുള്ള സംവിധാനവുമുണ്ട്. മോഡലിന്റെ ഷാസി നമ്പർ (MA3, അതിനുശേഷം 14 അക്ക ആൽഫ-സംഖ്യാ കോഡ്) നൽകിയാൽ വിവരം അറിയാം.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോടികൾ ഉണ്ടാക്കാൻ വേണ്ടി പൊലീസിന് സർക്കാർ ടാർജറ്റ് നൽകിയിരിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. ക്വാട്ട നിശ്ചയിച്ച് കോടിക്കണക്കിന് രൂപ പാവങ്ങളുടെ കൈയിൽ നിന്ന് പൊലീസിനെകൊണ്ട് കൊള്ളയടിപ്പിക്കുന്ന വിരോധാഭാസമാണ് കേരളത്തിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോടിക്കണക്കിന് രൂപയാണ് പെറ്റിയായി പൊലീസ് പാവപ്പെട്ടവരുടെ കൈയിൽ നിന്ന് വാങ്ങിക്കുന്നത്. ജനങ്ങളെ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും കോടികൾ ഉണ്ടാക്കാൻ വേണ്ടിയുള്ള ടാർജറ്റ് എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും സർക്കാർ നൽകിയിട്ടുണ്ട്. അത് മഹാമാരിയുടെ കാലത്ത് ജനങ്ങളെ വലിയ ദുരിതത്തിലേക്ക് തള്ളി വിടുകയാണ് ചെയ്യുന്നതെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി. ഇതിന് എതിരെയുള്ള പ്രതിഷേധം യുഡിഎഫ് യോഗത്തിൽ രേഖപ്പെടുത്തിയെന്നും അദ്ദേഹം അറിയിച്ചു.

സ്വർണ്ണക്കടത്ത് കേസിനെ കുറിച്ചും വി ഡി സതീശൻ സംസാരിച്ചു. തട്ടിപ്പു കേസിൽ പ്രതിയായ ഒരു വനിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിക്കെതിരായി എഫ്.ഐ.ആർ എടുക്കുകയും അത് സിബിഐയ്ക്ക് വിടുകയും ചെയ്ത പിണറായി വിജയൻ, സമാനമായ ഒരു കേസിൽ സ്വർണക്കടത്ത് കേസിലെ പ്രതിയുടെ മൊഴി ഉണ്ടായിട്ടും ആ മൊഴിയുടെ പേരിൽ നടപടികളുമായി മുന്നോട്ട് പോകാത്തതും അതിനെക്കുറിച്ച് സംസാരിക്കാത്തതും വിചിത്രമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇക്കാര്യം യുഡിഎഫ് യോഗത്തിലും വിലയിരുത്തി. യുഡിഎഫിനെ കൂടുതൽ ശക്തിപ്പെടുത്തുകയും കേരളത്തിലെ ജനങ്ങളുടെ പ്രശ്നങ്ങളെ അവതരിപ്പിക്കുകയും ചെയ്യുമെന്നും സാധാരണക്കാരുടെ ശബ്ദമായി യുഡിഎഫിനെ മാറ്റാൻ വേണ്ടിയിട്ടുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കോഴിക്കോട് നിപ വൈറസ് ബാധിച്ച് 12-കാരൻ മരിച്ച സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് മുന്നറിയിപ്പ് നൽകി കേന്ദ്രം. മലപ്പുറം, കണ്ണൂർ, വയനാട് എന്നീ ജില്ലകളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് കേന്ദ്രം നൽകിയിരിക്കുന്ന നിർദ്ദേശം. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ കേരള ചീഫ് സെക്രട്ടറി വിപി ജോയിക്ക് അയച്ച കത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീട് കഴിഞ്ഞ ദിവസം കേന്ദ്രസംഘം സന്ദർശിക്കുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിൽ നിന്നുള്ള സംഘമാണ് സന്ദർശനം നടത്തിയത്. കുട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളും വിവിധ സാമ്പിളുകളും ഇവർ പരിശോധിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനം സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ശുപാർശ ചെയ്ത് കേന്ദ്രം കത്തയച്ചത്.

