തിരുവനന്തപുരം: സി.പി.ഐ നേതാവ് ആനി രാജക്കെതിരെ നടപടിയില്ല. കേരള പൊലീസിൽ ആർ.എസ്.എസ് ഗ്യാങ് പ്രവർത്തിക്കുന്നുണ്ടെന്ന പരാമർശത്തിൽ ആനി രാജയ്ക്കെതിരെ നടപടിയുണ്ടാകില്ലെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.
സി.പി.ഐ ദേശീയ എക്സിക്യൂട്ടിവിൽ ആനി രാജ നിലപാട് വിശദീകരിച്ചു. പാർട്ടി മാനദണ്ഡങ്ങൾ ലംഘിച്ചിട്ടില്ലെന്ന് ആനി രാജ പറഞ്ഞു. സ്ത്രീകൾക്കെതിരായ അക്രമം മുൻ നിർത്തിയാണ് പരാമർശം ഉന്നയിച്ചതെന്നും ആനി രാജ വ്യക്തമാക്കി. മുഖ്യമന്ത്രി പോലും പോലീസിന്റെ വീഴ്ചകൾ പരിശോധിക്കാമെന്ന് പറഞ്ഞു. പാർട്ടി മാനദണ്ഡത്തിൽ വീഴ്ച്ച വരുത്തിയില്ലെന്നും പ്രതികരിച്ചത് രാഷ്ട്രീയമല്ലാത്ത വിഷയത്തിലാണെന്നും ആനി രാജ കൂട്ടിച്ചേർത്തു.
അതേസമയം രാഷ്ട്രീയ വിഷയങ്ങളിൽ പ്രതികരിക്കുമ്പോൾ പാർട്ടിയുമായി കൂടിയാലോചന വേണമെന്നാണ് ദേശീയ എക്സിക്യൂട്ടീവ് ആനി രാജയോട് നിർദേശിച്ചിരിക്കുന്നത്. ആനി രാജയുടെ പരാമർശം തള്ളി സി.പി.ഐ കേരള നേതൃത്വം രംഗത്തെത്തിയിരുന്നു. പ്രതിപക്ഷം ഏറെക്കാലമായി ഉന്നയിക്കുന്ന ആരോപണമാണ് കേരള പൊലീസിലെ ആർ.എസ്.എസ് സാന്നിധ്യം. ഇടതുപക്ഷത്തെ തന്നെ പ്രധാന നേതാക്കളിലൊരാൾ തന്നെ ഇക്കാര്യം ആവർത്തിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