രോഗികളുമായി പ്രൈമറി കോണ്ടാക്ട് ഉള്ളവരെയും സെക്കൻഡറി കോണ്ടാക്ട് ഉള്ളവരെയും ജില്ലാ അതോറിറ്റി കണ്ടെത്തുകയും ഇവരെ ലോ റിസ്‌ക് കാറ്റഗറി, ഹൈ റിസ്‌ക് കാറ്റഗറി റിസ്‌ക് എന്നിങ്ങനെ രണ്ടായി വേർതിരിക്കുകയും വേണമെന്നും കത്തിൽ നിർദ്ദേശിക്കുന്നു. ആന്റി ബോഡി മരുന്നായ റിബാവെറിൻ, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ എന്നിവ ആവശ്യത്തിന് ഉണ്ട് എന്ന് ഉറപ്പു വരുത്തണമെന്നും കത്തിൽ നിർദ്ദേശിക്കുന്നു. നിപാ വൈറസ് ചികിത്സാ ആവശ്യത്തിനായുള്ള ആന്റിബോഡിയുടെ സാധ്യതകളെക്കുറിച്ച് ഐസിഎംആർ പഠിച്ചു വരികയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

കാബൂൾ: ഒടുവിൽ പഞ്ച്ശീറും പിടിച്ചെടുത്തായി താലിബാൻ. പ്രവിശ്യ തലസ്ഥാനത്തുള്ള ഗവർണറുടെ വസതിയിൽ താലിബാൻ കൊടി പറക്കുന്ന ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. ഇതുവരെ ഒരു അധിനിവേശ ശക്തിക്കും കീഴടങ്ങാത്ത പഞ്ച്ശീറാണ് താലിബാൻ പിടിച്ചടക്കിയത്. പാകിസ്താന്റെ സഹായത്തോടെയാണ് താലിബാൻ പഞ്ച്ശീർ പിടിച്ചടക്കിയതെന്നാണ് റിപ്പോർട്ട്. ഇതിനുള്ള തെളിവുകളും പുറത്തു വന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട താലിബാൻ പക്ഷത്തുള്ളയാൾ പാക് സൈനികനാണെന്നതിന് തെളിവുകൾ പുറത്ത് വന്നിരുന്നു. മൃതദേഹത്തിൽ നിന്നും ലഭിച്ച തിരിച്ചറിയൽ കാർഡാണ് ഇതിന് തെളിവായത്. വ്യോമാക്രമണം നടത്താൻ താലിബാന് പാകിസ്താന്റെ സഹായവും പിന്തുണയും ലഭിച്ചിട്ടുണ്ട്. പഞ്ച്ശീർ പ്രവിശ്യയിൽ പാകിസ്ഥാൻ വ്യോമസേന ബോംബാക്രമണം നടത്തിയെന്ന് ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാക് സേനയുടെ ഡ്രോണുകൾ താലിബാൻ ഉപയോഗിച്ചതിനും തെളിവുകൾ ഉണ്ടെന്നും മാദ്ധ്യമങ്ങൾ വിശദീകരിക്കുന്നു.

അതേസമയം പഞ്ച്ശീർ പിടിച്ചെടുത്തിട്ടില്ലെന്നാണ് പ്രതിരോധ സേനയുടെ അവകാശവാദം.

കൊച്ചി: ഇന്ത്യൻ നാവിക സേനയുടെ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്തിന് ഭീഷണി സന്ദേശം. വിക്രാന്ത് ബോംബിട്ടു തകർക്കുമെന്നാണ് അജ്ഞാത ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. കൊച്ചി കപ്പൽശാലയ്ക്ക് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കപ്പൽശാല പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഐടി ആക്ട് 385 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ വിവിധ കേന്ദ്ര ഏജൻസികളും പ്രാഥമിക അന്വേഷണം തുടങ്ങിയതായി റിപ്പോർട്ടുകളുണ്ട്.

നിലവിൽ ഐഎൻഎസ് വിക്രാന്തിന്റെ അവസാന ഘട്ട പരീക്ഷണങ്ങൾ പൂർത്തിയായിട്ടുണ്ട്. അന്തിമ മിനുക്കു പണികളാണ് കപ്പലിൽ ഇപ്പോൾ നടക്കുന്നത്. ഇതിനിടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സന്ദേശത്തിനു പിന്നിൽ ഭീകര ബന്ധമുണ്ടോ എന്ന സംശയം ബലപ്പെടുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കാനാണ് പോലീസിന്റെ തീരുമാനം. കേന്ദ്ര ഏജൻസികളും വിഷയം ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നത്.

അതേസമയം കപ്പൽ നിർമാണം പുരോഗമിക്കുന്നതിനിടെ അഫ്ഗാൻ പൗരൻ കപ്പൽശാലയിൽ ജോലി ചെയ്തത് വിവിധ അന്വേഷണ ഏജൻസികൾ പരിശോധിച്ചിരുന്നു. ഇയാൾക്ക് ഭീകര ബന്ധമുണ്ടോ എന്ന കാര്യം സ്ഥിരീകരിക്കാനായില്ലെങ്കിലും ഇയാൾ പാകിസ്താനിൽ ജോലി ചെയ്തിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കപ്പൽശാലയിൽ ഗൗരവമുള്ള ജോലികളോ അകത്തു പ്രവേശിക്കുകയോ പ്രതി ചെയ്തിട്ടില്ലെന്നും അന്വേഷണ സംഘം കണ്ടെത്തി. കേസ് അന്വേഷണം എൻഐഎയ്ക്കു വിടാനാണ് പൊലീസിന്റെ തീരുമാനം. പ്രതി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും മനോവിഭ്രാന്തി അഭിനിയിക്കുന്നുവെന്നുമാണ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നത്. ഇത് ഏതെങ്കിലും ഏജൻസികളുടെ പരിശീലനം ലഭിച്ചതിലൂടെയാണോ എന്നതിൽ സംശയം ഉയർന്നതോടെയാണ് അന്വേഷണം എൻഐഎയ്ക്ക് കൈമാറാൻ പോലീസ് തീരുമാനിച്ചത്.

തിരുവനന്തപുരം: ഡിസിസി പട്ടികയെ ചൊല്ലിയുള്ള കോൺഗ്രസിനുള്ളിൽ ഉയർന്ന അഭിപ്രായ ഭിന്നതയെയും അനുനയ ശ്രമങ്ങളെയും പരിഹസിച്ച് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. കോൺഗ്രസിൽ നടക്കുന്നത് വമ്പിച്ച ഗൃഹസന്ദർശനമാണെന്ന് അദ്ദേഹം പരിഹസിച്ചു.

പഴയ നേതാവിനെ പുതിയ നേതാവ് കാണുന്നു. പരസ്പരം കെട്ടിപ്പിടിക്കുന്നു. പ്രതിപക്ഷത്തിന് ഗ്രൂപ്പ് തർക്കവും പരസ്പര തർക്കവും മാത്രമാണുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ സമയമില്ലെന്നും അദ്ദേഹം വിമർശിച്ചു.

ഡിസിസി പട്ടികയെ ചൊല്ലി ഒരാഴ്ചയോളമായി കത്തുന്ന കോൺഗ്രസ് പോര് തീർക്കാൻ ഹോം അനുനയവുമായി ഇറങ്ങിയിരിക്കുകയാണ് സംസ്ഥാന നേതൃത്വം. അങ്ങോട്ട് പോയി ചർച്ചയ്ക്കില്ലെന്ന് പറഞ്ഞ് ഉടക്കിട്ട നേതാക്കളെ വീട്ടിലെത്തി കണ്ടാണ് സമവായശ്രമമെന്നും ആദ്യം പുതുപ്പള്ളിയിലെ വീട്ടിലെത്തി ഉമ്മൻചാണ്ടിയെയും പിന്നീട് ഹരിപ്പാടെത്തി ചെന്നിത്തലയെയും വി ഡി സശീശൻ കണ്ടുവെന്നും വിജയരാഘവൻ പറഞ്ഞു.